യുഎസ്-ചൈന എഐ ചിപ്പ് വിവാദത്തെ തുടർന്ന് എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ് രാജിവച്ചു. ചൈനീസ് കമ്പനിയായ മെഗാസ്പീഡിലേക്ക് നിരോധിത ചിപ്പുകൾ എത്തിയതിലെ അമേരിക്കൻ വാണിജ്യവകുപ്പിന്റെ അന്വേഷണമാണ് രാജിയിലേക്ക് നയിച്ചത്.
ചൈനീസ് ഉടമസ്ഥതയിൽ ഗെയിമിംഗ് കമ്പനിയായി രജിസ്റ്റർ ചെയ്തതാണ് '7 റോഡ് ഹോൾഡിംഗ്സ് ലിമിറ്റഡ്' (7 Road Holdings Limited). അതിന്റെ സബ്സിഡിയറിയായി തുടങ്ങിയ കമ്പനി '7 റോഡ് ഇൻറർനാഷണൽ' (7 Road International). 2023 -ൽ 7 റോഡ് ഇൻറർനാഷണൽ വിറ്റു. വിറ്റത് ബ്രിട്ടിഷ് വിർജിൻ ഐലന്റ്സിലെ ഷെൽ കമ്പനിക്കാണ്, ഹുവാങ് ലീ (Huang Le). എന്നിട്ട് '7 റോഡ് ഇന്റർനാഷണൽ' എന്ന പേരുമാറ്റി മെഗാസ്പീഡ് (Megaspeed) ആയി. ആലീസ് ഹുവാങ് മാനേജിംഗ് ഡയറക്ടറുമായി. 2023 -ൽ സ്ഥാനമൊഴിഞ്ഞു. മെഗാസ്പീഡിന്റെ ഉടമസ്ഥത, സിംഗപ്പൂർ രജിസ്ട്രേഷനുള്ള സ്വിഫ്റ്റ് ഡാറ്റയ്ക്ക് (Swift Data) കൈമാറി. എന്നിട്ടാണ്, എഐയിലേക്കും ലിയോക്ലൗഡ് കമ്പ്യൂട്ടിംഗിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചത്. എൻവീഡിയ ചിപ്പ് വാങ്ങിയത് അതിനുശേഷം.
ചിപ്പ് കൊടുക്കില്ലെന്ന് യുഎസ്, എടുത്ത് ചൈന
എൻവിഡിയ ചിപ്സ് ഉപയോഗിച്ച് തെക്കൻ ഏഷ്യയിൽ ഡേറ്റാ സെന്ററുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. എന്നിട്ട് ഉപഭോക്താക്കൾക്ക് ക്ലൗഡ് കംപ്യൂട്ടിംഗ് സേവനം നൽകുക. എൻവീഡിയ ചിപ്പുകൾ മെഗാസ്പീഡ് വാങ്ങിയതിലാണ് സംശയങ്ങൾ. എൻവിഡിയയുടെ ബ്ലാക്വെൽ (BlackWell), റൂബിൻ (Runin) ചിപ്പുകളുടെ ചൈനയിലേക്കുള്ള കയറ്റുമതി അമേരിക്ക നിയന്ത്രിച്ചിരിക്കയാണ്. എഐയ്ക്കുവേണ്ടി ഉപയോഗിച്ച്, ചൈന മുന്നിലെത്തും എന്ന സംശയത്തിലാണ് വിലക്ക്. പക്ഷേ, ചൈനീസ് കമ്പനിയുടെ സബ്സിഡിയറി ആയ മെഗാസ്പീഡിന് കിട്ടി ബ്ലാക്വെൽ ചിപ്പ്. സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് ഡേറ്റാസെന്റർ കമ്പനിയാണ്. അപ്പോൾ ചൈനീസ് എഐ കമ്പനികൾക്ക് ഈ ഡേറ്റാസെന്ററിലെ എൻവീഡിയ ചിപ്പ് തന്നെയുപയോഗിച്ച് പരിശീലനമോ പരീക്ഷണമോ നടത്താം. ചൈനയ്ക്ക് വിലക്ക് കൽപ്പിച്ചത് വെറുതേയായിയെന്ന് ചുരുക്കം. അത് മാത്രമല്ല, ചൈനയിലേക്ക് ചിപ്പുകൾ കടത്തിയെന്നും സംശയമുണ്ട്. അതിന് തെളി്വ് കണ്ടെത്തിയിട്ടില്ലെന്നാണ് എൻവീഡിയ അറിയിച്ചതെങ്കിലും.

ആലിസ് ഹുവാങ്, ചൈനയുടെ റിക്രൂട്ടിംഗ്?
മെഗാസ്പീഡിൽ സിംഗപ്പൂരും അന്വേഷണം നടത്തുകയാണ്. ആഭ്യന്തര നിയമങ്ങൾ ലംഘിച്ചു എന്നാരോപിച്ച്. പക്ഷേ, അതുമാത്രമല്ല, ചാരപ്രവർത്തനങ്ങൾക്ക് ആലീസ് ഹുവാങ്ങിനുമേലും അന്വേഷണം നടക്കുകയാണെന്നാണ് റിപ്പോർട്ട്. പക്ഷേ, സിംഗപ്പൂർ അത് സ്ഥിരീകരിക്കുന്നില്ല. മെഗാസ്പീഡ് എക്സിക്യട്ടീവ് ആണ് ആലീസ് ഹുവാങ്, ഹുവാങ് ലീ എന്ന് ചൈനീസ് പേര്. ചൈനീസ് പൗരത്വം. മുമ്പ് ചൈനീസ് ടെലിവിഷനിലായിരുന്നു ജോലി. പിന്നെ ബിസിനസിലേക്ക് മാറി. മെഗാസ്പീഡിന്റെ പ്രധാന ഓഹരിയുടമയായത് 2023 -ൽ. 2024 -ൽ തന്നെ ജെൻസൻ ഹുവാങും ആലീസും ഒരുമിച്ച് ടെക് കോൺഫറൻസിൽ പങ്കെടുത്തു. 2025 -ൽ ഒരു സ്വകാര്യ വിരുന്നിൽ പങ്കെടുത്ത ദൃശ്യങ്ങൾ. അത് രണ്ടും തായ്പേയിൽ. പിന്നെ കാലിഫോർണിയയിലെ സാൻ മാർട്ടിനിലെ ചിത്രങ്ങൾ. ഈ ചിത്രങ്ങളൊക്കെ വീചാറ്റിൽ ആലീസ് പങ്കുവച്ചിട്ടുണ്ട്.
ബിസിനസ് പങ്കാളികളോട് തനിക്ക് ജെൻസനുമായുള്ള സൗഹൃദത്തെക്കുറിച്ചും സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആലിസിനും കുടുംബത്തിനും ചൈനയിലും സിംഗപ്പൂരിലുമായി നിരവധി കമ്പനികളുണ്ടെന്നും റിപ്പോർട്ടുണ്ട്. ആലീസ് ഹുവാങിനെ ചൈനീസ് സുരക്ഷാ മന്ത്രാലയം നേരിട്ട് റിക്രൂട്ട് ചെയ്തതാണെന്നും ജെൻസൻ ഹുവാങുമായി ബന്ധം സ്ഥാപിച്ച് എൻവീഡിയ ചിപ്പുകൾ ചൈനയ്ക്ക് ലഭ്യമാക്കാൻ ശ്രമിക്കുകയായിരുന്നു ദൗത്യമെന്നുമാണ് റിപ്പോർട്ട്. ചൈനീസ് സർക്കാർ ഇതൊക്കെ നിഷേധിക്കുന്നു. തായ്വാനിൽ ആലീസിന് പ്രവേശനാനുമതി നിഷേധിച്ചു. അമേരിക്കയിൽ അന്വേഷണം തുടങ്ങിയപ്പോൾ തന്നെ തായ്വാൻ അവരെ നിരീക്ഷിച്ചുതുടങ്ങിയിരുന്നു. സിംഗപ്പൂരിലും യാത്രാവിലക്കുണ്ടായി. അവർ ബീജിംഗിലേക്ക് മടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു. ചൈനയിൽ അവരറിയപ്പെടുന്നത് ഫണ്ട് മാനേജറായ കാംഗ് വെയ്യുടെ ഭാര്യയായാണ്.
ചൈനയെ വിലക്കാൻ യുഎസ്?
ആലീസ് ഹുവാങും ജെൻസനും തമ്മിലെ സൗഹൃദം തുടങ്ങി, എൻവീഡിയ ചിപ്പുകളും വാങ്ങിയതോടെ മെഗാസ്പീഡിന് പുതിയ കസ്റ്റമറെ കിട്ടി, ചൈനീസ് ഭീമനായ ആലിബാബ. സിംഗപ്പൂർ ഷെൽ കമ്പനിക്ക് വിറ്റശേഷം മെഗാസ്പീഡ് മലേഷ്യൻ ഉപകമ്പനി രൂപീകരിച്ചു, ആലിബാബയുടെ സബ്സിഡിയറിയായ APEX -ന് ബൗദ്ധികസ്വത്തവകാശമടക്കം പണയംവച്ചു. എൻവീഡിയ ചിപ്പുകൾ വൻതോതിൽ കിട്ടിയതാണ് അമേരിക്കൻ വാണിജ്യവകുപ്പിന്റെ ശ്രദ്ധ മെഗാസ്പീഡിലേക്ക് എത്തിച്ചത്. പിന്നെ എല്ലാം വളരെ പെട്ടെന്ന്. മെഗാസ്പീഡ് പോലുള്ള കമ്പനികൾ രണ്ടുതരത്തിലാണ് വിലക്കപ്പെട്ട ചിപ്പുകളിലേക്കുള്ള വഴി തുറക്കുന്നത്.
ഒന്ന്, ചിപ്പുകൾ സ്ഥാപിച്ചിട്ടുള്ള അവരുടെ ഡേറ്റാസെന്റർ ഉപയോഗിക്കാൻ സമ്മതിക്കുക. അത് നിയമവിരുദ്ധമല്ല. രണ്ടാമത്തെ വഴി, നേരിട്ടവ വാങ്ങാൻ അനുവാദമില്ലാത്ത ചൈനയ്ക്കുവേണ്ടി, മറ്റുകമ്പനികൾ വഴി ചിപ്പുകൾ വാങ്ങി ചൈനയിലെത്തിക്കുക. അമേരിക്കൻ കയറ്റുമതി നിയമത്തിന് വിരുദ്ധമാണത്. ഇതുരണ്ടും മെഗാസ്പീഡ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. മലേഷ്യയിലെ ഡേറ്റാസെന്ററും വിട്ടുകൊടുത്തു, ചൈനയിലേക്ക് കയറ്റുമതിയും ചെയ്തു. പക്ഷേ, എൻവീഡിയയുടെ രഹസ്യങ്ങളോ, ദേശീയ സുരക്ഷയോ പണയം വയ്ക്കപ്പെട്ടിട്ടില്ലെന്നാണ് കമ്പനി ബോർഡിന്റെ നിലപാട്. വിദേശരാജ്യങ്ങളിലെ എഐ പ്രോസസ്സറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ചൈനയെ വിലക്കുന്ന നിയമം ഇപ്പോൾ അമേരിക്കൻ സെനറ്റിന്റെ മുന്നിലാണ്.

ഇടിഞ്ഞ് വീണ എൻവീഡിയ മൂല്യം
വിവാദവും ജെൻസൻ ഹുവാങിന്റെ രാജിയും കൂടിയായപ്പോൾ എൻവീഡിയയുടെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. ഏറ്റവും കൂടുതൽ ഓഹരിമൂല്യമുള്ള കമ്പനിക്കാണ് ഈ ഗതി. നിക്ഷേപകരും വെട്ടിലായി. അതുമാത്രമല്ല, അമേരിക്കയും ചൈനയും തമ്മിലെ എഐ പന്തയത്തിൽ അമേരിക്കയുടെ ശക്തിയാണ് എൻവീഡിയ. കയറ്റുമതിയിൽ അമേരിക്ക നിയന്ത്രണം കൊണ്ടുവന്നത് തന്നെ ചിപ്പുകൾ ചൈനയ്ക്ക് കിട്ടാതിരിക്കാനാണ്. അതോടെ ചൈനീസ് ഓഹരിവിപണിയിലെ എൻവീഡിയയുടെ മൂല്യം പൂജ്യം ശതമാനമായെന്നാണ് ഹുവാങ് തന്നെ പറഞ്ഞിരുന്നു. അതുകൊണ്ട് വിലക്ക് മറികടക്കാൻ പലതവണ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച് നയതന്ത്രം പയറ്റിനോക്കി ജെൻസൻ ഹുവാങ്. പക്ഷേ, ബ്ലാക്വെൽ ചിപ്പ് വിൽക്കാൻ അനുമതി കിട്ടിയില്ല.
എൻവീഡിയയെ സംബന്ധിച്ച് ഇതൊരു നിർണായകഘട്ടമാണ്. ഓഹരിമൂല്യം ഇടിഞ്ഞെങ്കിലും അത്രകണ്ട് താഴെപോയിട്ടില്ല സ്ഥാനം. എഐയിലെ നയങ്ങൾ തീരുമാനിച്ചിരുന്നയാൾ പോയതോടെ, അതിന്റെ തുടർച്ച എങ്ങനെയെന്ന ചോദ്യം ശേഷിക്കുന്നു. വൈറ്റ് ഹൗസിലും ഇതുണ്ടാക്കുന്ന സമ്മർദ്ദം ചെറുതല്ല. ആലിസ്, ജെൻസൻ ഹുവാങ് ലക്ഷ്യമിട്ടത് ചിപ്പുകൾ മാത്രമായിരിക്കില്ല, പ്രസിഡന്റുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയ്ക്ക് അങ്ങനെ കിട്ടുന്ന വിവരങ്ങളും കൂടിയാവാം എന്നാണ് സംശയം. വേറെയും ചില സംശയങ്ങളുണ്ട്.
തകർന്ന് വീണ പ്രതിഛായ
1993 -ൽ ജെൻസൻ ഹുവാങും ചില സഹപ്രവർത്തകരും ചേർന്ന് തുടങ്ങിയതാണ് എൻവീഡിയ. അന്ന് ഗെയിമിംഗ് ഗ്രാഫിക്സിനുള്ള ചിപ്പുകൾക്കായിരുന്നു പ്രശസ്തം. പലതവണ പാപ്പരാകാൻ തുടങ്ങിയ കമ്പനിയെ താങ്ങിനിർത്തിയത് ജെൻസൻ ഹുവാങാണ്. ടെക് രംഗത്ത് അതികായനായത് വളരെ പെട്ടെന്നാണ്. എഐയ്ക്ക് ഉപഭോക്താക്കളേ ഇല്ലാതിരുന്ന കാലത്ത്, എഐയിലേക്ക് തിരിഞ്ഞു കമ്പനി. അതിനുപിന്നിലും ജെൻസൻ ഹുവാങ് തന്നെയായിരുന്നു. ടെക് രംഗത്തെ ടെയ്ലർ സ്വിഫ്റ്റ് (Taylor Swift) എന്നറിയപ്പെട്ടു ജെൻസൻ ഹുവാങ്. 145 ബില്യന്റെ ആസ്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ചൈനീസ് പ്രസിഡന്റ് ഷീ ജിങ്ങുമായും അടുപ്പം.
തായ്വാനിൽ ജനിച്ച ഹുവാങ്, അമേരിക്കയിലെത്തിയത് ഒൻപതാം വയസിൽ. ഇല്ക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കോളജിലെ ലാബ് പാർട്നറായിരുന്നു ലോറി മിൽസ്. 85 -ൽ വിവാഹിതരായി. വിവാഹം കഴിഞ്ഞ് 8 വർഷത്തിന് ശേഷമാണ് എൻവീഡിയ തുടങ്ങിയത്. മക്കൾ രണ്ടുപേരും എൻവീഡിയയിലെ ഉയർന്ന ഉദ്യോഗസ്ഥരാണ്. എഐയിലേക്ക് ചുവടുമാറിയതോടെ കമ്പനിയുടെ പ്രതിഛായ തന്നെ മാറിയിരുന്നു. മൂല്യത്തിൽ ലോകത്തെ തന്നെ രണ്ടാംസ്ഥാനത്ത്. ഗൂഗിൾ, മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ്, സ്പേസ് എക്സ്, ടെസ്ല, ഓപ്പൺ എഐ, ആന്ത്രോപിക് എന്ന ഭീമൻമാരെല്ലാം ഉപഭോക്താക്കളായി. ഫാമിലി മാൻ എന്ന പ്രതിഛായ കെട്ടിപ്പടുത്തിരുന്നു ഹുവാങ്. ഭാര്യ ലോറി മിൽസിനെ എപ്പോഴും പുകഴ്ത്തിയിരുന്നു. ഇപ്പോഴത്തെ വീഴ്ച ഹുവാങ് ശ്രദ്ധാപൂർവം കെട്ടിപ്പടുത്ത പ്രതിഛായയുടെയും തകർച്ചയാണ്.

'കരിമ്പട്ടികയിൽപ്പെടുത്തണം'
എൻവീഡിയ ഇടപെട്ടതോടെ മെഗാസ്പീഡിനുമേലുള്ള അന്വേഷണം വാണിജ്യ വകുപ്പ് നിർത്തിവച്ചു, അത് നീതിന്യായ വകുപ്പിന് കൈമാറുകയാണ് ചെയ്തത്. എൻവീഡിയയുടെ ഇടപെടലാണ് കാരണമെന്നാണ് സംശയം. മെഗാസ്പീഡിനെ കരിമ്പട്ടികയിൽ പെടുത്താത്തത് എന്തെന്ന ചോദ്യം ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഉന്നയിക്കുന്നു. പെന്റഗണിനും ട്രഷറി വകുപ്പിനും വിദേശകാര്യ വകുപ്പിനും മെഗാസ്പീനെ കരിമ്പട്ടികയിൽപ്പെടുത്തണം എന്നായിരുന്നു അഭിപ്രായം. ആലിസിനെയും മെഗാസ്പീഡിനെയും കുറിച്ചുള്ള ക്ലാസിഫൈഡ് മെമ്മോ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക്കിന് (Howard Lutnick) നേരത്തെ തന്നെ കിട്ടിയതുമാണ്. പക്ഷേ, നടപടിയുണ്ടായില്ലെന്നാണ് ആരോപണം.
വാണിജ്യവകുപ്പ് നടപടികളിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ് ഡമോക്രാറ്റിക് പാർട്ടി. കയറ്റുമതി നിയന്ത്രണത്തിലെ പാകപ്പിഴകൾ പരിഹരിക്കാത്തതെന്തെന്ന് ചോദിക്കുന്നു അംഗങ്ങൾ. റിപബ്ലിക്കൻ പാർട്ടിയിലുമുണ്ട് സംശയങ്ങൾ. ലുട്നികിനെ പിരിച്ചുവിടണമെന്ന ചർച്ച തുടങ്ങാനും അധികം താമസിച്ചില്ല. സംശയങ്ങൾക്കൊന്നും പ്രസിഡന്റിനെ സ്വാധീനിക്കാനായില്ല പക്ഷേ. ലുട്നികിന് മേൽ പൂർണവിശ്വാസം പ്രഖ്യാപിച്ചു പ്രസിഡന്റ്. ഇന്റലിജൻസ് ആശങ്കകളിൽ ട്രംപിന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു. ചുരുക്കത്തിൽ സംശയങ്ങൾ പലവഴിക്കാണിപ്പോളെന്നാണ് റിപ്പോർട്ട്. രാജിവച്ചത് കൊണ്ടുമാത്രം ജെൻസന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ലെന്നാണ് നിലപാട്. സഹകരിക്കും എന്നറിയിച്ചിരിക്കുന്നു ജെൻസൻ ഹുവാങ്.














