'എന്റെ കൊച്ചിന്റെ കണ്ണ് ഇവള്‍ മുറിച്ചുകളഞ്ഞു' എന്നട്ടഹസിച്ച് ആ അമ്മ എനിക്ക് നേരെ കുതിച്ചു!

By Hospital DaysFirst Published Jun 6, 2022, 3:30 PM IST
Highlights

അവരിരുവരും മുറിവു വൃത്തിയാക്കാന്‍ വീണ്ടുമെത്തി. അപ്പോഴേക്കും കണ്ണും മുഖവും സാധാരണ നിലയിലായിരുന്നു. മുറിവ് പൂര്‍ണ്ണമായി ഉണങ്ങി. അന്നു് കുത്തിക്കെട്ടുകള്‍ അഴിച്ചതിനു ശേഷം അവര്‍ മറ്റൊരു ആശുപത്രിയില്‍ കുട്ടിയെ കൊണ്ടു പോയിരുന്നുവത്രേ.

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ.  സബ് ജക്ട്  ലൈനില്‍  'ആശുപത്രിക്കുറിപ്പുകള്‍'  എന്നെഴുതാനും മറക്കരുത്

 

 

അവരിരുവരും ഓര്‍മ്മയിലേക്ക് എപ്പോള്‍ കയറി വന്നാലും യാഥാര്‍ഥ്യം തെളിയിക്കാന്‍ കഴിയാതെ പോയ ഒരു സംഭവമാണ് ഉള്ളില്‍ തെളിയുക. ഇന്നും ഞെട്ടലോടെ അല്ലാതെ അത് ഓര്‍ക്കുക അസാധ്യം. പലര്‍ക്കും നിസ്സാരമെന്നു തോന്നാമെങ്കിലും അങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുള്ളവര്‍ക്ക് അതിന്റെ ഭീകരാവസ്ഥ പെട്ടെന്ന് മനസ്സിലാകും. നമ്മുടെ ശരികള്‍ മറ്റുള്ളവര്‍ക്ക് ബോധ്യമാകാതെ വരിക എന്നാല്‍ മഞ്ഞുമലയില്‍ അകപ്പെട്ട് തണുത്തുറഞ്ഞ് രക്തം കട്ടിയായി ചലനശേഷി നഷ്ടമായതു പോലെയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. അതിഭീകരമായ ഗര്‍ത്തത്തില്‍ പതിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അതിനു കഴിയാതെ വീണ്ടും താഴേക്കു പതിക്കുന്നതിനു സമം. രണഭൂമിയില്‍ പൊരുതുന്ന യോദ്ധാവിനെ പോലെ എങ്ങനെയും ജയിച്ചു കയറാനുള്ള തീവ്രമായ ത്വര ഉണ്ടാകുമെങ്കിലും അത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും അങ്ങനെ സംഭവിക്കാറില്ല. ചെയ്യാത്ത തെറ്റുകളുടെ നേര് മറ്റുള്ളവരെ അറിയിക്കുക എന്നാല്‍ ഏറെ ശ്രമകരവും ചിലപ്പോള്‍ വിഫലവുമാവും. നാവ് ചലിപ്പിക്കാന്‍ പോലുമാകാതെ നിശ്ചലമായി പോകുന്ന പരിതാപകരമായ അവസ്ഥ എന്നേ പറയേണ്ടൂ.

കുറെയേറെ വര്‍ഷങ്ങള്‍ പുറകോട്ട് സഞ്ചരിക്കുകയാണ്. അന്ന് ശിശുരോഗ പരിചരണ മുറിയില്‍ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. തികച്ചും ശാന്തമായി ആരംഭിച്ച ജോലി. വൈകിട്ട് നാലു മണിയോടെയാണ് മൂന്നു വയസ്സുകാരിയായ കുട്ടിയേയും കൊണ്ട് ഒരമ്മ അവിടേക്ക് വരുന്നത്. അമ്മയുടെ നടത്തത്തിന്റെ വേഗവും മുഖത്തെ പരിഭ്രമവും കണ്ടപ്പോള്‍ തന്നെ കുട്ടിക്ക് എന്തോ സംഭവിച്ചുവെന്ന് മനസ്സിലായി. കുട്ടിയുടെ മുഖവും വലതുവശത്തെ കണ്‍പോളയും നന്നായി നീര് വെച്ചിരുന്നു. എല്ലാ വിശദാംശങ്ങളും ചോദിച്ചറിഞ്ഞ് രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്. അമ്മയുടെ നിസ്സഹകരണം ബുദ്ധിമുട്ടുണ്ടാക്കി എങ്കിലും ആശുപത്രിയില്‍ വരുന്ന ഓരോരുത്തരുടെയും മാനസികാവസ്ഥ പറയാതെ തന്നെ കൃത്യമായി അറിയുന്നവരാണ് നഴ്‌സുമാര്‍. അതിനാല്‍ അവരുടെ അപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാന്‍  ഞങ്ങള്‍ക്ക് എളുപ്പം സാധിച്ചു.

ഒരാഴ്ച മുമ്പ്, കുട്ടി വീണപ്പോള്‍ ഉണ്ടായ മുറിവാണ് അതെന്ന്  വാക്കുകള്‍ മുറിഞ്ഞ് അമ്മ വെളിപ്പെടുത്തി. കണ്‍പോളകളില്‍ ഉണ്ടായ മുറിവിന്റെ ആഴം വളരെ വലുതായിരുന്നു. നന്നേ ചെറിയ ഒന്നിലധികം തുന്നലുകള്‍. അവ നീക്കംചെയ്യാന്‍ വന്നതാണ് അവരിരുവരും.  തുടര്‍ന്ന് ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ അവരോട് യഥാതഥം വിശദീകരിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി കുട്ടിയെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. നോക്കിയപ്പോള്‍ മുറിവേറ്റ ഭാഗത്തെ തൊലി കൂടിചേര്‍ന്നിട്ടുണ്ട്. ശേഷം തുന്നിക്കെട്ടലുകള്‍ അഴിക്കേണ്ട നടപടിക്രമത്തിലേക്ക് കടന്നു.

അതിസൂക്ഷ്മമായി ചെയ്യേണ്ട പ്രവൃത്തി. പ്രത്യേകിച്ച് കണ്‍പോള. തൊലിക്കട്ടി തീരെയില്ലാത്ത ഭാഗം. പറഞ്ഞു മനസ്സിലാക്കാന്‍ പറ്റാത്ത പ്രായമാണ്. അതു കൊണ്ടു് തന്നെ അവളൊന്നു കണ്ണുചിമ്മിയാല്‍ എല്ലാം തകിടം മറിയും. കണ്ണിനുള്ളിലേക്ക് സ്റ്റിച്ച് കട്ടര്‍ പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ശേഷം ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഊഹിക്കാവുന്നതല്ലേയുള്ളൂ. മനസ്സില്‍ പ്രാര്‍ഥനയോടെ ഒന്നൊന്നായി കുത്തിക്കെട്ടുകള്‍ അഴിക്കാന്‍ തുടങ്ങി. സാധാരണ കൊച്ചുകുട്ടികള്‍ വെള്ളക്കുപ്പായം കാണുമ്പോള്‍ ഉറക്കെ കരഞ്ഞു കൊണ്ടു് വരാറാണ് പതിവ് . ആദ്യമൊന്ന് ചിണുങ്ങി എങ്കിലും പതിവിനു വിപരീതമായി  മുതിര്‍ന്ന ഒരാളെപ്പോലെ അവള്‍ നന്നായി സഹകരിച്ചു.

ഒരു തരത്തില്‍ പറഞ്ഞാല്‍ അവള്‍ ഞങ്ങള്‍ക്ക് ആശ്ചര്യം തന്നെയായിരുന്നു! ഞങ്ങളെ സംബന്ധിച്ചിടത്തോളം കുത്തിക്കെട്ടുകള്‍ അനായാസം അഴിക്കാം എന്ന ആശ്വാസവും.

അതിനിടെ നേരിയതോതില്‍ രക്തം പൊടിഞ്ഞു. നേര്‍ത്ത തൊലിഭാഗത്തെ കുത്തിക്കെട്ടലുകള്‍ നീക്കം ചെയ്യുമ്പോള്‍ സ്വാഭാവികമായി അങ്ങനെ സംഭവിക്കാം. അമ്മയെ അകത്തേക്ക് കയറ്റാതെ വെളിയില്‍ നിര്‍ത്തിയിരുന്നു. അപ്രതീക്ഷിതമായി പെട്ടെന്നാണ് അവര്‍ അകത്തേക്ക് കയറി വന്നത്. കണ്ടമാത്രയില്‍ അമ്മമനസ്സിന്റെ നിയന്ത്രണം വിട്ടു. ചരട് പൊട്ടിയ പട്ടം കണക്കെ അവരുടെ ആക്രോശം അവിടം മുഴുവന്‍ പാറിപ്പറന്നു. അവിടെയുണ്ടായിരുന്ന എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കും. 'എന്റെ കൊച്ചിന്റെ കണ്ണ് ഇവള്‍ മുറിച്ചുകളഞ്ഞു' എന്നു അട്ടഹസിച്ച് എനിക്ക് നേരെ പാഞ്ഞടുത്തു. 

ചിന്തകള്‍ പലവഴി ചിതറി. കൈകള്‍ വിറച്ചു. എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം സ്തബ്ധയായി. വിചാരധാരകള്‍ അമ്മയെ അറിയിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. യാഥാര്‍ഥ്യം അറിയിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ മിണ്ടാന്‍ പോയിട്ട് വായ തുറക്കാന്‍ അവര്‍ അനുവദിച്ചില്ല. അമ്മയോട് അടുത്തു കണ്ട കസാരയില്‍ ഇരിക്കാന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ച്, ക്ഷണമാത്രയില്‍ ആത്മസംയമനം വീണ്ടെടുത്തു.

മുഴുവന്‍ തുന്നലുകളും അഴിച്ചതിനു ശേഷം മാത്രമാണ് കുട്ടിയെ എഴുന്നേല്‍പ്പിച്ചത്. അപ്പോഴും അമ്മയ്ക്ക് മുന്നില്‍ ഏതോ വലിയ പാതകം ചെയ്തവളെ പോലെ നില്‍ക്കേണ്ടി വന്നു. കുട്ടിയെ  സുരക്ഷിതയായി ഏല്‍പ്പിച്ചിട്ടും അമ്മയുടെ കലി അടങ്ങിയില്ല. തുടരെത്തുടരെ ആക്രോശങ്ങള്‍ ഉതിര്‍ത്താണ് അവിടം വിട്ടത്.

സുസൂക്ഷ്മമായി, സത്യസന്ധമായി, വളരെ കൃത്യതയോടെ ചെയ്ത പ്രവൃത്തി. മറ്റൊരാള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല എന്ന നൊമ്പരം ഇടയ്ക്കിടെ അലട്ടി. ഊണിലും ഉറക്കത്തിലും സ്വാസ്ഥ്യം കെടുത്തി. അവര്‍ അക്കാര്യം തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ എന്ന് പലപ്പോഴും തീവ്രമായി ആഗ്രഹിച്ചു. സംഭവശേഷം ദിവസങ്ങള്‍ പിന്നിട്ടത് വല്ലാത്ത മാനസികവ്യഥയോടെയാണ്.

ഏകദേശം ഒരാഴ്ച കഴിഞ്ഞു.

അവരിരുവരും മുറിവു വൃത്തിയാക്കാന്‍ വീണ്ടുമെത്തി. അപ്പോഴേക്കും കണ്ണും മുഖവും സാധാരണ നിലയിലായിരുന്നു. മുറിവ് പൂര്‍ണ്ണമായി ഉണങ്ങി. അന്നു് കുത്തിക്കെട്ടുകള്‍ അഴിച്ചതിനു ശേഷം അവര്‍ മറ്റൊരു ആശുപത്രിയില്‍ കുട്ടിയെ കൊണ്ടു പോയിരുന്നുവത്രേ. അപ്പോള്‍ അവിടത്തെ ഡോക്ടര്‍ കാര്യകാരണസഹിതം എല്ലാം വിശദീകരിച്ചു. അവര്‍ക്ക് യാഥാര്‍ഥ്യം മനസ്സിലായി. അപ്പോഴത്തെ മാനസികാവസ്ഥയില്‍ അങ്ങനെ സംഭവിച്ചതാണെന്ന ക്ഷമാപണം അറിയിച്ച് അതീവ സന്തോഷത്തോടെ യാത്ര പറഞ്ഞ് പിരിഞ്ഞു. അന്നത്തെ സംഭവവും അതിനോട് അനുബന്ധ ദിനങ്ങളില്‍ ഉണ്ടായ സമ്മര്‍ദ്ദവും പിരിമുറുക്കവും വിവരണാതീതമാണ്. ഓര്‍ക്കുമ്പോള്‍ എങ്ങനെ ഞെട്ടാതിരിക്കും?

മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത കാര്യങ്ങള്‍ക്ക് അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍, തഴയപ്പെടുമ്പോള്‍  അവ ഭാവിയില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള കരുതല്‍ധനവും മുതല്‍ക്കൂട്ടുമാണ്. അന്നത്തെ സംഭവം പഠിപ്പിച്ചതും മറ്റൊന്നല്ല. സ്ഥിരതയില്ലാത്ത ഇരുട്ടാണ് രാത്രി, ഉറപ്പായും വെളിച്ചമാകുക തന്നെ ചെയ്യും. ഇന്നു് എന്നൊരു ദിനം നാളെയാകും എന്നത് പരമമായ സത്യമാണ്. അതാണ് ജീവിതം.
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!