പിറ്റേന്നാണ് അവള്‍ കാത്തിരുന്ന ദിവസം, കുഞ്ഞിപ്പൈതലിന്റെ മുഖം കാണാന്‍ പറ്റുന്ന സ്‌കാനിംഗ്!

By Hospital DaysFirst Published Dec 19, 2022, 6:39 PM IST
Highlights

ഹൃദയസ്പര്‍ശിയായ ഒരു ഹോസ്പിറ്റല്‍ അനുഭവം. ആയിഷ കരീം എഴുതുന്നു

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ.  സബ് ജക്ട്  ലൈനില്‍  'ആശുപത്രിക്കുറിപ്പുകള്‍'  എന്നെഴുതാനും മറക്കരുത്

 

 

ഒരിക്കലും ആശുപത്രിയില്‍ പോകാന്‍ ഇഷ്ടമില്ലാത്ത ഒരാള്‍ ആയിരുന്നു അവള്‍. ആശുപത്രിയിലെ ഗന്ധം, ചീറിപ്പാഞ്ഞു വരുന്ന ആംബുലന്‍സിന്റെ ശബ്ദം ഇതെല്ലാം അവളെ നന്നായി അലട്ടുമായിരുന്നു. വല്ലാത്തൊരു പേടിയായിരുന്നു അവള്‍ക്കെന്നും. 

അവളുടെ മംഗല്യം കഴിഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ അവള്‍ ഒരു അമ്മയാകാന്‍ പോകുന്നു! സന്തോഷിപ്പിക്കുന്ന  നല്ലൊരു കാര്യം തന്നെയായിരുന്നു അത്. പക്ഷേ ആശുപത്രിപ്പേടിയായിരുന്ന അവള്‍ക്ക് അതൊരു പ്രശ്‌നമേ അല്ലായിരുന്നു. കുഞ്ഞിനോടുള്ള അമിത സ്‌നേഹം അവളുടെ സഹനശക്തി കൂട്ടി.

സൂചി കണ്ടാല്‍ പേടിച്ചുവിറക്കുന്ന അവളെയല്ല അന്ന് ഞാന്‍ കണ്ടത്. നേരേ മറിച്ച് സ്‌കാനിംഗും മറ്റും  ചെയ്യുമ്പോഴും രക്തം എടുത്ത് 5 ചെറുകുപ്പികളില്‍ ആക്കുമ്പോളും അതിനെ നിസാരമാക്കി കണ്ടു അവള്‍.  ഓരോ ടെസ്റ്റ് കഴിയുമ്പോളും കുഞ്ഞിന്  ഒരു കുഴപ്പവും ഉണ്ടാവരുതേ എന്ന ഒരൊറ്റ പ്രാര്‍ത്ഥന അവളില്‍ തെളിയുന്നുണ്ടായിരുന്നു. ഒരമ്മ ആകുമ്പോള്‍ ഒരു സ്ത്രീക്ക് സ്വാഭാവികമായി ഉണ്ടായി വരുന്ന ഒരുതരം മനക്കരുത്ത് ഞാന്‍ അവളില്‍ കണ്ടു.

ഓരോ മാസവും ചെക്കപ്പിന് വരും. മുഖത്ത് എപ്പോഴും വലിയ സന്തോഷം ഒന്നും കാണാറില്ല. സ്‌കാനിംഗ് കഴിയുന്നത് വരെ ആധിയാണ്. സ്‌കാനിംഗ് സമയത്ത് കുഞ്ഞിന്റെ കൈകാല്‍ ചലിപ്പിക്കുന്നത് കാണാന്‍ നേരം അവളുടെ മുഖത്ത് എന്തെന്നില്ലാത്ത  സന്തോഷം ഞാന്‍ കാണാറുണ്ട്. ഫാമിലി ഇഷ്യുസ് എന്തൊക്കെയോ ഉണ്ട്. അതെല്ലാം തരണം ചെയ്ത അവള്‍ സ്‌കാനിംഗ് സമയത്ത് കുഞ്ഞിനെ കാണുമ്പോഴാണ് ഒന്ന് സന്തോഷിക്കുക. പക്ഷേ അധികം നാള്‍ സന്തോഷിക്കാന്‍ ദൈവം അനുവദിച്ചില്ല. 

എന്നോട് എന്നും ചോദിക്കും കുഞ്ഞിന്റെ മുഖമൊക്കെ  കാണാന്‍ പറ്റുന്ന  സ്‌കാനിംഗ് ഏതു മാസമാ ചേച്ചി എന്ന്. അപ്പോള്‍ ഞാന്‍ പറയും, 'ആദ്യം ടെന്‍ഷന്‍ ഒക്കെമാറ്റിവെച്ചു നല്ല ഹാപ്പി ആയിട്ടൊക്കെ ഇരിക്ക്, അപ്പൊ അഞ്ചാം മാസം ആകുമ്പോഴേക്കും 5 ഡി സ്‌കാനിംഗ് നടത്താം, അതില്‍ കുഞ്ഞിന്റെ മുഖം ഒക്കെ നല്ല വ്യക്തമായ് കാണാം.' 

അത് കേട്ടതും അവള്‍ ഒത്തിരി സന്തോഷിച്ചു. അവളുടെ കാത്തിരുപ്പ് പിന്നെ അതിനുവേണ്ടി ആയിരുന്നു. അങ്ങനെ നാലാം മാസം കടന്നപ്പോഴേക്കും അവള്‍ക്ക്  ഭര്‍ത്താവിന്റെ അടുത്തേക്ക് പോകേണ്ടി വന്നു. ഫ്‌ളൈറ്റില്‍ ഉള്ള യാത്ര ഈ സമയത്ത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായതുകൊണ്ട് ഡോക്ടര്‍ ആദ്യം ഒന്നും സമ്മതിച്ചില്ലായിരുന്നു. പിന്നെ ഭര്‍ത്താവിന്റെ നിര്‍ബന്ധം കൊണ്ടും ഭാര്യയേം കുഞ്ഞിനേം കാണാന്‍ ഉള്ള കൊതികൊണ്ടുമാണ് ഡോ്ക്ടര്‍ അവരുടെ സ്വന്തം റിസ്‌കില്‍ സമ്മതിച്ചത്.

വളരെ സന്തോഷത്തോടെ അവള്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് പോയി. കുഴപ്പമൊന്നും ഉണ്ടായില്ല. യാത്രയൊക്കെ സുഖമായിട്ടു തന്നെ കഴിഞ്ഞു. ഭര്‍ത്താവിന് നല്ല സന്തോഷം ആയിരുന്നു. അങ്ങനെ റസ്റ്റ് ഒക്കെ കഴിഞ്ഞു. അവരുടെ  വെഡിങ് ആനിവേഴ്‌സറി ആഘാഷങ്ങളും നല്ല രീതിയില്‍ നടന്നു. അവള്‍ അവിടെ സന്തോഷവതിആയിരുന്നു. 

പിറ്റേന്നാണ് അവള്‍ കാത്തിരുന്ന ദിവസം. അവളുടെ കുഞ്ഞിപ്പൈതലിന്റെ മുഖം കാണാന്‍ പറ്റുന്ന സ്‌കാനിംഗ്. അവള്‍  എന്നത്തേക്കാളും ഏറെ സന്തോഷിച്ചാണ് കുഞ്ഞിനെ കാണുവാന്‍ ഹോസ്പിറ്റലില്‍ പോയത്. പക്ഷേ ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല .സ്‌കാനിങ് സമയത്ത് ഡോക്ടറിന് കുഞ്ഞിന്റെ ഹാര്‍ട്ട് ബീറ്റ് കിട്ടുന്നുണ്ടായിരുന്നില്ല. അവള്‍ ആകെ തളര്‍ന്നു. അവള്‍ ഒത്തിരി കാത്തിരുന്നത് ഈ ദിവസത്തിനായിരുന്നു. ഏറെ കൊതിച്ചിരുന്നു ആ കുഞ്ഞുമുഖം ഒരു നോക്കു കാണുവാന്‍. പക്ഷേ കുഞ്ഞിന്റെ മുഖം കാണുവാന്‍ അവള്‍ക്ക് വിധിയുണ്ടായില്ല. അവള്‍ ചങ്ക്‌പൊട്ടിക്കരഞ്ഞു. മെഷീനിന്റെ കുഴപ്പം ആവണേയെന്ന് അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. ഒടുവില്‍ 5ഡി സ്‌കാനിംഗ് തന്നെ നടത്തി. 

ഒടുവില്‍ ആ വിവരം അറിഞ്ഞു. മെഷീനിന്റെ കുഴപ്പം അല്ല. കുഞ്ഞ് ഒരാഴ്ചയോളമായി മരണപ്പെട്ടിട്ട്. ആകെ തകര്‍ന്ന് പോയ നിമിഷം. ഒരായിരം സ്വപ്നങ്ങളാണ് പെട്ടെന്ന് തകര്‍ന്ന് വീണത്. ഒത്തിരി കരഞ്ഞു, ഒരുപാട് പരാതി പറഞ്ഞു. 

ഒരാഴ്ചയോളം പഴക്കം ഉള്ളതുകൊണ്ട് പെട്ടെന്ന് തന്നെ നോര്‍മല്‍ ഡെലിവറി ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കണം. ഇതായിരുന്നു അവിടുത്തെ ഡോക്ടറിന്റെ മറുപടി. ഇതൊക്കെ കേട്ടാല്‍ ആരായാലും പേടിച്ചുപോകും. പക്ഷേ ആ സമയം അവര്‍ പരസ്പരം താങ്ങായി നിന്നുകൊണ്ട് ആ സമയത്തെ ധൈര്യമായി നേരിട്ടു. അവര്‍ ചെയ്ത ഏറ്റവും ശരിയായ കാര്യവും അതായിരുന്നു. പരസ്പരം ആശ്വസിപ്പിച്ച് ജീവിതയാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുക.

പിറ്റേന്നത്തെ ഫ്‌ളൈറ്റില്‍ അവര്‍ നാട്ടിലേക്ക് കയറി. വന്ന അന്നുതന്നെ ഹോസ്പിറ്റലില്‍പോയ. കൊവിഡ് സമയം ആയതുകൊണ്ട് പുറത്തുനിന്ന് വന്ന രോഗികള്‍ക്ക് പ്രത്യേക മുറി ആയിരുന്നു (ഐസൊലേഷന്‍ വാര്‍ഡ്). ഡെലിവെറിക്ക് മാനസികമായും ശാരീരികമായും തയ്യാറെടുത്തിട്ടില്ലായിരുന്നു അവള്‍. അതുകൊണ്ട് തന്നെ പേടിച്ചാണ് ഹോസ്പിറ്റലില്‍ അഡ്മിറ്റായത്. സ്വന്തം ഭര്‍ത്താവിന്റെയും സ്വന്തം ഉമ്മയുടെയും സാമീപ്യം ഒരേപോലെ വേണ്ട സമയം ആയിരുന്നു അത്. പക്ഷേ കൊവിഡ്  കാരണം അവളുടെ ഉമ്മയെ മാത്രമേ അകത്ത് കയറ്റിയിരുന്നുള്ളു. അവള്‍ക്ക് പേടിയും സങ്കടവും ഒരേ പോലെ ഉണ്ടായിരുന്നു.

വെളുപ്പിന് തന്നെ നേഴ്‌സ് വന്ന് മരുന്ന് വെച്ചു. നാല് ഡോസ് കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ക്ക് വേദന തുടങ്ങി. അസഹ്യമായ വേദന. കാല്‍നിലത്ത് കുത്താന്‍ പോലും പറ്റിയില്ല. അവളുടെ ഉമ്മ അവളെ ഒരുപാട് സഹായിച്ചു. പിടിച്ചു പയ്യെ പയ്യെ നടത്തിച്ചു. വേദന മാറാത്തതുകൊണ്ട് ഡോക്ടറെ വിളിച്ചു. ഉടന്‍ തന്നെ വീല്‍ ചെയറുമായ് നഴ്‌സുമാരും അറ്റെന്‍ഡറും വന്നു. ആ സമയത്ത് വാഷ്റൂമില്‍ കൊണ്ടുപോകുവാനും ദേഹത്തുള്ള സ്വര്‍ണവും മറ്റും മാറ്റാനും മറന്നു. ഒടുവില്‍ ലിഫ്റ്റ് ഇറങ്ങി അവള്‍ അപ്പോഴും വേദന കൊണ്ട് പുളയുകയാണ്. ഞാന്‍ അവളെ ആശ്വസിപ്പിച്ചു. അവള്‍ക്ക് ഇരിക്കാന്‍ പറ്റുന്നില്ല  വാഷ്റൂമില്‍ പോണം എന്തൊക്കെയോ ബുദ്ധിമുട്ട് കാണിക്കുന്നു. ഞാന്‍ പേടിച്ചു. ഒടുവില്‍ അവള്‍ ലേബര്‍ സമയത്തുള്ള വസ്ത്രമിട്ടു. 

ഐസൊലേഷന്‍ വാര്‍ഡ് ആയതുകൊണ്ട് വാഷ്റൂo അവിടെ ഉണ്ടായിരുന്നില്ല. ആ വലിയ മുറിക്കുള്ളില്‍ അവള്‍ മാത്രം. ഒടുവില്‍ ട്യൂബ് ഇടാന്‍ നോക്കിയപ്പോള്‍ ആണ് കുഞ്ഞ് ഇറങ്ങി വന്നത്. അവള്‍ക്ക് സെഡേഷന്‍ കൊടുത്തു. ബിപി കൂടിക്കൊണ്ടിരുന്നു. ബോധംപോകാന്‍  സമയം എടുത്തു. അവള്‍ വെള്ളം ചോദിക്കുന്നുണ്ടായിരുന്നു. പിന്നെ അവളുടെ കൈ എന്നെ മുറുകെ പിടിച്ചു. അപ്പോഴും ബിപി കൂടുന്നു പിന്നെ മെല്ലെ മെല്ലെ കൈ എന്നില്‍ നിന്നും വിട്ടു. ഞാന്‍ വേഗം കൈ ബെഡില്‍ പതുക്കെ വെച്ചുകൊടുത്തു. പാവം മയങ്ങി പോയി. കുഞ്ഞിനെ എടുത്ത ശേഷം ഭര്‍ത്താവിനെ വിളിച്ചു കാണിച്ചു. അദ്ദേഹംഅവളുടെ തലയില്‍ മെല്ലെ കൈ ഓടിച്ചു.  അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു. 'ഒന്നും ഇല്ലാട്ടോ നിനക്ക് ഞാന്‍ ഉണ്ട് പേടിക്കണ്ടടാ, എല്ലാം ശരിയാകും'-അദ്ദേഹം പറഞ്ഞു. 

ഇതെല്ലാം കണ്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. അദ്ദേഹം ഒരുകാര്യം എന്നെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ടായിരുന്നു.  ബോധം വന്ന് കുഞ്ഞിനെ ചോദിച്ചാല്‍ അവളെ കാണിക്കരുതെന്ന. കാരണം ഒരമ്മക്കും കുഞ്ഞിനെ ജീവനില്ലാതെ കാണുവാന്‍ ആഗ്രഹം ഉണ്ടാവില്ല. ഒരുപക്ഷെ അവള്‍ ഡിപ്രഷനിലേക്ക് പോകാനും അതൊരു കാരണമാകും. അദ്ദേഹം പറഞ്ഞതുപോലെ അവള്‍ എഴുന്നേറ്റു കുഞ്ഞിനെ ചോദിച്ചു. കണ്ണ് നിറഞ്ഞിരുപ്പുണ്ടായിരുന്നു. ഞാന്‍ ഒരു കള്ളം പറഞ്ഞ് അവളെ കാണിക്കാതെ വെച്ചു. എന്നെ നോക്കി മൗനിയായി നിന്നശേഷം ഒന്നും പറയാതെ അവള്‍ നടന്നു പക്ഷേ അപ്പോഴും അവളുടെ കണ്ണുകള്‍ ആരെയോ തിരയുന്നുണ്ടായിരുന്നു. പിന്നീട്, ഭര്‍ത്താവ് വന്നു, കുഞ്ഞിനെ വാങ്ങി മറവുചെയ്യാന്‍. 

അന്നൊരു വെള്ളിയാഴ്ചയായിരുന്നു, ക്രിസ്തുമസിന്റെ തലേ ദിവസം!
 

click me!