ആളു പാവമാണേലും അടപ്രഥമന്‍ ചിലപ്പോള്‍ ചെറിയൊരു സൈക്കോ!

By Web TeamFirst Published Dec 14, 2022, 5:55 PM IST
Highlights

'ചട്ടീം കലോം പോലെ തട്ടീംമുട്ടീം'. ചിരിയും രുചിയും ഒന്നിച്ചുവരുന്ന ഒരു കോളം. ആശ രാജനാരായണന്‍ എഴുതുന്ന വ്യത്യസ്തമായ പാചകപംക്തിയില്‍ ഇന്ന് അടപ്രഥമന്‍
 

നെയ്യ് കണ്ടപ്പോ അടയ്ക്ക് മറ്റൊരു പൂതി. നെയ്യില്‍ പുരട്ടി സ്വയം കുറച്ചു സുഗന്ധം വരുത്തണമത്രെ. പാവം, ഞാന്‍, കാര്യം കാണാന്‍ നെയ്യിന്റെ കാലും പിടിക്കണം എന്നല്ലേ. ഞാനിത്തിരി സ്‌നേഹത്തോടെ നെയ്യിനെ എടുത്ത് നല്ല കട്ടിയുള്ള ഒരു ഉരുളിയില്‍ ഒഴിച്ചു. പിന്നെ, കഴുകി വച്ച അടയെ  അതിലേക്കു ചേര്‍ത്ത് നന്നായി നെയ്യോടൊപ്പം കൂട്ടി. 

 

Also Read: പ്ലേറ്റും ചാരിനിന്ന ബീഫ് പഴംപൊരിയുടെ പ്രണയം കവര്‍ന്നെടുത്തവിധം!

....................

 

അടപ്രഥമന്റെ അഹങ്കാരം എന്ന് കണ്ടപ്പോള്‍ ഞെട്ടല്‍ തോന്നിക്കാണും അല്ലേ? ഇതെന്ത് വര്‍ത്താനമാണ്. സത്യത്തില്‍, പാവമല്ലേ നമ്മുടെ പ്രഥമന്‍. നല്ല തങ്കപ്പെട്ട സ്വഭാവം. കഴിച്ചിട്ടുള്ള ആരും പറയില്ല, അട പ്രഥമന്‍ അഹങ്കാരി ആണെന്ന്. പിന്നെന്തിനാണ് ഈ പാവത്തിന്റെ തലയ്ക്ക് അഹങ്കാരിയുടെ കിരീടം വെക്കുന്നത്? 

എന്നാല്‍, ഞാന്‍ ചുമ്മാ പറഞ്ഞതല്ല, ശരിക്കും ആളൊരു അഹങ്കാരി തന്നെയാണ്! പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് കഥകള്‍ പറയാനുണ്ട്. 

സംഗതി, മുത്തശ്ശിമാരുടെ കാലം മുതലേ അടപ്രഥമന്‍ ഹീറോ ആണ്. സാധാരണക്കാരനേയല്ല. അതു തെന്നയാവണം, ഇച്ചിരി അഹങ്കാരമുണ്ടോ എന്ന് പുറത്തുനിന്നു നോക്കിയാല്‍ നമുക്ക് തോന്നുന്നത്. മറ്റാര്‍ക്കുമില്ലാത്ത എന്തോ ഒന്ന് നമുക്കുണ്ട് എന്ന് തോന്നുമ്പോള്‍ വരുന്ന ഒരിതാണല്ലോ ഈ അഹങ്കാരം! 

ഇനി നമുക്ക് ആ അഹങ്കാരത്തിന്റെ കാരണങ്ങള്‍ തിരയാം. പുള്ളി സാധാരണക്കാരനല്ല എന്നു പറഞ്ഞല്ലോ. ആള് നമ്മുടെ കൂടെ വരണമെങ്കില്‍ എല്ലാം പുള്ളിയുടെ മനസ്സറിഞ്ഞു ചെയ്തുകൊടുക്കണം. മുന്‍വാശിക്കാരനായ അമ്മാവനെ കൂട്ടി കല്യാണാലോചനയ്ക്ക് പോവുന്ന ഗതികേട്! 


കൂടുതല്‍ മനസ്സിലാവണമെങ്കില്‍, ഞാനും അടപ്രഥമനും തമ്മിലുള്ള ആ ഇരിപ്പുവശം ഒന്നുകൂടി വിശദീകരിക്കേണ്ടി വരും. 

പ്രഥമന്‍ ഒരുക്കാന്‍ കുറച്ചു ചിട്ട വട്ടങ്ങള്‍ വേണം. സാധാരണ പാത്രങ്ങള്‍ ആള്‍ക്ക് ഇഷ്ടമല്ല. ചുവടുകട്ടി ഉള്ള ഉരുളി തന്നെ വേണം വിശ്രമിക്കാന്‍. പിന്നെ, അടയുടെ കുളിയാണ്. നന്നായി കുളിച്ച ശേഷം പത്തു മിനുട്ട് വെള്ളത്തില്‍ കിടന്നിട്ടേ വരൂ എന്നാണ് അളിയന് വാശി. ശരി എന്ന് ഞാനും സമ്മതിച്ചു. അങ്ങനെ അടയുടെ നീരാട്ട് കഴിഞ്ഞു. 
 
പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ പോയി വിളിച്ചു, വരാമെന്നു സമ്മതിച്ചു. വെള്ളമൊക്കെ തോര്‍ത്തിക്കളഞ്ഞ്, അടയളിയനോട് ഞാന്‍ കുറച്ചു സമയം വിശ്രമിക്കാന്‍ പറഞ്ഞു. മൂപ്പര് മൈന്റ് ചെയ്തില്ല. റെസ്റ്റ് എടുക്കലൊക്കെ ആവാം, അതിനു മുമ്പ് കൂട്ടുകാരെ ഒക്കെ കൂട്ടിവരണം എന്നായി പുള്ളി. 

പുളിക്കാരന്റെ ചങ്ക് ബ്രോയായ തേങ്ങാപ്പാലിനെ തന്നെ ആദ്യം വീട്ടില്‍ പോയി വിളിച്ചു. എന്റെ നിലവിളി തേങ്ങ കേട്ടു. അല്‍പ്പം മടിച്ചാണെങ്കിലും ചുള്ളനായിത്തന്നെ തേങ്ങ വന്നു. കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് അരച്ച് തേങ്ങാ പാലിനെ കൂടെ വിട്ടശേഷം നമ്മുടെ തേങ്ങ സ്ഥലം കാലിയാക്കി. 

പക്ഷെ അട കട്ട അഹങ്കാരിയായി തന്നെ തുടര്‍ന്നു. തേങ്ങാപ്പാലിനോട് മിണ്ടാനുള്ള സമയമായിട്ടില്ല എന്നാണ് വാശി. അടുത്ത ചങ്കിനെ കൂട്ടി വരണമത്രെ. 

ആ ആളെ എനിക്കറിയാമായിരുന്നു-ശര്‍ക്കര! പഴയ വില്ലന്‍ ഓംപുരിയെപ്പോലൊരാളാണ് ശര്‍ക്കര. ഭയങ്കര പരുക്കന്‍! വെറുതെ വരില്ല, പാനി ആക്കി കൊണ്ട് വരണം. 

ശരി എന്ന് പറഞ്ഞു ഞാന്‍ ഒരു പാത്രത്തിലേക്ക് ശര്‍ക്കരയും കുറച്ചു വെള്ളവും ചേര്‍ത്തു. ഒന്ന് ചൂടാക്കിയപ്പോള്‍ ദേ നമ്മുടെ പരുക്കന്‍ വില്ലന്‍ മനസ്സൊക്കെ മാറി സ്മൂത്തായി, സിംപിള്‍ ആയി, പാവമായി. അലിഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു അരിപ്പയില്‍ കൂടെ ശര്‍ക്കരയെ ഒന്ന് അരിച്ചു മാറ്റി. ഇനി വല്ല പൊടിയും ഉണ്ടെങ്കില്‍ പൊയ്‌ക്കോട്ടേ എന്ന് കരുതി ആണ് അരിച്ചത്. 

 

...................................

Also Read: തൊട്ടാല്‍ ചൊറിയുന്ന ചൊറിയണം, അടുക്കളയില്‍ സൂപ്പര്‍ സ്റ്റാറായി മാറിയ കഥ!

...................................

 

അപ്പോ ദേ അട വീണ്ടും തുടങ്ങി. ഇനിയുമുണ്ട് കമ്പനിക്കാര്‍. അവരെ കൊണ്ട് വരാന്‍ പറഞ്ഞു, അടയുടെ അടുത്ത മൂന്ന് കൂട്ടുകാര്‍ മുന്തിരിയും, അണ്ടിപരിപ്പും, തേങ്ങാ കൊത്തും ആണ്. ഞാന്‍ ഓടി. ഓരോരുത്തരെയായി എങ്ങനെയോ കണ്ടെത്തി. കാലുപിടിച്ചു പറഞ്ഞപ്പോള്‍ അവമ്മാര് കളത്തിലിറങ്ങി. 

മൂവരെയും കണ്ടതും അടയുടെ മുഖം പിന്നെയും ചുവന്നു. ഇതുപോരാ, ഇവര്‍ക്കൊന്നും സുഗന്ധം ഇല്ല എന്നായി പിന്നെ പരാതി. എനിക്ക് കാര്യം മനസ്സിലായി. നെയ്യിനെയാണ് ഉദ്ദേശിക്കുന്നത്. 

ലവനെ തേടിപ്പിടിച്ച് ചെറുതായി ഒന്ന് ചൂടാക്കി. എന്നിട്ട് മുന്തിരിയെയും അണ്ടിപരിപ്പിനെയും തേങ്ങാ കൊത്തിനെയും ഒന്ന് ചെറുതായി കുളിപ്പിച്ച് വറുത്തു എടുത്തു.

നെയ്യ് കണ്ടപ്പോ അടയ്ക്ക് മറ്റൊരു പൂതി. നെയ്യില്‍ പുരട്ടി സ്വയം കുറച്ചു സുഗന്ധം വരുത്തണമത്രെ. പാവം, ഞാന്‍, കാര്യം കാണാന്‍ നെയ്യിന്റെ കാലും പിടിക്കണം എന്നല്ലേ. ഞാനിത്തിരി സ്‌നേഹത്തോടെ നെയ്യിനെ എടുത്ത് നല്ല കട്ടിയുള്ള ഒരു ഉരുളിയില്‍ ഒഴിച്ചു. പിന്നെ, കഴുകി വച്ച അടയെ  അതിലേക്കു ചേര്‍ത്ത് നന്നായി നെയ്യോടൊപ്പം കൂട്ടി. 

ഹോ, ഇപ്പോള്‍ കാര്യം കളറായി. നമ്മുടെ അടയ്ക്കിപ്പോള്‍ നല്ല വാസന!

അന്നേരം നമ്മുടെ അട അടുത്ത അടവെടുത്തു. 

ഇതൊന്നും പോരാ, ശര്‍ക്കര പാനിയ്‌ക്കൊപ്പം നെയ്യില്‍ കളിക്കണം. 

അങ്ങനെ ശര്‍ക്കര പാനിയെ കൂട്ടി ഉരുളിയ്ക്കടുത്തെത്തി. നെയ്യും അടയും ശര്‍ക്കരയും കൂടെ നന്നായി ഒന്ന് ഓടി ചാടി കളിച്ചു മറിഞ്ഞു. 

അപ്പോഴേക്കും അട അടുത്ത ഡിമാന്റു വന്നു. തേങ്ങാപാലിനെ കാണണം! പിന്നൊന്നും ആലോചിച്ചില്ല, ഞാന്‍ തേങ്ങാപാലിനെയും അടയോടൊപ്പം കൂട്ടിനു കൂട്ടി. ഒന്നാം പാലിനെ അല്ല, രണ്ടാം പാലിനെ. കാരണം ഒന്നാം പാല്‍ കുറച്ചു ദേഷ്യക്കാരന്‍ ആണ്, ഒത്തിരി സമയം തിളച്ചു മറിയാന്‍ ഒന്നും അവന് ഇഷ്ടമല്ല. കൂട്ടത്തില്‍ കൂടാം, പക്ഷെ അവസാനമേ വരൂ എന്നാണ് 'കൊല്ലാം പക്ഷേ, നശിപ്പിക്കാനാവില്ല' എന്ന ചെഗുവേര സ്‌റ്റൈലില്‍ മൂപ്പിലാന്റെ വാശി.

 

 

അങ്ങനെ രണ്ടാം പാലും ബാക്കി കൂട്ടുകാരും ചേര്‍ന്ന് നന്നായി സെറ്റ് ആയപ്പോള്‍, ദേ വരുന്നു നമ്മുടെ ഏലക്ക. ഏലക്ക സിംപിളാണ്, ഇച്ചിരി പവര്‍ഫുളും. 

ഏലക്ക പറഞ്ഞു, 'എന്നെ കൂടെ കൂട്ടിയാല്‍ ഞാന്‍ അടയെ നാട്ടില്‍ ഫെയ്മസാക്കാം.' 

അതു കേട്ടതും അടയ്ക്ക് സന്തോഷം ആയി. അങ്ങനെ ഏലക്കയും ചേര്‍ന്നു. അതോടെ കാര്യം മാറി. അടുത്ത വീട്ടുകാര്‍ എല്ലാരും ചോദിച്ചു വന്നു എന്താ ഒരു മണം എന്ന്!

അങ്ങനെ ഞാനൊന്ന് ദീര്‍ഘനിശ്വാസമെടുത്തു. അപ്പോഴാണ് അടയുടെ അടുത്ത ട്രിക്ക്. പുള്ളി അടുത്ത ആളെ ആവശ്യപ്പെട്ടു-ചൗഅരി. കാണാന്‍ സായിപ്പിനെ പോലെ ഉള്ള ആളാണ്, പക്ഷെ വിദേശി ഒന്നും അല്ലാട്ടോ. എന്നാലും ചൗ അരിയ്ക്ക് ജാഡയ്ക്ക് ഒരു കുറവുമില്ല. ഇവനെ പിടിച്ചു നേരിട്ട് ഉരുളിയിലിട്ടാല്‍ കുളമാകും എന്ന് മനസ്സിലാക്കിയ ഞാന്‍ അവനോട് പറഞ്ഞു,  കുളിക്കാതെ ഈ പരിസരത്ത് വരരുത് എന്ന്. 

പാവം! പേടിച്ചു പോയി! പിന്നെ വേഗം തിളച്ച വെള്ളത്തില്‍ നന്നായി കുളിച്ചു വന്നു. അതോടെ ജാഡ ഒക്കെ മാറി ആള് നല്ല വെള്ളാരം കല്ല് പോലെ ആയി. ശ്ശോ, ഇത്ര പാവം ആയിരുന്നോ ഇവന്‍  എന്നാര്‍ക്കും തോന്നുന്ന അവസ്ഥ. 

അങ്ങനെ നല്ല സോഫ്റ്റ് ആയ ചൗ അരിയെ അടയുടെയും കൂട്ടുകാരുടെയും കൂടെ കൂട്ടി. 

അതോടെ മറ്റൊരാള്‍ തലപൊക്കി. നമ്മുടെ ഒന്നാം പാല്‍. എന്നാ ശരി എന്നു പറഞ്ഞ് പുള്ളിക്കാരിയെ കൂടെ കൂട്ടി. അങ്ങനെ എല്ലാം കൂടെ തിളച്ചു മറിഞ്ഞു കുറുകി. ഹൊ ദൈവമേ! ഇപ്പോള്‍ കണ്ടാല്‍ തന്നെ കൊതിയാവും. 

ഞങ്ങള്‍ സന്തോഷത്തോടെ കുറച്ചു സമയം ഇരുന്നു. കൂട്ടായി കഴിഞ്ഞപ്പോള്‍, ബാക്കി കൂട്ടുകാരെ വിളിക്കാന്‍ പറഞ്ഞു, അട.

ഞാന്‍ അവരെക്കൂടി വിളിപ്പിച്ചു. അങ്ങനെ മുന്തിരിയും, കശുവണ്ടിയും, തേങ്ങാക്കൊത്തും കൂടെ വന്ന് സെറ്റായി. അതോടെ അടയ്ക്കു വലിയ സന്തോഷമായി. ഇനി കണ്ണു തട്ടണ്ട എന്നു കരുതി ഞാന്‍ ശകലം ഏലക്ക പൊടിച്ചത് കൂടി ഇട്ടു. പിന്നെയുണ്ടല്ലോ സാറേ, ആരുമില്ലാത്ത സ്ഥലത്ത് ആദ്യമായി കാമുകിയെ കാണുന്ന വഷളന്‍ കാമുകന്റെ അവസ്ഥയിലായി അട!

പിന്നൊന്നും പറയണ്ട, വായില്‍ വെള്ളമൂറുന്ന സാക്ഷാല്‍ അടപ്രഥമന്‍ ഉണ്ടായി എന്നു പറഞ്ഞാല്‍ മതിയല്ലോ! 

ഇനിയൊരു സ്വകാര്യം പറയട്ടെ, അട പ്രഥമന്‍ സത്യത്തില്‍ പാവമാണ്! പിന്നിത്തിരി വാശി. അതാണേല്‍, സ്വാദ് കൂടാന്‍ വേണ്ടി മാത്രമുള്ള വാശിയുമാണ്. അതാര്‍ക്കാണ് ഇല്ലാത്തത്!വാശികള്‍ക്ക് കീഴടങ്ങിയ ശേഷം, ഒന്ന് രുചിച്ചു നോക്കിയാല്‍ അറിയാം, മുത്താണ് നമ്മുടെ അടപ്രഥമന്‍!

click me!