ഒരു കടിഞ്ഞൂല്‍ പ്രേമകഥ, നായികയായി ഇന്‍സ്റ്റയില്‍നിന്നൊരു മൈസൂര്‍ പെണ്‍കൊടി!

Published : Jan 28, 2025, 02:37 PM ISTUpdated : Jan 28, 2025, 03:32 PM IST
ഒരു കടിഞ്ഞൂല്‍ പ്രേമകഥ, നായികയായി ഇന്‍സ്റ്റയില്‍നിന്നൊരു മൈസൂര്‍ പെണ്‍കൊടി!

Synopsis

'പിന്നേ! എട്ടാം ക്ലാസ്സ് തൊട്ടേ അമ്മക്ക് ലൈനൊണ്ടാരുന്നു.' 'ആരായിരുന്നു ആ ആള്‍?'- അവന് ഒരു ആകാംക്ഷ. -ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു  

വിഷയം മാറ്റാനായി ഞാനൊരു ഇന്‍ട്രസ്റ്റിംഗ് ടോപ്പിക്ക് എടുത്തിട്ടു. 'എടാ, പത്തിലായിട്ടും നിനക്ക് ലൈനൊന്നുമില്ലേ'

'എന്തിന്'

'അയ്, അതൊക്കെ ഒരു രസല്ലേടോ'

'അമ്മക്കുണ്ടായിരുന്നോ ലൈനൊക്കെ പത്തില്?'

ആഹാ! എനിക്കങ്ങ് ഇഷ്ടായി ആ ചോദ്യം.

 


ഒരു പെണ്ണ് പൂര്‍ണ്ണമാകുന്നത് അവള്‍ അമ്മ ആകുമ്പോള്‍ ആണ് എന്നാണല്ലോ വെപ്പ്. അതിന് പ്രസവിക്കണം എന്നൊന്നും എനിക്ക് തോന്നുന്നില്ല. അതൊക്കെ നമ്മുടെ ബോധമില്ലാത്ത ചില കാര്‍ന്നോന്മാരുടെ വിടുവായത്തം ആണ്. അതും വിശ്വസിച്ച് നടക്കുന്ന ചിലരിപ്പോഴും ഉണ്ട്.

എന്തായാലും ഞാനൊരു അമ്മ ആയത് ആദ്യം പതിനാറ് വയസ്സിലും, പിന്നെ ഇരുപത്താറ് വയസ്സിലുമാണ്.
അതായത്, ആദ്യം പ്രസവിക്കാതെയും പിന്നീട് ഒന്ന് പ്രസവിച്ചും. 

എന്തായാലും ഞാനമ്മ ആയി. അതോടെ ഞാന്‍ സ്ത്രീയും ആയി. അത് വരേക്കും ഞാനാരായിരുന്നു! 

വെറും പൊട്ടി! അതായിരുന്നത്രെ ഞാന്‍! അതിനിപ്പോഴും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്ന് ചില ശത്രുക്കള്‍ പറഞ്ഞ് നടക്കുന്നുണ്ട്.

ഒരു കാര്യം പറയാം, ഞാന്‍ അമ്മ ആയതോടു കൂടെ ഒരു പ്രത്യേക തരം പ്രാന്തിയുമായി മാറി. ലോകത്താരും പ്രസവിക്കാത്തത് പോലെ ഞാന്‍ മകനേയുമെടുത്ത് നല്ല നടത്തം തുടങ്ങി. 

അവനെ ഞാന്‍ മാത്രം എടുക്കണം, ഉറക്കണം, കളിപ്പിക്കണം, കുളിപ്പിക്കണം പിന്നെ എങ്ങനെയൊക്കെ അവനെ സ്‌നേഹിക്കാമോ അതിലുമെല്ലാം അധികം ഞാനവനെ സ്‌നേഹിച്ചു.

അവനോട് മാത്രം സംസാരിച്ചും പാട്ട്പാടിയും ഡാന്‍സ് ചെയ്തും ഞാനവന്റെ കൂടെ വളര്‍ന്നു.

വളര്‍ന്ന് വളര്‍ന്ന് മൂന്നാം ക്ലാസ്സിലൊക്കെ എത്തിയ ശേഷമാണ് അവനെ ഞാന്‍ ചെറുതായി ഒന്നകറ്റുന്നത്. 

കാരണമുണ്ട്! അവന്റെ ടീച്ചര്‍മാര്‍ പറഞ്ഞു, കുട്ടിക്കേത് സമയവും അമ്മയെ കാണണം എന്നാണ്, ആരോടും കൂട്ടൊന്നുമില്ല. 

അത് കേട്ട് ആദ്യം സന്തോഷമൊക്കെ തോന്നിയെങ്കിലും അവന്‍ വല്ലാതെ ഒതുങ്ങി പോകുമോ എന്ന പേടിയും വന്നു. അത് കൊണ്ടാണ് അവനെ കുറച്ച് കുറച്ചായി ഞാന്‍ മാറ്റുവാന്‍ തുടങ്ങിയത്. 

ഇനി കഥ പോകുന്നത് കുറച്ച് സ്പീഡിലാണ്. 

അവന്‍ വലുതാകുന്നു.

കൂട്ടുകാരുണ്ടാകുന്നു.

ടീച്ചര്‍മാരുടെ കണ്ണിലെ കരടാകുന്നു.

ഓ! എനിക്ക് സമാധാനായി. എന്റെ മാനം അവന്‍ കാത്ത് സൂക്ഷിക്കുന്നുണ്ടല്ലോ.

സ്‌കൂളിലേക്ക് എന്തെങ്കിലും ആവശ്യത്തിന് പോകുമ്പോള്‍ അവനെ പഠിപ്പിക്കുന്ന ടീച്ചര്‍മാരെ കാണാതെ ഒളിച്ചും പാത്തുമാണ് ഞാന്‍ നടന്നിരുന്നത്. അഥവാ ഇതിനിടയില്‍ ഞാനവരുടെ കണ്ണില്‍ പെട്ടാലോ?

പിന്നെ പറയണ്ട. എന്നെ പിടിച്ച് നിര്‍ത്തി അവര്‍ അവന്റെ ഗുണകണങ്ങള്‍ വര്‍ണ്ണിക്കാന്‍ തുടങ്ങും.

'എന്റെ പൊന്ന് ടീച്ചറേ, നിങ്ങളൊക്കെ ആദ്യം പറഞ്ഞു അവനാരാടും മിണ്ടണില്ലാന്ന്. ഇപ്പോ പറയുന്നു അവന്‍ മിണ്ടിക്കൊണ്ടേ ഇരിക്കുവാണെന്ന്. ഞാനിപ്പോ എന്താ വേണ്ടേ' - സഹികെട്ടൊരു ദിവസം ഞാന്‍ ചോദിച്ചു.

'അതേയ്, ഞങ്ങള്‍ക്ക് ആകെ പഠിപ്പിക്കാന്‍ കിട്ടണത് ഒരു മണിക്കൂറാ. അതില് മുക്കാല്‍ മണിക്കൂറും ഇവന്റെ വായടപ്പിക്കലാ ഞങ്ങളുടെ പണി. പോര്‍ഷന്‍സ് തീര്‍ക്കണ്ടേ കുട്ടീടമ്മേ'- ടീച്ചര്‍ക്ക് നിസ്സഹായത.

സബാഷ്! 

അവന്‍ പിന്നേയും ചരിത്രം ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു.

അന്ന് അവനെ ഞാനൊന്നുപദേശിക്കുവാന്‍ തീരുമാനിച്ചു. 

അപ്പോഴേക്കും അവന്‍ ഒന്‍പതാം ക്ലാസ്സിലെത്തിയിരുന്നു. 

'എടാ ചെക്കാ'

'എന്താന്ന്'

'ടീച്ചര്‍മാരുടെ വായേലിരിക്കണത് കേള്‍ക്കാന്‍ എനിക്ക് സൗകര്യമില്ല.'

'വേണ്ട, അമ്മ കേള്‍ക്കണ്ട!'

'അപ്പോ പേരന്റ്‌സ് മീറ്റിങ്ങ്'

'ഓ, ഒരു മീറ്റിങ്ങിന് വന്നില്ലാന്ന് വെച്ച് ലോകം അവസാനിക്കാനൊന്നും പോണില്ല.'

വാവ് യെവനെന്റെ മോന്‍ തന്നെ! എനിക്കഭിമാനം തോന്നി.

എന്നാലും ഞാനൊരു അമ്മ ആണല്ലോ. നൈസായിട്ട് ഒരുപദേശം കൂടെയങ്ങ് കൊടുത്തു.

'അതേയ്, ക്ലാസ്സെടുക്കാന്‍ ആ പാവം ടീച്ചര്‍മാരെ അനുവദിക്കണം.' 

'ഇല്ലെങ്കില്‍'

'ടോണീടെ മോനാണെന്നൊന്നും ഞാന്‍ നോക്കില്ല. ഞാന്‍ ടോണീടെ മോളാണെന്ന് നീ മറക്കേം വേണ്ട.'

'അമ്മക്ക് വേണ്ടി ഞാന്‍ ട്രൈ ചെയ്യാം.'

അത് കേട്ടാ മതീലോ. ഞാന്‍ സംതൃപ്ത ആയി. 

ദേ കഥ പിന്നേം സ്പീഡ് ആയി. 

അവന്‍ പത്തിലെത്തി.

ഇപ്പോള്‍ ബോര്‍ഡ് എക്‌സാംസ് നടന്ന് കൊണ്ടിരിക്കുന്നു.

ചെക്കന് സ്റ്റഡി ലീവ്്. 

ഒരു ദിവസം ഞാനവനോട് ചോദിച്ചു: 'നീ ചരിത്രം സൃഷ്ടിക്കുമോ?'

അവന്‍: 'യെപ്പടി'

ഞാന്‍ : അല്ലാ, ആ സ്‌കൂളില് ഇത് വരെ ആരും പത്ത് തോറ്റിട്ടില്ല പോലും.'

അവന്‍: തോറ്റവരുടെയാണ് എന്നും ചരിത്രം അമ്മേ.'

ങ്‌ഹേ, ഇത് ഞാനെവിടെയോ കേട്ടത് പോലെ!

'ആഹ്, മറ്റേ മ്മടെ കര്‍ണ്ണന്‍, നെപ്പോളിയന്‍ അതല്ലേ ഉദ്ദേശിച്ചേ'

'അമ്മക്ക് ഇവരൊക്കെ ആരാന്നറിയുവോ'-അവന്‍ എന്നോട്.

ഇപ്പോള്‍ ഞാനാരായി!

എനിക്കാണേല് മറവീടെ അസ്‌കിത നല്ലോണംണ്ടേനും

'പോയിരിന്ന് പഠിക്കെടെര്‍ക്കാ.'- തികച്ചും സാധാരണമായ എസ്‌കേപ്പിസം.

പിന്നെ ഞാനവനോട് പഠിക്കാന്‍ പറയുന്നത് നിര്‍ത്തി. വെറുതെ എന്തിനാ വടി കൊടുത്ത് ചവിട്ടും കുത്തും ഒക്കെ വാങ്ങണത്.

പക്ഷേ...

ഇന്നലെ അവനും ഞാനും രാത്രി ഒരുമിച്ച് കിടക്കുമ്പോള്‍ എനിക്ക് പെട്ടെന്നൊരു സ്‌നേഹം വന്നു.?

- 'എടാ എന്റെ അടുത്ത് വന്ന് കിടക്ക്.'
- 'എന്തിനാ'
- 'എനിക്ക് നിന്നെ സ്‌നേഹിക്കാന്‍.'
- 'അത്രക്ക് വല്യ സ്‌നേഹൊന്നും വേണ്ട'
- 'അതെന്താ അങ്ങനെ? എന്നെ നിനക്കിഷ്ടല്ലേ'

പതുക്കെ പതുക്കെ അവന്‍ എന്റെയടുത്തേക്ക് നീങ്ങി വരുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. 

അങ്ങനെ വഴിക്ക് വാടാ മോനേ.

-'എത്ര നാളായി നിന്നെ കെട്ടിപ്പിടിച്ചിട്ട്'
-'അതെന്റെ കൊഴപ്പാണോ'
-'അല്ല, മറ്റവള് കേറി കിടക്കുവല്ലേ ഇടയില്.'
-'അതും അമ്മേടെ മോളന്നെയല്ലേ'
-'അവളെപ്പോഴും എന്നെ സ്‌നേഹിക്കുന്നുണ്ടല്ലോ. നീ കുമാരന്‍ ആയില്ലേ. അകന്ന് പോകുമല്ലോ.'

കുറച്ച് കൂടി അവനെന്റെ അടുത്തേക്ക് നീങ്ങി. ദൈവമേ പണി പാളിയാ! ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെയാവോ!

പെട്ടെന്ന് അവന് ഒരു സ്‌നേഹം. കൊള്ളാം നല്ല രസമുണ്ട്. 

'അതേയ്, അമ്മേ..'

'ഉം, പറ'

'എക്‌സാം കഴിഞ്ഞ് ഞങ്ങള്‍ മൈസൂരിലേക്ക് പൊക്കോട്ടെ'

'അപ്പേടെ കൂടെ പൊക്കോ.'

'അയ്യോ, അപ്പ വേണ്ട. ഞങ്ങളുടെ പുറകേ വരും.'

'മ്യോനേ ജോസൂട്ടാ, എന്താ ഉദ്ദേശം? ആരെ കാണാനാ പോകുന്നെ?'

'എന്താ ഞങ്ങള് തന്നെ പോയാല്?'

'പതിനെട്ട് വയസ്സായിട്ട് തനിയെ പോവാം കേട്ടാ.'

'അപ്പോ അമ്മക്കെന്നോട് സ്‌നേഹല്ല്യാലേ?'

ഓഹ് ഇമോഷണല്‍ ബ്ലാക്ക്‌മെയിലിങ്ങ്'

'മോനേ, നിനക്കാള് മാറി. ഇതിലൊന്നും ഞാന്‍ വീഴില്ല.'

അവന്‍ മോന്ത വീര്‍പ്പിച്ചു. 

വിഷയം മാറ്റാനായി ഞാനൊരു ഇന്‍ട്രസ്റ്റിംഗ് ടോപ്പിക്ക് എടുത്തിട്ടു.

'എടാ, പത്തിലായിട്ടും നിനക്ക് ലൈനൊന്നുമില്ലേ'

'എന്തിന്'

'അയ്, അതൊക്കെ ഒരു രസല്ലേടോ'

'അമ്മക്കുണ്ടായിരുന്നോ ലൈനൊക്കെ പത്തില്?'

ആഹാ! എനിക്കങ്ങ് ഇഷ്ടായി ആ ചോദ്യം.

'പിന്നേ! എട്ടാം ക്ലാസ്സ് തൊട്ടേ അമ്മക്ക് ലൈനൊണ്ടാരുന്നു.'

ഈ കാര്യത്തില്‍ സത്യം പറയുന്നത് എന്റെയൊരു വീക്ക്‌നെസ്സാണ്.

'ആരായിരുന്നു ആ ആള്‍?'- അവന് ഒരു ആകാംക്ഷ.

'ഓ അങ്ങനെ ഇന്ന ആളൊന്നും ഇല്ലെന്നേ. കാണാന്‍ കൊള്ളാവുന്ന എല്ലാരേം എനിക്കിഷ്ടാരുന്നു.'

'അത് പ്രേമമൊന്നും അല്ലല്ലോ.'

'അല്ല, വെറും ഒരു രസം. അതായത് ക്രഷ് ക്രഷ്.'

'എനിക്കീ ക്രഷ് എന്ന വാക്ക് തന്നെ ഇഷ്ടമല്ല.'

'ബട്ട് വൈ? പൊന്ന് മോനേ, നിനക്കാരോടും അങ്ങനൊന്നും തോന്നീട്ടില്ലേ'

'തോന്നണംന്ന് നിര്‍ബന്ധന്നുമില്ലല്ലോ.'

'വേണം വേണം. എന്റെ മോനാണേല് അങ്ങനൊക്കെ തോന്നണം.'

എനിക്ക് ടെന്‍ഷന്‍. അതെന്താ അവനീ വക ഒന്നും ഇല്ലാത്തേ...!

'അമ്മേ, എനിക്ക് ശരിക്കുമുള്ള ഇഷ്ടത്തിനോടേ ഇഷ്‌ടൊള്ളൂ.'

'എങ്ങനേ ന്ന്?'

'ദ റിയല്‍ ലവ്!'

ഓ സമാധാനം ആയി. ചെക്കന്‍ ട്രൂ ലവ് ന്റെ ആളാണ്! 

ഞാനും ആ സമയത്തൊക്കെ എന്റെ എല്ലാ പ്രേമത്തിനേയും ട്രൂ ലവ് ആയിട്ടാ കണ്ടിരുന്നത്. സോ, അവനേയും കുറ്റം പറയാനൊക്കില്ല.

- 'അപ്പോള്‍ അമ്മ എന്നെ വിടില്ല'

- 'ഇടക്കൊക്കെ ഞാന്‍ വാക്ക് മാറാറുണ്ടെങ്കിലും ഈ പറഞ്ഞതിന് മാറ്റമില്ല.'

കടിഞ്ഞൂല് പിണങ്ങി.

പിന്നെയാണ് എനിക്ക് ഒരു സംഭവം ഓര്‍മ്മ വന്നത്. 

അതായത് അവന് ഇന്‍സ്റ്റയിലുള്ള ഒരു പെണ്‍കുട്ടിയോട് ഇഷ്ടമുള്ള കാര്യം എന്നോട് ഒരിക്കല്‍ പറഞ്ഞിരുന്നു. ഞാന്‍ മാന്തിയെടുത്തതാണ് ശരിക്കും. ആ കുട്ടി പഠിക്കുന്നത് മൈസൂരിലാണ് എന്നാണ് എന്റെ ഒരു ഓര്‍മ്മ. 

- 'അമ്പട മോനേ, നീ അവളെ കാണാനാ പോകുന്നേ അല്ലേ'

- 'ആരെ'

- 'ആ പെണ്ണിനെ, അന്ന് പറഞ്ഞ ആ പെണ്ണിനേയ്.'

ചെക്കന്റെ മുഖമൊക്കെ ചുവന്നു.

- 'എനിക്കമ്മയെ ഇഷ്ടമല്ല.'

അത് ശരി, മുഖം ചുവന്നത് നാണം വന്നതല്ല, കോപിഷ്ഠനായതാണ്, കടിഞ്ഞൂല്.

- 'ഓ! ആ പെണ്ണിനെ കിട്ടിയപ്പോള്‍ നിനക്കിപ്പോള്‍ എന്നോട് ദേഷ്യം അല്ലേ'

ഞാന്‍ തിരിച്ചങ്ങോട്ട് ഒരു ഇമോഷണല്‍ ബ്ലാക്ക്‌മെയിലങ്ങ് വെച്ച് കൊടുത്തു.

- 'അമ്മ ആ കുട്ടിയെ അഡ്രസ്സ് ചെയ്ത വിധം എനിക്കിഷ്ടപ്പെട്ടില്ല.'

- 'ഞാനെന്ത് ചെയ്തു'

- 'ആ പെണ്ണ്' എന്ന് പറഞ്ഞു.'

- 'പെണ്ണിനെ പിന്നെ പെണ്ണന്നല്ലാണ്ട് ആണെന്നാണോ വിളിക്കണ്ടേ'

- 'അങ്ങനല്ല, അതില്‍ റെസ്‌പെക്ടില്ല . അമ്മ പറഞ്ഞ ടോണ്‍ ശരിയല്ല. അങ്ങനെ പറയാന്‍ പാടില്ല.'

ങ്‌ഹേ! കടിഞ്ഞൂല് ആള് കൊള്ളാലോ. എനിക്കതങ്ങ് ഇഷ്ടപ്പെട്ടു. 

എനിക്കവനോട് അപ്പോള്‍ തന്നെ സോറി പറയണം എന്ന് തോന്നി.

- 'ചക്കരേ, സോറി കേട്ടോ. എനിക്കത്രക്കും അങ്ങ് കത്തിയില്ല. ഇനി പറയില്ല.' 

സത്യമായിട്ടും എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനമൊക്കെ തോന്നി. കാരണം, അവന് ചെറുതിലേ മുതല്‍ പറഞ്ഞ് ഞാന്‍ കൊടുത്തിരുന്ന ഉപദേശങ്ങളില്‍ രണ്ട് എണ്ണം ആണ്, 

(1) നുണ പറയരുത്.

(2) സ്ത്രീകളെ ബഹുമാനിക്കണം. 

ഇത് അവന് മനസ്സിലാകുന്ന വിധത്തിലാണ് പണ്ട് പറഞ്ഞ് കൊടുത്തിരുന്നത്. ആ രണ്ട് കാര്യങ്ങളും അവന്‍ നല്ല വൃത്തിക്ക് ഫോളോ ചെയ്യുന്നു. 

അപ്പോള്‍ എന്നെ ഞാനൊന്ന് ബഹുമാനിക്കുന്നതില് വലിയ തെറ്റൊന്നുമില്ലല്ലോ.

- 'എന്നാല്‍ പിന്നെ എന്നെ മൈസൂരിലേക്ക് വിടാമോ'

- 'ങ്‌ഹേ! പോയി കെടന്നൊറങ്ങെടാ ചെക്കാ. ഞാന്‍ വാക്ക് തെറ്റിക്കില്ല. നീ പോകണ്ട.'

അന്ന് ഞാനവനേയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങി. 

കുട്ടികള്‍ വളരുമ്പോള്‍ കൂടെ നമ്മളും കൂടെയാണ് വളരുന്നത്. എന്താല്ലേ!


വാല്‍ക്കഷണം: കടിഞ്ഞൂല്‍ പ്ലസ് വണ്‍  പരീക്ഷയൊക്കെ കഴിഞ്ഞ് ചില്‍ ആയി നടക്കുന്നുണ്ട്. എനിക്ക് നല്ല പേടിയുണ്ട്. എന്താവോ എന്തോ! 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്