
ഒരുമ്പെട്ട പെണ്ണും ചോരക്കഥകളും ഒളിവിലും തെളിവിലും നിറയുകയാണ്. പെണ്ണൊരുത്തി കുറ്റവാളിയാകുന്നതെങ്ങനെയാണ്? ഒരുകാലത്തിൻ്റെ ഇരകൾ പിന്നെ വേട്ടക്കാരികളായി മാറുന്ന പതിവെന്നുമുണ്ട്. പക്ഷെ, പുതിയകാലം പാടെ മാറിൽക്കുന്ന കുറ്റവാസനകളുടെ പെൺകഥകൾ പറയുകയാണ്. ഗ്രീഷ്മ കുറ്റവാസനയുടെ അങ്ങനെയൊരു പുതിയ ചേരുവയാണ്. എങ്കിൽ രക്തം കൊണ്ടിതിഹാസമെഴുതിയ ദില്ലിയുടെ ലേഡി ഡോൺ റേഷം ജോപ്പാഡിയുടെ കഥയെങ്ങനെയാണ്?
ദ ലേഡി ഡോൺ ഓഫ് ദില്ലി
നിത്യച്ചെലവിന് നാല് കാശുണ്ടാക്കാൻ നിങ്ങളെന്താണ് ശ്രമിക്കാത്തത്. ഇക്കണക്കിനെത്രകാലം മുന്നോട്ടുപോകും. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും ദില്ലിക്ക് കുടിയേറിയ ആടിനെപ്പോറ്റാൻ മാത്രമറിയുന്ന ഭർത്താവിനോട് സഹികെട്ട് ഗർഭിണിയായ ഭാര്യ റേഷം ചോദിച്ചു. ജോധ്പൂരിലെ ഗ്രാമത്തിലാടുവളർത്താം, പക്ഷെ ദില്ലി നഗരത്തിലപ്പണി ഗതിപിടിക്കില്ലെന്ന് ആഗ്രയിൽ ജനിച്ച അവൾക്കറിയാം.
1985 -ൽ ഗോവിന്ദപുരിയിലെ ചേരിയിൽ ഒരു താൽക്കാലികകുടിലിൽ നിന്നും അവരുടെ ജീവിതം തുടങ്ങി. മാൽക്കീത് സിംഗ് തൊട്ടടുത്ത ധാബയിൽ അടുക്കളപ്പണിയെടുത്തു. റേഷം വീട്ടുജോലിയും. എന്നിട്ടും കുടുംബജീവിതം നാലറ്റമെത്താതെ നീങ്ങുമ്പോഴാണ് പരിചയക്കാരിലൊരാൾ മാൽക്കീതിനോട് പറഞ്ഞത്. സംഗം വിഹാറിലേക്ക് താമസം മാറിക്കൂടേയെന്ന്. തൊട്ടടുത്തൊരു കാടുണ്ട്, ആടിനെയും വളർത്താം. ആദ്യം നിരസിച്ചെങ്കിലും സംഗം വിഹാറിലേക്കവർ താമസം മാറ്റി. കാട്ടുതടിയും ടാർപ്പോളിനും വലിച്ചുകെട്ടിയൊരു താൽക്കാലിക കുടിലുമുണ്ടാക്കി. ജോധ്പൂരിലേക്ക് പോയ മാൽക്കീത് കുറച്ചാടുകളുമായി തിരികെ വന്നു. സമീപത്തെ കാട്ടുപ്രദേശത്ത് അതിനെ വളർത്തി, പാലുവിറ്റ് ജീവിതം തുടങ്ങി. തുടരെത്തുടരെ നാല് കുട്ടികൾക്ക് അവളമ്മയായി. ആടുവളർത്തുകൊണ്ട് മാത്രം ജീവിതം മുന്നോട്ടുപോവില്ലെന്നായി.
അങ്ങനെ മാൽക്കീത് ആടുമേക്കാൻ പോയൊരു ഗാന്ധിജയന്തി ദിനത്തിലെ മധ്യാഹ്നത്തിൽ മദ്യപിച്ച് ലക്ക് കെട്ടൊരു മനുഷ്യൻ വാതിൽ മുട്ടി അവളോട് വിസ്കി ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞിട്ടും അയാൾ സമ്മതിച്ചില്ല, നാലിരട്ടിപ്പണം കൊടുക്കാമെന്നായി. മദ്യമില്ലാതെ മടങ്ങില്ലെന്നായി. അവളുടെ ബുദ്ധിയുണർന്നു. പത്ത് മിനിറ്റ് കഴിഞ്ഞെത്താൻ പറഞ്ഞ് തൊട്ടടുത്ത കുടിലിൻ്റെ വാതിലിൽ മുട്ടിയൊറ്റാവക്കിലൊരു ചോദ്യമിട്ടു, വിസ്കി? ഉന്നംപിഴച്ചില്ല, അയൽക്കാരി മദ്യം കൊടുത്തു. ബോട്ടിലിന് നൂറ് രൂപ. അഞ്ച് മിനിറ്റിനുള്ളിൽ പണം തരാമെന്ന് പറഞ്ഞ് മറുപടിക്ക് പോലും നിൽക്കാതെ അവൾ തിരിഞ്ഞോടി. നാല് കുഞ്ഞുങ്ങൾ ഒന്നുമറിയാതെ മയങ്ങിക്കിടന്നു.
ആവശ്യക്കാരൻ മടങ്ങിവന്നു. രൂപ ഇരുന്നൂറിന് റേഷം കുപ്പി മറിച്ചുവിറ്റു. അവൾ അയൽക്കാരിക്കരികിലെത്തി പറഞ്ഞുറപ്പിച്ച കാശു കൊടുത്തു. പേര് മുംതാസ് മഹെലെന്ന് അയൽക്കാരി സ്വയം പരിചയപ്പെടുത്തി. തൻ്റെ പേര് റേഷം ജോപ്പാടിയെന്നവളും പറഞ്ഞു. ആ നൂറ് രൂപ ലാഭത്തിൽ നിന്നും പെണ്ണൊരുത്തി ദില്ലിയിലൊരധോലോകം തുറന്നു.
2000 രൂപ രണ്ട് ശതമാനം പലിശക്ക് മുംതാസിൽ നിന്നും വാങ്ങി മദ്യക്കച്ചവടം തുടങ്ങി. ആദ്യം ഡ്രൈഡേകളിൽ... പക്ഷെ, ബാറും ഔട്ട്ലെറ്റുകളും തുറക്കാത്തെ സകലനേരത്തും കരിഞ്ചന്തയിലെ മദ്യത്തിന് ഡിമാൻ്റായി. അതനുസരിച്ച് റേഷം ചരക്കിറക്കി. മാൽക്കീത് മൗനമായി കൂട്ടുനിന്നു. അയലത്തെ പുതിയ കച്ചവടത്തെക്കുറിച്ചുള്ള പിറുപിറുപ്പും ചുറ്റുവട്ടത്താരംഭിച്ചു. തുടക്കത്തിലെ കൂട്ടാളി മുംതാസ് ക്രമേണ എതിരാളിയായി. വൈരം മൂർച്ഛിച്ച് വീട്ടുമുറ്റത്തെ നേർക്കുനേർപ്പോരായി. അങ്ങനെയൊരു നാൾ കളി ശരിക്കും കാര്യമായി. കച്ചവടം മുട്ടിയ മുംതാസും ഭർത്താവും അയൽക്കാരുമടക്കം അൻപതോളം പേർ കുടിൽ വളഞ്ഞു. കലഹം കയ്യാങ്കളിയായി.
മുംതാസിൻ്റെ ഭർത്താവ് റേഷം ജോപ്പാടിയെത്തല്ലി. അളമുട്ടിയ പെണ്ണ് കൊടുവാളെടുത്തു. വിവാഹനാൾ സ്വന്തമാക്കിയ, എന്നും ഒപ്പം കരുതിയ, ഒരൊറ്റവെട്ടിന് ദേഹം രണ്ട് കീറായിപ്പിളർക്കുന്ന ഒരാഗ്രക്കത്തി. അവൾ കത്തിവീശി, ഉന്നം കൃത്യം. കഴുത്തിലെ ഞരമ്പ് പിളർന്ന് ചോര ചിതറി. ആൾക്കൂട്ടം ഭയന്ന് പിൻവാങ്ങി. റേഷം കുടിലിനുള്ളിലേക്കും. ഒരു കയ്യിലാഗ്രക്കത്തിയും മറുകൈയ്യിൽ കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് അവൾ നിലത്തിരുന്നു. അപ്പൊഴും അതൊരു കൊലപാതകമായി മാറുമെന്ന് അവൾ പ്രതീക്ഷിക്കുന്നേയില്ല. പിറ്റേന്ന് പുലർച്ചക്ക് കൊലക്കുറ്റത്തിന് അറസ്റ്റിലാവും വരെ.
അവിടുന്നങ്ങോട്ട് ദില്ലിയുടെ ലേഡിഡോൺ ബാഷിരൻ ഏലിയാസ് മമ്മി തുടങ്ങുകയാണ്. കൊലക്കുറ്റമടക്കം 133 കേസുകളിൽ പ്രതി. എട്ട് ആൺമക്കളും നാവെടുക്കാതെ നിശ്ശബ്ദം കുറ്റകൃത്യങ്ങൾക്ക് ഒത്താശ ചെയ്ത ഒരാട്ടിടയൻ ഭർത്താവും. നാൽപ്പത്തിരണ്ട് കൊലക്കേസുകളുമായി മകൻ സമീം ഏലിയാസ് ഗുംഗ, മമ്മി കുറ്റകൃത്യങ്ങളിൽ മാമോദീസ മുക്കിയെടുത്ത മക്കളിലേറ്റവും അപകടകാരിയായി. സംഗം വിഹാറിലും മറ്റും ക്രിമിനൽ ജന്മവാസനയുള്ള സകലപൈതങ്ങൾക്കുമുള്ള ഗുരുകുലമായി അത് വളർന്നുപന്തലിച്ചു. ഏത് യുദ്ധത്തിനും പോന്ന സൈന്യമൊരുക്കി റാണി ബാഷിരൺ ഒരുമ്പെട്ടുനിന്നു. കുൽപ്രീത് യാദവും സുഷാന്ത് സിംഗും പറഞ്ഞ യഥാർത്ഥ ക്രൈം സ്റ്റോറിയിലെ നായിക റേഷം ജോപ്പാടിയുടെ ജീവിതം ബാഷിരൻ്റെ ജീവിതമാണ്. മാൽക്കീത് സിംഗിൻ്റെ ശരിക്കുള്ള പേര് മാൽഘനെന്നും.
ബാഷിരൺ ഏലിയാസ് മമ്മിയെന്ന റേഷം ജോപ്പാടി അറസ്റ്റിലായ അതേ വൈകുന്നേരം ജയിൽമോചിതയായി. സംഗം വിഹാർ പോലീസ് സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് നടക്കുമ്പോൾ ജാമ്യത്തിലെടുക്കാനെത്തിയ മനുഷ്യൻ പറഞ്ഞു. പ്രദേശത്തെ മുഴുവനാളുകളും അവരുടെ ജാമ്യത്തിനായി പണം മുടക്കിയെന്ന്. കൊല്ലപ്പെട്ട മനുഷ്യനെക്കൊണ്ട് പൊറുതിമുട്ടിയ സംഗംവിഹാറിലെ മനുഷ്യർ സ്നേഹത്തോടെ അവരെയും കാത്തിരിക്കുകയായിരുന്നു. കൊലപാതകത്തിൻ്റെ പേരിൽ കുറ്റബോധത്തിൻ്റെ ഒരു തരിയും അവളിൽ ബാക്കിനിന്നില്ല. നിൽക്കള്ളിയില്ലാതെ എങ്ങോട്ടോ ഓടിപ്പോയ അയാളുടെ ഭാര്യ പക്ഷെ വേദനിപ്പിച്ചു.
സംഗംവിഹാറിൽ റേഷം ജോപ്പാഡിയുടെ കാലം തുടങ്ങി. അവരുടെ ആഗ്രാക്കത്തിയെപ്പറ്റി ദുരൂഹമായ കഥകൾ പ്രചരിച്ചു. ഒരു ജാപ്പനീസ് സന്യാസി കൊടുത്ത സമുറായ്ക്കത്തിയെന്നൊരു കഥ. ഒറ്റ വീശിനൊരു കാളക്കഴുത്തിനെ മുറിച്ചിട്ട കത്തിയെന്ന് പിന്നൊരു കഥ. ഭീതിയുടെ കഥകൾ സ്വന്തം കാതിലെത്തുമ്പോൾ റേഷം അതൊന്നുകൂടി പൊലിപ്പിച്ചു.
ഒരു ദശകം കൊണ്ട് മദ്യക്കടത്തങ്ങ് തഴച്ചു. പണവും സൗകര്യങ്ങളും ഇരട്ടിച്ചു. ക്രൈമുകളുടെ പറുദീസയിലേക്ക് യാത്രയിൽ എട്ടാൺമക്കളെ അവർ ഹരിശ്രീയെഴുതിച്ചു. ലക്ഷണമൊത്ത ക്രിമിനലുകളായി വളർത്തി. ദില്ലി ജലബോർഡിൻ്റെ പൈപ്പ്ലൈനുകളില്ലാത്ത സംഗംവിഹാറിലെ ഏറ്റവും വലിയ കലാപം കുടിവെള്ളത്തിന് വേണ്ടിയായിരുന്നു. ആകെയുള്ളൊരു കുഴൽക്കിണറിൻ്റെ ചുറ്റുവട്ടം എന്നും പോർമുഖമായി. ഒത്തുകിട്ടിയ ക്രിമിനൽ പരിവേഷത്തിൻ്റെ ഈടിൽ റേഷം ജോപ്പാഡി സമീപത്തെ കുഴൽക്കിണറുകളുടെ നിയന്ത്രണമേറ്റെടുത്തു. ജലബോർഡ് ജീവനക്കാർക്ക് പകരം കൈക്കൂലി കൊടുത്തു. ചോദ്യം ചെയ്യുന്നവർക്കുള്ള മരുന്നായി പഴയ ആഗ്രക്കത്തിക്കൊപ്പം പിസ്റ്റലുകളും വന്നു. വ്യാജമദ്യത്തിനൊപ്പം കുടിവെള്ളമാഫിയയും ഉഷാറായി.
പിന്നാലെ വാടകക്കൊലയും പിടിച്ചുപറിയും. വേദിയിൽ പുതിയ കളിക്കാരെത്തിയപ്പോൾ കൂടുതൽപ്പേരെ റിക്രൂട്ട് ചെയ്ത് സംഘബലം കൂട്ടി. പക്ഷെ സംഘത്തിൻ്റെ നിരക്ഷരതയെ മുതലെടുത്ത് എതിരാളികൾ ക്രിമിനൽക്കേസുകൾ കൊണ്ട് പൊതിഞ്ഞു. 2017 -ലെത്തുമ്പോൾ വാടകക്കൊല, പിടിച്ചുപറി, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മദ്യക്കടത്ത്, മോഷണം എന്നീ വകുപ്പുകളിൽ നൂറ്റിപ്പതിമൂന്ന് കേസുകൾ. ഈ പരീക്ഷണം അവരെ ഇന്ത്യൻ ജുഡീഷ്യറിയെന്തെന്ന് ശരിക്കും പഠിപ്പിച്ചു. നല്ല കാശിന് രാവണൻമാരെയിറക്കി കേസ് നടത്തി. പലതിനും ജാമ്യം കിട്ടി, ശിഷ്ടം തെളിവില്ലാതെ നീണ്ടുപോയി.
2017 സെപ്റ്റംബർ, റേഷം ജോപ്പാഡി അഥവാ ബാഷിരൺ ഏലിയാസ് മമ്മിയുടെ നാടകീയമായ കളിക്കളത്തിൽ ഒരു ടേണിംഗ് സംഭവിച്ചു. മമ്മിക്ക് നേരത്തെയറിയുന്നൊരു സ്ത്രീ നേരിൽക്കാണണമെന്നാവശ്യപ്പെട്ടു. ആവശ്യം ലളിതം. മിറാസ് എന്നുപേരുള്ള അവരുടെ സ്റ്റെപ്സണ്ണിനെ കൊല്ലണം. കാരണം അതിലും സാധാരണം. ആവശ്യക്കാരിയുടെ മകളുടെ മേൽ ആ യുവാവ് കണ്ണുവെക്കുന്നു. കഥയിലെ സെൻ്റിമെൻ്റ്സിലൊന്നും മമ്മിക്ക് കമ്പമില്ല. അവരൊന്നേ ചോദിച്ചുള്ളു, കാശെത്ര തരുമെന്ന്. വെറും അറുപതിനായിരം രൂപക്ക് ഒരു ചെറുപ്പക്കാരൻ്റെ ഉയിരെടുക്കാനുള്ള കരാറുറപ്പിച്ചുവെന്നാണ് പിന്നീട് പോലീസ് കമ്മീഷണർ റോമിൽ ബാനിയ വെളിപ്പെടുത്തിയത്.
മൂത്ത മക്കളിൽ രണ്ട് പേർ ജയിലിലായതുകൊണ്ട് ആളെക്കൊല്ലാനുള്ള നറുക്ക് പതിനേഴുകാരൻ മൂന്നാമന് വീണു. അന്നോളം മമ്മിയുടെ ക്രൈം ഡയറിയിലെ മൈനർസെറ്റിലുൾപ്പെട്ട കൗമാരക്കാരൻ കൈവന്ന ഭാഗ്യത്തിൽ കുളിരുകോരി. കൊല നടത്താൻ ഒരു പുതിയ സംഘം രൂപീകരിക്കപ്പെട്ടു. വഴിച്ചെലവിന് പതിനെണ്ണായിരം രൂപ കാശും കൊടുത്ത് മമ്മി സംഘത്തെ യാത്രയാക്കി.
വൈകുന്നേരം അഞ്ച് മണിയോടെ സംഘം ഒരു മുൻപരിചവുമില്ലാത്ത മിറാസെന്ന ആ യുവാവിനരികിലെത്തി. ജീവൻ്റെ നിമിഷങ്ങൾ എണ്ണിക്കഴിഞ്ഞിരിക്കുന്നു, എന്നൊന്നുമറിയാതെ സംശയത്തോടെ സംഘത്തിൻ്റെ മദ്യപാന സദസ്സിലേക്കുള്ള ക്ഷണം അവൻ സ്വീകരിച്ചു. മമ്മിയുടെ ഭർത്താവ് മാൽഘൻ ആടിനെപ്പോറ്റിയ ദില്ലി ഹരിയാന അതിർത്തിക്കടുത്തെ സംഗം വിഹാറിലെ കാട്ടുപ്രദേശം മമ്മിയുടെ ക്രൂരമായ അഷ്ടകലാശങ്ങൾക്കത്രയും സാക്ഷിയായ ഒരു സ്ഥിരം ക്രൈംസീനായി മാറിക്കഴിഞ്ഞിരുന്നു. ഒരോ കുറ്റകൃത്യങ്ങൾക്കും ശേഷം മമ്മിയുടെ ഗുണ്ടാപ്പടക്ക് ദില്ലിപ്പോലീസിൻ്റെ റഡാറിൽ നിന്നും മറഞ്ഞിരിക്കാനുള്ള താവളം.
മിറാസിൻ്റെ കൊലക്കും അവിടംതന്നെ വേദിയായി. ലഹരിയുടെ ചിറകുമുളച്ച് അവൻ പാറിത്തുടങ്ങുമ്പോഴേക്കും ആക്രമണം തുടങ്ങി. കാടിനുള്ളിലെ വിജനതയിൽ മിറാസിൻ്റെ നിലവിളികളൊന്നും പുറംലോകമറിഞ്ഞില്ല. ഒരു കളിക്കളത്തിലെ ഗെയിമിലെന്നപോലെ ഒരിരയും ആറുകളിക്കാരും. കൊന്ന്, മുഖത്ത് തീകൊളുത്തി വിരൂപനാക്കി കാട്ടിൽ വലിച്ചെറിഞ്ഞ് സംഘം പിൻവാങ്ങി.
രണ്ട് നാൾ ശാന്തമായിരുന്നു. മൂന്നാം നാൾ, കാണാതായ ചെറുപ്പക്കാരനുവേണ്ടി പോലീസ് അന്വേഷണം തുടങ്ങി. സംഗം വിഹാറിലെ കാടിനുള്ളിലേക്ക് ചില യുവാക്കൾക്കൊപ്പം കൊല്ലപ്പെട്ട യുവാവ് നടന്നുപോയത് കണ്ടുവെന്ന് രണ്ട് സാക്ഷികൾ മൊഴികൊടുത്തു. മൂന്ന് പതിറ്റാണ്ടായി സംഗംവിഹാറിലെ മമ്മിയുടെ ക്രൈം ഹബ്ബ് കുപ്രസിദ്ധമായിരുന്നതുകൊണ്ടുതന്നെ പോലീസ് സ്ഥലത്തെത്തി. സ്ത്രീകളും കുട്ടികളുമടക്കം സ്ഥലത്തെ സകലരെയും ചോദ്യം ചെയ്തു. ദൗത്യം ഫലം ചെയ്തു. ഒരു പത്തുവയസ്സുകാരൻ കൃത്യം നേരിൽ കണ്ടുവെന്ന് മൊഴി കൊടുത്തു. അങ്ങനെ ആകാശ് ഏലിയാസ് അക്കി, വികാസ് ഏലിയാസ് വിക്കി, നീരജ് ഏലിയാസ് ജഗ്ഗി എന്നിവർ പ്രതികളായി. പക്ഷെ ദില്ലിപ്പോലീസിനെ ഭയന്ന് ആട്ടിടയൻ ഭർത്താവിനൊപ്പം മമ്മി മുങ്ങി.
എട്ടുമാസം. അഹമ്മദാബാദ്, അലഹബാദ്, മെയിൻപുരി, ഫിറോസാബാദ് എന്നിവിടങ്ങളിലലഞ്ഞു. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനെസ്ഡ് ക്രൈം ആക്ട് ചുമത്തപ്പെട്ട മമ്മിക്ക് മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടു. ആറംഗ പ്രത്യേകസംഘം തയ്യാറാക്കി ദില്ലിപോലീസ് മമ്മിക്കായി വലവിരിച്ചു. മമ്മി നിയന്ത്രിച്ച കുടിവെള്ള മാഫിയ ദില്ലി ജലബോർഡ് സീൽചെയ്തു. ബാഷിരൺ ഏലിയാസ് മമ്മിയെന്ന ദില്ലിയുടെ ലേഡി ഡോണിനെ കുരുക്കാൻ ദില്ലി പോലീസ് പുതിയെ കെണിയൊരുക്കി കാത്തിരുന്നു. തൊട്ടടുത്ത തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മമ്മിയുടെ ക്രൈം ഹബ്ബായിത്തീർന്ന വീട് ലേലത്തിൽ വെക്കുമെന്ന് വാർത്ത പ്രചരിപ്പിച്ചു. പോലീസ് പ്രദേശത്ത് പോസ്റ്റർ പതിച്ചു. മമ്മിയെക്കാത്ത് വേഷംമാറി മറഞ്ഞിരുന്നു. ആ കെണിയിൽ മമ്മി വീണു.
ലേലത്തിന് തലേന്നാൾ, ഞായറാഴ്ച പുലർച്ചെ മൂന്ന് മണി, സംഗംവിഹാറിലെ വീടിന് സമീപം നായ്ക്കൾ കുരച്ചു. വണ്ടിക്കുള്ളിൽ ഉറങ്ങിക്കിടക്കുന്നുവെന്ന് നടിച്ച പൊലീസുകാരൻ ബ്ലാങ്കറ്റിനിടയിലൂടെ ഒച്ചകേട്ട ഭാഗത്തേക്ക് നോക്കി. ഒച്ചയില്ലാതെ പതിയെ ഗേറ്റിനടുത്തേക്ക് നീങ്ങുന്ന രണ്ട് നിഴലുകൾ. ഗേറ്റുകൾ തുറന്നു, നിഴലുകൾ കോമ്പൗണ്ടിനുള്ളിലേക്ക് മറഞ്ഞു. അതവർ തന്നെയായിരുന്നു. 62 -കാരി, ദില്ലിയുടെ ലേഡി ഡോണും, സകല കുറ്റകൃത്യങ്ങൾക്കും നിശ്ശബ്ദമായി ഒത്താശ ചെയ്ത ആട്ടിടയൻ ഭർത്താവും.
ബ്ലാങ്കറ്റിനുള്ള പോലീസുകാരൻ വാക്കിടോക്കി കൈയ്യിലെടുത്ത് മന്ത്രിച്ചു. ടാർഗറ്റ് ഇൻ സൈറ്റ്. അപ്പ്രോച്ച് ഗ്രൗണ്ട് സീറോ... സഹപ്രവർത്തകർ വീടുവളഞ്ഞു. വാതിൽമുട്ടി പുറത്തുവരാൻ സംഘം ആജ്ഞാപിച്ചു. അൽപ്പനേരം ഒന്നും സംഭവിച്ചില്ല. അടുത്ത നീക്കം കാത്തിരുന്ന പോലീസിനടുത്തേക്ക് ഇരുട്ടിൽ രണ്ട് രൂപങ്ങൾ നടന്നടുത്തു. മമ്മിയും ഭർത്താവ് മാൽക്കനും. അങ്ങനെ അറുപത്തിരണ്ടുകാരി… സംഗംവിഹാറിലെ ഗോഡ്മദർ കീഴടങ്ങി.
പെൺകുറ്റവാളികളെക്കുറിച്ചുള്ള പഠനങ്ങൾ താരതമ്യേനെ കുറവാണ്. സ്ട്രെയിൻ തിയറി, ലേണിംഗ് തിയറി, മസ്കുലൈനിറ്റി തിയറി, കൺട്രോൾ തിയറി ലേബലിംഗ് തിയറി എന്നിങ്ങനെ പെണ്ണിനെ കുറ്റവാളിയാക്കുന്ന പരമ്പരാഗത സിദ്ധാന്തങ്ങളെയൊക്കെ അട്ടിമറിക്കുന്ന പുതിയകാലം പറയുന്നത് കുറ്റകൃത്യങ്ങളും ജീവിതാസക്തിയും തമ്മിലുള്ള ചേർപ്പിനെപ്പറ്റിയാണ്.