
സൗകര്യങ്ങള്‍ ഒട്ടുമില്ലാത്ത ഒരാശുപത്രി. അവിടെ, മരിച്ച് മണിക്കൂറുകളായിട്ടും നീക്കം ചെയ്യാതൊ, ബെഡില്‍ മരവിച്ചുകിടക്കുന്ന എബോള രോഗികള്‍. അടുത്ത ബെഡുകളില്‍ അതീവഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിടുന്ന മറ്റനേകം രോഗികള്‍. അടുത്ത ബെഡുകളില്‍ എബോള അല്ലാത്ത മറ്റ് അസുഖങ്ങളുമായി കിടക്കുന്ന കുറേ മനുഷ്യര്‍. മാസ്‌കോ കൈകളില്‍ ഗ്ലൗസോ ഇല്ലാതെ രോഗികള്‍ക്കൊപ്പം കൂട്ടിരിക്കുന്ന അനേകം ബന്ധുക്കള്‍. ആവശ്യത്തിന് മരുന്നുകളോ ചികില്‍സാ ഉപകരണങ്ങളോ ഇല്ലാതെ, ഇവര്‍ക്കിടയില്‍ കഴിയുന്ന ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും. പുറത്ത് കൂടി നില്‍ക്കുന്ന നാട്ടുകാര്‍ ഈ മാരകരോഗം വരുത്തിയതില്‍ ആശുപത്രികള്‍ക്ക് പങ്കുണ്ട് എന്ന് പറഞ്ഞ് കൊലവിളി മുഴക്കുന്നു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് ഭീകരമായ ഈ അവസ്ഥ. ഇവിടത്തെ ഇറ്റൂരി പ്രവിശ്യയിലുള്ള മൊങ്ബവാലു എന്ന വിദൂര ഖനന നഗരത്തിലെ 135 ബെഡുകളുള്ള ജനറല്‍ ആശുപത്രിയിലെ അവസ്ഥയാണ് ആദ്യം പറഞ്ഞത്. ലോകമാകെ ആരോഗ്യപ്രവര്‍ത്തകര്‍ കൈ മെയ് മറന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എബോളാ രോഗത്തിന്റെ പ്രഭവകേന്ദ്രമാണ് ഈ നഗരം. ഇതിനടുത്തുള്ള ബുനിയ നഗരവും എബോളയുടെ പിടിയിലാണ്.
ഇവിടെ മനുഷ്യര്‍ മരിച്ചുകൊണ്ടിരിക്കുന്നു
മെയ് 15-നാണ് കോംഗോ ആരോഗ്യ മന്ത്രാലയം എബോള രോഗബാധ സ്ഥിരീകരിച്ചത്, ഇതിനകം തന്നെ ഇത് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രോഗവ്യാപനമായി മാറിക്കഴിഞ്ഞു. രണ്ടാഴ്ചയായി അന്താരാഷ്ട്രതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുമ്പോഴും കോംഗോയിലെ ഈ നഗരങ്ങളില്‍ വൈറസ് പടരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാം പരാജയപ്പെട്ടു കഴിഞ്ഞു. ലോകരാഷ്ട്രങ്ങളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍, കോംഗോയിലേത് ലോകത്തിലെ ഏറ്റവും മാരകമായ എബോള വ്യാപനമായി മാറാമെന്ന് സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
കോംഗോയിലെ മൊങ്ബവാലുവിലെ ആശുപത്രി സന്ദര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ഇടുങ്ങിയ, സൗകര്യങ്ങളില്ലാത്ത വാര്‍ഡുകളില്‍ മനുഷ്യര്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ മാത്രം 30 എബോള രോഗികളെങ്കിലും ഈ ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വീടുകളില്‍ ഇതിലും എത്രയോ കൂടുതല്‍ പേര്‍ മരണപ്പെട്ടിരിക്കുന്നു.
മരിച്ചിട്ടും അവഗണന
എബോള രോഗികള്‍ക്കായുള്ള വാര്‍ഡില്‍ കണ്ട ഒരു അഞ്ചു വയസ്സുകാരനെക്കുറിച്ച് പറഞ്ഞാണ് റിപ്പോര്‍ട്ട് തുടങ്ങുന്നത്. അവന്റെ മൂക്കില്‍നിന്ന് തുടര്‍ച്ചയായി രക്തം വന്നുകൊണ്ടിരിക്കുകയാണ്. രക്തസ്രാവം നിര്‍ത്താന്‍ മറ്റ് സൗകര്യങ്ങളില്ലാത്തതിനാല്‍ മൂക്കില്‍ ഒരു ടിഷ്യൂ പേപ്പര്‍ തിരുകി വെച്ചിരിക്കുകയാണ്. പകര്‍ച്ചവ്യാധി ഭയമൊന്നും നോക്കാതെ പിതാവ് അവന്റെ കൂടെത്തന്നെ നില്‍ക്കുന്നു. തൊട്ടടുത്ത് ഏതാനും കിടക്കകള്‍ക്കപ്പുറം 21 വയസ്സുള്ള ഒരു യുവതിയുടെ മൃതദേഹമാണ്. മരിച്ചിട്ട് ഏഴ് മണിക്കൂര്‍ കഴിഞ്ഞെങ്കിലും അവളുടെ മൃതദേഹം മാറ്റിയിട്ടില്ല. വെറുമൊരു ഷീറ്റുകൊണ്ട് മൂടിയ ആ മൃതദേഹത്തില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയേറെയാണ്. എന്നിട്ടും ഒരു സുരക്ഷയുമില്ലാതെയാണ് അവിടെ രോഗികളും ബന്ധുക്കളും കഴിയുന്നത്. രോഗികള്‍ക്ക് ഭക്ഷണവും വെള്ളവുമായി ബന്ധുക്കള്‍ വന്നും പോയുമിരിക്കുന്നു. ഭൂരിഭാഗം പേര്‍ക്കും മാസ്‌കോ കൈയുറകളോ ഇല്ല.
തൊട്ടടുത്ത വാര്‍ഡില്‍ കിടക്കുന്ന അതേ ആശുപത്രിയിലെ ലബോറട്ടറി ടെക്‌നീഷ്യന്റെ കാര്യവും റിപ്പോര്‍ട്ടിലുണ്ട്. അയാള്‍ എബോള ബാധിതനാണ്. രോഗബാധയെ തുടര്‍ന്ന് മറ്റ് ഏഴ് ആശുപത്രി ജീവനക്കാര്‍ ഇതിനകം മരണപ്പെട്ടു. ജീവനക്കാരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ എബോളയോട് പൊരുതാനുള്ള പരിശീലനം ലഭിച്ചിട്ടുള്ളൂ. പ്രാഥമിക ഉപകരണങ്ങള്‍ക്ക് പോലും കടുത്ത ക്ഷാമമാണ്. പരിശോധനാ കിറ്റുകള്‍, പ്രതിരോധ വസ്ത്രങ്ങള്‍, പ്രത്യേക കണ്ണടകള്‍, മാസ്‌കുകള്‍ എന്നിവയൊന്നുമില്ല. കുടിവെള്ളം കിട്ടാക്കനി.
രോഗം പടരാനുള്ള സാധ്യതകള്‍
സ്വര്‍ണ്ണഖനനത്തിന് പേരുകേട്ട നഗരമാണ് മൊങ്ബവാലു. 115 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ. ഇവിടെ രോഗം പടരുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്വര്‍ണ്ണഖനന തൊഴിലാളികളും ആഭ്യന്തര കലാപങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നവരും ഈ നഗരത്തിലേക്ക് നിരന്തരം വരികയും പോവുകയും ചെയ്യുന്നുണ്ട്. വൈറസ് പടരാന്‍ പറ്റിയ സാഹചര്യമാണ്. ബുന്ദിബുഗ്യോ വൈറസിന്റെ വാഹകരെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്ന പഴംതീനി വവ്വാലുകള്‍ നഗരത്തിന്റെ അതിര്‍ത്തിയിലുള്ള മരങ്ങളില്‍ വന്‍തോതില്‍ കാണാം. ഇതും രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഏപ്രില്‍ മുഴുവനും മെയ് തുടക്കത്തിലും ഇവിടത്തെ ഡോക്ടര്‍മാര്‍ നിരവധി പേരെ കൊന്നൊടുക്കിയ ഒരു നിഗൂഢ രോഗത്തിനെതിരെ പോരാടുകയായിരുന്നു. എബോളയ്ക്ക് കാരണമാകുന്ന ബുന്ദിബുഗ്യോ (Bundibugyo) എന്ന വൈറസായിരുന്നു ഇതിനു കാരണം. ഇതിന് നിലവില്‍ വാക്‌സിനോ ചികിത്സയോ ഇല്ല. പിന്നീടാണ്, ഇവിടെ എബോള രോഗബാധ സ്ഥിരീകരിച്ചത്. ആഫ്രിക്ക സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച്, വ്യാഴാഴ്ച വരെ 1,077 പേര്‍ക്ക് രോഗബാധ സംശയിക്കുന്നു. 246 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ നഗരത്തില്‍ മാത്രം 400-ലധികം കേസുകളുണ്ട്. വൈറസ് ബാധ കണ്ടെത്താനുള്ള ടെസ്റ്റ് കിറ്റുകള്‍ ഇവിടെ വളരെ കുറവാണ്. എബോള രോഗികളെ മറ്റ് രോഗികളില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രവര്‍ത്തനവും നടക്കുന്നില്ല. 50 മൈല്‍ അകലെയുള്ള പ്രവിശ്യാ തലസ്ഥാനത്താണ് പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്. സാമ്പിള്‍ അയച്ചാലും ഫലങ്ങള്‍ ലഭിക്കാന്‍ നാലോ അഞ്ചോ ദിവസമെടുക്കും. അപ്പോഴേക്കും പല രോഗികളും മരണപ്പെട്ടിട്ടുണ്ടാകും-റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആശുപത്രിക്കെതിരെ നാട്ടുകാരുടെ കലാപം
ഇവിടെയുള്ള നാട്ടുകാര്‍ക്ക് ആശങ്ക മാത്രമല്ല, ആശയക്കുഴപ്പവും ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2018-2020 കാലത്ത് ഇറ്റൂരി പ്രവിശ്യയിലുണ്ടായ കഴിഞ്ഞ എബോള വ്യാപനം ഈ നഗരത്തെ ബാധിച്ചിരുന്നില്ല. ഇപ്പോള്‍, പെട്ടെന്നുണ്ടായ മരണങ്ങളെത്തുടര്‍ന്ന് നാട്ടുകാരില്‍ പലരും ഈ വൈറസ് യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കുന്നില്ല. ആശുപത്രിക്ക് നേരെയാണ് ആളുകള്‍ രോഷം തീര്‍ക്കുന്നത്. കോംഗോയിലെ ഡോക്ടര്‍മാരും വിദേശ സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് പണമുണ്ടാക്കാന്‍കെട്ടിച്ചമച്ച ഒരു പദ്ധതിയാണ് എബോള രോഗമെന്നാണ് ചിലര്‍ പറയുന്നത്. മറ്റുള്ളവര്‍ ഇതിനെ ദൈവശാപമെന്ന് വിളിക്കുന്നു. മലേറിയ, ടൈഫോയ്ഡ് പോലുള്ള മറ്റ് രോഗങ്ങള്‍ക്ക് സമാനമാണ് എബോളയുടെ പ്രാരംഭ ലക്ഷണങ്ങള്‍. അതിനാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും രോഗികള്‍ പലരും ഗുരുതരാവസ്ഥയിലാവുന്നു. പെട്ടെന്ന് മരിക്കുന്നു. ഇത് നാട്ടുകാരില്‍ അവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു.
ആയുധധാരികളായ സൈനികര്‍ കാവല്‍ നില്‍ക്കുന്ന ആശുപത്രിയുടെ പ്രധാന കവാടത്തിന് പുറത്ത് ജനക്കൂട്ടം പ്രകോപിതരായി തടിച്ചുകൂടിയതായി ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ സന്നദ്ധപ്രവര്‍ത്തകരാണെന്ന് തെറ്റിദ്ധരിച്ച് തങ്ങള്‍ക്കെതിരെ പോലും ആളുകള്‍ 'കൊലയാളികള്‍!' എന്ന് അലറിവിളിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ പറയുന്നു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ്, നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡ് ആക്രമികള്‍ കത്തിച്ചു കളഞ്ഞിട്ടുണ്ട്. സംഘര്‍ഷത്തിനിടെ എബോളയുണ്ടെന്ന് സംശയിച്ച 18 രോഗികള്‍ നഗരത്തിലേക്ക് അപ്രത്യക്ഷരായി. വൈറസ് വീണ്ടും പടരാന്‍ ഇത് ഇടയാക്കാമെന്നും റിപ്പോര്‍ട്ട് പറയുന്ന. ഡോക്ടര്‍മാരുടെ കാറുകള്‍ പോലും ക്ഷുഭിതരായ ആള്‍ക്കൂട്ടം ആക്രമിക്കുകയാണ്.
ആരോഗ്യപ്രവര്‍ത്തകരുടെ മരണം
ഈ രോഗബാധയുടെ ആദ്യ ഇരകളില്‍ ഒരാളെ ചികിത്സിച്ചത് താനാണെന്ന് ആശുപത്രി ഡയറക്ടറായ ഡോ. ലോകൂഡു ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ഏപ്രില്‍ 6-ന്, ഗര്‍ഭം അലസിയ ഒരു യുവതിയെ ശസ്ത്രക്രിയ ചെയ്തു. സിസേറിയനിടെ അവളുടെ ആന്തരികാവയവങ്ങളില്‍ അസാധാരണമായ രക്തക്കറകള്‍ അദ്ദേഹം ശ്രദ്ധിച്ചു. ആറ് മണിക്കൂറിന് ശേഷം ആ സ്ത്രീ മരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവളെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തിലെ ആളുകള്‍ രോഗബാധിതരായി വീണു. മെയ് 9-ന് അനസ്‌തെറ്റിസ്റ്റ് മരിച്ചു. തൊട്ടടുത്ത ദിവസം സര്‍ജിക്കല്‍ അസിസ്റ്റന്റും. മറ്റൊരിനം എബോളയുടെ വാക്‌സിന്‍ നേരത്തെ എടുത്തതിനാലാവും താന്‍ രക്ഷപ്പെട്ടതെന്നും ഡോ. ലോകൂഡു വിശ്വസിക്കുന്നു.
ബെഡ് വിട്ടോടിപ്പോവുന്ന രോഗികള്‍
ആശുപത്രി സന്ദര്‍ശനത്തിനിടെ ഉണ്ടായ ഒരു വെടിവെപ്പിനെക്കുറിച്ച് പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. തലേന്ന് എബോള ബാധിച്ച് മരിച്ച സില്‍വെസ്റ്റര്‍ അതാമ എന്ന ജനകീയനായ കത്തോലിക്കാ പ്രസംഗകന്റെ അനുയായികള്‍ ശവസംസ്‌കാരത്തിന് മൃതദേഹം ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രിയിലേക്ക് ഇരച്ചുകയറിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സുരക്ഷിതമല്ലാത്ത ശവസംസ്‌കാരം രോഗം അതിവേഗം പടരാനിടയാക്കും എന്നതിനാല്‍ മൃതദേഹം വിട്ടുകൊടുക്കാതിരിക്കുകയായിരുന്നു. അന്ന് രാത്രി മൃതദേഹം ബലമായി കൊണ്ടുപോകാന്‍ വലിയ കത്തികളുമായി എത്തിയ നൂറിലധികം പേര്‍ ആശുപത്രി ആക്രമിക്കുകയും അവരെ തുരത്താന്‍ സൈന്യം ആകാശത്തേക്ക് വെടിവെക്കുകയുമായിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനിടെ ആശുപത്രിയില്‍ കിടന്ന നിരവധി എബോള രോഗികള്‍ വീടുകളിലേക്ക് ഓടിപ്പോയി. വീട്ടുകാര്‍ക്ക് കൂടി രോഗം വരാന്‍ ഇതിടയാക്കുമെന്നാണ് ഡോക്ടര്‍മാരുടെ ആശങ്ക.