ഹോർമൂസിൽ ഇറാൻ നിരത്തിയ കടൽ മൈനുകളിൽ കുടുങ്ങിപ്പോയ ട്രംപും യുഎസ് യുദ്ധക്കപ്പലുകളും

Published : Mar 17, 2026, 12:32 PM IST
 Srait of Hormuz

Synopsis

ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാൻ്റെ പ്രഖ്യാപനം ആഗോള എണ്ണ വ്യാപാരത്തെ സ്തംഭിപ്പിച്ചു.അമേരിക്കൻ-ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾ ആക്രമിക്കപ്പെടുകയും മൈനുകൾ സ്ഥാപിച്ചെന്ന റിപ്പോർട്ടുകൾ ആശങ്ക വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ, ആയിരക്കണക്കിന് നാവികർ കടലിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെയും സാധാരണക്കാരുടെ ജീവിതത്തെയും ബാധിച്ചു തുടങ്ങി.

 

ഹോർമൂസ് കടലിടുക്ക് അടഞ്ഞുകിടക്കും എന്ന് പ്രഖ്യാപിച്ചതോടെ ഇറാന്‍റെ തീരുമാനം എന്തെന്ന് വ്യക്തമായി. ലോകത്തെ എണ്ണയുടെ 5 ശതമാനം കടന്നുപോകുന്ന ഹോർമുസ് ഇറാന്‍റെ വജ്രായുധം തന്നെയാണ്. അതുമാത്രമല്ല, അമേരിക്കയുടെയും ഇസ്രയേലിന്‍റെയും കമ്പനികളും അവരുമായി ബന്ധമുള്ള മറ്റ് സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യ നിർമ്മിതികളും ആക്രമിക്കുകയാണ് ഇറാൻ. പുറത്തുവരുന്നതിലും വളരെ കൂടുതലാണ് വിനാശം എന്നാണ് റിപ്പോർട്ടുകൾ. കപ്പലുകൾ പുറങ്കടലിൽ കത്തിയെരിയുകയാണ്. അമേരിക്ക, ഇസ്രയേൽ ബന്ധമുള്ള യാനങ്ങൾ. എങ്ങോട്ടാണ് എണ്ണ പോകുന്നതെന്ന കാര്യം വിഷയമല്ല. ഹോർമൂസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചു എന്ന റിപ്പോർട്ട് കൂടിയായതോടെ കപ്പലുകൾ പോകാൻ മടിക്കുന്നു.

ഇറാൻറെ വ്യവസ്ഥകൾ

ഇറാന്‍റെ പുതിയ പരമോന്നത നേതാവിന്‍റെ സന്ദേശം തന്നെ സൂചിപ്പിച്ചത് സമവായത്തിനില്ല എന്നാണ്. പക്ഷേ, നയതന്ത്ര ഇടനാഴികളിൽ എപ്പോഴുമുള്ളതുപോലെ, ചർച്ചകൾ നടക്കുന്നു എന്നാണ് റിപ്പോർട്ട്. മൂന്ന് വ്യവസ്ഥകൾ ഇറാൻ മുന്നോട്ടുവച്ചിരുന്നു. തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക, നാശനഷ്ടത്തിന് വില നൽകുക, ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കുക. അതാണ് വ്യവസ്ഥകൾ. അതോടെ ഒമാനും ഈജിപ്തും പാകിസ്ഥാനും രംഗത്തിറങ്ങി. വ്യവസ്ഥകളോടോ ചർച്ചകളോടോ അമേരിക്ക പ്രതികരിച്ചിട്ടില്ല. പക്ഷേ, പ്രതീക്ഷിച്ചപോലെ എളുപ്പമുള്ള ഒരു യുദ്ധമല്ല അമേരിക്കൻ പ്രസിഡന്‍റ് നേരിടുന്നത്. സർവശക്തിയുമെടുത്ത് തിരിച്ചടിക്കുകയാണ് ഇറാൻ. നഷ്ടപ്പെടാനൊന്നുമില്ലാത്തപോലെ.

ഹോർമൂസിലെ മൈനുകൾ

മാത്രമല്ല, ഹോർമൂസിൽ മൈനുകൾ സ്ഥാപിച്ചത് കടുത്ത കൈയാണ്. ഇറാന് 6,000 വരെ മൈനുകളുടെ ശേഖരത്തിൽ എന്നാണ് അമേരിക്കൻ കോൺഗ്രസിന്‍റെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ പറയുന്നത്. അത് പലതരത്തിലാണ്. കപ്പലുകളിൽ ഘടിപ്പിക്കാവുന്നത്, വെളളത്തിനടിയിൽ സ്ഥാപിക്കുന്നത്, കടൽത്തട്ടിൽ സ്ഥാപിക്കുന്നത്. കൃത്യമായ രൂപരേഖയിലൂടെയല്ലാതെ സഞ്ചരിക്കുന്ന യുദ്ധ തന്ത്രമാണ് ഇറാന്‍റെത്. അതിന്‍റെ ഉദാഹരണമാണ് കടലിനടിയിലെ മൈനുകൾ. പക്ഷേ, മൈൻ സ്ഥാപിച്ചതിന് തെളിവില്ലെന്നാണ് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (United Kingdom Maritime Trade Operations) അറിയിക്കുന്നത്. ഇടപാടുകാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകുന്ന ചുമതലയാണ് UKMTO -യ്ക്ക്.

യുഎസ്എയ്ക്ക് പറ്റിയ പിഴവ്

നാവികസേനയില്ലെന്നാണ് ട്രംപ് പറയുന്നതെങ്കിലും IRGC -ക്ക് നാവികസേനയുണ്ട്. അതിനിപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല. മൈനുകൾ നിർവീര്യമാക്കി, കടലിടുക്ക് വാണിജ്യമേഖലയ്ക്കായി വീണ്ടെടുക്കുന്നത് അമേരിക്കയ്ക്ക് ഏതാണ്ട് അസാധ്യമാണിപ്പോൾ. ഇറാനിയൻ നാവികക്കപ്പലുകൾ തകർത്തു എന്ന് അമേരിക്ക അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ, മൈനുകളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. മൈനുകൾ കണ്ടെത്തി നിർവീര്യമാക്കുന്നത് മൈൻ സ്വീപ്പേഴ്സ് (Minesweeper) എന്ന കപ്പലുകൾ ഉപയോഗിച്ചാണ്. അമേരിക്കയുടെ മൈൻ സ്വീപ്പേഴ്സ് എന്ന കപ്പലുകൾ പേരുകേട്ടതായിരുന്നു.

പക്ഷേ, അതിൽ മികച്ച നാലെണ്ണം അതും പേർഷ്യൻ ഗൾഫിലുണ്ടായിരുന്ന നാലെണ്ണം കഴിഞ്ഞ വർഷം ഡീകമ്മിഷൻ ചെയ്തിരുന്നു. തടിയിലുണ്ടാക്കിയ പുറംചട്ട, അത് പൊതിഞ്ഞ് ഫൈബർ ഗ്ലാസ്. അതാണ് അവയുടെ പ്രത്യേകത. ലോഹങ്ങളാണ് മൈനുകൾ പെട്ടെന്ന് തിരിച്ചറിയും, പൊട്ടിത്തെറിക്കും. തടി സുരക്ഷിതമാണ്. പൊട്ടിത്തെറിച്ചാലും നാശം കുറയും. ഈ കപ്പലുകൾ ഡീകമ്മിഷൻ ചെയ്തശേഷം പകരം അയച്ചത് ലിറ്ററൽ കോംബാറ്റ് ഷിപ്പുകൾ (Littoral combat ship) ആണ്. എപ്പോഴും കുഴപ്പത്തിൽ പെടുന്നത് കാരണം ലിറ്ററൽ കോംബാറ്റ് ഷിപ്പുകൾ എന്ന് പേരൂവീണ കപ്പലുകൾ. മൈൻ കൌണ്ടർമെഷർ മിഷൻ പാക്കേജ് (mine countermeasures mission package) എന്ന സെൻസറുകൾ ഘടിപ്പിച്ചാണ് അവയെ അങ്ങോട്ട് വിട്ടത്.

കെട്ടിക്കിടക്കുന്ന എണ്ണ വ്യാപാരം

കടലിടുക്ക് വഴി പോകുന്ന കപ്പലുകൾക്ക് സുരക്ഷ ഒരുക്കാം എന്ന് ട്രംപ് പറയുന്നെങ്കിലും അത് അപകടം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ്. കടലിടുക്ക് അടഞ്ഞുകിടക്കുന്ന ഓരോ ദിവസവും ആഗോള സമ്പദ് രംഗത്തിന് അതുണ്ടാക്കുന്ന നഷ്ടം കോടികളാണ്. 15 മില്യൻ ബാരൽ ക്രൂഡും 5 മില്യൻ ബാരൽ മറ്റ് ഇന്ധനങ്ങളും ഗൾഫിലെ കടലിൽ കുടുങ്ങിക്കിടക്കുകയാണ്. വേഗം തന്നെ കടലിടുക്ക് തുറന്നില്ലെങ്കിൽ കടുത്ത പ്രത്യാഘാതമെന്നാണ് സൗദിയിലെ എണ്ണ കമ്പനിയായ അരാംകോയുടെ (Aramco) മുന്നറിയിപ്പ്. 400 മില്യൻ ശേഖരം റിലീസ് ചെയ്തു IEA. പക്ഷേ വിപണിയിൽ അത് പ്രതിഫലിച്ചിട്ടില്ല.

ഇന്ത്യയിൽ, കേരളത്തിൽ തന്നെ അതിന്‍റെ പ്രത്യാഘാതം അറിഞ്ഞ് തുടങ്ങിയിരിക്കുന്നു. പാചകവാതകമാണ് ആദ്യത്തെ ഷോക്ക്ട്രീറ്റ്മെന്‍റ്. പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു. ഇന്ധനത്തിന് വിലപരിധി നിശ്ചയിച്ചു തെക്കൻ കൊറിയ. ഇറാൻ - ഇറാഖ് യുദ്ധത്തിലും പരസ്പരം എണ്ണ ടാങ്കറുകൾ ആക്രമിച്ചിരുന്നു ഇരുകൂട്ടരും. ഇറാന്‍റെ മൈനുകളിലൊന്ന് അമേരിക്കൻ യുദ്ധക്കപ്പലിന് കാര്യമായ കേടുപാടുണ്ടാക്കി. അന്ന് അമേരിക്ക ഇറാന്‍റെ 3 യുദ്ധക്കപ്പലുകൾ തകർത്തു, മൂന്ന് എണ്ണഖനന കേന്ദ്രങ്ങളും. അതോടെ ഇറാന്‍റെ യുദ്ധശേഷി തന്നെ പകുതിയായി. പക്ഷേ, ഇപ്പോഴതല്ല കഥ.

ഹോർമൂസിൽ കുടുങ്ങിപ്പോയവർ

പശ്ചിമേഷ്യയിലെ കടലിലും തുറമുഖങ്ങളിലുമായി കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ 20,000 ഓളം ജീവനക്കാരുണ്ട്. സുരക്ഷ വെറും വാക്കുമാത്രമാണവർക്ക്. കപ്പലിലല്ലാതെ ഓടിയൊളിക്കാനിടം പോലുമില്ല. ഉറങ്ങുന്നതും ഉണരുന്നതും ആക്രമണങ്ങൾക്ക് നടുവിൽ. ഇടയിൽ മരണങ്ങളും.

പക്ഷേ, ഒന്നും ചെയ്യാനില്ല. കാത്തിരിക്കുകയല്ലാതെ. ഹോർമൂസ് കടലിടുക്ക് കടക്കാൻ ശ്രമിച്ചാൽ ആക്രമിക്കും എന്നാണ് ഇറാന്‍റെ അറിയിപ്പ്. അടുത്തടുത്തായി നങ്കൂരമിട്ട് കിടക്കുന്ന കപ്പലുകൾ, ആകാശത്ത് ഡ്രോണുകളും യുദ്ധ വിമാനങ്ങളും പറക്കുമ്പോൾ ഞെട്ടിവിറച്ചിരിക്കും. ആഹാരവും വിഷയമാണ്. പല കപ്പലുകളിലും ഇപ്പോൾ റേഷനാണ് ഭക്ഷണം. ഒരു നേരം മാത്രം. വെള്ളത്തിന് കടുത്ത ക്ഷാമം തുടങ്ങിയിട്ടുണ്ട്.

പാകിസ്ഥാൻ, മ്യാൻമർ, തെക്കൻ കൊറിയ, അങ്ങനെ എല്ലാ രാജ്യക്കാരുമുണ്ട് കൂട്ടത്തിൽ. കാര്യങ്ങൾ വഷളായാൽ ചാടി രക്ഷപ്പെട്ടോളാൻ ജീവനക്കാർക്കും നാവികർക്കും നിർദ്ദേശം നൽകിയിട്ടുണ്ട് മുതിർന്ന ഉദ്യോഗസ്ഥർ. അതുപക്ഷേ തുറമുഖങ്ങളിലുള്ളവർക്ക് മാത്രമാണ്. നടുക്കടലിൽ പെട്ടവർക്ക് വഴികളില്ല. തുറമുഖങ്ങളിലെത്തിയാലും സ്വന്തം രാജ്യങ്ങളിലേക്ക് പോകാൻ പറ്റില്ല. പ്രദേശം വിടാനും പറ്റില്ല. പാസ്പോർട്ടുകൾ കമ്പനിയുടെ കൈവശമാണ്. ജോലി വിട്ടാൽ കമ്പനികൾ കരിമ്പട്ടികയിൽ പെടുത്തും. ഇനി അഥവാ ആക്രമണത്തിൽ പെട്ടാൽ, കപ്പലിനും ചരക്കിനും ഇൻഷുറൻസ് കിട്ടും. നഷ്ടം പരിഹരിക്കാം. മനുഷ്യജീവന് എന്ത് ഇൻഷുറൻസ്.

 

PREV
Read more Articles on
click me!

Recommended Stories

ജനപ്രിയ പദ്ധതികൾക്കിടെ, ഇസ്രയേലിന്‍റെ കെണിയിൽ വീണ ട്രംപ്; ഇറാൻറെ പ്രതിരോധവും
യൂറോപ്പിനെ അവിശ്വസിച്ചു, ട്രംപ് വീണ ഇറാൻ എന്ന 'ഊരാക്കുടുക്ക്'