അന്നേരം അവളെന്തിനാണ് കരഞ്ഞത്?

By Kutti KathaFirst Published Apr 7, 2019, 6:39 PM IST
Highlights

ഈ വാവേടെ ഒരു കാര്യം: സ്വന്തം മകളുടെ കുസൃതികളെക്കുറിച്ച് നിഷ പത്മനാഭന്‍

കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

തക്കുടു. മോളെ ഞാന്‍ അങ്ങനെയാണ് വിളിക്കാറ്. ദേവനന്ദ എന്നാണ് പേരെങ്കിലും എല്ലാരും ദേവൂട്ടി ന്നും നന്ദൂട്ടി ന്നും ഒക്കെ വിളിക്കുമെങ്കിലും ഞാന്‍ വിളിക്കാറ് ഇങ്ങനെയാണ്.  ജീവിതത്തില്‍ ആദ്യമായി ആഗ്രഹിച്ചിട്ട് നടന്ന ഒരേയൊരു കാര്യവും ഇത് തന്നെയാണ്. ഗര്‍ഭിണി ആയപ്പോ തന്നെ പെണ്‍കുഞ്ഞു വേണമെന്നായിരുന്നു ആഗ്രഹം. അത് നടക്കുകയും ചെയ്തു. അതുകൊണ്ടെന്താ കുരുത്തക്കേടിനു ഒരു കുറവും ഇല്ല താനും. 

അങ്ങനെ തക്കുടു വളര്‍ന്നു അംഗന്‍വാടിയില്‍ പോകേണ്ട പ്രായം എത്തിയപ്പോാ വീണ്ടും ഓരോ ആധികള്‍. അവള്‍ അവിടെ അടങ്ങി ഒതുങ്ങി ഇരിക്കുമോ. അതോ മറ്റു കുട്ടികള്‍ കുരുത്തക്കേട് കാണിക്കുമ്പോള്‍ അടങ്ങി ഇരിക്കുമോ എന്നൊക്കെ. കാര്യം ആള് വീട്ടിലെ കില്ലാഡി ആണേലും ആള്‍ക്കൂട്ടത്തിനു മുന്നില്‍ എത്തിയാല്‍ അമ്മയുടെ പിറകില്‍ ഒളിച്ചാണ് ശീലം. പക്ഷെ വിചാരിച്ചത്ര കുഴപ്പമൊന്നുമുണ്ടാക്കാതെ അവള്‍ നല്ല കുട്ടിയായി കഴിഞ്ഞു കൂടി. 

ഒരു ദിവസം വൈകീട്ട് അംഗന്‍വാടി വിടുന്ന നേരം. അന്നു കൂട്ടാന്‍ പോയപ്പോ പതിവില്ലാതെ അവളുടെ ഇടത് കണ്ണില്‍ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. എന്ത് പറ്റി എന്ന് ചോദിച്ചപ്പോ 'ഒന്നുല്ലമ്മ.. നമുക്ക് വേഗം വീട്ടില്‍ പോകാം' എന്ന് മാത്രം പറഞ്ഞു. പക്ഷെ എന്റെ ഉള്ളില്‍ സംശയം പെരുകി. അവളെന്തിനാണ് കരഞ്ഞത്? 

രണ്ടു വട്ടം കൂടി അവള്‍ കടല എടുത്ത് മൂക്കില്‍ ഇട്ടു.

മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ ഇടത് വശത്തുള്ള മൂക്കില്‍ എന്തോ തള്ളി നില്‍ക്കുന്നത് പോലെ തോന്നി. തൊട്ടു നോക്കിയപ്പോ എന്തോ തടഞ്ഞു. കിടത്തി നോക്കിയപ്പോ കടല പോലെ എന്തോ ഒന്നാണ്. വൈകീട്ട് അവിടെ കഴിക്കാന്‍ കൊടുത്തത് കടല പുഴുങ്ങിയത് ആയിരുന്നു. അന്ന് നേരത്തെ വിളിക്കാന്‍ പോയത് കൊണ്ട് കുട്ടികളെല്ലാം അത് കഴിക്കുന്നത് കണ്ടതുമാണ്. 

അതോടെ എന്റെ പേടി കൂട. അമ്മമാരും ടീച്ചറും ഓടിക്കൂടി. അതിനിടയില്‍ ഷാള്‍ എടുത്ത് അറ്റം ചുരുട്ടി മൂക്കില്‍ ഇട്ട് അവളെ തുമ്മിക്കാന്‍ ഒക്കെ നോക്കുന്നുണ്ട്. രണ്ടു മൂന്നു വട്ടം ആവര്‍ത്തിച്ചപ്പോ പിന്നെ അവള്‍ തന്നെ വിസമ്മതിച്ചു. അവസാനം ആശുപത്രിയില്‍ തന്നെ കൊണ്ട് പോയി. അവിടെ കാഷ്വലിറ്റിയില്‍ കൊണ്ടുപോയി. ഡോക്ടര്‍ വന്ന് എന്നോട് അവളുടെ കാലു രണ്ടും അമര്‍ത്തി പിടിക്കാന്‍ പറഞ്ഞു. അത് കേട്ടതും എന്റെ നിയന്ത്രണം വിട്ടു. കണ്ടു നിന്ന നേഴ്‌സുമാര്‍ എന്നോട് പുറത്തു പോയി നില്‍ക്കാനും ഡോക്ടര്‍ അവളുടെ മൂക്കിനുള്ളിലേക്ക് ടോര്‍ച് അടിച്ചു നോക്കി. പുറത്തെടുത്ത സാധനം കണ്ടപ്പോ എല്ലാരും ഞെട്ടി. അന്നവള്‍ ഇട്ട കുപ്പായത്തിലെ കടലേടെ വലുപ്പം ഉള്ള ബട്ടണ്‍. അതെ കളര്‍ ആയത് കൊണ്ട് കടല ആണെന്ന് തെറ്റിദ്ധരിച്ചതായിരുന്നു. 

അത് കഴിഞ്ഞ് പിന്നീട് അത് പോലെ അബദ്ധം അവള്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് രണ്ടു വട്ടം കൂടി അവള്‍ കടല എടുത്ത് മൂക്കില്‍ ഇട്ടു. അതും അവളുടെ തൊട്ടടുത്ത് ഞാനും ഉണ്ടാരുന്നു. ഉടനെ വന്ന് പറഞ്ഞത് കൊണ്ട് അപ്പോള്‍ തന്നെ എടുത്ത് കളയാന്‍ പറ്റി. ഇപ്പോഴും അവളുടെ പിറകെ കണ്ണും കാതും കൂര്‍പ്പിച്ച് ഞാനുണ്ട്. 

ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!