ട്രംപിന്‍റെ യുദ്ധഭീഷണികൾക്കിടയിൽ ഇറാനിലെ ആഭ്യന്തര സാഹചര്യം വഷളാവുകയാണ്. വിലക്കയറ്റത്തിനും ഭരണകൂടത്തിനുമെതിരായ പ്രക്ഷോഭം സർക്കാർ ക്രൂരമായി അടിച്ചമർത്തുമ്പോൾ, യുഎസ് സൈനിക ഇടപെടലും ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങളുടെ ഉപദേശവും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു
യുദ്ധങ്ങളെ വേണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റായത്. പക്ഷേ, ഇപ്പോൾ ഒരേ സമയം പല രാജ്യങ്ങൾക്കുനേരെ യുദ്ധകാഹളം മുഴക്കിയിരിക്കയാണ് അമേരിക്കൻ പ്രസിഡന്‍റ്. ആദ്യം വെനിസ്വേല, ഇപ്പോൾ ഇറാനും ഗ്രീൻലൻഡും. വരാൻ പോകുന്നത് കാനഡ. അമേരിക്ക സർവശക്തമാകണം. അതായിരിക്കുന്നു നയം. ഒരു പരമാധികാര രാഷ്ട്രത്തിന്‍റെ അധിപതിയെ തട്ടിക്കൊണ്ടുപോയിട്ടും ലോകത്തെ വൻശക്തികൾക്കോ ഉന്നത സംഘടനകൾക്കോ ഒന്നും ചെയ്യാനായിട്ടില്ല. റഷ്യയുടെ യുക്രൈയ്ൻ അധിനിവേശത്തോടെ തന്നെ പലതും കാറ്റിൽ പറന്നിരുന്നു. ഇനി അമേരിക്കൻ പ്രസിഡന്‍റ് എന്തുചെയ്യാൻ പോകുന്നുവെന്നാണിപ്പോൾ ലോകത്തെ സർവരാജ്യങ്ങളും ഉറ്റുനോക്കുന്നത്.
ഇറാൻ, ട്രംപിന് കിട്ടിയ ഉപദേശം
ഇറാനിൽ എന്താണ് പദ്ധതിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആക്രമണമെന്ന മുന്നറിയിപ്പിൽ ഒരു ചെറിയ ഇളവ് വന്നിട്ടുണ്ട്. ഇസ്രയേലിന്‍റെ ഉപദേശമാണ് കാരണമെന്നാണ് റിപ്പോർട്ട്. ആക്രമിച്ചാൽ അതൊരു തലവേദനയാകുമെന്നും ഇറാനിലെ സർക്കാരിനെ താഴെയിറക്കുക എളുപ്പമായിരിക്കില്ലെന്നും നെതന്യാഹു ഉപദേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. നെതന്യാഹു മാത്രമല്ല, സൗദി അറേബ്യയും ഖത്തറും ഒമാനും ഉപദേശിച്ചു.
ഇറാൻ മുമ്പ് സൗദിയെ ആക്രമിച്ചിട്ടുണ്ട്. അതോടെ എണ്ണയുത്പാദനം പകുതിയായി. ഒടുവിൽ, ഹൂതികളെ പഴിചാരി ഇറാൻ കൈകഴുകി. ഖത്തറിലെ ആക്രമണം കഴിഞ്ഞ വർഷമായിരുന്നു. നേരത്തെ അറിയിച്ചത് കൊണ്ട് നാശനഷ്ടമുണ്ടായില്ല. അതുമാത്രമല്ല, ഇവരുടെ ഇടപെടലിന് കാരണം. ഇറാൻ അസ്ഥിരമായാൽ അത് മേഖലയെ മുഴുവൻ ബാധിക്കും. വെനിസ്വേലയല്ല ഇറാനെന്നത് അമേരിക്കയ്ക്കും ബോധ്യമുണ്ട്. ഇത്തരത്തിലെ പല പരീക്ഷണങ്ങൾ കടന്നതാണ് ഇറാൻ. പക്ഷേ, ഇടപെടുമെന്ന മുന്നറിയിപ്പിലൂടെ രാജ്യത്തെ പ്രക്ഷോഭകാരികൾക്ക് അമേരിക്കൻ പ്രസിഡന്‍റ് വലിയൊരു പ്രതീക്ഷ നൽകി. പ്രക്ഷോഭകാരികൾ രാജ്യത്തെ തെരുവുകൾക്ക് ട്രംപിന്‍റെ പേരിടുന്നുവെന്ന റിപ്പോർട്ടുണ്ട്. ആ പ്രതീക്ഷ വെറുതെയായി. ഒരു പ്രസിഡന്‍റിന് ചേരാത്ത പ്രവർത്തിയെന്ന വിമർശനം അമേരിക്കയിലുമുണ്ട്.

അസാധാരണ പ്രതിസന്ധി
അത്ര സാധാരണമല്ലാത്തൊരു പ്രതിസന്ധിയാണ് ഇറാൻ ഭരണാധികാരികളുടെ മുന്നിൽ രൂപപ്പെട്ടത്. രണ്ടാഴ്ചത്തെ പ്രക്ഷോഭം സർക്കാർ ക്രൂരമായി തന്നെ അടിച്ചമർത്തി. കൊല്ലപ്പെട്ടത് 3,000 -ത്തോളം. അതും ദിവസങ്ങൾക്കകം. പക്ഷേ, പ്രശ്നം അതുമാത്രമല്ല, പ്രക്ഷോഭകാരികളെ കൈവച്ചാൽ സൈനിക ഇടപെടലെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അതുണ്ടായാൽ തിരിച്ചും ആക്രമിക്കുമെന്നാണ് ഇറാന്‍ പ്രതികരിച്ചു. അങ്ങനെയൊന്നുണ്ടായാൽ ലോകം തന്നെ ഒരു യുദ്ധമുനമ്പിലാകും.
പ്രതിഷേധം തുടങ്ങിയത് നാണ്യപ്പെരുപ്പവും വിലക്കയറ്റവും സാധാരണക്കാരുടെ ശ്വാസംമുട്ടലും കാരണമാണ്. ടെഹ്രാനിലെ ബസാറുകളിൽ. അത് വളരെ പെട്ടെന്ന് പടർന്നുകത്തി. മഹ്സ അമീനിയുടെ മരണത്തിന് ശേഷം ഇറാൻ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി അത്.അത് അടിച്ചമർത്തിയാൽ തിരിച്ചടിയെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതോടെ അടിച്ചമർത്തലിന് ശക്തികൂടി. സൈക്കോളജിക്കൽ തന്ത്രങ്ങൾ പയറ്റാൻ തുടങ്ങി. നിരീക്ഷണ ഡ്രോണുകൾ, സിഗ്നൽ ജാമറുകൾ, പ്രചാരണ തന്ത്രങ്ങൾ അങ്ങനെ പലതായി.
അതിവേഗം തീവ്രനടപടി
കഴിഞ്ഞ വർഷത്തെ ഇസ്രയേൽ അമേരിക്കൻ ആക്രമണത്തിൽ ഇറാൻ സർക്കാർ അപമാനിതരായിരുന്നു. ഹമാസ് നേതാവ് ഇസ്മയിൽ ഹന്യ വധിക്കപ്പെട്ടത്, ആണവപദ്ധതി കേന്ദ്രങ്ങളിലെ ആക്രമണം, ഇസ്രയേലിന്‍റെ മേൽ കുറച്ച് ബോംബുകൾ വീണതല്ലാതെ വലിയ തിരിച്ചടി നൽകാൻ ഇറാനായിരുന്നില്ല. ഖത്തറിലെ അമേരിക്കൻ വ്യോമത്താവളം ആക്രമിച്ചതും മുൻകൂട്ടി അറിയിച്ച ശേഷമെന്നാണ് റിപ്പോർട്ട്. നാശം അത്രക്കേ ഉണ്ടായുള്ളു. ഈ നാണക്കേടിൽ നിന്ന് കരകയറാൻ പ്രതിഷേധം അടിച്ചമർത്തുകയാണ് സർക്കാർ കണ്ടിരിക്കുന്ന വഴി. പ്രക്ഷോഭകാരികൾ ഇസ്രയേലിന്‍റെ ചാരൻമാരെന്നും അവരെ കൈകാര്യം ചെയ്യുമെന്നും അറിയിച്ചു കൊണ്ടാണ് സൈക്കളോജിക്കൽ യുദ്ധമുറ തുടങ്ങിയത്.

തെരുവുകളിൽ സിസിടിവി ക്യാമറകൾ, വീടുകൾക്കുള്ളിലിരുന്നു മുദ്രാവാക്യം മുഴക്കിയാൽ അത് പിടിച്ചെടുക്കുന്ന ഡ്രോണുകൾ. മുദ്രാവാക്യം കേട്ട കെട്ടിടം അടയാളപ്പെടുത്തും ഉദ്യോഗസ്ഥർ, ചിലപ്പോൾ താമസക്കാരെ അറസ്റ്റ് ചെയ്യും. ദിവസങ്ങൾ നീണ്ട വാർത്താവിനിമയ ഉപരോധം സ്റ്റാർലിങ്കിനെപ്പോലും ബാധിച്ചു. ജാമറുകളാണ് ഉപയോഗിച്ചത്. പക്ഷേ, എന്തെന്ന് വ്യക്തമായില്ല ആർക്കും. സൈനിക രീതിയിലെ സാങ്കേതിക വിദ്യയെന്നാണ് നിഗമനം. എല്ലാം ഓട്ടോമേറ്റഡ്, അതും കണ്ണടച്ചുതുറക്കും മുമ്പ് നടപ്പായി. അതേവേഗത്തിലാണ് പ്രക്ഷോഭകാരികളെ നേരിടാണ് ബാസിജ് (Basij) പാരാമിലിട്ടറിയും തെരുവിലിറങ്ങിയത്. ഇതിന്‍റെയൊക്കെ വേഗവും കാര്യക്ഷമതയും വിദഗ്ധരെയും അമ്പരപ്പിക്കുന്നു. ഇറാൻ പല കാര്യങ്ങളിലും ഒരുപാട് മുന്നിലെത്തിയെന്ന് അവരും സമ്മതിക്കുന്നു.
ഭീകര ദൃശ്യങ്ങൾ
ജനുവരി 10 -നാണ് പ്രക്ഷോഭം ശക്തമായത്. അതോടെ അടിച്ചമർത്തലും രൂക്ഷമായി. 1979 -ലെ ഇസ്ലാമിക വിപ്ലവകാലത്ത് മാത്രമേ ഇത്രയും പേർ മരിച്ചിട്ടുള്ളൂ. തങ്ങളല്ല കൊല്ലുന്നത്, അമേരിക്കയും ഇസ്രയേലും ഇറക്കിവിട്ട കലാപകാരികൾ എന്നാണ് ഇറാന്‍റെ വാദം. അടിച്ചമർത്തലിനുള്ള ന്യായീകരണമാകുന്നു അതും. അറസ്റ്റിലായ കലാപകാരികളുടെ കുറ്റസമ്മതമെന്ന പേരിലും ദൃശ്യങ്ങളെത്തി. പ്രക്ഷോഭ കാലത്തെ മരണങ്ങൾ രഹസ്യമാക്കിവയ്ക്കുന്ന പതിവും ഇത്തവണ തെറ്റിച്ചു. സ്റ്റേറ്റ് ടെലിവിഷനിൽ കാണിച്ചത് മോർച്ചറിയിൽ നിരന്നു കിടക്കുന്ന മൃതശരീരങ്ങളാണ്. സമൂഹ മാധ്യമങ്ങളിൽ വന്നത് അതിലും ഭീകരമായ ദൃശ്യങ്ങൾ. ഫോറൻസിക് സെന്‍ററിൽ നിന്ന് പകർത്തിയതെന്ന പേരിൽ ഒരാൾ പുറത്തുവിട്ട വീഡിയോയാണത്. മുറിവേറ്റും രക്തത്തിൽ കുളിച്ചും കിടക്കുന്ന മൃതദേഹങ്ങൾ. അക്കൂട്ടത്തിൽ 16 വയസുള്ളവർ വരെയുണ്ട്.
ഭരണകൂടത്തെ പിന്തുണച്ചുള്ള പ്രകടനങ്ങളും നടന്നു ഇതിനിടെ. എന്തായാലും ഇന്‍റർനെറ്റ് ഷട്ട്ഡൗൺ നീണ്ടുപോയതോടെ സേവനം സൗജന്യമാക്കി സ്റ്റാർലിങ്ക്. ഇറാനിൽ സ്റ്റാർലിങ്ക് സേവനം നിയമവിരുദ്ധമാണ്. രണ്ടുവർഷം തടവാണ് ശിക്ഷ. ഇപ്പോൾ, ഡിഷ് വച്ച വീടുകളന്വേഷിച്ച് നടക്കുകയാണ് അധികൃതർ. ജാമറുകൾ സ്റ്റാർലിങ്കിന്‍റെ കാര്യത്തിൽ ഫലം കണ്ടില്ല. ഇന്‍റർനെറ്റ് റദ്ദാക്കിയത് ഭീകരപ്രവർത്തനം നടക്കുന്നുവെന്ന് മനസിലായതോടെയാണെന്ന് പറഞ്ഞത് ഇറാൻ വിദേശകാര്യ മന്ത്രിയാണ്. പിന്നാലെ ഇറാൻ വ്യോമപാതയും അടച്ചു.

അമേരിക്കയുടെ ഭീഷണിക്ക് ഇറാൻ നൽകിയ മറുപടി വിദേശരാജ്യങ്ങളിലെ അമേരിക്കൻ സൈനികാസ്ഥാനങ്ങൾ ആക്രമിക്കുമെന്നാണ്. അതോടെ ഖത്തറിലെ അമേരിക്കൻ വ്യോമത്താവളം ഏതാണ്ട് ഒഴിപ്പിച്ചു. പക്ഷേ, പിന്നീട് ചെറിയ സമാധാന സൂചന കണ്ടുതുടങ്ങി. കൂട്ടക്കൊല അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് തന്നെ പറഞ്ഞു. 26 -കാരനായ പ്രക്ഷോഭകാരിയുടെ വധശിക്ഷ നീട്ടിവച്ചു. പ്രതിഷേധിക്കുന്നവരെ കൊന്നാൽ ആക്രമണമെന്നായിരുന്നു ട്രംപിന്‍റെ മുന്നറിയിപ്പ്. ഇനി വധശിക്ഷ നടക്കില്ലെന്നും ട്രംപ് അറിയിച്ചു. അതിന് തൊട്ടുമുമ്പാണ് ഇറാൻ വ്യോമപാത അടച്ചത്. അതോടെ വിദേശ രാജ്യങ്ങൾ ഇറാൻ വിട്ടുപോകാൻ പൗരൻമാർക്ക് നിർദ്ദേശം നൽകി. വ്യോമപാത അടച്ചതോടെ കാര്യങ്ങൾക്ക് ഗൗരവം കൂടി.
എതിർ ശബ്ദത്തിന് സ്ഥാനമില്ല
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തപ്പെടുന്നത് ആദ്യത്തെ തവണയല്ല. ഇറാന്‍റെ ഭരണസംവിധാനം വിമത ശബ്ദങ്ങൾ അനുവദിക്കാറില്ല. അയത്തൊള്ള അലി ഖമനേയിയോട് മാത്രം ഉത്തരം പറയേണ്ട ചുമതലയുള്ള ഐആർജിസി (Islamic Revolutionary Guard Corps) എന്ന റെവല്യൂഷണറി ഗാർഡ്സാണ് അതിൽ എറ്റവും ശക്തർ.ഒന്നരലക്ഷം അംഗങ്ങളുണ്ടാവുമെന്നാണ് കരുതുന്നത്. പരമ്പരാഗത സൈന്യത്തെക്കാൾ അധികാരം ഇവർക്കാണ്. സമ്പദ് വ്യവസ്ഥയിലും ഇവർക്ക് സ്വാധീനമുണ്ട്. അത് അഴിമതിയിലൂടെയെന്നാണ് ആരോപണം. ഐആർജിസിയുടെ മറ്റൊരു ഘടകമാണ് ബാസിജ് മിലിഷ്യ (Basij militia). വോളണ്ടറി സംഘമാണ്. ലക്ഷങ്ങൾ അംഗങ്ങളായുണ്ടെന്നാണ് നിഗമനം.
ചർച്ചകൾക്ക് സന്നദ്ധമെന്ന് ഇറാൻ അറിയിക്കുന്നുണ്ടെങ്കിലും അതെത്രമാത്രം ഫലം കാണുമെന്ന് ഉറപ്പില്ല. പ്രക്ഷോഭത്തിന് ഒരൊറ്റ നേതൃത്വമില്ലെന്നതാണ് സർക്കാരിന്‍റെ ആശ്വാസം. അതൊരിക്കലും ഉണ്ടായിട്ടില്ല. ഇത്തവണ പ്രക്ഷോഭകാരികൾക്ക് പിന്തുണയുമായി, ഇറാനിലെ പഴയ ഷായുടെ മകനും എത്തിയിരുന്നു, റെസ പഹ്‌ലവി (Reza Pahlavi). പക്ഷേ, ഷായുടെ ഭരണത്തിലേക്കൊരു തിരിച്ചുപോക്ക് എളുപ്പമല്ല. പ്രത്യേകിച്ചും ഇറാനികളെ സംബന്ധിച്ച്. താൽപര്യം വലിയൊരു ചോദ്യചിഹ്നമാണ്. അതേസമയം അമേരിക്ക ഇപ്പോഴും സൈനിക നടപടി വേണ്ടെന്ന് വച്ചിട്ടുമില്ല.


