വിരുദ്ധ ദിശകളിലേക്കൊഴുകുന്ന ആലപ്പുഴ, ഇത്തവണ എങ്ങോട്ട്?

By Nizam SyedFirst Published Apr 8, 2019, 5:47 PM IST
Highlights

എൺപതായപ്പോഴേക്കും മുന്നണി ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ വന്നു. എ കെ ആന്റണി നയിക്കുന്ന കോൺഗ്രസ് (യു) ഇടതുമുന്നണിയിലായി. ആലപ്പുഴ സീറ്റ് ഇടതു മുന്നണി സിപിഎമ്മിനാണ് അനുവദിച്ചത് അങ്ങനെ സുധീരൻ മാറിക്കൊടുക്കേണ്ടി വന്നു. 

ആലപ്പുഴയെക്കുറിച്ചു പറയുമ്പോൾ കേരളത്തിലെ തൊഴിലാളി മുന്നേറ്റങ്ങളുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഈറ്റില്ലം എന്നു പറഞ്ഞുതുടങ്ങുകയാണ് പതിവ്. പുന്നപ്ര-വയലാർ സമരത്തിന്റെ നാട്, സഖാക്കൾ പി കൃഷ്ണപിള്ള, ടി വി തോമസ്, പി ടി പുന്നൂസ്, കെ ആർ ഗൗരി, വി എസ് അച്യുതാനന്ദൻ തുടങ്ങിയവരുടെ കർമ്മഭൂമി. അതുകൊണ്ടുതന്നെ ആലപ്പുഴയും കമ്യൂണിസ്റ്റ് പാർട്ടികളും ഇഴപിരിക്കാൻ കഴിയാതെ ഒന്നിച്ചു കിടക്കുന്നു.

പക്ഷേ, ഇതോടൊപ്പം തന്നെ കാണാതെ പോവുന്ന ചില വസ്തുതകളുണ്ട്. ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് ഗവണ്മെന്റിനെതിരെ നടന്ന ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളിലൊന്നിന്റെ- ഒരണാ സമരം- പ്രഭവഭൂമിയും ആലപ്പുഴയായിരുന്നു. വിദ്യാർത്ഥികൾക്കുള്ള ബോട്ടുചാർജ്ജ് വർധിപ്പിച്ചതിനെതിരെ നടന്ന ആ സമരത്തെ നയിച്ച സംഘടന പിറന്നതും ആലപ്പുഴയിൽ തന്നെ. കെഎസ്‌യു എന്ന ആ സംഘടന കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രവും ദിശയും മാറ്റിയെഴുതി. വയലാർ രവിയേയും എ കെ ആന്റണിയെയും ആലപ്പുഴ ഇന്ത്യൻ രാഷ്ട്രീയത്തിന് സംഭാവന നൽകി. 

കഴിഞ്ഞ രണ്ടുതവണയും ലോക്സഭയിലേക്ക് ആലപ്പുഴ കെസി വേണുഗോപാലിനെ തെരഞ്ഞെടുക്കുന്നു

ഇങ്ങനെ വിരുദ്ധ പ്രവണതകളെ ഒരേസമയം താലോലിക്കുന്ന സ്വഭാവം ഇത്തവണയും ആലപ്പുഴ തുടരുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പിലും ആലപ്പുഴ ലോകസഭാ മണ്ഡലവും, ജില്ലയും ഇടതുപക്ഷ മുന്നണിക്ക് വലിയ വിജയമാണ് നൽകുന്നത്. പക്ഷെ, കഴിഞ്ഞ രണ്ടുതവണയും ലോക്സഭയിലേക്ക് ആലപ്പുഴ കെസി വേണുഗോപാലിനെ തെരഞ്ഞെടുക്കുന്നു. ഇപ്പോഴത്തെ മുന്നണികൾ രൂപീകൃതമായ എൺപതിനു ശേഷം നടന്ന പത്ത് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഏഴിലും കോൺഗ്രസിനായിരുന്നു വിജയം. 

ഈ ചരിത്രം മാറ്റണം എന്ന നിർബന്ധത്തോടെയാണ് ഇത്തവണ ഇടതുപക്ഷ മുന്നണി വളരെ നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചത്. മൂന്നുപ്രാവശ്യമായി അരൂർ നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്ന എ എം ആരിഫിനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയത്. വളരെ ജനകീയനായ എംഎൽഎയാണ് ആരിഫ്. സാക്ഷാൽ കെ ആർ ഗൗരിയമ്മയെ തോൽപ്പിച്ചായിരുന്നു തുടക്കം. മൂന്നാം വട്ടമെത്തുമ്പോഴേക്കും ഭൂരിപക്ഷം മുപ്പത്തയ്യായിരം കടന്നു. കെ സി വേണുഗോപാലാവും എതിർ സ്ഥാനാർഥി എന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി ആരിഫിനെ സ്ഥാനാർത്ഥിയാക്കിയത്. മണ്ഡലത്തിൽ വ്യാപിച്ചുകിടക്കുന്ന മുസ്‌ലിം വോട്ട് സമാഹരിക്കാൻ കഴിയുന്നയാൾ എന്നതു തന്നെയായിരുന്നു പ്രഥമ പരിഗണന.

പക്ഷേ, ദില്ലിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉദിച്ചുയരുന്ന താരമായ വേണുഗോപാൽ മത്സരിക്കുന്നില്ലെന്നു വ്യക്തമാക്കിയതോടെ ആദ്യ കണക്കുകൂട്ടലുകൾ തെറ്റി. പകരമെത്തിയത് ഷാനിമോൾ ഉസ്മാനാണ്. കെഎസ്‌യുപ്രവർത്തകയായിരിക്കുന്ന കാലം മുതൽക്കേ ആലപ്പുഴക്കാർക്ക് സുപരിചിതയാണ് ഷാനിമോൾ. പിന്നീട് ആലപ്പുഴ മുനിസിപ്പൽ ചെയർ പേഴ്‌സണായി. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും AICC സെക്രട്ടറിയുമായി. 2006  -ൽ പെരുമ്പാവൂരിൽ നിന്നും 2016  -ൽ ഒറ്റപ്പാലത്തു  നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2009 -ൽ ലോക്‌സഭയിലേക്ക്  കാസർകോട് സീറ്റ് ലഭിച്ചെങ്കിലും ആവശ്യപ്പെട്ട സീറ്റുകൾ ലഭിക്കാഞ്ഞതിനാൽ മത്സരിക്കാൻ വിസമ്മതിച്ചു. ഈ പ്രാവശ്യവും ഷാനിമോളുടെ ആഗ്രഹം വയനാട് മത്സരിക്കാനായിരുന്നു. പക്ഷേ, ആലപ്പുഴ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 

NDA സ്ഥാനാർഥി ഡോ. കെ എസ് രാധാകൃഷ്ണനാണ്. കോൺഗ്രസ് സഹയാത്രികനായി സംസ്കൃത സർവകലാശാല വൈസ് ചാൻസലറും പിഎസ്‌സി ചെയർമാനുമായ രാധാകൃഷ്ണൻ ബിജെപിയിൽ നവാഗതനാണ്. ധീവര സമുദായത്തിൽ നിന്നും ഉന്നതപദവികളിലെത്തിയ അദ്ദേഹത്തെ ആ വിഭാഗത്തിന്റെ അഭിമാനസ്തംഭമായി അവതരിപ്പിക്കാനാണ് NDAയുടെ ശ്രമം. 

ഇരുപത്തിയയ്യായിരത്തില്പരം  വോട്ടുകൾക്ക് സുധീരൻ വിജയിച്ചു

ഒട്ടേറെ പ്രഗത്ഭരെ തെരഞ്ഞെടുത്ത ചരിത്രമാണ് ആലപ്പുഴ മണ്ഡലത്തിന്‍റേത്. 1952 -ലെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് സ്വാതന്ത്ര്യ സമര സേനാനിയും തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രമുഖനായ നേതാക്കളിൽ ഒരാളുമായിരുന്ന  പി ടി പുന്നൂസാണ്. കേരള സംസ്ഥാനരൂരൂപീകരണത്തിനു ശേഷം മണ്ഡലത്തിന്റെ പേര് അമ്പലപ്പുഴ എന്നായി മാറിയപ്പോഴും, 1957 -ൽ പി ടി പുന്നൂസ് തന്നെ വിജയിച്ചു.  1962 -ൽ ജയിച്ചത് കമ്യൂണിസ്റ്റുകളിലെ സൗമ്യ സാന്നിധ്യമായിരുന്ന, പിന്നീട് മുഖ്യമന്ത്രിയായ, പി കെ വി  എന്ന് കേരളം സ്നേഹപൂർവ്വം വിളിച്ച പികെ വാസുദേവൻ നായരായിരുന്നു. 1967-ൽ ലോക്സഭയിൽ ആലപ്പുഴയെ പ്രതിനിധീകരിച്ചത് ഏകെജിയുടെ ജീവിത പങ്കാളി സുശീലാ ഗോപാലനായിരുന്നു. ആ സഭയിൽ തന്നെ എ കെ ജി കാസര്‍കോട്ടുനിന്നും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരേ സഭയിൽ അംഗങ്ങളാവുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ദമ്പതികളായി അവർ മാറി. 

എഴുപത്തിയൊന്നിൽ പക്ഷേ, സുശീലാ ഗോപാലന്  പരാജയം രുചിക്കേണ്ടി വന്നു .അവരെ പരാജയപ്പെടുത്തിയത് ആർഎസ്‍പി സ്ഥാനാർത്ഥിയായി വന്ന, കേരളം കണ്ട എക്കാലത്തെയും ഏറ്റവും പ്രഗത്ഭരായ ധിഷണാശാലികളിൽ ഒരാളായ 'കൗമുദി ബാലകൃഷ്ണൻ' എന്ന കെ ബാലകൃഷ്ണനായിരുന്നു.  കൗമുദി വരികയുടെ പത്രാധിപരെന്ന നിലയിലും, ആർഎസ്‌പിയുടെ തീപ്പൊരി നേതാവും പ്രഭാഷകനുമെന്ന നിലയിലും ഒരു തലമുറയുടെ ആവേശമായിരുന്ന ബാലകൃഷ്ണൻ എം പി ആയപ്പോഴേക്കും പക്ഷേ, 'നനഞ്ഞു പോയി എങ്കിലും ജ്വാല' എന്ന സ്ഥിതിയിലായിരുന്നു. എം പി എന്ന നിലയിൽ തന്റെ പ്രതിഭയ്‌ക്കൊത്ത സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയേഴിൽ, അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ മണ്ഡലം വീണ്ടും ആലപ്പുഴയായി മാറി. സിപിഎം സ്ഥാനാർഥി പാർട്ടിയുടെ പ്രമുഖ നേതാവായ ഇ ബാലാനന്ദൻ ആയിരുന്നു. കോൺഗ്രസ് സ്ഥാനാർഥി അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, വി എം സുധീരൻ, "വീരാ, ധീരാ, വി എം സുധീരാ.., ധീരതയോടെ നയിച്ചോളൂ ..' എന്ന മുദ്രാവാക്യത്തിന്റെ ഗ്ലാമറിൽ സുധീരൻ തിളങ്ങുന്ന കാലം. ഐക്യമുന്നണി കേരളത്തിലെ ഇരുപത് സീറ്റും തൂത്തു വാരിയ ആ തെരഞ്ഞെടുപ്പിൽ സുധീരൻ അനായാസം ബാലാനന്ദനെ തോൽപ്പിച്ചു. തീരദേശ റെയിൽവേ എന്ന ആശയം വലിയ ചർച്ചാവിഷയമാക്കാനും അതിനുവേണ്ടി പാർലമെന്റിനുള്ളിലും  പുറത്തും പോരാടാനും ആ കാലയളവിൽ സുധീരന് കഴിഞ്ഞു. 

എൺപതായപ്പോഴേക്കും മുന്നണി ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ വന്നു. എ കെ ആന്റണി നയിക്കുന്ന കോൺഗ്രസ് (യു) ഇടതുമുന്നണിയിലായി. ആലപ്പുഴ സീറ്റ് ഇടതു മുന്നണി സിപിഎമ്മിനാണ് അനുവദിച്ചത് അങ്ങനെ സുധീരൻ മാറിക്കൊടുക്കേണ്ടി വന്നു. സുശീലാ ഗോപാലൻ 114764  വോട്ടിനു കെ എൽ ഓമനപ്പിള്ളയെ തോൽപ്പിച്ചു. ആ തെരഞ്ഞെടുപ്പിലെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അത്. 

എൺപത്തിനാലിലും സുശീലാ ഗോപാലൻ തന്നെയായിരുന്നു  സിപിഎം സ്ഥാനാർഥി. പക്ഷേ, കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം ഒരത്ഭുതമായിരുന്നു. സ്പീക്കറായിരുന്ന വക്കം പുരുഷോത്തമനെ  ആലപ്പുഴ പിടിക്കാനായി കോൺഗ്രസ് നിയോഗിച്ചു. രണ്ടു ലക്ഷ്യങ്ങളായിരുന്നു കരുണാകരന്. സുശീലാ ഗോപാലനെ പരാജയപ്പെടുത്താൻ ഒരു കരുത്തുറ്റ സ്ഥാനാർഥി വേണമെന്ന ബോധ്യം തെരച്ചിൽ വക്കത്തിലെത്തിച്ചു. കർക്കശക്കാരനായ സ്പീക്കറെ നയത്തിൽ ഒഴിവാക്കുക എന്നൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നെന്ന് കരുണാകരന്റെ രീതികൾ വെച്ച് ന്യായമായും അനുമാനിക്കാം.  വിജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്ന സ്വപ്നം നൽകിയാണ് വക്കത്തിനെ സ്ഥാനാർത്ഥിയാക്കിയത്. വക്കം പുരുഷോത്തമൻ സുശീലാ ഗോപാലനെ പരാജയപ്പെടുത്തി എംപിയായെങ്കിലും കേന്ദ്രമന്ത്രിപദം എന്ന മോഹം പൂവണിഞ്ഞില്ല.  വക്കം പുരുഷോത്തമനെ സ്പീക്കർ സ്‌ഥാനത്തുനിന്നും മാറ്റുക എന്ന കരുണാകരന്റെ ലക്ഷ്യം നടന്നെങ്കിലും പകരം വന്നയാൾ കൂടുതൽ പ്രശ്നങ്ങൾ അദ്ദേഹത്തിന് സൃഷ്ടിച്ചു കൊണ്ടേയിരുന്നു. എണ്‍പത്തിയൊമ്പതിലും കെ വി ദേവദാസ് എന്ന മുൻ സർവീസ് സംഘടനാ നേതാവിനെ തോൽപ്പിച്ച് വക്കം വിജയിച്ചു. 

പക്ഷേ, തൊണ്ണൂറ്റിയൊന്നിൽ വക്കത്തിന്  അടിതെറ്റി. ടി ജെ ആഞ്ചലോസ് എന്ന യുവനേതാവാണ് വക്കത്തിനെ തോൽപ്പിച്ചത്. കഴിഞ്ഞ നിയമസഭയിൽ മാരാരിക്കുളം എംഎൽഎ ആയിരുന്നു ആഞ്ചലോസ്. പാർട്ടി വളർത്തി, പഠിപ്പിച്ച, മുക്കുവക്കുടിലിൽ നിന്നും വന്ന യുവാവ് എന്ന പരിവേഷവും ഉണ്ടായിരുന്നു അഞ്ചലോസിന്. തൊണ്ണൂറ്റിയാറിൽ അഞ്ചലോസിനെ നേരിടാനായി കോൺഗ്രസ് വജ്രായുധം തന്നെ പുറത്തെടുത്തു.  എ കെ ആന്റണിയും  ഗൗരിയമ്മയും ചേർത്തലയിലും അരൂരിലും യുഡിഎഫ് സ്ഥാനാർത്ഥികളായി നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ ഈ മണ്ഡലങ്ങളുൾപ്പെടുന്ന പാർലമെന്റ് മണ്ഡലത്തിൽ മികച്ച സ്ഥാനാർത്ഥിയുണ്ടാവണമെന്ന ആന്റണിയുടെ നിർബന്ധമാണ് സുധീരനെ രംഗത്തിറക്കിയത്. ഇരുപത്തിയയ്യായിരത്തില്പരം  വോട്ടുകൾക്ക് സുധീരൻ വിജയിച്ചു. മാർക്സിസ്റ്റുപാർട്ടിയിൽ നിന്നുതന്നെയുള്ള പുറത്താക്കലിലേക്കാണ് അഞ്ചലോസിന്റെ പരാജയം നയിച്ചത്. 

പക്ഷേ, എ കെ ആന്റണിയുടെ ശക്തമായ സമ്മർദ്ദത്തെത്തുടർന്ന് എം മുരളിക്കാണ് സീറ്റ് ലഭിച്ചത്

ആലപ്പുഴയിൽ സുധീരൻ ശക്തനാവുന്നത് സ്വസമുദായത്തിൽ നിന്നുതന്നെയുള്ള ആലപ്പുഴയിലെ രണ്ടു ശക്തർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. വി എസ് അച്യുതാനന്ദനും വെള്ളാപ്പള്ളി നടേശനും സുധീരനെ ആലപ്പുഴയിൽ നിന്നും കെട്ടുകെട്ടിക്കാൻ കൈകോർത്തു. തൊണ്ണൂറ്റിയെട്ടിൽ സി എസ് സുജാതയ്ക്കുവേണ്ടി വെള്ളാപ്പള്ളി പരസ്യമായി രംഗത്തിറങ്ങി. പക്ഷേ,  സുധീരനെ തോൽപ്പിക്കാനായില്ല. തൊണ്ണൂറ്റിയൊൻപതിൽ അടവുമാറ്റി. സിനിമാതാരം മുരളിയെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയാക്കി സുധീരനെതിരെ മത്സരിപ്പിച്ചു. കൊട്ടാരക്കരയിൽ കേരളാ കോൺഗ്രസ് (പിള്ള ) ഗ്രൂപ്പുകാരനായി  തുടങ്ങിയ മുരളി സർവകലാശാലാ ഉദ്യോഗസ്ഥനായി തിരുവനന്തപുരത്തെത്തിയതോടെ ഇടതുപക്ഷ സഹയാത്രികനായി മാറിയിരുന്നു. 'ലാൽസലാ'മിലും, 'രക്തസാക്ഷികൾ സിന്ദാബാദി'ലും അഭിനയിച്ച വിപ്ലവ പാരമ്പര്യവുമായാണ് മുരളി ആലപ്പുഴയിൽ മത്സരിക്കാനെത്തിയത്. പക്ഷേ, തെരഞ്ഞെടുപ്പിൽ സുധീരൻ മുരളിയെ 35,099  വോട്ടുകൾക്ക് പരാജയപ്പെടുത്തി. പിന്നീടൊരു സിനിമയിൽ സുധീരന്റെ വേഷമണിഞ്ഞ് മുരളി പകരം വീട്ടി. 

ഗ്ളാമർ പരീക്ഷണവും പരാജയപ്പെട്ടപ്പോൾ, സുധീരനെ തോൽപ്പിക്കാനായി അച്യുതാനന്ദൻ പുതിയ തന്ത്രം പുറത്തെടുത്തു. വ്യാപകമായ കുടുംബ ബന്ധങ്ങളുള്ള, ഒരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത, ഡോ. മനോജ് കുരിശിങ്കലിനെ, കെ എസ് മനോജ് എന്ന പേരിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിപ്പിച്ചു.  കരിമണൽ ഖനനത്തെ എതിർത്തതിന്റെ പേരിൽ അന്ന് വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലികുട്ടി അടക്കം ഒരു വലിയ ലോബി സുധീരന്റെ ശത്രുപക്ഷത്തായിരുന്നു. കേരളമാകെ യുഡിഎഫ് വിരുദ്ധ തരംഗം ആഞ്ഞടിച്ച ആ തെരഞ്ഞെടുപ്പിൽ വി എം സുധീരന്റെ അപരൻ  വി എസ് സുധീരൻ എണ്ണായിരത്തിലധികം വോട്ടുപിടിച്ചപ്പോൾ വിഎം സുധീരൻ ആയിരത്തിലധികം (1009 ) വോട്ടുകൾക്ക് തന്റെ ജീവിതത്തിലെ ആദ്യത്തെ ( ഒരു പക്ഷേ അവസാനത്തെയും ) തെരഞ്ഞെടുപ്പ് പരാജയം രുചിച്ചു. അങ്ങനെ അച്യുതാനന്ദൻ, സുധീരനെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തിൽ തന്റെ നാലാമത്തെ ശ്രമത്തിൽ വിജയം കണ്ടു. 

അടുത്ത തെരഞ്ഞെടുപ്പിൽ അന്ന് കേന്ദ്രമന്ത്രിയായിരുന്ന വയലാർ രവി ആലപ്പുഴയിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. വയലാർ രവിയുടെ ഉദ്ദേശ്യം മനസ്സിലായ സുധീരൻ താൻ ആലപ്പുഴയിൽ നിന്നും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു. പക്ഷേ, തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ രാജ്യസഭാ കാലാവധി അവസാനിച്ചപ്പോൾ ആ ഒഴിവിൽ തന്നെ രവി വീണ്ടും രാജ്യസഭാംഗമായി. തന്റെ മുൻ പ്രഖ്യാപനം മാറ്റി ആലപ്പുഴയിൽ നിന്ന് മത്സരിക്കാൻ വി എം സുധീരനും വിസമ്മതിച്ചു. അങ്ങനെയാണ് കെസി വേണുഗോപാലിന് നറുക്കു വീണത്. തുടർച്ചയായ മൂന്നാം വട്ടം ആലപ്പുഴയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു കെസി വേണുഗോപാൽ. കണ്ണൂർക്കാരനായ വേണുഗോപാലിനെ 1990 -ൽ കെഎസ്‌യു പ്രസിഡണ്ടായിരിക്കെ രമേശ് ചെന്നിത്തല രാജിവെച്ച ഒഴിവിൽ  ഹരിപ്പാട്ടു നിന്നും മത്സരിപ്പിക്കാൻ കരുണാകരൻ ശ്രമിച്ചിരുന്നു. പക്ഷേ, എ കെ ആന്റണിയുടെ ശക്തമായ സമ്മർദ്ദത്തെത്തുടർന്ന് എം മുരളിക്കാണ് സീറ്റ് ലഭിച്ചത്. തൊണ്ണൂറ്റിയൊന്നിൽ കാസർകോട്ട് നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തൊണ്ണൂറ്റിയാറിൽ ആലപ്പുഴയിൽ നിന്നും നിയമസഭാംഗമായി. പിന്നീട്, ആലപ്പുഴയുടെ സ്വന്തമായി മാറി. ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭയിൽ 2004 -ൽ അംഗമായി. രണ്ടായിരത്തി ഒൻപതിൽ ഡോ. കെ എസ് മനോജിനെ വേണു തോൽപ്പിച്ചു. ശശി തരൂർ രാജി വെച്ചപ്പോൾ കേന്ദ്രമന്ത്രിസഭയിൽ അംഗവുമായി. 

ആരിഫും ഷാനിമോളും രാധാകൃഷ്ണനും ഏറ്റുമുട്ടുമ്പോൾ സാമുദായികമായ കണക്കുകൾ അപ്രസക്തമാവുന്നു

രണ്ടായിരത്തിപ്പതിനാലിലെ തെരഞ്ഞെടുപ്പടുത്തപ്പോൾ വേണുഗോപാലിന്റെ നില പരുങ്ങലിലായിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായിരുന്നു. പക്ഷേ, സിപിഎം സ്ഥാനാർഥി ദുർബലനായിരുന്നതു കൊണ്ട് വേണുഗോപാൽ വീണ്ടും വിജയിച്ചു. ചന്ദ്രബാബുവിനെ 19407  വോട്ടുകൾക്ക് തോൽപ്പിച്ചു. അടുത്ത അഞ്ചു വർഷങ്ങൾ കൊണ്ട് കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന നേതാക്കളിൽ ഒരാളായി കെ സി വേണുഗോപാൽ മാറി. 

ആരിഫും ഷാനിമോളും രാധാകൃഷ്ണനും ഏറ്റുമുട്ടുമ്പോൾ സാമുദായികമായ കണക്കുകൾ അപ്രസക്തമാവുന്നു. രാഷ്ട്രീയം തന്നെയാവും ചർച്ച ചെയ്യപ്പെടുക. ആലപ്പുഴ എന്നും രാഷ്ട്രീയം പറഞ്ഞ സ്ഥലമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയവിജയത്തിനായാണ് മുന്നണികൾ ശ്രമിക്കുന്നത്. 

click me!