ഡോ. ഗ്രെയ്സി  ലൂക്കോസിന്റെ മരണകാരണം മറ്റൊന്നായിരുന്നു!

By MG RadhakrishnanFirst Published Jun 24, 2020, 3:05 PM IST
Highlights

ആദ്യ മലയാളി വനിതാ ഡോക്ടര്‍. ആദ്യ ബിരുദധാരിണി, ലോകത്തെ ആദ്യ വനിതാ സര്‍ജന്‍ ജനറല്‍, ഇന്ത്യയിലെ ആദ്യ സാമാജിക; ഡോ. മേരി പുന്നന്‍ ലൂക്കോസിന്റെ ജീവിതത്തിലെ അറിയാക്കഥകള്‍. എം ജി രാധാകൃഷ്ണന്‍ എഴുതുന്നു 

മലയാളിനവോത്ഥാനത്തിന്റെ പതാകാവാഹകരില്‍ ഡോ. മേരി പുന്നന്‍ ലൂക്കോസിന്റെ പേര് മുന്‍ നിരയിലാണ്. കേരളത്തില്‍ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ വനിത. ആദ്യ ബിരുദധാരിണി. വിദേശത്ത് നിന്ന് ബിരുദം നേടിയ ആദ്യ മലയാളി വനിത. ആദ്യ വനിതാ മലയാളി ഡോക്ടര്‍. കൊട്ടാരത്തിലെ ആദ്യത്തെ വനിതാ ഡോക്ടര്‍. ഇന്ത്യയിലെ ആദ്യ സാമാജിക. ലോകത്തെ ഒന്നാമത്തെ വനിതാ സര്‍ജന്‍ ജനറല്‍.  ഭീമമായ പ്രതിബന്ധങ്ങള്‍ അതിജിവിച്ചുകൊണ്ട് സ്വന്തം നിശ്ചയ ദാര്‍ഢ്യം കൊണ്ട് മാത്രം ആണ്  അവര്‍ ഈ ഉയരങ്ങള്‍ ഒക്കെ കൈവരിച്ചത്.    

 

ഡോ. ഗ്രെയ്‌സി ലൂക്കോസ് (മധ്യത്തില്‍)
 

ഒരുപാട് റെക്കോര്‍ഡുകള്‍ സ്വന്തം ജീവിതത്തില്‍ എഴുതിച്ചേര്‍ത്ത, നവോത്ഥാന നായിക ഡോ. മേരി പുന്നന്‍ ലൂക്കോസിന്റെ മകള്‍ ഡോ. ഗ്രെയ്സി ലൂക്കോസിന്റെ ദുര്‍മരണം  വൈദ്യുതബാധയേറ്റോ, ഹൃദയാഘാതം മൂലമോ? തിരുവിതാംകൂറിനെ ഞെട്ടിച്ച ആ സംഭവത്തിന് 66 വര്‍ഷത്തിന് ശേഷം ആ ദുരന്തത്തിന്റെ ദൃക്സാക്ഷിയും അതിനു പരോക്ഷമായ കാരണക്കാരി ആയി കരുതപ്പെട്ട ആളുമായിരുന്ന ഗ്രെയ്‌സിയുടെ സഹോദരപത്‌നി ഏലി ലൂക്കോസ്  ആ സംഭവം വിവരിച്ചു. ഏഷ്യനെറ്റ് ന്യൂസിന്റെ ''വ്യാധിയുടെ കഥ: അതിജീവനത്തിന്റെയും'' എന്ന പരമ്പരയ്ക്ക് വേണ്ടിയായിരുന്നു അത്. അന്നത്തെ പത്രങ്ങളില്‍ അടക്കം വന്ന എല്ലാ രേഖകളിലും വന്നത് കൈക്കുഞ്ഞിനെ ഉറക്കുന്നതിനിടയില്‍ കറങ്ങുന്ന ഫാനിന്റെ ചിറകില്‍ മുടി പെട്ടുപോയ ഏലിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് ആണ്  ഗ്രെയ്സി കൊല്ലപ്പെട്ടതെന്നാണ്. 

എന്നാല്‍ ബോധരഹിതയായി വീണുകിടക്കുന്ന തന്നെയും കുഞ്ഞിനെയും കണ്ടപ്പോള്‍ ഉണ്ടായ ഹൃദയാഘാതത്തിലാണ് ഗ്രെയ്സി മരിച്ചതെന്ന് പറയുന്നു, ഏലി ലൂക്കോസ്. ഫാനിലോ പ്ലഗിലോ ഗ്രെയ്സി  സ്പര്‍ശിച്ചിരുന്നില്ലത്രേ. ഗ്രെയ്‌സിയുടെ ഇളയ സഹോദരനും ബള്‍ഗേറിയയില്‍ ഇന്ത്യന്‍ അംബാസഡറുമായിരുന്ന  കെ പി ലൂക്കോസിന്റെ ഭാര്യ ഏലി ഇപ്പോള്‍ ആലുവയില്‍ ഒരു വയോജനമന്ദിരത്തിലാണ് കഴിയുന്നത്.  തനിക്ക് ഏറ്റവും പ്രിയങ്കരിയായിരുന്ന ഗ്രെയ്‌സിയുടെ മരണം ഏല്‍പ്പിച്ച ദു:ഖം ജീവിതം മുഴുവന്‍ വേട്ടയാടിയ സങ്കടം ഇപ്പോള്‍ തൊണ്ണൂറുകളിലെത്തിയ ഏലി പുന്നന്‍ ലൂക്കോസ് പങ്ക് വെക്കുന്നു. 

 

 

മലയാളിനവോത്ഥാനത്തിന്റെ പതാകാവാഹകരില്‍ ഡോ. മേരി പുന്നന്‍ ലൂക്കോസിന്റെ പേര് മുന്‍ നിരയിലാണ്. കേരളത്തില്‍ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ വനിത. ആദ്യ ബിരുദധാരിണി. വിദേശത്ത് നിന്ന് ബിരുദം നേടിയ ആദ്യ മലയാളി വനിത. ആദ്യ വനിതാ മലയാളി ഡോക്ടര്‍. കൊട്ടാരത്തിലെ ആദ്യത്തെ വനിതാ ഡോക്ടര്‍. ഇന്ത്യയിലെ ആദ്യ സാമാജിക. ലോകത്തെ ഒന്നാമത്തെ വനിതാ സര്‍ജന്‍ ജനറല്‍.  ഭീമമായ പ്രതിബന്ധങ്ങള്‍ അതിജിവിച്ചുകൊണ്ട് സ്വന്തം നിശ്ചയ ദാര്‍ഢ്യം കൊണ്ട് മാത്രം ആണ്  അവര്‍ ഈ ഉയരങ്ങള്‍ ഒക്കെ കൈവരിച്ചത്.    

 

ഡോ. മേരി പുന്നന്‍ ലൂക്കോസ്

 

പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അത്യുന്നതങ്ങള്‍ എത്തിയെങ്കിലും വ്യക്തിജീവിതത്തില്‍ ദുരന്തങ്ങള്‍ തുടര്‍ച്ചയായി വേട്ടയാടിയ ആളായിരുന്നു മേരി.  മനോരോഗിയായ അമ്മയുടെ തണലില്ലാതെ പോയ ബാല്യം. എല്ലാമെല്ലാമായിരുന്ന പിതാവിന്റെ അകാലനിര്യാണം. ജഡ്ജി ആയിരുന്ന ഭര്‍ത്താവ് കെ കെ ലൂക്കോസിന്റെ മരണം.   രണ്ട് മക്കളില്‍ മൂത്തവളായ ഡോ. ഗ്രെയ്സി പുന്നന്‍, അമ്മയെപ്പോലെ ലണ്ടനില്‍ നിന്ന് എം ബി ബി എസ് പാസായ ശേഷം എഫ് ആര്‍ സി എസ്  നേടിയ  ആദ്യ ഇന്ത്യന്‍ വനിതകളില്‍ ഒരാളായിരുന്നു.  

 

ഡോ. മേരി പുന്നന്‍ ലൂക്കോസ്, ഭര്‍ത്താവ് ജഡ്ജ് കെ. കെ. ലൂക്കോസ്, മകള്‍ ഗ്രെയ്‌സി ലൂക്കോസ്, മകന്‍ മുന്‍ അംബാസഡര്‍ കെ. പി ലൂക്കോസ്

 

തുടര്‍ന്ന്  ദില്ലി ലേഡി ഹാര്‍ഡിഞ്ജ് മെഡിക്കല്‍ കോളേജില്‍  പ്രൊഫസറായി. ഹൃദയസംബന്ധിയായ  വാതരോഗം പിടിപെട്ട ഗ്രെയ്സി 1954 ല്‍ വിശ്രമത്തിനായി അമ്മയ്ക്കൊപ്പം കഴിയാന്‍ തിരുവനന്തപുരത്തെത്തി ചേര്‍ന്നു. അക്കൊല്ലം ക്രിസ്തുമസ് പിറ്റേന്നായിരുന്നു ഗ്രെയ്‌സിയുടെ അത്യാഹിതം. മരിച്ചുകിടക്കുന്ന മകളെയാണ് ഓടിവന്ന മേരിക്ക് കാണാനായത്.  മരിക്കുമ്പോള്‍ 36 വയസ്സുണ്ടായിരുന്ന ഗ്രെയ്സി അവിവാഹിതയായിരുന്നു.  ഗ്രെയ്‌സിയും അന്നത്തെ മഹാരാജാവ് ചിത്തിരതിരുനാളും പ്രണയത്തിലായിരുന്നുവെന്നും അക്കാലത്ത് സംസാരമുണ്ടായിരുന്നുവത്രെ.  1975 ല്‍ മകന്റെയും മരണം കണ്ടശേഷമായിരുന്നു പിറ്റേക്കൊല്ലം മേരിയുടെ അന്ത്യം.  

 

ഡോ. മേരി പുന്നന്‍ ലൂക്കോസ് ഇംഗ്ലണ്ടില്‍ പഠനകാലത്ത്

 

ഇന്ത്യന്‍ വനിതാചരിത്രത്തിലെ ഉജ്വലമായ അദ്ധ്യായമായിട്ടും  ഇന്ത്യയോ കേരളമോ അവരെ വേണ്ടത്ര മേരിയെ ആദരിച്ചിട്ടില്ല. മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് ലഭിച്ച പത്മശ്രീ ആയിരുന്നു അവര്‍ക്ക് സ്വതന്ത്ര ഇന്ത്യ നല്‍കിയ ഏക ബഹുമതി. 

click me!