സൗന്ദര്യമല്ല, മനുഷ്യത്വമാണ് വലുതെന്ന് അന്നാണ് ഞാന്‍ പഠിച്ചത്!

By Nee EvideyaanuFirst Published Apr 12, 2019, 6:56 PM IST
Highlights

നീ എവിടെയാണ്: അഞ്ജലി രാജന്‍ എഴുതുന്നു

കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍. നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

സ്‌കൂളിലേയ്ക്കുള്ള യാത്രാമദ്ധ്യേ ഓട്ടോയിലിരുന്ന് പുറത്തേയ്ക്ക് നോക്കുമ്പോള്‍ ഹോണ്‍ മുഴക്കി ചീറി പായുന്ന വണ്ടികള്‍ കാണാം. അവയ്ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും ഓടുന്ന പ്രൈവറ്റ് ബസിലെ യാത്ര അന്ന് എന്നെ മോഹിപ്പിച്ചു. 

എട്ടാം ക്ലാസ്സിലെത്തിയപ്പോള്‍ മിക്ക കൂട്ടുകാര്‍ക്കും ഓട്ടോയില്‍ നിന്ന് പ്രൈവറ്റ് ബസിലേയ്ക്ക് പ്രമോഷന്‍ കിട്ടി. എട്ടാം ക്ലാസ് പകുതിയോടെ, സ്‌കൂളില്‍ നിന്നും വീട്ടിലേയ്ക്ക് പ്രൈവറ്റ് ബസില്‍ വരാനുള്ള അനുമതി ഞാനും നേടിയെടുത്തു. 

ബസ് യാത്രയുടെ ആദ്യ ദിവസം അച്ഛനെനിക്ക് അമ്പത് പൈസ തന്നു. അന്ന് കണ്‍സഷന്‍സ് ചാര്‍ജ് പത്ത് പൈസയായിരുന്നു.. ബാക്കി നാല്‍പ്പത് പൈസ കോഷന്‍ ഡെപ്പോസിറ്റ്.

സ്‌കൂളിന്റെ തൊട്ടടുത്താണ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്. നിറയെ കടകളും, അതിനു മുന്നിലെ മിഠായി ഭരണികളും, വഴിയോര കച്ചവടക്കാരും, ബസ് വരുന്നതുവരെ മിണ്ടീം പറഞ്ഞും ഇരിക്കാന്‍ കൂട്ടുകാരും. അഞ്ജലി ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന മോഡിലായിരുന്നു ഞാനപ്പോള്‍. 

ബസ് സ്റ്റാന്‍ഡില്‍ എത്തിയതും, ഞാന്‍ കൂട്ടുകാരൊത്ത് ആ നാല്‍പത് പൈസയ്ക്കും  കാരാമില്‍ക് മിഠായി വാങ്ങിച്ചു തിന്നു. 

എന്റെ കന്നിയാത്ര 'സി സി റ്റി ബസിലായിരുന്നു. അഭിമാനവും ആവേശവും കൊണ്ട്  ഞാന്‍ വലിയ സംഭവമായി എന്നൊരു തോന്നലെന്നെ കീഴടക്കി.  ബസിനുള്ളില്‍ എന്റെ തൊട്ടു മുന്നിലായി, ഞങ്ങളുടെ അകന്ന ബന്ധുകൂടിയായ ഒരു ചേച്ചി നിന്നിരുന്നു. ആ ചേച്ചിയ്ക്കും ഞാനിറങ്ങേണ്ട ജംഗ്ഷനില്‍ തന്നയാണ് ഇറങ്ങേണ്ടത്. 
സ്വര്‍ണ്ണ നിറവും, നീണ്ട തലമുടിയും ഉള്ള സുന്ദരിയായ ചേച്ചിയെ നോക്കി ഞാന്‍ പുഞ്ചിരിച്ചു. പുള്ളിക്കാരി അതു സ്വീകരിക്കുകയോ തിരികെ തരുകയോ ചെയ്തില്ല.

ബസിനുള്ളിലെ നീളന്‍ കമ്പിയില്‍ പിടിച്ചു നില്‍ക്കുമ്പോഴാണ് 'ടിക്കറ്റ്, ടിക്കറ്റ്, ടിക്കറ്റ്' എന്നു ജപിച്ച് കണ്ടക്ടറുടെ വരവ്. 

ആ തിരക്കിനിടെ, ഞാന്‍ മുതുകത്തു നിന്നും ബാഗ് അഴിച്ചു, തുറന്ന് ബോക്‌സില്‍ നിന്നും പത്തു പൈസ തുട്ടെടുത്ത് നീട്ടി. 

'കാര്‍ഡ് എടുക്ക്'- കണ്ടക്ടര്‍ ആവശ്യപ്പെട്ടു.

അദ്ദേഹം ഉദ്ദേശിച്ച കാര്‍ഡിനെ കുറിച്ച് എനിക്കറിയില്ലായിരുന്നു. അന്നുവരെ റേഷന്‍ കാര്‍ഡിനെ കുറിച്ച് മാത്രമെ ഞാന്‍ കേട്ടിരുന്നുള്ളു. കൂട്ടുകാരാണ് പറഞ്ഞത്, കണ്‍സഷന്‍ കാര്‍ഡ് ആണ് ചോദിക്കുന്നതെന്ന്. വിദ്യാര്‍ത്ഥി പാസില്‍ യാത്ര ചെയ്യാന്‍ അര്‍ഹയാണെന്ന് കാണിക്കുന്ന രേഖയാണത്രേ അത്.

എന്റെ കൈയ്യില്‍ കാര്‍ഡില്ലെന്നറിയിച്ചപ്പോള്‍, 'എങ്കില്‍ ഫുള്‍ ടിക്കറ്റ് എടുത്തോളൂ' എന്നായി കണ്ടക്ടര്‍. ഫുള്‍ ടിക്കറ്റിനെ കുറിച്ചും എനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. കണ്‍സഷന്‍ കാര്‍ഡ് ഇല്ലെങ്കില്‍, ഞങ്ങളുടെ ജംഗ്ഷന്‍ വരെ മുതിര്‍ന്നവര്‍ക്കുള്ള ടിക്കറ്റ് ചാര്‍ജ് ആയ ഒന്നേകാല്‍ രൂപ കൊടുക്കണമത്രേ!

ഞാന്‍ കൈ രണ്ടും നിവൃത്തി ഇല്ലെന്നു കാണിച്ചു. എന്റെ കൈയ്യില്‍ അന്ന് ആവശ്യത്തിലേറെ ഉണ്ടായിരുന്നത് നിഷ്‌കളങ്കത മാത്രമായിരുന്നു..

'ഒന്നുകില്‍ ഫുള്‍ ടിക്കറ്റ് എടുക്കുക.അല്ലങ്കില്‍ ഇവിടെ ഇറങ്ങിക്കോണം'-യാതൊരു ദയയുമില്ലാതെ കണ്ടക്ടര്‍ പറഞ്ഞു.

ആ നിമിഷം ഞാനുരുകിപ്പോയി. രാവിലെയും വൈകിട്ടും ഓട്ടോയില്‍ പോയ്‌ക്കൊണ്ടിരുന്നതാണ്, ബസ്സില്‍ യാത്ര ചെയ്യാനുള്ള മോഹം കൂടി, അച്ഛന്റെ പിറകെ നടന്നു സമ്മതം വാങ്ങിച്ചെടുത്തതാണ്..

'ആ കൊച്ചിന് ടിക്കറ്റ് കൊടുക്ക്'-അതൊരു ആവശ്യപ്പെടലല്ല, ആജ്ഞയായിരുന്നു.

എന്റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ ആ സുന്ദരി ചേച്ചിയെ നോക്കി. ചേച്ചി കഴുത്ത് പിറകോട്ട് തിരിച്ചു ഇതൊക്കെ കണ്ടു നില്‍ക്കുകയാണ്. ബസിലുള്ളവര്‍ ഒന്നടങ്കം നോക്കി നില്‍ക്കവെ കണ്ടക്ടര്‍ വീണ്ടും ആക്രോശിച്ചു. 'അടുത്ത സ്‌റ്റോപ്പില്‍ വണ്ടി നിര്‍ത്തുമ്പോള്‍ ഇറങ്ങിക്കോണം'. 

ഒറ്റയ്ക്ക് ഉള്ള ബസ് യാത്ര ആദ്യായിട്ടാണെങ്കിലും, ആ റൂട്ട് എനിക്ക് പരിചിതമായിരുന്നു. അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങേണ്ടി വന്നാന്‍ ഒരുപാട് ദൂരം വീട്ടിലേയ്ക്ക് നടക്കേണ്ടി വരും. എന്നിട്ടും അതിനേക്കാള്‍ ഞാന്‍ വിഷമിച്ചത്, ബസില്‍ നിന്ന് ഇറക്കിവിടപ്പെട്ടാലുള്ള അപമാനമോര്‍ത്തായിരുന്നു.

ഞാന്‍ വീണ്ടും ആ സുന്ദരി ചേച്ചിയെ നോക്കി. ഒന്നേകാല്‍ രൂപ തരാമോ എന്ന് കൈനീട്ടി ചോദിക്കാന്‍ എനിക്കറിയില്ലായിരുന്നു. എങ്കിലും, അവര്‍ എന്നെ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ മഷിയെഴുതിയ അവരുടെ കണ്ണുകള്‍ക്ക് സൗന്ദര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനുള്ളില്‍ അലിവ് ഒട്ടും കണ്ടില്ല.

എന്റെ കണ്ണുകളില്‍ നിന്നും, സ്വാതന്ത്ര്യം കിട്ടിയതുപോലെ കണ്ണുനീര്‍ പുറത്തേയ്ക്ക് കുതിച്ചു.

പെട്ടെന്ന് വലതു വശത്തെ സീറ്റില്‍ നിന്നും, നന്നേ മെലിഞ്ഞ് ഉയരമുള്ള, മുഷിഞ്ഞ സാരിയുടുത്ത സ്ത്രീ എഴുന്നേറ്റ് വന്നു, ഒന്നേകാല്‍ രൂപയുടെ ചില്ലറ തുട്ടുകള്‍ കണ്ടക്ടര്‍ക്ക് നേരെ നീട്ടി പറഞ്ഞു, 'ആ കൊച്ചിന് ടിക്കറ്റ് കൊടുക്ക്'-അതൊരു ആവശ്യപ്പെടലല്ല, ആജ്ഞയായിരുന്നു.

അവര്‍ക്ക് സ്വര്‍ണ്ണ നിറമുള്ള തൊലിയോ, നീണ്ട് ഇടതൂര്‍ന്ന മുടിയോ ഉണ്ടായിരുന്നില്ല. വാനിറ്റി ബാഗിനു പകരം, അവരുടെ ഇടത്തെ കൈയ്യില്‍ ഒരു തൂക്കുപാത്രം തൂക്കിയിട്ടിരുന്നു. വലത്തേ കൈയ്യില്‍ ഒരു ചെറിയ പ്ലാസ്റ്റിക് കിറ്റും.

പിടിച്ചു നിര്‍ത്തിയ പോലെ എന്റെ കണ്ണുനീര്‍ നിന്നു. 

അവര്‍ എന്നെയൊന്നു നോക്കിയതു കൂടിയില്ല. പകരം കണ്ടക്ടറോട് ചോദിച്ചു, 'തനിക്കു മക്കളൊന്നുമില്ലേടോ....?''

ആ വാചകം കേട്ടതോടെ കണ്ടക്ടര്‍ പതറുകയും, ആ പണം തിരിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

'ആര്‍ക്കു വേണം തന്റെ സൗജന്യം..? ടിക്കറ്റ് കൊടുക്കടോ..!' അവര്‍ ഒച്ചയെടുത്തു.

കണ്ടക്ടര്‍ എനിക്ക് നേരെ ടിക്കറ്റ് നീട്ടി.

അടുത്ത ജംഗ്ഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ആ സ്ത്രീ ആരെയും ശ്രദ്ധിക്കാതെ തന്റെ മുഷിഞ്ഞ സാരി ഒതുക്കിപ്പിടിച്ച് ഇറങ്ങി.

പുറംചട്ടയ്ക്കല്ല, ഉള്ളടക്കത്തിനാണ് പ്രാധാന്യമെന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കണമെന്നും ഞാനാദ്യം പഠിച്ചത് ആ പാഠത്തില്‍ നിന്നാണ്.

വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും എന്റെ മനസ്സില്‍ ആ സംഭവം മാറാല മൂടാതെയുണ്ട്.

അവരോടുള്ള കടം വീട്ടാന്‍ കഴിയില്ലങ്കിലും, ഒന്നു കാണണമെന്ന ആഗ്രഹം തീവ്രമായി ഉള്ളിലുണ്ട്. അവര്‍ ആരാണെന്നോ, ജീവിച്ചിരിപ്പുണ്ടാവുമോന്നോ,
ജീവിച്ചിരിപ്പുണ്ടങ്കില്‍ തന്നെ എന്നെയോ ആ സംഭവമോ ഓര്‍ക്കുന്നുണ്ടാവുമോന്നോ, അറിയില്ലങ്കിലും. 

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!