പ്രതിഭാ സംഗമത്തിലെ മിടുക്കന്‍ സുനില്‍, നിന്നെ ഒന്നുകൂടി കാണണം, ആ നാടന്‍പാട്ടുകള്‍ കേള്‍ക്കണം..

By Nee EvideyaanuFirst Published Apr 1, 2019, 2:45 PM IST
Highlights

12 വർഷം പിന്നോട്ട് ചിന്തിക്കുമ്പോൾ കൂടുതൽ ദിവസവും കറുത്ത ഷർട്ട് ധരിച്ചെത്തി വിഷമിച്ചിരിക്കുമ്പോൾ, സന്തോഷിക്കുമ്പോൾ, ഓരോ ക്ലാസ്സുകൾ കഴിയുമ്പോൾ, പൊന്തൻപുഴ വനത്തിലേക്ക് യാത്ര പോയപ്പോൾ അങ്ങനെ സദാസമയവും നാടൻ പാട്ടുകൾ പാടി നടന്നിരുന്ന ഒരു പയ്യൻ. 

കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

"സുനിലിനെ എനിക്കൊന്നു കാണേണം
ആ ബളു ബളു ശബ്ദം കേൾക്കേണം..."

അന്ന്, 2007-ൽ എരുമേലി സെന്‍റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ചു 10 ദിവസങ്ങളിലായി നടന്ന പ്രതിഭാ സംഗമം ക്യാമ്പിലെ വേറിട്ട മുഖത്തിന്റെ ഉടമ ആരായിരുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ... അതാണ് സുനിൽ. ഓർമ ശരിയാണെങ്കിൽ സുനിൽ പുറത്തെവിടെയോ പോയപ്പോൾ ഏതോ ഒരു ടീം എഴുതി തയ്യാറാക്കിയ വരികളാണ് മുകളിൽ കുറിച്ചിരിക്കുന്ന ഈ വരികള്‍,

"സുനിലിനെ എനിക്കൊന്നു കാണേണം
ആ ബളു ബളു ശബ്ദം കേൾക്കേണം..."

ഓർത്തെടുക്കാൻ ആവുന്നതു ശ്രമിച്ചിട്ടും ബാക്കി വരികൾ കിട്ടുന്നില്ല... കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള മിടുക്കരായ അൻപതോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. അവരിൽ ഇന്നും ഓർത്തിരിക്കുന്ന, കാണാൻ കൊതിക്കുന്ന, എവിടെ, എങ്ങനെ എന്നൊക്കെ അറിയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് ഞാൻ ഈ പറഞ്ഞു വരുന്ന ഇരുനിറമുള്ള അത്യാവശ്യം പൊക്കമുള്ള സുനിൽ. മുഴുവൻ പേര് ഓർമയില്ല. 

ആ നാടൻ പാട്ടുകാരനെ, അഭിനേതാവിനെ ഒരിടത്തും കണ്ടില്ല

12 വർഷം പിന്നോട്ട് ചിന്തിക്കുമ്പോൾ കൂടുതൽ ദിവസവും കറുത്ത ഷർട്ട് ധരിച്ചെത്തി വിഷമിച്ചിരിക്കുമ്പോൾ, സന്തോഷിക്കുമ്പോൾ, ഓരോ ക്ലാസ്സുകൾ കഴിയുമ്പോൾ, പൊന്തൻപുഴ വനത്തിലേക്ക് യാത്ര പോയപ്പോൾ അങ്ങനെ സദാസമയവും നാടൻ പാട്ടുകൾ പാടി നടന്നിരുന്ന ഒരു പയ്യൻ. ഭർത്താവും, കാമുകനും, കള്ളുകുടിയനുമയി വേഷം കെട്ടിയ അഭിനേതാവിനെ എങ്ങനെയാണ് മറക്കാൻ കഴിയുക. ക്യാമ്പിലെ അധ്യാപകർക്കും അവൻ പ്രിയപ്പെട്ടവനായിരുന്നു. 

പ്രതിഭാ സംഗമം ക്യാമ്പിലെ പലരെയും വ്യത്യസ്ത മത്സര വേദികളിലായി പിന്നീടും കണ്ടു. നിതിൻ, രശ്മി, ഡയാന, ഡെസ്ന, അലൻ, അനിറ്റ്, അനൂപ്, ഹരി, ജിസ് അങ്ങനെ പലരെയും കണ്ടു. എന്നിട്ടും, ഒരിക്കൽ പോലും ആ നാടൻ പാട്ടുകാരനെ, അഭിനേതാവിനെ ഒരിടത്തും കണ്ടില്ല. 8,9,10 വർഷങ്ങളിലെ ജില്ലാ സംസ്ഥാന വേദികളിലും ഞാൻ സുനിലിനെ തിരഞ്ഞു... അന്നെന്നല്ല... ഇതുവരെയും പിന്നെ കണ്ടിട്ടില്ല. 

നിന്നെ കണ്ടിട്ടു വേണം, ഞങ്ങൾക്ക് ആ ബളു ബളു ശബ്ദം ഒന്നു കേൾക്കാൻ

ക്യാമ്പിന്‍റെ അവസാന ദിവസം വീട്ടിൽ പോവില്ല എന്നു വാശി പിടിച്ചു കരഞ്ഞ ഞങ്ങളോട് സുനിൽ യാത്ര പറഞ്ഞോ... പ്രിയപ്പെട്ട കൂട്ടുകാരോട് യാത്ര പറയാൻ ആവാതെ സുനിൽ നേരത്തെ പോയതായാണ് ഓർമ... ഞങ്ങൾക്ക് അത്ര പ്രിയപ്പെട്ടവനായിരുന്നു ആ പ്രതിഭ. 

"സെന്‍റ് തോമസ് സ്‌കൂളിൽ വെച്ചു നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുന്നോളം കയ്യിലുള്ള 
കലകൾ അന്നാദ്യം പങ്കുവെച്ച നിമിഷം...''

സുനിലേ... ഈ ചോദ്യമാണ് നേരിൽ കാണുമ്പോൾ ആദ്യം ചോദിക്കുക. പിന്നെ, നിന്നെ കണ്ടിട്ടു വേണം, ഞങ്ങൾക്ക് ആ ബളു ബളു ശബ്ദം ഒന്നു കേൾക്കാൻ!

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!