അന്ന്, മുനമ്പത്ത് ഇറങ്ങിപ്പോയ പെണ്‍കുട്ടീ, എത്ര കാലം ഞാന്‍ നിന്നെ അന്വേഷിച്ചു..

By Nee EvideyaanuFirst Published Apr 14, 2019, 4:42 PM IST
Highlights

മുഖം ഒരു വശത്തേക്ക് ചുളിച്ചുകൊണ്ട് അവൾ പറഞ്ഞു "അയ്യടാ...ചേട്ടൻ ആള് കൊള്ളാലോ.. നല്ല പൂതി.." അവൾ വണ്ടിയിൽ നിന്നും ഇറങ്ങാൻ നേരം ഞാൻ അവളോട് ചോദിച്ചു, "ടീ.... പടകാളി...എന്തൂട്ടാ നിന്റെ പേര്...?" അവള് മറുപടി പറഞ്ഞു, "ചേട്ടന് നമ്മുടെ പേര് കേട്ടാൽ ഇഷ്ടാവും. ഒന്ന് ഊഹിച്ചു പറഞ്ഞാൽ ഞാനൊരു സമ്മാനം തരാം കേട്ടാ..."

കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍. നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

ഒരു അവധിക്ക് നാട്ടിൽ  പോയപ്പോൾ പഴയ ഡ്രൈവർ ജോലി ഒരു കൈ നോക്കാം എന്ന് കരുതി. ഒരു ദിവസം 'മുനമ്പത്ത്' നിന്നും ഫിനോമിനൽ ഹെൽത്ത് കെയർ (ഇന്ന് ആ സ്ഥാപനം ഉണ്ടോയെന്നറിയില്ല) വാർഷിക സമ്മേളനം ഗോവയിലെ മുന്തിയ ഒരു ഹോട്ടലിൽ വച്ചായിരുന്നു. സകല ചിലവും കമ്പനി വക എന്നായിരുന്നു ധാരണ. സാധാരണക്കാരായ നിഷ്കങ്കരായ ആളുകളെ ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചാൽ എങ്ങനെയിരിക്കും എന്നുള്ളതിന്റെ ആദ്യ പ്രകമ്പനം കിട്ടിയത് സ്വിമ്മിങ് പൂളിൽ നിന്നായിരുന്നു.

മുനമ്പത്ത് നിന്ന് കടലിൽ പോകുന്ന സഹോദരന്മാർ ഗോവൻ ഫെനിയും തട്ടി നേരെ വന്ന് സിമ്മിങ് പൂളിലേക്ക് എടുത്തൊരു ചാട്ടം. ഇവർ ചാടിയതും പൂളിന്റെ മറു കരയിൽ വെയിൽ കാഞ്ഞിരുന്ന മദാമ്മ നനഞ്ഞു കുളിച്ചു. പുതിയ ലിപിയിൽ എന്തൊക്കയോ ഉച്ചത്തിൽ പറഞ്ഞ് അവർ എഴുന്നേറ്റുപോയി. ലിപി പുതിയതായതിനാൽ നമ്മുടെ ടീം താങ്ക്സ് പറഞ്ഞു തടിയൂരി. കൂട്ടത്തിൽ ഒരുവൻ പറഞ്ഞു, "ദേ... മദാമ്മ സത്യത്തിൽ നിങ്ങ പറഞ്ഞത് പഴയ ലിപി ആരെന്നെങ്കിൽ ഞങ്ങ പൊളിച്ചേനെ കേട്ടാ..!"

ദീ ഇരിക്കണ ആശാൻ കുടിക്കും, ഞാൻ ബിയറിൽ തുടങ്ങിയതെ ഉള്ളൂ

അതിലേറെ രസം നിഷ്കങ്കരായ അവരുടെ ഭാര്യമാർ എന്നോടും ആശാനോടും കൂടിയുള്ള സ്നേഹം കൊണ്ടാണോ അതോ വീണ്ടും സ്വിമ്മിങ് പൂളിൽ പ്രകമ്പനം ഇല്ലാതിരിക്കാനാണോ എന്നറിയില്ല അവരുടെ റൂമിൽ ഫ്രീസറിൽ ഇരുന്നിരുന്ന ബിയറും, ഫെനിയും ഞങ്ങൾക്ക് സമ്മാനമായി നൽകി. അവർക്ക് വരാനുള്ളത് വലിയ പണിയാണെന്ന് ആ പാവങ്ങൾക്ക് അറിയില്ലായിരുന്നു. അടുത്ത ദിവസം റൂം വെക്കേറ്റ് ചെയ്തപ്പോൾ എടുത്ത ബിയറിന്റെയും, ഫെനിയുടെയും ബില്ല് അടച്ച് ഞങ്ങളെയൊരു ദയനീയമായ നോട്ടം നോക്കികൊണ്ട് പറഞ്ഞു,  "എടാ..മക്കളെ നിങ്ങക്ക് അറിയുവോടാ ഞങ്ങക്ക് താമസവും, തീറ്റയും മാത്രമേ ചുമ്മാതുള്ളൂ കേട്ടാ...
ബാക്കിയെല്ലാത്തിന്‍റേം കായ് അടയ്ക്കാൻ ദേ കഴുത്തിൽ ബെൽറ്റിട്ട കൊച്ചൻ വന്ന് പറഞ്ഞു കേട്ടാ.. എന്നാലും എന്റെ മാല്യങ്കര പുണ്ണ്യാളാ ഇമ്മാതിരി ചതി ഞങ്ങയോട് വേണായിരുന്നാ...!'' അതുകേട്ട ഞാൻ, വയർ തടവിക്കൊണ്ട് പതിയെ ആശാന്റെ ആറിഞ്ച് ഉയരവും അതിനൊത്ത വണ്ണമുള്ള ശരീരത്തിന്റെ പുറകിലേക്ക് ഒളിച്ചു.

ആശാന്റെ ചുമലിന് മുകളിലൂടെ ഞാൻ  നോക്കിയപ്പോൾ എന്റെ പരുങ്ങൽ കണ്ടിട്ടാവാണം എന്‍റെ വണ്ടിയിൽ വന്ന ഇരുനിറത്തിലുള്ള സുന്ദരി കൊച്ച് എന്നെ നോക്കി ചിരിച്ചു. ഞാൻ, ആശാന്റെ മറവിൽ നിന്നും ഗ്രഹണം കഴിഞ്ഞ സൂര്യനെപോലെ പുറത്തുവന്നു അവളെ നോക്കി ചിരിച്ചു. ആ ചിരി ഗോവൻ യാത്രയിൽ ഉടനീളം വാരി വിതറിയ അവൾ സേവ്യറ് പുണ്ണ്യാളന്റെ പള്ളിയിൽ ഇറങ്ങാൻ നേരം എന്നോട് ചോദിച്ചു, "അല്ല ചേട്ടന്മാരേ... നിങ്ങ കള്ള് കുടിക്കോ...?" ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു.. "എന്തൂട്ടാ ക്ടാവേ അയിന് പ്രശ്നം നെനക്കെന്നെ കെട്ടാനാണോ...?! അങ്ങിനെയാണെങ്കിൽ, ദീ ഇരിക്കണ ആശാൻ കുടിക്കും, ഞാൻ ബിയറിൽ തുടങ്ങിയതെ ഉള്ളൂ''ന്ന്..

മുഖം ഒരു വശത്തേക്ക് ചുളിച്ചുകൊണ്ട് അവൾ പറഞ്ഞു "അയ്യടാ...ചേട്ടൻ ആള് കൊള്ളാലോ.. നല്ല പൂതി.." അവൾ വണ്ടിയിൽ നിന്നും ഇറങ്ങാൻ നേരം ഞാൻ അവളോട് ചോദിച്ചു, "ടീ.... പടകാളി...എന്തൂട്ടാ നിന്റെ പേര്...?" അവള് മറുപടി പറഞ്ഞു, "ചേട്ടന് നമ്മുടെ പേര് കേട്ടാൽ ഇഷ്ടാവും. ഒന്ന് ഊഹിച്ചു പറഞ്ഞാൽ ഞാനൊരു സമ്മാനം തരാം കേട്ടാ..."

'കലാൻഗുട്ട്' ബീച്ചിൽ നിന്നും വണ്ടിയെടുക്കുമ്പോൾ എന്റെ ഡ്രൈവിങ് സീറ്റിന്റെ പുറകിലെ സൈഡ് സീറ്റിൽ അവൾ വന്നിരുന്നു. മീനാക്ഷി,
ദിവ്യ, ലക്ഷ്മി, അനു, ശിൽപ, സ്വപ്ന അങ്ങനെയുള്ള നിരവധി പേരുകൾ ആ യാത്രക്കിടയിൽ അവളോട് പറഞ്ഞെങ്കിലും അല്ലെന്നുള്ള ഉത്തരം മാത്രമേ കിട്ടിയുള്ളൂ. അവസാനം പനാജിയിൽ നിന്നും വൈകുന്നേരം ഏഴു മണിക്ക് വളയം പിടിച്ച ഞാൻ പിറ്റേദിവസം വൈകീട്ട് മൂന്ന് മണിക്ക് മുനമ്പത്ത് എത്തുന്നത് വരെയുള്ള ദൂരം ഉറക്കം വരാതെ അവളുടെ കാന്തികപ്രഭയാൽ വാഹനം സഞ്ചരിച്ചുകൊണ്ടിരുന്നു.

രാത്രിയിൽ വണ്ടിയിലെ എല്ലാവരും നിദ്രയിലേക്ക് വീണപ്പോഴും  എതിരെ വാഹനങ്ങൾ വരുമ്പോൾ ആ  വെട്ടത്തിൽ അവളുടെ 'കരിനീലക്കണ്ണുകൾ' എനിക്ക് നേരെ നീളുന്നത് പലകുറി ഞാൻ കണ്ടിരുന്നു. അതിൽ നിരവധി തവണ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം ഉടക്കിയിരുന്നു. അവസാനം എല്ലാവരും ഇറങ്ങിയതിന് ശേഷം മുനമ്പത്ത് തിരക്കുള്ള ബസ് സ്റ്റോപ്പിൽ അവളെ ഇറക്കാൻ നേരം അവൾ എന്നെയൊന്നു ദയനീയമായി നോക്കി.. ഞാൻ അവളോട്  ചോദിച്ചു, "ടീ.. കാന്താരി എന്തൂട്ടാ നിന്റെ പേര് ന്ന് പറഞ്ഞില്ലല്ലോ..?"

വണ്ടിയിൽ ഇരുന്നിട്ട് എനിക്ക് ഇരിപ്പുറക്കുന്നില്ല

അവൾ ബാഗിൽ നിന്നും ഒരു കവർ എടുത്തു എനിക്ക് നേരെ നീട്ടി. "ഇതിൽ ചേട്ടനുള്ളൊരു സമ്മാനമാണ്. ഇതിന്റെ ഉള്ളിലുണ്ട് എന്റെ പേരും, നമ്പറും കുടിയിലെത്തിയാൽ വിളിക്കണം കേട്ടാ.." ഞാൻ വലതു കൈയുടെ തള്ളവിരൽ അവൾക്ക് നേരെ ഉയർത്തി.. അവൾ നൽകിയ കവർ വണ്ടിയുടെ ബാക്കിലെ സീറ്റിലേക്ക് ഇട്ടുകൊണ്ട് ഞാൻ, ഡോർ അടയ്ക്കാനുള്ള നിർദേശം ആശാന് നൽകി. വാഹനം മുന്നോട്ടെടുത്തു.

കുണ്ടും കുഴിയും നിറഞ്ഞ ആ വഴിയിലൂടെ വണ്ടി മുന്നോട്ട് നീങ്ങി. അവൾ നൽകിയ സമ്മാനം എന്താണെന്ന് കാണാനുള്ള ആകാംഷ എന്നിൽ തുടിച്ചുകൊണ്ടിരുന്നു. എന്തായിരിക്കും...! ബ്രാന്‍റഡ് ഷർട്ടാവുമോ, അതോ വല്ല സ്വീറ്റ്സ്, അതുമല്ലെങ്കിൽ പെർഫ്യൂം! വണ്ടിയിൽ ഇരുന്നിട്ട് എനിക്ക് ഇരിപ്പുറക്കുന്നില്ല. മനസ്സ് ആകെ വല്ലാത്തൊരു അവസ്ഥയില്‍..  ഇതാണോ പ്രണയം! ഏതായാലും ഇത്തരത്തിലുള്ള അനുഭവം ആദ്യമായാണ്.

അവിടെ നിന്നും ഒരു എട്ട് കിലോമീറ്റർ മുന്നോട്ട് വന്നപ്പോൾ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിന്റെ പാർക്കിങ്ങിലേക്ക് വണ്ടി നിർത്തി 
ആശാനോട് പറഞ്ഞു, "ഇനിപ്പോ ആശാൻ വണ്ടി എടുത്തോ.. ഞാൻ, അവൾ തന്ന സമ്മാനം അഴിച്ചു എന്തൂട്ടാണെന്ന് നോക്കട്ടെ" ഇതും പറഞ്ഞ് ഡ്രൈവിങ് സീറ്റിൽ നിന്ന് ചാടിയിറങ്ങി ക്യാബിനിൽ നിന്നും പുറകിലെ സീറ്റിലേക്ക് ഓടി. സീറ്റിൽ നിന്നും താഴെ വീണു കിടന്ന ആ കവർ ഞാൻ എടുത്തു. പതിയെ തുറന്നു നോക്കി. ആ കവറിൽ ഒരു ചുവന്ന റിബൺ കൊണ്ട് അലങ്കരിച്ച ഒരു ബിയർ കുപ്പി മാത്രം!!

അവളുടെ ഫോൺ നമ്പറോ, പേരോ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. ആകെ എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ. എന്നാലും രാത്രി മുഴുവൻ അവൾ എന്നെ ഉറക്കമൊഴിച്ച് നോക്കിയത് എന്തിനായിരുന്നു.. അവളോടുള്ള വാശിയിൽ ബിയർ കുപ്പി പൊട്ടിച്ച് കുടിക്കാനായി ഓപ്പണർ എടുക്കാൻ ഒന്ന് എഴുന്നേറ്റതേ ഉള്ളൂ...മടിയിൽ നിന്നും താഴേക്ക് ഊർന്നു വീണ കുപ്പി ചിന്നഭിന്നമായി..!

അതിൽ പഴയ ലിപിയിൽ വെണ്ടക്ക അക്ഷരത്തിൽ എഴുതിയ ബിയറിന്റെ പേര് ഞാൻ വായിച്ചു

വണ്ടിയിൽ ബിയർ നിറഞ്ഞൊഴുകി. എന്റെ മനസ്സു പോലെ ബിയർ നുരഞ്ഞു പൊന്തി. പൊട്ടിയകന്ന ആ കുപ്പിയുടെ വലിയൊരു കഷണം എന്റെ കണ്ണിലുടക്കി. അതിൽ പഴയ ലിപിയിൽ വെണ്ടക്ക അക്ഷരത്തിൽ എഴുതിയ ബിയറിന്റെ പേര് ഞാൻ വായിച്ചു. കല്യാണി.. ആ ചില്ല് കുപ്പി കൈയിലെടുത്ത് സൂക്ഷിച്ചു നോക്കി. അതിന് താഴെ പേന കൊണ്ട് എഴുതിയ നമ്പർ ഞാൻ എന്റെ മൊബൈലിൽ കുറിച്ചു. 98468...7.....ബാക്കിയുള്ള നമ്പർ പൊട്ടിത്തകർന്ന ചില്ല് കഷ്ണങ്ങൾക്കൊപ്പം, നുരഞ്ഞു പൊന്തിയ ബിയറിന്റെ കൂടെ മാഞ്ഞുപോയിരുന്നു. ആ ചില്ലുകൾ തമ്മിൽ നിരവധി തവണ കൂടിയോജിപ്പിക്കാൻ ശ്രമിച്ചിട്ടും ഞാൻ പരാജയം രുചിച്ചു.

പിന്നെ നിരവധി തവണ മുനബം ബസ് സ്റ്റോപ്പിൽ പോകുകയും, അവളുടെ നമ്പർ ഊഹിച്ച് അവളെ വിളിക്കാൻ ശ്രമിച്ചുവെങ്കിലും ആ ശ്രമം എല്ലാം അവസാനിച്ചത് ഗുണ്ടകളുടേയും, പൊലീസുകാരുടെയും, ഏതൊക്കെയോ സഹോദരിമാരുടെയും മറു തലയ്ക്കൽ ഉള്ള ഹലോയിൽ തുടങ്ങുന്ന ശബ്ദ വീചികളിലായിരുന്നു.

എന്റെ കല്യാണി... നിന്റെ മക്കൾ ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്നു ഒരുനാൾ ഈ കഥ  വായിച്ചു നിന്നെ കേൾപ്പിക്കുമെങ്കിൽ അവരോട് നീ പറയണം... നിങ്ങളുടെ അമ്മയാണ് ഈ കുറിപ്പിന്‍റെ പ്രഭവകേന്ദ്രം എന്ന്..

എന്നിരുന്നാലും എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയിൽ..

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!