
ഈ ആഴ്ചയോടെ ഗാസക്കാരുടെ ദുരിതത്തിന് അവസാനമായേക്കും. ഇപ്പോഴത്തെ സൂചനകൾ അതാണ്. 60 ദിവസത്തെ വെടിനിർത്തൽ ധാരണയിലെ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചു, ഹമാസും. ചില വാക്കുകളിലെ മാറ്റം, അമേരിക്കയുടെ ഉറപ്പ് ഇതൊക്കെയാണ് ഹമാസ് ആവശ്യപ്പെട്ടത്. മധ്യസ്ഥരുടെ അഭിപ്രായത്തിൽ ശപിക്കപ്പെട്ട യുദ്ധത്തിന് അവസാനമാകുകയാണ്.
ഗാസയിലേക്ക് ഉടൻ തന്നെ സഹായമെത്തുമെന്നത് വ്യവസ്ഥകളിൽ പ്രധാനം. യുഎന്നും റെഡ്ക്രോസും അതിൽ പങ്കാളികളാകും. ജിഎച്ച്എഫ് (Gaza Humanitarian Foundation) നേതൃത്വത്തിലെ സഹായവിതരണം ഉടൻ അവസാനിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ബന്ദികളുടെ മോചനമാണ് അടുത്ത വ്യവസ്ഥ. ജീവിച്ചിരിക്കുന്നത് 20 പേർ. 50 -ൽ 30 പേർ മരിച്ചു. ആദ്യം ജീവിച്ചിരിക്കുന്ന 10 പേരെ വിട്ടയക്കും. 18 മൃതശരീരങ്ങളും വിട്ടുനൽകും. ആഘോഷമോ, ആളെക്കൂട്ടലോ പാടില്ല, കൈമാറ്റത്തിന്, പകരം എണ്ണം വ്യക്തമാക്കാത്ത പലസ്തീൻ തടവുകാരെ ഇസ്രയേലും കൈമാറും. അതോടെ ഇസ്രയേൽ ഗാസയുടെ വടക്കും തെക്കും നിന്ന് പിൻമാറും. അതാണ് അമേരിക്കയുടെ നിർദ്ദേശം. ബാക്കി ബന്ദികളെ ഘട്ടം ഘട്ടമായി വിട്ടു നൽകും.
ചെറിയ പ്രകോപനങ്ങളിൽ ഇനിയും യുദ്ധം തുടങ്ങില്ലെന്ന അമേരിക്കയുടെ ഉറപ്പും ഹമാസ് തേടിയിരുന്നു. ആദ്യഘട്ടത്തിന് ശേഷം അടുത്ത ചർച്ചകൾ. എല്ലാ ബന്ദികളെയും വിട്ടുകിട്ടുന്നത് വരെ യുദ്ധം അവസാനിക്കില്ലെന്നാണ് ഇസ്രയേലിന്‍റെ നിലപാട്. 12 ദിവസത്തെ ഇറാൻ - ഇസ്രയേൽ യുദ്ധം കഴിഞ്ഞയുടനെ ഖത്തർ ഗാസയിലും മധ്യസ്ഥശ്രമങ്ങൾ ഊർജിതമാക്കിയിരുന്നു. ഇസ്രയേലിനെ ചർച്ചകൾക്കെത്തിക്കേണ്ട ചുമതല അമേരിക്കയ്ക്കാണ്.
60 ദിവസത്തെക്കാണ് ആദ്യത്തെ വെടിനിർത്തൽ. നിർദ്ദേശം ഇസ്രയേൽ അംഗീകരിച്ചതോടെ ഹമാസും അംഗീകരിക്കുന്നതാണ് നല്ലതെന്ന് ട്രംപിന്‍റെ മുന്നറിയിപ്പുമുണ്ടായി. ഇനി ഒന്നും കൂടുതൽ കിട്ടാനില്ല, മോശമാവുകയെയുള്ളൂ എന്നായിരുന്നു മുന്നറിയിപ്പ്. ഇനി നടക്കുന്ന ചർച്ചകളിൽ ഇസ്രയേലും ഹമാസും മുഖാമുഖം വന്നില്ലെങ്കിലും അടുത്തടുത്ത് ഉണ്ടാകും, ഒരേ കെട്ടിടത്തിൽ. മധ്യസ്ഥർ ഓടിനടക്കേണ്ട അവസ്ഥയുണ്ടാകില്ല.
യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 57,000 പലസ്തീൻകാരാണ്. സഹായ വിതരണ കേന്ദ്രത്തിലെ കൂട്ടക്കൊലയിലുൾപ്പടെ. വെടിനിർത്തൽ ചർച്ചകൾ നടക്കുമ്പോഴും ഇസ്രയേൽ ആക്രമണം തുടർന്നു. ഇറാനുമായുള്ള യുദ്ധം ഇസ്രേയലിന് കൂടുതൽ ആത്മവിശ്വാസം നൽകിയെന്ന മട്ടിലായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണങ്ങൾ. എന്തായാലും ട്രംപ് നെതന്യാഹു കൂടിക്കാഴ്ചയിലും പ്രതീക്ഷകളാണ്. ഗാസയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം.