അധോലോകം: ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ ബോംബെയെ വിറപ്പിച്ച അബ്ദുള്‍ കുഞ്ഞ് എന്ന മലയാളിയുടെ ജീവിതവും മരണവും. അടുത്ത ആഴ്ച ശരത് ഷെട്ടി. |  Mumbai Underworld | Column| Abdul Kunju  

രണ്ട് മലയാളികളുടെ പ്രണയപ്പകയുടെ കഥയാണിത്. തൃശൂര്‍ക്കാരന്‍ ബഡാരാജനും കാസര്‍കോട്ടുകാരന്‍ അബ്ദുള്‍ കുഞ്ഞുവും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച കഥ. അധോലോക സമാവാക്യങ്ങളെയാകെ ആ പക മാറ്റിമറിച്ചു.

ഗസല്‍, ഖവാലി, സിനിമ, ദര്‍ഗ്ഗ സന്ദര്‍ശനം, ഗണപതി മഹോത്സവം എന്നീ വിഷയങ്ങളില്‍ എപ്പോഴും ശ്രദ്ധവെക്കാറുണ്ട്, അധോലോക നായകര്‍. പൊതുവെ രഹസ്യസങ്കേതങ്ങളില്‍ കഴിയുന്ന ഇക്കൂട്ടര്‍ക്കു ആയിരങ്ങള്‍ കൂടുന്ന ഇടത്തേക്ക് വരുമ്പോള്‍ കിട്ടുന്ന സ്വീകരണവും ആരാധനയും അവരുടെ ഇമേജിനെ തെല്ലൊന്നുമല്ല സ്വാധീനിക്കുന്നത്.

എന്നാല്‍ ക്രിക്കറ്റും പ്രണയവും ആവേശിച്ച ഒരു കാല്‍പ്പനികജീവി പില്‍ക്കാലം അധോലോകത്തേക്ക് എത്തിപ്പെട്ട കഥ അത്ഭുതത്തോടെയേ കേള്‍ക്കാനാവൂ. അബ്ദുള്‍ കുഞ്ഞ് എന്നായിരുന്നു ആ മലയാളി ചെറുപ്പക്കാരന്റെ പേര്. കാസര്‍ഗോഡുകാരനായ പിതാവും തലശ്ശേരിക്കാരിയായ മാതാവും. രണ്ടു മതത്തില്‍പ്പെട്ടവരായിരുന്നു അവര്‍. ബോബെയിലെ ചെമ്പൂരിലുള്ള ഷെല്‍ കോളനിയിലായിരുന്നു അബ്ദുള്ള കുഞ്ഞ് ജനിച്ചു വളര്‍ന്നത്. പഠിക്കുന്ന കാലത്ത് ഹിന്ദിയിലെ ഒരു അശ്ലീലപദം ചേര്‍ത്ത് കുഞ്ഞിനെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ആ വിളി നിരാശ കലര്‍ന്ന വേദനയോടെ കേട്ടുവളര്‍ന്നു അബ്ദുള്‍ കുഞ്ഞ്. മതങ്ങളോ അതിന്റെ വിലക്കുകളോ പരിക്കേല്‍പ്പിക്കാത്ത ദാമ്പത്യത്തില്‍ പിറന്നിട്ടും ആ വിളികേള്‍ക്കാനായിരുന്നു അവനു നിയോഗം.

ഷെല്‍ കോളനിയെയും തിലക് നഗറിനെയും രണ്ടാക്കി വിഭജിച്ചു കൊണ്ടാണ് ന്യൂ ബോംബെയിലേക്കുള്ള ഹാര്‍ബര്‍ലൈന്‍ കടന്നുപോകുന്നത്. ഈ പാതയ്ക്ക് ഇരുപുറത്തുമുള്ള ചെറുപ്പക്കാര്‍ നിസ്സാര കാരണങ്ങള്‍ക്ക് തല്ലുണ്ടാക്കുക പതിവാണ്. തിലക് നഗറിലെ സഹകാര്‍ തീയറ്ററില്‍ സിനിമ കാണാന്‍ വരുന്ന ഷെല്‍ക്കോളനിയിലെ ചെറുപ്പക്കാരെ തല്ലുക അവിടുത്തെ യുവാക്കള്‍ക്ക് ഹരമായിരുന്നു. അതിനു കാരണം ബഡാ രാജന്റെ കുത്തകയായ സിനിമാ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ഷെല്‍ക്കോളനിയിലെ പിള്ളേര്‍ ശ്രമിക്കുന്നു എന്നതായിരുന്നു.

ബഡാ രാജന്റെ ആസ്ഥാനമായ തിലക് നഗറില്‍ അവരെ എതിരിട്ടു നില്‍ക്കുക പ്രയാസമാണ്. അതിനാല്‍ ഷെല്‍ക്കോളനിയിലെത്തുന്ന അവിടുത്തുകാരായ പിള്ളേര്‍ക്ക് നേരെ പ്രതികാരം തീര്‍ക്കുക എതിര്‍പക്ഷം പതിവാക്കി മാറ്റി. അതിനു പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ടായിരുന്നു. വിജയ് സാവന്ത്, ഫ്രാന്‍സിസ് സേവിയര്‍, അബ്ദുള്‍ കുഞ്ഞ് തുടങ്ങി ഇരുപത്തിയഞ്ചോളം വരുന്നതായിരുന്നു ഷെല്‍ക്കോളനി ഗ്യാങ്. മറുപക്ഷത്ത് ബഡാ രാജന്‍, സദാശിവ് നിക്കാല്‍ജെ (പില്‍ക്കാലം ചോട്ടാ രാജന്‍ എന്ന് പേര് സ്വീകരിച്ചു) തുടങ്ങിയ ഒട്ടനവധി കരുത്തരും.

തൃശൂര്‍ സ്വദേശിയായ രാജന്‍ മാധവന്‍ നായരാണ് ബഡാരാജനായി മാറിയത്. അയാളുടെ കൊലയുടെ സൂത്രധാരന്‍ അബ്ദുള്‍ കുഞ്ഞായിരുന്നു. തൃശൂരില്‍നിന്നും ബോംബയില്‍ വന്ന രാജന്‍ ആദ്യമൊരു റെഡിമെയ്ഡ് കമ്പനിയില്‍ തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്തു. ജീവിതം തട്ടിമുട്ടി മുന്നോട്ടു കൊണ്ടുപോകുന്ന കാലത്താണ് അയാള്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നത്. ഒരിക്കല്‍ അവളുടെ പിറന്നാള്‍ വന്നു. ഒരു സമ്മാനം കൊടുക്കണം. അതിന് കാശില്ല. പണമുണ്ടാക്കാന്‍ രാജന്‍ പലവഴിയും ആലോചിച്ചു. ഒടുക്കം മോഷണമാണ് എളുപ്പമാര്‍ഗ്ഗമെന്നു കണ്ടെത്തി. അക്കാലത്ത് മാര്‍ക്കറ്റില്‍ ഏറ്റവും വില്‍പ്പന സാധ്യതയുള്ള വസ്തുവായിരുന്നു ടൈപ്പ് റൈറ്റിങ് മെഷീന്‍. രാത്രികാലങ്ങളില്‍ അടച്ചിട്ട ഓഫീസുകള്‍ കുത്തിതുറന്ന് അയാള്‍ ടൈപ്പ് റൈറ്റിങ് യന്ത്രങ്ങള്‍ മോഷ്ടിച്ച് ചോര്‍ ബസാറില്‍ കൊണ്ടുപോയി വിറ്റു. നല്ല വരുമാനമുള്ള ഏര്‍പ്പാട് ആയതിനാല്‍ കളവ് തുടര്‍ന്നു കൊണ്ടിരുന്നു. അതിനിടെ രാജന്‍ പിടിക്കപ്പെട്ടു. മൂന്നുവര്‍ഷത്തെ ജയില്‍ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയത് ബഡാരാജനായാണ്. ജയില്‍ ജീവിതവും അതിന് മുന്‍പ് പരിചയിച്ച മോഷണവും അയാളെ പാടെ മാറ്റിയിരുന്നു.

ആദ്യമയാള്‍ തുടങ്ങിയത് സിനിമാ ടിക്കറ്റ് കരിഞ്ചന്തക്ക് വില്‍ക്കുന്ന ഏര്‍പ്പാടാണ്. തിലക് നഗറിലെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് സഹകാര്‍ തിയേറ്ററിലെ ടിക്കറ്റുകള്‍ മൊത്തമായി വാങ്ങി രാജന്‍ അധികവിലക്ക് വില്‍പ്പന തുടങ്ങി. നല്ല പ്രതിഫലം നല്‍കി ചെമ്പൂര്‍ ഏരിയയിലെ ഒട്ടുമിക്ക ചെറുപ്പക്കാരെയും ബഡാരാജന്‍ തന്റെ അനുയായികളാക്കി. ഒഴിഞ്ഞു മാറിയവരെ ഭീഷണിപ്പെടുത്തി സംഘത്തില്‍ ചേര്‍ത്തു. ആയിടയ്ക്കാണ് രാജന്റെ കാമുകിയെ അബ്ദുള്‍ കുഞ്ഞ് പ്രണയിക്കുന്നതും അവള വിവാഹം കഴിച്ച് ഒളിച്ചോടുന്നതും. അതോടെ ഷെല്‍ക്കോളനിയിലെയും തിലക് നഗറിലെയും ചെറുപ്പക്കാര്‍ക്കിടയിലെ വൈരാഗ്യത്തിന് മൂര്‍ച്ചയേറി. അവര്‍ തമ്മില്‍ സംഘര്‍ഷം പതിവായി. കുഞ്ഞ് ബഡാരാജന്റെ കണ്ണിലെ കരടായി.

രാജന്റെ ഭീഷണി ചെറുക്കാന്‍ അബ്ദുള്‍ കുഞ്ഞും ആയുധം കൈയിലെടുത്തു. ഷെല്‍ക്കോളനിയിലെ ചെറുഗ്യാങില്‍ അവന്‍ സജീവമായി. വിജയ് സാവന്തായിരുന്നു നേതാവ്. അസാമാന്യ തടിമിടുക്കായിരുന്നു അയാള്‍ക്ക്. കൂടെ സേവിയര്‍ ഫ്രാന്‍സിസ്, സേവിയര്‍ മാര്‍ക്കല്‍. അബ്ദുള്‍ കുഞ്ഞുവും ചേര്‍ന്നതോടെ സംഘം പ്രബലമായി. രാജനെ എതിരിടാന്‍ പോന്ന ശക്തിയായി അവര്‍ മാറി. ആ ഗ്രൂപ്പിനെ തകര്‍ക്കാതെ മുന്നോട്ടു പോകാനാവില്ലെന്നു ബഡാരാജന്‍ തീരുമാനിച്ചു.

ബോംബെയ്ക്ക് പുറത്ത് കണ്ടാല ഹില്‍ സ്റ്റേഷനില്‍ അന്നൊരു നാഗരാജ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവിടെ ഡിസ്‌കോ ഡാന്‍സ്, ലേഡീസ് ബാര്‍, ചൂതുകളി എന്നിവ നടക്കുന്നതിനാല്‍ സുഖലോലുപരായ പണക്കാരും അധോലോകരും അവിടെ തമ്പടിക്കുക പതിവാണ്. ഒരു ദിവസം ഷെല്‍ കോളനിയിലെ തല്ലു കഴിഞ്ഞ് വിജയ് സാവന്തും സേവിയര്‍ ഫ്രാന്‍സിസും അവിടെ മുറിയെടുത്ത് കഴിയുന്ന വിവരം രാജന് ചോര്‍ന്നുകിട്ടി. ബഡാരാജനും ചോട്ടാ രാജനും തങ്ങളുടെ സംഘത്തോടൊപ്പം നാഗരാജ് ഹോട്ടലിലേക്ക് കുതിച്ചു. പുറത്തെ ഗ്രില്‍ അകത്തുനിന്ന് പൂട്ടി അവര്‍ വിജയ് സാവന്തിനെയും സേവിയര്‍ ഫ്രാന്‍സിനെയും കൊന്നു. കുഞ്ഞുവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ ഇരട്ട കൊലപാതകങ്ങള്‍.

കരീം ലാല

രാജന്റെ കൈകൊണ്ട് ഏത് സമയവും വധിക്കപ്പെട്ടേക്കാം എന്ന് അബ്ദുള്‍ കുഞ്ഞിന് ബോധ്യമായി. അവന്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചു. ബുദ്ധിശാലിയായ കുഞ്ഞ് രാജന്റെ എതിരാളി കരീം ലാലയുമായി അടുത്തു. രാജനെ തകര്‍ക്കാന്‍ കരീം ലാല തക്കം പാര്‍ത്തിരിക്കുന്ന സമയത്താണ് കുഞ്ഞുവിന്റെ വരവ്. രാജന്റെ നീക്കങ്ങള്‍ അറിയാവുന്ന കുഞ്ഞുവിനെ കരീം ലാല സ്വാഗതം ചെയ്തു. രാജനെ തീര്‍ക്കാന്‍ കുഞ്ഞുവും കരീംലാലയുടെ പത്താന്‍ സംഘവും കരുക്കള്‍നീക്കി.

ബഡാരാജന്‍ രാജന്‍ അക്കാലത്ത് അനവധി കേസുകളില്‍ വിചാരണ നേരിടുന്ന സമയമായിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് കോടതിയിലേക്കുള്ള പോക്കുവരവുകള്‍. 1983 സപ്തംബറില്‍ ബോംബെയിലെ ഖില്ലാ കോര്‍ട്ടില്‍ പോലീസുകാരോടൊപ്പം വന്ന രാജനെ നേവി ഉദ്യോഗസ്ഥന്റെ യൂണിഫോമില്‍ വന്ന ഒരാള്‍ വെടിവെച്ചു വീഴ്ത്തി. ചെമ്പൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിരുന്ന ചന്ദ്രശേഖര്‍ സോപാലിക എന്ന ചെറുപ്പക്കാരനായിരുന്നു ആ കൊലയാളി. കുഞ്ഞുവിന്റെ അയല്‍വാസിയായിരുന്നു അയാള്‍. ചെമ്പൂരിലെ മുക്കും മൂലയും അറിയാവുന്ന കുഞ്ഞ് നാല് ലക്ഷം രൂപ കൊടുത്താണ് കരീം ലാലയ്ക്ക് വേണ്ടി അയാളെ വാടകയ്ക്ക് എടുത്തത്. കൊല നടത്തുന്നതിനായി സാവന്തും സംഘവും ചന്ദ്രശഖറിന് ഒരാഴ്ച നീണ്ട വെടിവെപ്പ് പരിശീലനം നടത്തിയതായി കഥയുണ്ട്.

ബഡാ രാജന്റെ കൊലപാതകം ബോംബയില്‍ കത്തുന്ന വാര്‍ത്തയായി. ദിവസങ്ങളോളം അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. പിന്നീട് ചോട്ടാരാജന്‍ എന്നറിയപ്പെട്ട ബഡാരാജന്റെ വിശ്വസ്ത അനുയായി സദാശിവ് നിക്കാല്‍ജെ ആ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തു. ചോട്ടാ രാജന്റെ നാനാ ഗ്രൂപ്പ് ഷെല്‍ക്കോളനിയില്‍ കുഞ്ഞ് താമസിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളൊക്കെ അരിച്ചുപെറുക്കി. പോസ്റ്റല്‍ കോളനിയിലും ഷെല്‍ കോളനിയിലും അവര്‍ വന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത ദിവസങ്ങള്‍ കുറവായിരുന്നു. അക്കാലത്ത് ചെമ്പൂരില്‍ താമസിച്ചിരുന്ന ഈ കുറിപ്പെഴുത്തുകാരന്‍ സംഘര്‍ഷഭരിതമായ ആ നാളുകള്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ചോട്ടാരാജന്‍

1984 ജനുവരി 22 -ന് അബ്ദുള്‍ കുഞ്ഞിനുനേരെ ഒരു വധശ്രമമുണ്ടായി. മരണത്തില്‍നിന്ന് കഷ്ടിച്ചാണ് അന്ന് രക്ഷപ്പെട്ടത്. മേലാസകലം പരുക്കുപറ്റിയെങ്കിലും കുഞ്ഞ് രക്ഷപ്പെട്ടു. അവിടെ നിര്‍ത്തിയില്ല, ചോട്ടാരാജന്‍. പ്രതികാരദാഹിയായ അയാള്‍ നിഴല്‍പോലെ കുഞ്ഞുവിന് പിറകെ നടന്നു.

1984 ഏപ്രില്‍ 15 -നായിരുന്നു അടുത്ത ആക്രമണം. ചികിത്സക്കായി പോലീസ് സംരക്ഷണയില്‍ ജെജെ ആശുപത്രിയില്‍ വന്നപ്പോള്‍ ഇടതുകൈക്കു പ്ലാസ്റ്ററിട്ട ഒരു ചെറുപ്പക്കാരന്‍ കുഞ്ഞിന് നേരെ നടന്നുവന്നു. അടുത്തെത്തിയതും പ്ലാസ്റ്ററിനകത്ത് ഒളിപ്പിച്ചുവെച്ച റിവോള്‍വള്‍ വലിച്ചെടുത്ത് അവന്‍ കുഞ്ഞിന് നേര്‍ക്കു വെടിയുതിര്‍ത്തു. ചുമലില്‍ വെടിയേറ്റ് പരിക്ക് പറ്റിയെങ്കിലും പോലീസുകാരുടെ ഇടപെടല്‍ കുഞ്ഞുവിന്റെ ജീവന് തുണയായി. എന്നാല്‍ അന്ന് ജെജെയില്‍ ചികിത്സക്കെത്തിയ ഒരു നിര്‍ഭാഗ്യവാന്‍ ആ വെടിവെപ്പില്‍ മരിച്ചുവീണു.

ദാവൂദ് ഇബ്രാഹിം ഇതെല്ലാം കണ്ടറിയുന്നുണ്ടായിരുന്നു. കരീം ലാലയുടെ പത്താന്‍ ഗ്രൂപ്പിന്റെ പ്രതിനിധിയായ കുഞ്ഞിനെ കൊല്ലാന്‍ ചോട്ടാ രാജന്‍ പിറകെയുണ്ടല്ലോ എന്ന കാര്യത്തില്‍ ദാവൂദ് തെല്ലൊന്നുമല്ല ആശ്വസിച്ചത്. കുഞ്ഞിനെ വിടാതെ വേട്ടയാടുന്ന രാജനുമായി ദാവൂദ് ചങ്ങാത്തത്തിലായി. പിന്നീട് ദാവൂദിന്റെ വലംകൈയായി രാജന്‍മാറി. പില്‍ക്കാലത്ത് ഇരുവരും ശത്രുക്കളായി.

ചോട്ടാ രാജന്‍, ദാവൂദ് ഇബ്രാഹിം 

പ്രതിയോഗികള്‍ തന്നെ നിഴല്‍പോലെ പിന്തുടരുന്നത് കുഞ്ഞ് മനസ്സിലാക്കി. എതിരാളികളുടെ മുന്നില്‍പ്പെട്ടാലുള്ള അപകടത്തേക്കാള്‍ വലുതല്ല ജയിലെന്ന് കുഞ്ഞുവിനറിയാം. ബഡാരാജന്‍ വധത്തിലെ ഒറ്റുകാരന്‍ താനാണെന്ന് പോലീസിനെ അറിയിച്ച് മുന്‍പൊരിക്കല്‍ അയാള്‍ സ്വയം കീഴടങ്ങിയിട്ടുണ്ട്. അന്ന് മനസ്സിലായി, പുറത്തേക്കാള്‍ സുരക്ഷിതത്വം തടവറയിലാണ്. അന്തരീക്ഷം തണുക്കുമ്പോള്‍ പരോളിന് അപേക്ഷിച്ച് പുറത്ത് വരാനുമാവും. തനിക്കു നേരെ ഏതുനേരത്തും ചീറിവന്നേക്കാവുന്ന വെടിയുണ്ടയെപ്പറ്റി പോലീസിനോടും സുഹൃത്തുക്കളോടും കുഞ്ഞ് പറയാറുണ്ടായിരുന്നു. മരണഭയം ഒഴിയാബാധ പോലെ അവനെ പിടികൂടിയിരുന്നു.

അങ്ങനെ നാലുവര്‍ഷം കഴിഞ്ഞു. തനിക്ക് നേരെയുള്ള ചോട്ടാ രാജന്റെ ഭീഷണിയും അന്വേഷണവും അടങ്ങി എന്ന് കുഞ്ഞ് ധരിച്ചു. ഭയപ്പെടാതെ പുറത്തിറങ്ങാനുള്ള അവസരമാണിതെന്നും കുഞ്ഞ് കരുതി. അതു പക്ഷേ, വെറുതെയായിരുന്നു. ചോട്ടാരാജന്റെ പക മാറിയിരുന്നില്ല. അയാളുടെ കഴുകന്‍ കണ്ണുകള്‍ അവനെ നിഴല്‍പോലെ പിന്തുടരുന്നുണ്ടായിരുന്നു.

ഒരുകാലത്ത്, കുഞ്ഞും ചേട്ടനും മികച്ച ക്രിക്കറ്റ് താരങ്ങളായിരുന്നു. ചേട്ടന്‍ ബോംബെയ്ക്ക് വേണ്ടി രഞ്ജി കളിച്ചിരുന്നതായി അന്ന് കേട്ടിരുന്നു. കുഞ്ഞ് ആവട്ടെ കളിയില്‍ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ താരവും. പരോളില്‍ ഇറങ്ങിയ ദിവസം അവന്‍ ചേട്ടനോടും യോഗേഷ് പരാദ്ക്കര്‍ എന്ന കൂട്ടുകാരനോടുമൊപ്പം ക്രിക്കറ്റ് കളിക്കാന്‍ വന്നു.

ചെമ്പൂരിലെ ക്രിക്കറ്റ് മൈതാനത്ത് വെള്ള വസ്ത്രമിട്ട നൂറുകണക്കിന് കളിക്കാര്‍ക്കിടയില്‍ കുഞ്ഞ് ബാറ്റ് ചെയ്യുകയായിരുന്നു. അവിടെ ബാറ്റും പന്തും സ്റ്റമ്പുമായി ആരൊക്കെ വരുന്നു പോകുന്നു എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല. അതിനാല്‍ പുതുതായി ക്രിക്കറ്റ് കളിക്കാന്‍ വന്ന ആ സംഘത്തെ കുഞ്ഞ് ശ്രദ്ധിച്ചില്ല. അത് സത്യത്തില്‍ രാജന്റെ സംഘമായിരുന്നു.

മത്സരം ആവേശപൂര്‍വ്വം പുരോഗമിക്കുന്നതിനിടെ, രാജന്‍ പറഞ്ഞയച്ച ക്രിക്കറ്റ് വേഷമണിഞ്ഞ രണ്ടുപേര്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനു നേരെ അടുത്തു. കത്തിയും പിസ്റ്റലും വടിവാളും കയ്യില്‍ കരുതി വന്ന ആ സംഘം കുഞ്ഞുവിന്റെ അടുത്തുവന്ന് തെറിവിളിക്കാന്‍ തുടങ്ങി. കൂട്ടുകാര്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിമിഷങ്ങള്‍ കൊണ്ട് എല്ലാം നടന്നു.

വെടികൊണ്ട് പിടയുന്ന അബ്ദുള്‍ കുഞ്ഞിനെ നോക്കി ഒന്നും സംഭവിക്കാത്ത മട്ടില്‍ ഘാതകരായ വിജയും സഞ്ജയ് റഗ്ഗാഡും നടന്നു പോയി. 1987- ലായിരുന്നു ആ കൊലപാതകം.

യാദൃച്ഛികമായി അധോലോകത്തിലെത്തിയതായിരുന്നു കുഞ്ഞ്. അയാളുടെ ജീവിതം മാറ്റിമറിച്ചത് ഒരു പ്രണയമാണ്. മലയാളി അധോലോക നായകന്‍ ബഡാരാജന്റെ പെണ്ണിനെ കുഞ്ഞ് പ്രണയിച്ചു. അവളെ വിവാഹം കഴിച്ചു. അതോടെ അയാളുടെ ജീവിതം മാറി. ചെറുത്തുനില്‍പ്പിന്റെ ഭാഗമായി അയാള്‍ക്ക് അധോലോക നേതാവാകേണ്ടി വന്നു.

അങ്ങനെ അയാള്‍ ബഡാരാജന്റെ കൊലയുടെ സൂത്രധാരനായി. അതിന്റെ പേരില്‍ വേട്ടയാടപ്പെട്ടു.

പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കുന്നതിനിടെ അരുംകൊല ചെയ്യപ്പെട്ടു. രണ്ട് മലയാളികളുടെ പ്രണയപ്പകയുടെ കഥയാണിത്. തൃശൂര്‍ക്കാരന്‍ ബഡാരാജനും കാസര്‍കോട്ടുകാരന്‍ അബ്ദുള്‍ കുഞ്ഞുവും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച കഥ. അധോലോക സമാവാക്യങ്ങളെയാകെ ആ പക മാറ്റിമറിച്ചു.

…………………………………………….

(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)