അയാൾ തോറ്റുവെന്നും ജീവിതത്തിന്റെ പരാജയങ്ങളിൽ ഉലഞ്ഞു പോയവനാണെന്നും പറയും മുമ്പ്...

By Speak UpFirst Published May 3, 2020, 3:15 PM IST
Highlights

ജോയ് അറയ്ക്കലിന്റെ വീഡിയോകൾ, വീടിന്റെ വാർത്തകൾ, ആത്മഹത്യ - കൊലപാതക ഭാവനാ വാർത്തകൾ ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്. 

അയാളെ എന്നല്ല, ഭൂമിയിലെ ഏതൊരു മനുഷ്യനും മാർക്കിടാൻ, നമുക്ക് എന്തവകാശമാണുള്ളത്. അവർ നടന്ന വഴികൾ നമുക്കറിയില്ല. അവർക്കേറ്റ ക്ഷതങ്ങൾ നമുക്കെത്ര അപരിചിതം.

മലയാളി വ്യവസായിയും കേളത്തിലെ ഏറ്റവും വലിയ വീടായ അറയ്ക്കൽ പാലസിന്റെ ഉടമയുമായ ജോയി അറയ്ക്കൽ ദുബായിൽ ഓഫീസ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത വാർത്ത കണ്ടു. കൊവിഡ് പ്രതിസന്ധി മൂലം ബിസിനസ്സിൽ സംഭവിച്ച പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണം എന്ന് വാർത്തകളിൽ പറയുന്നു.

ഞാൻ മുന്നേ ഈ മനുഷ്യന്റെ വീടിനെ പറ്റിയുള്ള വാർത്തകൾ കണ്ടിട്ടുണ്ട്. കൂട്ടുകുടുംബത്തിലെ 16 പേര് ഒന്നിച്ചു ജീവിക്കുന്ന വീട്.

വളരെ വലുത്. വളരെ വളരെ. ശരാശരി മലയാളിക്ക് സങ്കല്പിക്കാൻ അവാത്തത്ര പ്രൗഢിയുള്ളത്. മനുഷ്യസഹജമായ അസൂയ ജനിപ്പിക്കുന്നത്. ഒരു കർഷക കുടുംബത്തിൽ ജനിച്ച്, ലോജിസ്റ്റിക്‌സ് തൊഴിലാളിയായി ദുബായിൽ എത്തിയ ഒരാൾ രണ്ടു പതിറ്റാണ്ടിനുള്ളിൽ സ്വന്തം കെൽപ്പും അധ്വാനവും കൊണ്ട് കൈയെത്തിപ്പിടിച്ച സ്വപ്‌നങ്ങളുടെ ഹൃദയസാക്ഷ്യം പോലെ ആ വീട് എന്റെ ഓർമ്മയിൽ എപ്പോഴും ഉണ്ട്.

***

"ജോയ് അറയ്ക്കൽ എന്തിന് ആത്മഹത്യ ചെയ്യാൻ പോയി? വീട് വിറ്റ് കടം തീർത്താൽ പോരായിരുന്നോ?"

"കാശ് കൂടി പോയതിന്റെ അഹങ്കാരം അല്ലാതെ എന്ത് ?"

"ഇതാണ് പൈസയും സമാധാനവും ആയി ഒരു ബന്ധവുമില്ല എന്നു പറയുന്നത്..!"

"ഇത്ര വലിയ വീട് കെട്ടി നാട്ടുകാരെ കാണിച്ചിട്ട് എന്താ കാര്യം. സമാധാനം ആയി ഒരു മാസം ജീവിച്ചോ അതിനകത്ത്?"

"ഇവിടെ കൂലി പണിക്ക് പോകുന്ന മനുഷ്യർ പട്ടിണി കിടക്കുന്നു. അപ്പോഴാ അവന്റെ ഒക്കെ ബിസിനസ്. ഇതിനൊക്കെ ചാകാൻ നിന്നാൽ ഞങ്ങൾ ഒക്കെ എത്ര ചാകണം?"

"ജീവിതത്തിൽ സുഖവും വിജയവും മാത്രം അറിഞ്ഞു മക്കളെ വളർത്തുന്ന അമ്മമാർ ജോയ് അറയ്ക്കലിന്റെ കഥ ഓർക്കണം. ഒരു ചെറിയ തോൽവിയിൽ പോലും തകർന്നു പോകുന്ന ഇതുപോലെയുള്ള മനുഷ്യർക്ക് ജീവിതം എന്താണ് എന്നറിയില്ല."

"ഇത് ആത്മഹത്യ ഒന്നുമല്ല. കൂടെ നിന്നവർ ചതിച്ചുകാണും. വീട്ടുകാരെ പിടിച്ചു വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ തെളിയും ആത്മഹത്യ ആണോ കൊലപാതകം ആണോ എന്ന്?"

ജോയ് അറയ്ക്കലിന്റെ വീഡിയോകൾ, വീടിന്റെ വാർത്തകൾ, ആത്മഹത്യ - കൊലപാതക ഭാവനാ വാർത്തകൾ ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്. നമ്മുക്ക് ലോക്ക് ഡൗൺ കാലത്ത് ചികഞ്ഞു സന്തോഷിക്കാൻ ഇടം തരുന്ന ഒരു മരണം. അത് എല്ലായിടത്തും നിറഞ്ഞോടുന്നു. ആഘോഷിക്കപ്പെടുന്നു.

ജോയ് അറയ്ക്കലിന്റെ മരണം റിപ്പോർട്ട് ചെയ്ത യൂട്യൂബ്‌ വീഡിയോകളുടെ കീഴെ വന്ന കമന്റുകളുടെ പൊതുസ്വഭാവം ആദ്യം പറഞ്ഞതാണ്. മേൽ പറഞ്ഞതിലും കൂടിയ അളവിൽ പുച്ഛവും പരിഹാസവും മഞ്ഞ കണ്ണടയും ഉണ്ടെങ്കിലേ ഉള്ളു.

മരിച്ചു പോയ ഒരാളെ, അയാളുടെ ആത്മഹത്യയയെ, ആർക്കാണ് വിലയിരുത്താനും വിധി പറയാനും അധികാരം ഉള്ളത്?

അയാൾ തോറ്റുവെന്നും ജീവിതത്തിന്റെ പരാജയങ്ങളിൽ ഉലഞ്ഞു പോയവനാണെന്നും വിധി പറയാൻ നമ്മൾ ആരാണ്?

അയാളെ എന്നല്ല, ഭൂമിയിലെ ഏതൊരു മനുഷ്യനും മാർക്കിടാൻ, നമുക്ക് എന്തവകാശമാണുള്ളത്. അവർ നടന്ന വഴികൾ നമുക്കറിയില്ല. അവർക്കേറ്റ ക്ഷതങ്ങൾ നമുക്കെത്ര അപരിചിതം.

എന്നിട്ടും എന്നിട്ടും നമ്മൾ മുനകൂർപ്പിച്ച പെൻസിൽ കൊണ്ട് തല ചൊറിഞ്ഞു വിധി പറയുന്നു, 'അവനൊക്കെ എന്ത് തോൽവി ജീവിതമാണ്'. 'ഇതൊക്കെയാണോ ജീവിതം'. 

പറയ്, നമ്മൾ ആരാണ്, അപരിചിതനോ, പരിചിതനോ ആയ ഒരു മനുഷ്യനെ അളക്കാനും വിധിക്കാനും? അതിനു മാത്രം പോന്ന ഏത് സ്കെയിലാണ് നമുക്കുള്ളത്?

***

ജീവിതത്തിൽ ഏറ്റവും തുലച്ചു കളഞ്ഞ സിനിമകളിൽ ഒന്ന്, പത്തോ പതിനഞ്ചോ മിനിറ്റ് നീളമുള്ള 'പുറം കാഴ്ചകൾ' ആണ്. കേരള കഫേയിലെ ഒരു ചിത്രം. ലാൽ ജോസാണോ സംവിധാനം ചെയ്തത് എന്ന അമ്പരപ്പ് തോന്നുന്ന ചിത്രം. സി.വി ശ്രീരാമന്റെ കഥയുടെ കാഴ്ച്ച.

'ചുറ്റും വട്ടം വയ്ക്കാതെ ബസ് എടുക്കേടോ' എന്ന് ചായ കുടിക്കാൻ ഇറങ്ങിയ ഡ്രൈവറോടും കണ്ടക്ടറോടും ദേഷ്യപ്പെടുമ്പോൾ ആണ് നമ്മൾ അയാളെ ആദ്യം കാണുന്നത്. മമ്മൂട്ടിയാണ്. തൊട്ടാൽ ചിതറി പോകുന്ന മുഖം.

'സമുദ്ര നിരപ്പിൽ നിന്ന് ഈ സ്ഥലം എത്ര ഉയരമുണ്ട്' എന്ന്‌ വിശേഷം ചോദിക്കുന്ന സഹയാത്രികനോട് നീരസം കാണിക്കുന്ന, ഇടയ്ക്ക് കാരണം ഇല്ലാതെ ബസ് നിർത്തുമ്പോൾ അക്ഷമനാകുന്ന, 'വെള്ളച്ചാട്ടം കാണാൻ വണ്ടി ഒന്നു നിർത്തി തരണം' എന്നു കണ്ടക്ടറോട് ആവശ്യപ്പെടുന്ന കോളേജ് കുട്ടികളോട് ക്ഷുഭിതനാകുന്ന ഒരാൾ. അടിമുടി തീപിടിച്ച ഒരാൾ.

'ഇവനൊക്കെ ഏത് കാട്ടിൽ നിന്ന് വരുന്നു' എന്നാണ് കണ്ടക്ടർ അയാളെ നോക്കി പിറുപിറുക്കുന്നത്.

'ഡാഡി മമ്മി വീട്ടിൽ ഇല്ല' എന്നു കോളേജ് കുട്ടികൾ പാട്ട് പാടി നൃത്തം ചെയ്യുമ്പോൾ എല്ലാവരും കൂടെ കൂടുന്നു. താളം വയ്ക്കുന്നു. അപ്പോഴും അയാൾ മാത്രം അസ്വസ്ഥനാകുന്നു. അയാൾ പാട്ട് നിർത്താൻ ബഹളം വയ്ക്കുന്നു. ബസിലെ മുഴുവൻ മനുഷ്യരും അയാളെ വെറുപ്പോടെ നോക്കുന്ന, എത്ര നിമിഷങ്ങൾ...

'വളവിൽ വണ്ടി നിർത്തണം 'എന്നയാൾ ആവശ്യപ്പെടുമ്പോഴാണ് ആദ്യം ആയി അയാളുടെ ശബ്ദം ഉടഞ്ഞിട്ടുണ്ടല്ലോ എന്നു നമുക്ക് പിടി കിട്ടുന്നത്.

'ഇവിടെ സ്റ്റോപ്പില്ല 'എന്നു മുഖം തിരിക്കുന്ന കണ്ടക്ടറോട് വണ്ടി നിർത്താൻ അലറി, അയാൾ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങുമ്പോൾ മാത്രമാണ് വളവിലെ വീടും വീട്ടിലെ ആൾക്കൂട്ടവും ബസിലെ മനുഷ്യർ കാണുന്നത്. അയാൾ വീട്ടിലേക്ക് ചെന്നുകയറുമ്പോൾ ആൾക്കൂട്ടം മുറുകുന്നു. കരച്ചിൽ ഉച്ചത്തിലാകുന്നു. അയാളെ കാത്തിരുന്ന മരണവീടാണ് അത് എന്ന് അന്നേരം ബസിലെ മുഴുവൻ കാഴ്ചക്കാർക്കും ബോധോദയമുണ്ടാകുന്നു.

വീട്ടിലേക്ക് എത്തുന്ന ജീപ്പിൽ ഒരു കുഞ്ഞിന്റെ മൃതദ്ദേഹം കൊണ്ടു പോകാനുള്ള അളവിൽ നിർമിച്ച ശവപ്പെട്ടി. മരിച്ചത് അയാളുടെ മകൻ. അല്ലെങ്കിൽ മകൾ.

ബസിൽ നിന്ന് ജനാലയിലൂടെ മുഖം എത്തിച്ചു നോക്കുന്ന കണ്ടമാനം മനുഷ്യർ. ഡാഡി മമ്മി പാടിയവർ. സ്വന്തം കുഞ്ഞിന്റെ ശവം അടക്കത്തിന് വീട്ടിലേക്ക് വരുന്ന അച്ഛനോട് 'ഡാമിൽ എത്ര വെള്ളം കാണും' എന്നു നാട്ടുവിശേഷം തിരക്കിയവർ. അയാളുടെ നിശ്ശബ്ദതയ്ക്ക് മേലെ, പാട്ട് പാടി നൃത്തം ചവിട്ടിയവർ.

ഭൂമിയിലെ മുഴുവൻ പുറം കാഴ്ചകളും ആ വളവിൽ അവസാനിക്കുന്നു. കാഴ്ചക്കാർ തോറ്റ് തുന്നം പാടുന്നു...

***

പുറം കാഴ്ചക്കാർക്ക് മനുഷ്യരെ വിധിക്കാൻ എന്തർഹത? മാർക്കിടാനും വിധി എഴുതാനും നാമാര്? ആരറിയുന്നു അവരുടെ അകം കാഴ്ചകൾ. അവരുടെ മുറിവും മൗനവും.

ഈ ജീവിതത്തിൽ ഒരു മനുഷ്യന് വേറെ ഒരു മനുഷ്യനോട് ചെയ്യാൻ ഒക്കുന്ന ഏറ്റവും നല്ല കാര്യം അയാളെ വിധിക്കാതെ ഇരിക്കുക എന്നതല്ലാതെ എന്ത് ?

ഇടയ്ക്ക് ഇടയ്ക്ക് who are you to judge ? എന്ന് സ്വയം ചോദിക്കുന്നതിനെക്കാൾ വലിയ ആത്മബോധം മറ്റെന്തുണ്ട്?

***

ജോയി അറയ്ക്കൽ നമ്മുക്ക് മുന്നിൽ പാസ്സ് മാർക്ക് വാങ്ങാതെ തോറ്റു. അയാളെ തോൽപിച്ച നമ്മൾ അതിനും എത്രയോ മുൻപേ തോറ്റിട്ടുണ്ടാകും. പക്ഷേ, നമുക്കത് മനസ്സിലാകാൻ ഇനിയും എത്ര വളവ് തിരിയണം? എത്ര പുറം (വെറും) കാഴ്‌ചകളിൽ അഭിരമിക്കണം?
 

click me!