Opinion: ക്ഷീണിതനായ ശ്രീനിവാസന്റെ ആശുപത്രി ചിത്രം പുറത്തുവന്നതെങ്ങനെ?

By C AnoopFirst Published May 9, 2022, 5:14 PM IST
Highlights

ആ ഫോട്ടോയ്ക്ക് പിന്നില്‍. അത്ര നിഷ്‌കളങ്കമല്ല രോഗിയറിയാതെ ആ ഫോട്ടോ പുറത്തുവന്നത് ! സി അനുപ് എഴുതുന്നു

ഈ ചിത്രം ചില ഗൗരവമുള്ള  ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ആരാണ് ആ ഫോട്ടോ എടുത്തത് ? എന്തിനു വേണ്ടിയാണ് ആ ഫോട്ടോ വേട്ടമൃഗസമാനമായ മനസ്സുള്ള പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത്? അതത്ര നിഷ്‌കളങ്കമായ പ്രവൃത്തിയായിരുന്നെന്ന് കരുതാനാകുമോ അത്?

 

 

'ഒരു ചായ ചോദിച്ചിട്ട് നാലുദിവസമായി. ഒരു മാസത്തിനുള്ളില്‍ അത് കിട്ടുമോ സിസ്റ്ററേ'- ചലച്ചിത്രകാരനായ ശ്രീനിവാസന്‍ എറണാകുളം അമൃത ആശുപത്രിയിലെ നഴ്‌സിനെഴുതിക്കൊടുത്ത ഒരു കുറിപ്പിലെ വരികളാണ് ഇത്. ഹ്യൂമറസായ ഈ ടിപ്പിക്കല്‍ ശ്രീനിവാസന്‍ പ്രതികരണം അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നതിന്റെ നല്ല തെളിവാണ്. 

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍-എന്നീ നിലകളില്‍ ശ്രീനിവാസന് ഒരു മുഖവുരയുടെ ആവശ്യമില്ല.  സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളും പരസ്യമാണ്. 

ബൈപ്പാസ് സര്‍ജറിക്കുശേഷം ശ്രീനിവാസന്‍ പൂര്‍ണ്ണ ആരോഗ്യവാനായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ്  അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പുറത്തുവന്നത്. ചിത്രത്തില്‍ ക്ഷീണിതനായ ശ്രീനിവാസനും അരികെ ഭാര്യയും. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

ഈ ചിത്രം ചില ഗൗരവമുള്ള  ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

ആരാണ് ആ ഫോട്ടോ എടുത്തത് ? എന്തിനു വേണ്ടിയാണ് ആ ഫോട്ടോ വേട്ടമൃഗസമാനമായ മനസ്സുള്ള പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത്?

അതത്ര നിഷ്‌കളങ്കമായ പ്രവൃത്തിയായിരുന്നെന്ന് കരുതാനാകുമോ അത്?

ഇല്ല എന്നു വേണം കരുതാന്‍. എന്നു മാത്രമല്ല ആ ഫോട്ടോയ്ക്ക് പിന്നില്‍ ചില ഗൂഢനീക്കങ്ങള്‍ നടന്നിട്ടുണ്ടോ എന്നും സംശയിക്കണം.

ശ്രീനിവാസന്‍ പലപ്പോഴും പറഞ്ഞത് പ്രകൃതിയുമായി ഇണങ്ങി ജീവിക്കണമെന്നാണ്. അത് എങ്ങനെ സാധ്യമാകുമെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചു തരുകയും ചെയ്തു. എറണാകുളത്ത് വീടിന്റെ ചുറ്റുവട്ടത്ത് നെല്ലും പച്ചക്കറിയും മറ്റും കൃഷി ചെയ്ത് വിളവെടുത്തു. ഒപ്പം കുടുംബത്തെയും കൂട്ടി. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ അതിന് വലിയ പ്രാധാന്യവും നല്‍കി. അപ്പോഴൊക്കെ വിഷരഹിതമായ ഒരു ജീവിതക്രമത്തിലൂടെ ആരോഗ്യം നിലനിര്‍ത്താമെന്നും മരുന്നുകളെയും അവയുടെ പാര്‍ശ്വഫലങ്ങളെയും അതിന്റെ ഭീഷണിയെയും പടിക്കു പുറത്തു നിര്‍ത്താമെന്നും അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. ഇത് പല സന്ദര്‍ഭങ്ങളിലും പല വിവാദങ്ങള്‍ക്കും കാരണമായി. പലരും എതിര്‍ത്ത് രംഗത്ത് വന്നു. ശാസ്ത്ര വിശദീകരണത്തിലൂടെ നടക്കുന്ന ആധുനിക ചികിത്സാ രീതിക്കു പിന്നിലെ സാമ്പത്തിക ലക്ഷ്യവും ലാഭക്കണ്ണുമാണ് പലപ്പോഴും ശ്രീനിവാസനിലൂടെ ചോദ്യം ചെയ്യപ്പെട്ടത്. അല്ലാതെ ആധുനിക ചികിത്സാ രീതികളെയും കണ്ടുപിടുത്തങ്ങളെയോ അതിനു പിന്നിലെ ശാസ്ത്രയുക്തിയെയോ അദ്ദേഹം ചോദ്യം ചെയ്തില്ല. അങ്ങനെ ചിലര്‍ തെറ്റിദ്ധരിക്കുകയായിരുന്നു.

രോഗം ആരുടേയും തെറ്റല്ല. അത് ഓരോ ശരീരത്തിലും ഓരോ രീതിയില്‍ സംഭവിക്കുന്നു എന്നു മാത്രം. ചില ആരോഗ്യപ്രശ്‌നങ്ങള്‍ മറ്റു പലരേയും പോലെ ശ്രീനിവാസനെയും അലട്ടാന്‍ തുടങ്ങി. അതിന് പലതരത്തില്‍ അദ്ദേഹം ചികിത്സ തേടുകയും ചെയ്തു. അതില്‍ മോഡേണ്‍ മെഡിസിനും ആയൂര്‍വേദവും, ഹോമിയോയുമൊക്കെ ഉണ്ടാകാം. അവയ്‌ക്കൊക്കെ അതതു രീതിയില്‍ ഫലം കണ്ട അനുഭവങ്ങളുമുണ്ട്. നമ്മില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഏതെങ്കിലും ഒന്നു മാത്രമാണ് ശരിയെന്ന് ആര്‍ക്കും ശഠിക്കാനാവില്ല.

ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാകാന്‍ ഒരു വ്യക്തിക്ക് കഴിയണമെങ്കില്‍ അതിന് ചില മാനദണ്ഡങ്ങള്‍ നിലവിലുണ്ട്. അത് ഒത്തുവന്നപ്പോഴാണ് ശ്രീനിവാസന്‍ അങ്കമാലി അപ്പോളോ ആശുപതിയില്‍ എത്തിയത്. അവിടെയുള്ള ഡോക്ടര്‍ വിശദമായ പരിശോധനകള്‍ നടത്തി. ശസ്ത്രക്രിയ നിശ്ചയിച്ചു. അതൊക്കെ തന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമാണെന്ന് ബോധ്യമുള്ളതു കൊണ്ടാണ് ശ്രീനിവാസന്‍ അതിന് തയ്യാറായത്.

ഏതൊരു ഗൗരവമുള്ള ചികിത്സയ്ക്കും മുമ്പ് പല ഡോക്ടര്‍മാരുമായി വിവേകമുള്ളവര്‍ സംസാരിക്കും. അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണ്. അല്ലാതെ ഒരു  ഡോക്ടറോ ആശുപത്രിയോ നിര്‍ദ്ദേശിക്കുന്ന ചികിത്സാ വഴിയില്‍ സത്വരം സഞ്ചരിക്കുന്നവര്‍ കുറവാണ്. ഇവിടെയാണ് കുടുംബ ഡോക്ടര്‍ എന്ന സങ്കല്‍പത്തിന്റെ പ്രസക്തി. 

ശ്രീനിവാസന്‍ മാനസികമായും ശാരീരികമായും തയ്യാറെടുത്തതിനും ഒരുങ്ങിയതിനും ശേഷമാണ് അങ്കമാലിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. അവിടെ തൊട്ടുത്ത ദിവസങ്ങളിലൊന്നില്‍ ബൈപ്പാസ് സര്‍ജറി നടന്നു. തുടര്‍ന്നുണ്ടായ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതായി വന്നു. അതിനിടയിലാണ് ആ ഫോട്ടോ പുറത്തുവന്നത്. 

അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു ഡോക്ടറാണെന്ന സൂചന കൂടുതല്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നു. അത് നമ്മുടെ ചികിത്സാ രംഗത്തെ നൈതികതയെക്കുറിച്ചും ലാഭശൃംഖലയുടെ ഭീഷണ രൂപത്തെക്കുറിച്ചുമാണ് ചിന്തിപ്പിക്കുന്നത്. അതാണ് നാം അന്വേഷിക്കേണ്ടതും ജാഗ്രത പാലിക്കേണ്ടതുമായ കാര്യങ്ങള്‍. അങ്ങനെ അന്വേഷണം മുന്നോട്ടുപോയാല്‍ അവ ചില പുതിയ വാതിലുകള്‍ നമുക്ക് മുന്നില്‍ തുറന്നിടും. 

 

 

ഇത് അധാര്‍മികമായ നടപടി: ഡോ. ജെ പ്രഭാഷ്

ശ്രീനിവാസന്റെ ഫോട്ടോ ചികില്‍സയ്ക്കിടെ പുറത്തുവന്നത് അധാര്‍മികമാണെന്ന് കേരള സര്‍വകാലാശാലാ മുന്‍ പ്രോ വൈസ് ചാന്‍സലറും പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റ് മുന്‍ തലവനുമായ ഡോ. ജെ പ്രഭാഷ് പറയുന്നു. 

അദ്ദേഹത്തിന്റെ വാക്കുകള്‍: 

ഇങ്ങനെ ഒരു ഫോട്ടോ എടുക്കാനോ പുറത്തുവിടാനോ പാടില്ലായിരുന്നു. ശ്രീനിവാസനോട് ചെയ്ത വലിയ തെറ്റാണ് അത്. അത് ഡോക്ടറാണ് ചെയ്തതെങ്കില്‍ അത് രോഗലക്ഷണമാണ്. വിശ്വസനീയമായ മാധ്യമ പ്രവര്‍ത്തനം നടത്താനാണ് മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ആ റോള്‍ പൗരന്മാര്‍ ഏറ്റെടുക്കരുത്. സിറ്റിസണ്‍ ജേണലിസമൊക്കെ പലപ്പോഴും അബദ്ധമായി മാറും. ശ്രീനിവാസന്റെ ഫോട്ടോ നമ്മുടെ മുഖ്യധാരാമാധ്യമങ്ങളൊന്നും കാര്യമായി കാണിച്ചില്ല. കാരണം സ്വകാര്യതയ്ക്ക് അത്ര പ്രാധാന്യം മാധ്യമങ്ങള്‍ നല്‍കുന്നതു കൊണ്ടാണത്. ഇതു പോലുള്ള നൈതികതയില്ലാത്ത പ്രവൃത്തിക്ക് തക്ക ശിക്ഷയാണ് നല്‍കണ്ടത്. 

click me!