Opinion: കുളച്ചല്‍ യുദ്ധം, മാര്‍ത്താണ്ഡവര്‍മ്മ, ദേവസഹായം പിള്ള, ചോര വീണ നാഞ്ചിനാടിന്റെ കഥകള്‍!

By Biju SFirst Published May 23, 2022, 4:24 PM IST
Highlights

മൂന്ന് നൂറ്റാണ്ടു മുമ്പ് അവിടെയാണ്  കരുത്തരായ യൂറോപ്യന്‍ സേന ദക്ഷിണേഷ്യയില്‍ ആദ്യമായി   അടിയറവ് പറയുന്നത്. അന്ന് കേരളമോ, തിരുവിതാംകൂറോ പോലും ഐക്യരൂപം  കൈവരിച്ചിരുന്നില്ല. അത്തരമൊരു അവസ്ഥയിലാണ്, വേണാടെന്ന തെക്കന്‍ നാട്ടിലെ ഒരു നാടുവാഴി, വെടി മരുന്നും തോക്കും പടക്കപ്പലുകളുമടക്കമുള്ള ഒരാധുനിക യൂറോപ്യന്‍ സേനയോട് ഏറ്റുമുട്ടാന്‍, അസാമാന്യ ചങ്കൂറ്റം കാണിക്കുന്നത്

ഓഗസ്റ്റ് ഏഴിന് ഡച്ച് സേനയുടെ പടക്കോപ്പുകള്‍ സുക്ഷിച്ചിരുന്ന ശേഖരണശാല തിരുവിതാംകൂര്‍ സേന ഗുണ്ടിട്ടു കത്തിച്ചു.  ക്യാപ്റ്റന്‍ ഡിലനോയ്ക്ക് കീഴടങ്ങുകയേ പിന്നെ  നിര്‍വാഹമുണ്ടായിരുന്നുള്ളു.  ഓഗസ്റ്റ് 10-ന് കീഴടങ്ങിയ സംഘത്തിലുണ്ടായിരുന്ന പ്രാദേശിക ക്രിസ്ത്യാനി സൈനികരെയും ഡച്ചു സംഘത്തെയും മാര്‍ത്താണ്ഡ വര്‍മ്മ പുലിയൂര്‍ക്കുറിച്ചിയിലെ ഉദയഗിരി കോട്ടയില്‍ തടവില്‍ പാര്‍പ്പിച്ചു. ക്രമേണ ഡിലനോയ് അടക്കം  അവരില്‍ ഭുരിഭാഗവും തിരുവിതാംകൂര്‍ സേനയില്‍ ചേര്‍ന്നത് ചരിത്രം.

 

 

കുഞ്ഞായിരിക്കുമ്പോള്‍ അമ്മാമ്മയുടെ വീട്ടിലായിരുന്നു അവധിക്കാലം. അന്നത്തെ മുടങ്ങാത്ത കര്‍മ്മമാണ് മണ്ടക്കാട് കോവില്‍ യാത്ര. അവിടെ ദേവീ പൂജ എളുപ്പത്തില്‍ കഴിയും. ഉദര പൂജയാണ് പ്രധാനം. കോവിലിനടുത്ത് കടലാണ്. അവിടെ വന്നിടക്കുന്ന ചെറിയ കട്ടമരങ്ങളില്‍ പെടക്കണ മീനുകള്‍ സുലഭം. എനിക്കിഷ്ടം മഞ്ഞപ്പാരയും ചെമ്പല്ലിയുമാണ്. അമ്പല പരിസരത്തെ പറമ്പുകളില്‍ തന്നെ വെള്ളച്ചോറും തിളക്കുന്ന മീന്‍ വിഭവങ്ങളുമായി കുശാലായ ഊണ്. അത് മണ്ടക്കാട്ടെ മാത്രം സവിശേഷതയാണ്.

ഇന്ത്യയുടെ തെക്കേ മുനമ്പിലുള്ള കടലോര ഗ്രാമമായ കുളച്ചലിലാണ് മണ്ടക്കാട്. മല്‍സ്യതൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ആ കടപ്പുറത്ത് എപ്പോഴും ശക്തമായ തിരയടിക്കും. തീരത്തുള്ള പാറക്കൂട്ടങ്ങളില്‍ അവ ആഞ്ഞടിച്ച് ശക്തമായി ചിന്നിചിതറും.

 


ഡച്ചുകാരുടെ കീഴടങ്ങല്‍. ചിത്രകാരന്റെ ഭാവനയില്‍
 

കുളച്ചലിലെ പോര്‍മുഖം 

മൂന്ന് നൂറ്റാണ്ടു മുമ്പ് അവിടെയാണ്  കരുത്തരായ യൂറോപ്യന്‍ സേന ദക്ഷിണേഷ്യയില്‍ ആദ്യമായി   അടിയറവ് പറയുന്നത്. അന്ന് ഇന്ത്യ എന്ന രാജ്യ സങ്കല്‍പ്പം തന്നെ അമൂര്‍ത്തമായിരുന്നു. എന്തിന് കേരളമോ, തിരുവിതാംകൂറോ പോലും ഐക്യരൂപം  കൈവരിച്ചിരുന്നില്ല. അത്തരമൊരു അവസ്ഥയിലാണ്, വേണാടെന്ന തെക്കന്‍ നാട്ടിലെ ഒരു നാടുവാഴി, വെടി മരുന്നും തോക്കും പടക്കപ്പലുകളുമടക്കമുള്ള ഒരാധുനിക യൂറോപ്യന്‍ സേനയോട് ഏറ്റുമുട്ടാന്‍, അസാമാന്യ ചങ്കൂറ്റം കാണിക്കുന്നത്; അതും പാളയത്തിലെ പടയും, ചുറ്റുമുള്ള ദേശങ്ങളിലെ ഒറ്റുകാരെയും നേരിട്ടു കൊണ്ട്. മാര്‍ത്താണ്ഡ വര്‍മ്മയെന്ന ആധുനിക തിരുവിതാംകൂറിന്റെ ശില്‍പ്പിയായിരുന്നു അന്ന് ആ ചങ്കുറപ്പ് കാട്ടിയത്. 

1741, മേയ് മാസം 27. തിരുവട്ടാര്‍  ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെത്തി ഭഗവാന് മുന്നില്‍ തന്റെ പടവാള്‍ വച്ച് സാഷ്ടാംഗം പ്രണമിച്ചു രാമയ്യന്‍ ദളവ. രണ്ടായിരത്തോളം വരുന്ന  കരുത്തരായ നായര്‍ പടയെയും നയിച്ച് അകലെയല്ലാത്ത കുളച്ചലിലേക്ക് യുദ്ധം  നയിക്കാന്‍ പുറപ്പെടും മുന്‍പ് ഏകാഗ്ര ചിത്തനായി ആ വലിയ പടത്തലവന്‍. ചുറ്റുമുള്ള ഗ്രാമങ്ങളെയാകെ കീഴ്‌പ്പെടുത്തി രാജ്യ തലസ്ഥാനമായ പദ്മനാഭപുരം കീഴടക്കാന്‍ ഒരുങ്ങി കല്‍ക്കുളത്തിന്റെ പടിവാതുക്കല്‍  നില്‍ക്കുകയാണ് ഡച്ച് സേന. അസ്വസ്ഥനെങ്കിലും  സമചിത്തതയും ആത്മധൈര്യവും കൈ വിടാതെ മാര്‍ത്താണ്ഡ വര്‍മ്മ. 

അദ്ദേഹത്തിനിത് ജീവന്‍ മരണ പോരാട്ടമാണ്. കാരണമുണ്ട്. രണ്ട് വര്‍ഷം മുന്‍പ്, തന്നെ വിരട്ടാനെത്തിയ   അന്നത്തെ സിലോണിലെ ഡച്ച് ഗവര്‍ണ്ണര്‍ ഗുസ്താഫ് വില്യം ഇംഹോവിനെ ഞെട്ടിച്ചു കൊണ്ട് മാര്‍ത്താണ്ഡ വര്‍മ്മ പറഞ്ഞത് താന്‍ യൂറോപ്പ് ആക്രമിക്കാന്‍ ഒരുങ്ങുകയാണെന്നാണ്.  കുരുമുളക് അടക്കം മലബാര്‍ തീരത്തെ  സമ്പന്നമായ സുഗന്ധ ദ്രവ്യങ്ങള്‍ കരസ്ഥമാക്കാനാണ് ഡച്ച്യുകാരും പറങ്കികളും, ബ്രിട്ടീഷുകാരുമെല്ലാം  കപ്പലേറി വന്നത്. അതിന് കാര്യമായ വെല്ലുവിളിയുര്‍ത്തിയ ആദ്യ നാടു വാഴിയാണ് മാര്‍ത്താണ്ഡ വര്‍മ്മ. അന്നേ ഡച്ച് ഗവര്‍ണ്ണറുടെ കണ്ണിലെ കരടായി. 

അടുത്ത വര്‍ഷം തിരുവിതാംകൂറിനെതിരെ ഡച്ചുകാര്‍ യുദ്ധം പ്രഖ്യാപിച്ചു. സിലോണില്‍ നിന്ന് ക്യാപ്റ്റന്‍ ജോഹന്നാസിന്റെ കീഴില്‍ വന്ന ഡച്ച് സേന ആധുനിക ആയുധങ്ങളുടെയും യുദ്ധതന്ത്രങ്ങളുടെ പിന്‍ബലത്താല്‍ തിരുവിതാംകൂറില്‍ ആദ്യ വിജയം നേടി. കൊല്ലത്ത്  നിലയുറപ്പിച്ച നമ്മുടെ സേനക്ക് പിന്‍മാറേണ്ടി വന്നു. അന്ന് അഞ്ചു തെങ്ങ് കോട്ടയിലുണ്ടായിരുന്ന ബ്രിട്ടീഷ് സേനയുടെയും പരോക്ഷ പിന്തുണ ഡച്ചുകാര്‍ക്കുണ്ടായിരുന്നതായി കരുതണം.

കന്യാകുമാരിയില്‍ നിന്ന് തിരുനെല്‍വേലി ഭാഗത്തേക്ക് പോയവര്‍ കണ്ടിരിക്കാം, കരിമ്പന പട്ടകള്‍ക്കൊപ്പം    കാറ്റാടി യന്ത്രങ്ങളുടെ പങ്കകളും കാറ്റു പിടിച്ചാടുന്നത്. ഈ ദേശമാണ് അരുള്‍ വായ് മൊഴി. കാറ്റിന്റെ സംസാര ഭാഷ എന്നാണീ പേരിന്റെ അര്‍ത്ഥം. 

ഈ വഴിക്കുള്ള  പാണ്ടിപ്പടയുടെ വരവ് എന്നും തിരുവിതാംകൂറിന് വെല്ലുവിളിയായിരുന്നു. അപ്പോഴത് ചന്ദാ സാഹിബെന്ന ആര്‍ക്കോട്ട് മുഗള്‍ നവാബിന്റെ രൂപത്തിലാണെത്തിയത്. നാടിന്റെ ഇരു വശത്തും ആക്രമണം. ഇതോടെ തിരുവിതാംകൂര്‍ ചക്രവ്യൂഹത്തിലായി. ഇത് ഡച്ചുകാര്‍ക്ക് വീണ്ടും വിജയങ്ങള്‍ സമ്മാനിച്ചു. ആത്മവിശ്വാസം വര്‍ദ്ധിച്ച ഡച്ചുകാര്‍ വലിയ പടക്കപ്പലുകളില്‍ കൂടുതല്‍ സൈനികരെയെത്തിച്ചു. ഒപ്പം നാട്ടുകാരായ കൂലിപ്പട്ടാളവും. നവംബര്‍ അവസാനത്തോടെ കുളച്ചലില്‍ തമ്പടിച്ച് കോട്ടകെട്ടിയ ഡച്ച് സേന  തോങ്ങാപട്ടണം, കടിയപട്ടണം, മിടാലം തുടങ്ങി പഴയ വേണാടിന്റെ പ്രധാന പട്ടണമായ ഇരണിയലില്‍ വരെ അധീശ്വത്വം ഉറപ്പിച്ചു. വാന്‍ ഗോലനസിന്റെ നേതൃത്വത്തില്‍ ഡച്ച് പട ഇംഗ്ലീഷ് കപ്പലുകള്‍ ഒഴികെ തിരുവിതാംകൂറില്‍ വ്യാപാരത്തിനെത്തുന്ന എല്ലാ യാനങ്ങളെയും തടഞ്ഞു. ഉപരോധത്തിലൂടെ  സാമ്പത്തികമായി തിരുവിതാംകൂറിനെ  തകര്‍ക്കലായിരുന്നു ലക്ഷ്യം.  

1741 ജനുവരിയോടെ കൂടുതല്‍ ഡച്ച് കപ്പലുകള്‍ സൈനികരും  പടക്കോപ്പുകളുമായി എത്തി തുടങ്ങി. ഇവിടത്തെ പ്രക്ഷുബദ്ധമായ കടലിനെ കളിതൊട്ടിലാക്കിയ മല്‍സ്യത്തൊഴിലാളികളുടെ കൂടി കരുത്ത്  ഉപയോഗിച്ച്, ഡച്ചുകാരെ പ്രതിരോധിക്കാനായിരുന്നു തിരുവിതാംകൂര്‍ ശ്രമിച്ചത്. എന്നാല്‍ മുന്തിയ ആയുധങ്ങളുടെ കൂടി പിന്‍ബലമുള്ള ഡച്ചുകാര്‍ അവിടെയും മുന്നേറി. കോട്ടാര്‍ വരെയുള്ള പ്രദേശം കീഴടക്കാനായി അവര്‍ പദ്ധതിയിട്ടു. ആളും, അര്‍ത്ഥവും നഷ്ടപ്പെട്ടുവെങ്കിലും.  

മാര്‍ത്താണ്ഡവര്‍മ്മയും രാമയ്യന്‍ ദളവയും തളര്‍ന്നില്ല.  തന്ത്രങ്ങളുമായി അണിയറയില്‍  അവര്‍ ഒരുങ്ങി.  കിട്ടാവുന്ന ആയുധങ്ങളും, ചിട്ടയായ പരിശീലനവും, സമഗ്രമായ ഉപനേതൃത്വവുമായി നായര്‍ പടയെ അവര്‍ സമാഹരിച്ചു.  എല്ലാ ശക്തിയും സമാഹരിച്ച് കരയില്‍ മാത്രമല്ല കടലിലും തിരുവിതാംകൂര്‍ സേന ഡച്ചുകാരെ ആക്രമിച്ചു തുടങ്ങി. നായര്‍ പടയാളികള്‍ക്ക്  പുറമേ മാടമ്പി സംഘങ്ങളും മല്‍സ്യ തൊഴിലാളികളും ഒക്കെ പങ്കിട്ട ചെറു തോണികളുടെ മിന്നലാക്രമണം ഡച്ചുകാര്‍ക്ക് കടലില്‍ അപ്രതീക്ഷിത വെല്ലുവിളിയായി. 

An Army Marches on its stomach എന്നാണ് പറയാറ്. ഡച്ചുകാരുടെ ഭക്ഷണവും, ആയുധങ്ങളും എങ്ങനെ തടയാമെന്ന തിരുവിതാംകൂറിന്റെ തന്ത്രം വിജയിച്ചു തുടങ്ങി. പങ്കായം തോളിലേറ്റി നിന്ന മല്‍സ്യ തൊഴിലാളികളെ  കണ്ട ഡച്ച്  സേനക്ക് തോന്നിയത്  തോക്കേന്തിയ ഭടന്‍മാരെന്നാണ്. വില്ലുവണ്ടിയില്‍ പനവെട്ടി വച്ച് ഗുണ്ടു പൊട്ടിച്ച് തിരുവിതാംകൂര്‍ സേന പീരങ്കിയുടെ ഭ്രമാത്മകത സൃഷ്ടിച്ചതായും  കഥകളുണ്ട്. എല്ലാ യുദ്ധത്തിലും സത്യമാണ് ആദ്യം തമസ്‌കരിക്കപ്പെടാറ്. അതിനാല്‍ ഈ മിത്തുകള്‍ ചരിത്രമാകണമെന്നില്ല. 

അതെന്തായാലും ഡച്ചുകാര്‍ക്ക് തിരിച്ചടി നേരിട്ടു എന്നത് വാസ്തവം. സിലോണിനു പുറമേ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആസ്ഥാനമായ ഇന്‍ഡോനേഷ്യയിലെ ബട്ടാവയില്‍ നിന്നും സേനയെ എത്തിക്കാനായിരുന്നു അവരുടെ  ലക്ഷ്യം . എന്നാല്‍ ജാവയില്‍ സംഘര്‍ഷം ഉണ്ടായതോടെ ആ പദ്ധതി പാളി. 150 വിദേശ സൈനികരും പിന്നെ നാട്ടിലെ 250 കൂലി പടയാളികളുമായി ഡച്ച് സേന  കുളച്ചലില്‍ ചുരുങ്ങി. തിരുവിതാംകൂറിനാകട്ടെ അക്കാലത്ത് 12,000 മുതല്‍ 15,000 വരെയുള്ള പടയുണ്ട്. അതില്‍ രണ്ടായിരത്തോളം പേരെ നയിച്ചാണ് രാമയ്യന്‍ ദളവ കുളച്ചലില്‍ എത്തിയത്. എന്നിട്ടും നമുക്ക് ആള്‍നാശവും വസ്തുനാശവും ഉണ്ടായി. എന്നാല്‍ മാര്‍ത്താണ്ഡ വര്‍മ്മ പിന്‍മാറിയില്ല. ഇതിനിടെ കാലവര്‍ഷം എത്തിയതും വൈദേശിക സേനക്ക് വെല്ലുവിളിയായി. വെടിമരുന്ന് നനയാതെ സംരക്ഷിക്കല്‍ അവര്‍ക്ക് ബദ്ധപ്പാടായി.  ഡച്ച് കപ്പലുകളെ മുക്കുവരുടെ സഹായത്തോടെ അടുത്തു ചെന്ന് തുളയിട്ട്  കേടാക്കാനും തിരുവിതാംകൂര്‍ സേനക്കായി. ഇതിനൊപ്പം ഡച്ച് സേനയുടെ ധാന്യപ്പുര ഓഗസ്റ്റ് ആദ്യത്തോടെ വെടി മരുന്ന് പ്രയോഗിച്ച്  കത്തിച്ചതോടെ അവരുടെ അന്നം മുട്ടി. തീരത്ത് നിന്ന് നിരന്തര ആക്രമണം  തുടര്‍ന്നതോടെ ഡച്ച് കപ്പലുകള്‍ക്ക് കരയ്ക്ക് അടുക്കാനാനായില്ല. 

ഓഗസ്റ്റ് ഏഴിന് ഡച്ച് സേനയുടെ പടക്കോപ്പുകള്‍ സുക്ഷിച്ചിരുന്ന ശേഖരണശാല തിരുവിതാംകൂര്‍ സേന ഗുണ്ടിട്ടു കത്തിച്ചു.  ക്യാപ്റ്റന്‍ ഡിലനോയ്ക്ക് കീഴടങ്ങുകയേ പിന്നെ  നിര്‍വാഹമുണ്ടായിരുന്നുള്ളു.  ഓഗസ്റ്റ് 10-ന് കീഴടങ്ങിയ സംഘത്തിലുണ്ടായിരുന്ന പ്രാദേശിക ക്രിസ്ത്യാനി സൈനികരെയും ഡച്ചു സംഘത്തെയും മാര്‍ത്താണ്ഡ വര്‍മ്മ പുലിയൂര്‍ക്കുറിച്ചിയിലെ ഉദയഗിരി കോട്ടയില്‍ തടവില്‍ പാര്‍പ്പിച്ചു. ക്രമേണ ഡിലനോയ് അടക്കം  അവരില്‍ ഭുരിഭാഗവും തിരുവിതാംകൂര്‍ സേനയില്‍ ചേര്‍ന്നത് ചരിത്രം. കൈകരുത്തും മനക്കരുത്തുമായിരുന്നു തിരുവിതാകൂറിന്റെ കരുത്തരും ദേശഭക്തരുമായ പടയുടെ മുതല്‍ക്കൂട്ട്.  ഡിലനോയിയുടെ യൂറോപ്യന്‍ യുദ്ധവൈഭവം പ്രയോജനപ്പെടുത്തി അവരെ  പരിശീലിപ്പിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ തീരൂമാനിച്ചു. അങ്ങനെ കൊല്ലവംു, കായംകുളവും, തെക്കന്‍കൂറും കടന്ന്  കൊച്ചി രാജ്യത്തിലടക്കം  അധീശ്വത്വം  സ്ഥാപിക്കാന്‍ മാര്‍ത്തണ്ഡവര്‍മ്മക്കായി. ഡില്ലനോയുടെ സമര്‍പ്പണത്തിന് അംഗീകാരമായി അദ്ദേഹത്തെ വലിയ കപ്പിത്താനാക്കി. അദ്ദേഹത്തിനായി  ഉദയഗിരി കോട്ട വിട്ടുനല്‍കി.  അദ്ദേഹത്തിന്റെ ശവകുടീരം ഇന്നും അവിടെ  ഭദ്രമായിരിക്കുന്നു.  തുടര്‍പോരാട്ടങ്ങളില്‍ തിരുവിതാംകൂര്‍ നേടിയ വിജയം ഡച്ചുകാരെ ദുര്‍ബലരാക്കി. 

ഇതോടെ കുരുമുളക് അടക്കമുള്ള സുഗന്ധവ്യജ്ഞന വ്യാപാരം യൂറോപ്യന്‍മാരില്‍ നിന്ന് പിടിച്ചെടുക്കാന്‍ തിരുവിതാംകൂറിനായി. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വിലമതിക്കാനാകാത്ത   നിധിയടക്കം  തിരുവിതാംകൂറിന്റെ സമ്പത്തിന്റെയും പുരോഗതിയുടെയും അടിത്തറ പാകിയത് ഈ യുദ്ധ വിജയമാണ്.  ഡച്ചുകാരുടെ  ഇന്ത്യയിലെ  സാമ്രാജത്യ മോഹങ്ങള്‍ക്കും തിരശ്ശീല വീണു. ഭാവിയില്‍ ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാനായതും ഈ മുന്നൊരുക്കമായിരുന്നു. 

നാഞ്ചിനാടെന്ന ഈ പ്രദേശം സ്വാതന്ത്രാനന്തരം തമിഴ്‌നാടിന്റെ ഭാഗമായി. എന്നാലും  ഞാനടക്കം തെക്കന്‍ തിരുവിതാംകൂറുകാരില്‍ നല്ലൊരു പങ്ക് ആള്‍ക്കാര്‍ക്കും വൈകാരികമായി ഇഴയടുപ്പം നല്‍കുന്ന ഭുമിക കൂടിയാണ്. കുളച്ചലിനും ഇരണിയലിനും ഇടയിലുള്ള സ്ഥലങ്ങള്‍ എന്റെ ബാല്യകാല സ്മൃതികളാണ്. അമ്മയുടെ കുടുംബ വീടായ ആ ഇടങ്ങളെല്ലാം ഓരോ വേനലവധിയിലും ഞങ്ങളുടെ സഞ്ചാര പഥങ്ങളായിരുന്നു. 

 

ദേവസഹായം പിള്ള
 

വിശുദ്ധ ദേവസഹായം പിള്ളയുടെ ദേശം

അവിടന്ന് അകലയല്ല ഈയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച നട്ടാലം. കുളച്ചലിനും മാര്‍ത്താണ്ഡത്തിനും ഇടയിലുള്ള ഈ പ്രദേശത്താണ് എന്റെ അച്ഛന്റെ വീട്. ശിവാലയ ഓട്ടത്തിലെ അവസാന ക്ഷേത്രം നട്ടാലത്താണ്. ഈയിടെ ഭാരതത്തില്‍ നിന്നുള്ള ആദ്യ അല്‍മായ രക്തസാക്ഷി എന്ന പേരില്‍ മാര്‍പ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ദേവസഹായം പിള്ളയുടെ ജന്മസ്ഥലം നട്ടാലത്താണ്. അദ്ദേഹത്തിന്റെ ഭാര്യവീട് എന്റ അമ്മയുടെ വീടിനടുത്ത് മേക്കോട്ടെ ഇലന്തവിളയിലും. 

ക്രിസ്തുമതം സ്വീകരിക്കും മുന്‍പ് നീലകണ്ഠ പിള്ള കൊട്ടാരത്തിലെ കാര്യദര്‍ശിയായിരുന്നു. തിരുവിതാകൂര്‍ സേനയെ നവീകരിക്കാനായി ഡിലനേയിയെ ദൗത്യമേല്‍പ്പിക്കുമ്പോള്‍ സഹായിയായി മാര്‍ത്താണ്ഡവമ്മ നിയോഗിച്ചത് നീലകണ്ഠപിള്ളയെയായിരുന്നു. ഡിലോനോയില്‍ നിന്ന് ക്രിസ്തുവിനെ അറിഞ്ഞ നീലകണ്ഠപിള്ള  പിന്നീട് മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനിയായി ദേവസഹായം എന്നര്‍ത്ഥം വരുന്ന ലാസര്‍ എന്ന പേര് സ്വീകരിച്ചു. 

തുടര്‍ന്ന്, രാജ്യദ്രോഹ കുറ്റത്തിന് അദ്ദേഹം ജയിലിലായി. നാട് കടത്തപ്പെട്ട ദേവസഹായം പിള്ള പിന്നീട് അരുള്‍വായ്‌മൊഴിക്കടുത്ത കാറ്റാടി മലയില്‍ വച്ച് വെടിയേറ്റു മരിച്ചു. മതം മാറിയതിനാണ് പീഡിപ്പിക്കപ്പെട്ടതെന്ന് ക്രൈസ്തവ  സഭയും കൊട്ടാരം രഹസ്യം യൂറോപ്യന്‍മാര്‍ക്ക് കൈമാറിയതിനാണ്  പിള്ളയുടെ മേല്‍ രാജ്യ ദ്രോഹം കുറ്റം ചുമത്തപ്പെട്ടതെന്ന് തിരുവിതാംകൂര്‍ രാജവംശവും പറയുന്നു. തിരുവിതാംകൂറില്‍ അന്ന്  മതപരിവര്‍ത്തനം കുറ്റമായി കാണുന്ന അവസ്ഥയുണ്ടായിരുന്നില്ലെന്ന് ശ്രീധര മേനോന്‍ അടക്കം ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ത്താണ്ഡ വര്‍മ്മയാകട്ടെ യൂറോപ്യന്‍ കച്ചവടക്കാരെ നിയന്ത്രിക്കാനാകണം, സുറിയാനി ക്രിസ്ത്യാനികളെ പോത്സാഹിപ്പിച്ചതായും മതിലകം രേഖകളില്‍ കാണാം. കെട്ടുകഥകളാല്‍ മാറാല പിടിച്ചു കിടക്കുന്ന കാലമാണത്.  

 


പത്മനാഭസ്വാമി ക്ഷേത്രം
 

മറവിയിലായ മാര്‍ത്താണ്ഡ വര്‍മ്മ

തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡ വര്‍മ്മക്ക് വര്‍ത്തമാന കാലം നല്‍കുന്ന പരിഗണനയും ആദരവും എന്താണ്?

എട്ടുവീട്ടില്‍ പിള്ളമാരും നായര്‍ മാടമ്പിമാരും തന്നിഷ്ടം കാട്ടിയിരുന്ന ഒരു ദേശത്താണ് മാര്‍ത്താണ്ഡ വര്‍മ്മ അധികാരമേല്‍ക്കുന്നത്. പദ്മനാഭസ്വാമി  ക്ഷേത്രത്തില്‍ നിത്യനിദാന ചെലവുകള്‍ക്ക് പോലും വകയില്ലാത്ത കാലം. ഭൂരിപക്ഷവും ദരിദ്രര്‍. തന്നെ എതിര്‍ത്ത നാട്ടു പ്രമാണിമാരെ  കിരാതമായി ഒതുക്കി മാര്‍ത്താണ്ഡവര്‍മ്മ ക്രസമാധാനം കൈവരിച്ചു. എടവ മുതല്‍ അരുള്‍വായ്‌മൊഴി വരെയുള്ള കൊച്ചു രാജ്യത്തെ കൊച്ചി വരെ വ്യാപിപ്പിച്ചു. മലബാറും അതിനമപ്പുറവുമുള്ള  വെല്ലുവിളികളെ സമര്‍ത്ഥമായി പരാജയപ്പെടുത്തി. ഡച്ചുകാരുടെ ആധിപത്യം തകര്‍ത്തു. തന്ത്രപരമായി ബ്രിട്ടീഷുകരെയും ഫ്രഞ്ചുകാരെയും വരുതിയില്‍ നിറുത്തി.  ഭരണമേല്‍ക്കുമ്പോള്‍ സേനയേ ഇല്ലാതിരുന്ന തിരുവിതാംകൂറിനെ തോക്കും, പീരങ്കിയും, മറവ, പത്താന്‍ കുതിര പടകളും  അടങ്ങുന്ന 50,000 വരുന്ന ആധുനിക സേനയായി വികസിപ്പിച്ചു. ഭാവിയില്‍ ടിപ്പു സുല്‍ത്താന്റെ ആക്രമണങ്ങളെ അടക്കം നേരിടാന്‍ തിരുവിതാംകൂറിനായത് ഈ മുന്നൊരുക്കമാണ്. സ്വാതന്ത്ര്യാനന്തരം ഈ നായര്‍ ബ്രിഗേഡ് മദ്രാസ് റെജിമന്റിലെ മികച്ച ഇന്‍ഫന്‍ട്രി ബറ്റാലിയനായി.  ഭരണ സംവിധാനത്തിന് ദളവ മുതല്‍ അധികാരി വരെ കൃത്യമായ വ്യവസ്ഥയുണ്ടാക്കി. കൃഷിയും വാണിജ്യവും ശക്തമാക്കി ലോകത്തെ ഏറ്റവും വലിയ വാണിജ്യ പാതയായ ഇന്ത്യാ മഹാസമുദ്രത്തിലെ വ്യാപാര നിയന്ത്രണം വിദേശികളില്‍ നിന്ന് കരസ്ഥമാക്കി.  തിരുവനന്തപുരമെന്ന പട്ടണത്തിന് മേല്‍വിലാസമുണ്ടാക്കി. 

തീപിടിച്ച് നശിക്കാറായിരുന്ന പദ്മനാഭസ്വാമി ക്ഷേത്രത്തെ മുകളിലോട്ട് മാത്രമല്ല, താഴോട്ടും നിലവറ പണിത്  ലോകത്തെ ഏറ്റവും വലിയ ക്ഷേത്ര നിധി ശേഖരണത്തിന് തുടക്കമിട്ടു. നായരില്‍ നിന്ന് ക്ഷത്രിയനായുള്ള പരിവര്‍ത്തനത്തിനായി ഹിരണ്യഗര്‍ഭവും മുറജപവും ഭദ്രദീപവും  സംഘടിപ്പിച്ചു. ഭരണത്തിന് വെല്ലുവിളകള്‍ ഉയരാതിരിക്കാനായുള്ള കുശാഗ്ര ബുദ്ധിയില്‍ രാജ്യം തൃപ്പടിദാനം ചെയ്ത് പദ്മനാഭദാസനായി. 

ഉറ്റ തോഴനായിരുന്ന  രാമയ്യന്‍ ദളവ 1756-ല്‍ മരിച്ചതൊടെ മാര്‍ത്താണ്ഡവമ്മയുടെ ധൈര്യം ചോര്‍ന്നു വിഷണ്ണനായി. രണ്ടു കൊല്ലത്തിനു ശേഷം 1758 ജൂലൈ 7-ന്, 53-ാം വയസ്സില്‍ പദ്മനാഭപുരത്ത് വച്ച് ശ്രീ പദ്മനാഭദാസ വഞ്ചിപാല മഹാരാജ ശ്രീ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ കുലശേഖര പെരുമാള്‍ ഓര്‍മ്മയായി. മലയാളം  സിലബസിലെ  സി വി രാമന്‍പിള്ളയുടെ നോവലിലെ ഏതോ ഒരു കഥാപാത്രം മാത്രമാണ് നമ്മളില്‍ പലര്‍ക്കും  ഇന്നദ്ദേഹം. നിര്‍ണ്ണായക വഴിത്തിരവായ കുളച്ചല്‍ യുദ്ധത്തിന് പേരിനെങ്കിലും സ്മാരകമുണ്ട്. എന്നാല്‍ അതിന്റെ ശില്‍പ്പിക്കോ? രാജ്യവും, സംസ്ഥാനവും നീതി പുലര്‍ത്തിയില്ലെങ്കിലും തിരുവനന്തപുരമെങ്കിലും ഇക്കാര്യം ഓര്‍ക്കണം.

click me!