Latest Videos

Opinion: നീനാപ്രസാദിന്റെ നൃത്തവും ജഡ്ജിന്റെ ഇടപെടലും; വിവാദത്തിനിടയില്‍ കാണാതെപോവുന്നത്

By Biju SFirst Published Mar 31, 2022, 7:28 PM IST
Highlights

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ആരോപിക്കപ്പെട്ടതു പോലെ പരിപാടി പാതി വഴിക്ക് മുടങ്ങിയിട്ടില്ല  എന്നതാണ്. നീനാ പ്രസാദിനോട് നേരിട്ട് സംസാരിച്ചപ്പോള്‍ മനസ്സിലാവുന്നത്, പുറത്തേക്കുള്ള സ്പീക്കറുകള്‍ ഒഴിവാക്കി അകത്ത് മാത്രം കേള്‍ക്കുന്ന രീതിയില്‍ പരിപാടി പൂര്‍ത്തിയാക്കി എന്നാണ്. കാഴ്ചക്കാരെ അടുത്തിരുത്തി മോഹിനിയാട്ടം  പൂര്‍ത്തിയാക്കേണ്ടി വന്നത് ഒരു പ്രത്യേക വൈകാരികാവസ്ഥയുണ്ടാക്കിയെന്നാണ് നീന പറഞ്ഞത്.   

ജില്ലാ ജഡ്ജിയാണ് ഇത്തവണ ഗോപിയായി വേഷപകര്‍ച്ച നടത്തിയത്. രണ്ടും ഇരുള്‍ നേരത്താണ് സംഭവിച്ചത് എന്നത് കേവലം യാദൃശ്ചികം. പ്രശസ്ത നര്‍ത്തകിയും സര്‍വ്വകലാശാല കലാതിലകവുമായിരുന്ന ഡോ. നീനാ പ്രസാദ് യൂണിവേഴ്‌സിറ്റി കേളേജില്‍ ഇംഗ്‌ളീഷ് ഡിപ്പാര്‍ട്ടമെന്റില്‍  എന്റെ   ജൂനിയറായിരുന്നു. അന്നു മുതല്‍ നീനയെ അറിയാം. അര്‍ജുനനും സാരഥി കൃഷ്ണനുമായുള്ള ബന്ധത്തിലെ അസ്വാരസ്യം, 'സഖ്യ'മെന്ന പേരില്‍ നീനയും സംഘവും പാലക്കാട് നഗരത്തിലെ മോയന്‍ എല്‍.പി.എസ്സില്‍ ആടി തിമര്‍ക്കവേയാണ് പൊലീസ് ഇരച്ചെത്തിയത്.

 

 

പഴയൊരു കഥ പറയാം, കഥയല്ല സംഭവമാണ്.  കെ.എസ്.ഇ.ബി യില്‍ എന്റെ അച്ഛന്റെ സഹപ്രവര്‍ത്തകനായിരുന്നു മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ഭരത് ഗോപി. കൊടിയേറ്റം എന്ന ചിത്രത്തിലൂടെ പ്രശസ്തനായതിനാല്‍ കൊടിയേറ്റം  ഗോപി എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. 

നടനായിരുന്നതിനാല്‍ ഓഫീസില്‍നിന്നും ഇടയ്‌ക്കൊക്കെ പെട്ടെന്ന് അവധി എടുക്കേണ്ടി വരും. അവധി പറയാന്‍ അദ്ദേഹം കരമനയിലെ ഞങ്ങളുടെ വീട്ടിലേക്ക് സൈക്കിളിലെത്തുന്നത് ഓര്‍മ്മയുണ്ട്.   ഇപ്പോള്‍ രണ്ടു  പേരും ജീവിച്ചിരിപ്പില്ല. 

അച്ഛന്‍ പറഞ്ഞ കഥയാണ്. വളരെ  വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം. പാലക്കാട്ടേക്ക് ഇരുവര്‍ക്കം  സ്ഥലം മാറ്റം കിട്ടി. കുറഞ്ഞ വാടക കണക്കാക്കി  അവിടെ കല്‍പ്പാത്തിയില്‍ പരിമിതമായ സൗകര്യങ്ങളുള്ള ഒരു ലോഡ്ജ് മുറിയിലായിരുന്നു താമസം. നല്ല ചൂടുള്ള പാലക്കാട്ട്, ഇത്തിരി സൗകര്യമുള്ള  താമസസ്ഥലത്ത് അവര്‍ രാവിലെയാണ് ഒന്നുറക്കം പിടിക്കുന്നത്. 

നേരത്തെ ഉണരുന്നയിടമാണ് കല്‍പ്പാത്തി. അതോടെ അവരുടെ ദിനചര്യകളും നേരത്തെയാകും, അതിന്റെ അലയൊലികള്‍ ലോഡ്ജ് പരിസരത്തും പ്രകടമാകും. കണ്ഠശുദ്ധി വരുത്താന്‍ സാധകം ചെയ്യുക സംഗീതകാരന്‍മാര്‍ക്ക്  നിഷ്ഠയാണ്. അതവര്‍ രാവിലെ ചെയ്യുകയാണ് പതിവ്. പലരും നദിയിലോ മറ്റോ ഒക്കെ ചെന്ന് വെള്ളത്തിലിറങ്ങി സാധകം ചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ കല്‍പ്പാത്തിയിലൊരു സ്വാമി കഷ്ഠകാലത്തിന് സാധകം ചെയ്യാന്‍ തീരൂമാനിച്ചത് അവിടത്തെ ലേഡ്ജ് പരിസരത്താണ്. ദിവസവും ബ്രഹ്മ മുഹൂര്‍ത്തതില്‍ തന്നെ സാധകം ചെയ്യണമെന്ന് സ്വാമിക്ക് നിര്‍ബന്ധം. അത് ശുദ്ധ സംഗീതമാണെന്നും അല്ല കര്‍ണ്ണകഠോരമാണെന്നും രണ്ടുണ്ട് പക്ഷം. എന്തായാലും ഒരുവന് ഇമ്പം തോന്നുന്നത് മറ്റേയാള്‍ക്ക് വിപരീതമാകാം.

സ്വാമിയുടെ സംഗീത സപര്യ അച്ഛനും കലാരസികനായിട്ട് പോലും ഗോപിക്കും സഹിക്കാവുന്നതിലേറെയായി. അച്ഛന്‍ ഒരാഴ്ചയോളം അനുനയത്തില്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും സ്വാമി വഴങ്ങുന്നില്ല. സൂര്യോദയത്തിന് നാഴിക മുമ്പേയുള്ള ആ കണ്ഠശുദ്ധി വരുത്തല്‍ സ്വാമി പൂര്‍വ്വാധികം ശക്തമാക്കി. ഒടുവില്‍, ഇത്തവണ ഓസ്‌കര്‍ വേദിയില്‍ നടന്‍ വില്‍ സ്മിത്ത് ചെയ്തതു പോലെയാ മറ്റോ അറ്റകൈ ഗോപി സ്വീകരിച്ചു. സ്വാമിയുടെ ചെവിക്കുറ്റിക്ക് അടി പൊട്ടിയില്ല എന്നുമാത്രമേയുള്ളൂ എന്നാണ് അച്ഛന്‍ പറഞ്ഞത്. പകരം ചെവി കടിച്ച് നല്ല ഒന്നാന്തരം തെക്കന്‍ പുലഭ്യവും ആട്ടും കൊടുത്തത്രേ ഗോപിയാശാന്‍. അതോടെ സാധകം മാത്രമല്ല സംഗീതം തന്നെ സ്വാമി ഉപേക്ഷിച്ചതായാണ് കഥ. 

എന്തായാലും, പാലക്കാട് അതിനു ശേഷം കലാകാരന്‍മാര്‍ക്ക് നേരേ  'ആവിഷ്‌കാര വിലക്ക്' ഉണ്ടായിരിക്കുന്നത് ഇപ്പോഴാണ്. ജില്ലാ ജഡ്ജിയാണ് ഇത്തവണ ഗോപിയായി വേഷപകര്‍ച്ച നടത്തിയത്. രണ്ടും ഇരുള്‍ നേരത്താണ് സംഭവിച്ചത് എന്നത് കേവലം യാദൃശ്ചികം. പ്രശസ്ത നര്‍ത്തകിയും സര്‍വ്വകലാശാല കലാതിലകവുമായിരുന്ന ഡോ. നീനാ പ്രസാദ് യൂണിവേഴ്‌സിറ്റി കേളേജില്‍ ഇംഗ്‌ളീഷ് ഡിപ്പാര്‍ട്ടമെന്റില്‍  എന്റെ   ജൂനിയറായിരുന്നു. അന്നു മുതല്‍ നീനയെ അറിയാം. അര്‍ജുനനും സാരഥി കൃഷ്ണനുമായുള്ള ബന്ധത്തിലെ അസ്വാരസ്യം, 'സഖ്യ'മെന്ന പേരില്‍ നീനയും സംഘവും പാലക്കാട് നഗരത്തിലെ മോയന്‍ എല്‍.പി.എസ്സില്‍ ആടി തിമര്‍ക്കവേയാണ് പൊലീസ് ഇരച്ചെത്തിയത്. പാതി വഴിയില്‍ കര്‍ട്ടിനിട്ടു. നൃത്തത്തേക്കാള്‍ അകമ്പടി സംഗീതം ഉച്ചസ്ഥായിലെത്തിയതാണ് ജഡ്ജിയുടെ ഇടപെടലിലേക്ക് നയിച്ചത് എന്നാണ് പറയുന്നത്.     

ജഡ്ജിയുടെ കല്‍പ്പന ഇപ്പോഴും  കല്ലേപിളര്‍ക്കുന്നതാണ്. അദ്ദേഹം രേഖാമുലമാണോ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത് എന്നതില്‍ പ്രസക്തിയില്ല. നീതി ഏത് രാത്രിയിലും നടപ്പാക്കേണ്ടത് തന്നെ.  അതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. കോടതിക്കാര്യമായതിനാല്‍ ആശയവ്യക്തതക്ക് പരിമിതിയുണ്ട്. നമുക്ക് ചോദിക്കാനും ജഡ്ജിക്ക് മറുപടി പറയാനും  നിയന്ത്രണങ്ങളുണ്ട്. എന്തായാലും വഴിയില്‍ ബോധ്യമാകുന്ന പല നിയമന ലംഘനങ്ങളിലും ജഡ്ജിമാര്‍ അപ്പപ്പേള്‍ തന്നെ നടപടി നിര്‍ദ്ദേശിക്കുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷേ ഇത്തവണ അത് പൊതു വിവാദമായി. തന്റെ ലാസ്യ നടനത്തിന് ഭംഗം വരുത്തിയതിലുള്ള പ്രതിഷേധം ആദ്യം സാമൂഹ്യ മാധ്യമങ്ങളിലും പിന്നീട് നമ്മോട് നേരിട്ടും നീനയും പങ്കുവച്ചു. 

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ആരോപിക്കപ്പെട്ടതു പോലെ പരിപാടി പാതി വഴിക്ക് മുടങ്ങിയിട്ടില്ല  എന്നതാണ്. നീനാ പ്രസാദിനോട് നേരിട്ട് സംസാരിച്ചപ്പോള്‍ മനസ്സിലാവുന്നത്, പുറത്തേക്കുള്ള സ്പീക്കറുകള്‍ ഒഴിവാക്കി അകത്ത് മാത്രം കേള്‍ക്കുന്ന രീതിയില്‍ പരിപാടി പൂര്‍ത്തിയാക്കി എന്നാണ്. കാഴ്ചക്കാരെ അടുത്തിരുത്തി മോഹിനിയാട്ടം  പൂര്‍ത്തിയാക്കേണ്ടി വന്നത് ഒരു പ്രത്യേക വൈകാരികാവസ്ഥയുണ്ടാക്കിയെന്നാണ് നീന പറഞ്ഞത്.   

കലാകാരന്റ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി പുരോഗനമ കലാസാഹിത്യ സംഘം  ഇതിനെ വിലയിരുത്തി. പു.ക.സ ഭാരവാഹികളായ ഷാജി എന്‍ കരുണും അശോകന്‍ ചരുവിലും ശക്തമായ പ്രതിഷേധം പ്രസ്താവനയിലൊതുക്കി. എന്നാല്‍ സംഘപരിവാറാകട്ടെ പ്രതിഷേധം തെരുവിലേക്ക് നീട്ടി. ശങ്കരാടി സഖാവ് സിനിമയില്‍ പറഞ്ഞതു പേലെ ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായതു കൊണ്ടൊന്നുമല്ലായിരിക്കും ഈ യോജിപ്പ്.  പാലക്കാട്ടെ നഗരാധിപന്‍മാര്‍ തന്നെ  ജഡ്ജിയുടെ വസതിക്കു മുന്നില്‍ മോഹിനികളെയിറക്കി നൃത്തചുവടുവച്ചു. മാത്രമല്ല ദേശീയ മാധ്യമങ്ങളെ വരെ കൂട്ടു പിടിച്ച് ഇത്  ഇന്ത്യന്‍ പൗരാണിക സംസ്‌കാരത്തിനും വേദ ദേശീയതക്കും എതിരെയുള്ള കടന്നാക്രമണമായി വിശേഷിക്കപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍  ഇതുയര്‍ത്തുന്ന പ്രതിഷേധക്കാറ്റിന്റെ ആളിപ്പിടിത്തം കണ്ട്  പു.ക.സ.ക്കാര്‍ പോലും നമ്രശിരസ്‌കരായി.  

ഒരു സംഘം അഭിഭാഷകര്‍ കോടതി വളപ്പില്‍ പാട്ടുപാടിയും ജഡ്ജിക്കെതിരെ മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. പലരും ഇക്കാര്യങ്ങള്‍ നമുക്ക്  ഫോര്‍വേഡ് ചെയ്തു തന്നു. നേരിട്ട് വിളിച്ചവരും ഉണ്ട്. നിങ്ങളുടെ നിസ്സംഗത ശരിയല്ല എന്നും ചിലര്‍ പറഞ്ഞു.  ആദ്യം കാര്യം വ്യക്തമല്ലാത്തിനാല്‍ അവരോട് തന്നെ വ്യകത്ത വരുത്താന്‍ ഞാന്‍ ശ്രമിച്ചു. ജഡ്ജിയുടെ നടപടി ചോദ്യം ചെയ്തവരോട് ഇത് ഒരു പക്ഷേ നിരുത്തരവാദപരമായി  കര്‍ണ്ണ കഠോരമായ ശബ്ദതത്തില്‍ പബ്ലിക്ക് അഡ്രസ് സിസ്റ്റം ഉപയോഗിച്ചത് കൊണ്ടാവില്ലേ എന്ന് ആരാഞ്ഞു. നിങ്ങള്‍ക്ക് മോയിന്‍ സ്‌കൂളിനെപ്പറ്റി എന്തറിയാമെന്നും അവിടൊന്നും അങ്ങനെ വലിയ പ്രശ്‌നമില്ലെന്നുമായിരുന്നു പ്രതികരണം.  

പാലക്കാട് സ്‌കൂള്‍ കലോത്തവ വാര്‍ത്തകള്‍ തയ്യാറാക്കാന്‍ പോയപ്പോള്‍ മോയിന്‍ സ്‌കൂള്‍ അടക്കമുള്ളിടങ്ങളില്‍ നിന്നുള്ള ശബ്ദ മലിനീകരണം നേരിട്ട് ബോധ്യപ്പെട്ടിരുന്ന കാര്യം പറഞ്ഞപ്പോള്‍ പലരുമത് ചെവി കൊണ്ടില്ല.  വാദത്തിന് വേണ്ടി അംഗീകരിച്ചവര്‍ തന്നെ തിരികെ ചോദിച്ചത് ഇത്തരം പരിപാടിയൊക്കെ അടച്ചു കെട്ടിയ ഓഡിറ്റേറിയത്തില്‍ നടത്താന്‍ ആകുമോയെന്നാണ്. മാത്രമല്ല ഇത് കലാകാരന്‍മാരുടെ ഉപജീവനത്തിന്റെ പ്രശ്‌നമാണെന്നും  നിങ്ങളൊക്കെ അത് മനസ്സിലാക്കണമെന്നും പറഞ്ഞു. എന്നാലും ശബ്ദം ഒരു നിശ്ചിത ഡെസിബലില്‍ കൂടരുതെന്ന് നിയമം പാലിക്കേണ്ടതല്ലെയെന്ന്  മറു ചോദ്യം ഉന്നയിച്ചു. 1981-ലെ വായുമലിനീകരണ നിയന്ത്രണ നിയമവും രണ്ടായിരത്തില്‍ അതിന് കൊണ്ടുവന്ന ചട്ടങ്ങളും പൊതു പരിപാടികളിലെയും, സ്വകാര്യഇടങ്ങളിലെയും  ശബ്ദം എങ്ങനെ ക്രമപ്പെടുത്തണമെന്ന് കൃത്യമായി പറയുന്നുണ്ട്. മാത്രമല്ല രാത്രി പത്തിനും, രാവിലെ ആറിനും ഇടയ്ക്ക് മൈക്കും സ്പീക്കറും പോയിട്ട് വാദ്യോപകരണങ്ങള്‍ പോലും ഉപയോഗിക്കാന്‍ പാടില്ലെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.     

ഇത് ഡോക്ടര്‍മാരടക്കം  മേഖലയിലെ വിദഗ്ദ്ധര്‍ ഈ വിധം ശുപാര്‍ശ   ചെയ്തിട്ടുള്ളതാണെന്നും ശബ്ദമലിനീകരണം വലിയ അസ്വാരസ്യവും മാനസിക പിരിമുറുക്കവും രോഗങ്ങള്‍ക്കും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊന്നുമല്ല  പ്രശ്‌നമെന്നും ചിലര്‍ക്കിത് 'ഹറാമാകുന്നതാണ്' പ്രശ്‌നമെന്നുമായി പ്രതികരണം.  അതിനെതുര്‍ന്നാണ് ജഡ്ജി ആരെന്ന് ഞങ്ങളുടെ ലേഖകനോട് ചോദിച്ചതും, കൂടൂതല്‍ സാമുഹ്യ മാധ്യമങ്ങള്‍ പരിശോധിച്ചതും. 

ഒടുവില്‍ പരിമിതമായ തോതില്ലെങ്കിലും ജഡ്ജ് കലാം പാഷക്ക് നിലപാട് വ്യക്തമാക്കേണ്ടി വന്നു. നല്ലൊരു കലാസ്വാദകനായ താന്‍ ആറു വര്‍ഷം കര്‍ണ്ണാട്ടിക്ക് സംഗീതം പഠിച്ച വ്യക്തിയാണ്. ഭരതനാട്യം പഠിച്ച് അരങ്ങേറ്റം നടത്തിയ ആളാണ്. എന്നിട്ടും കാര്യം തിരക്കാതെ   കോടതിക്കുള്ളില്‍ നിയമവിരുദ്ധമായി പ്രതിഷേധിച്ച അഭിഭാഷകര്‍ കാര്യങ്ങളെ വക്രീകരിക്കാന്‍ കൂട്ടു നില്‍ക്കുന്നതിലെ പ്രതിഷേധം അദ്ദേഹം ബാര്‍ കൗണ്‍സിലിന് നല്‍കിയ കത്തിലൂടെ അറിയിച്ചു.  പരിപാടി നിറുത്തിവയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. വീട്ടിനടുത്ത് നടന്ന പരിപാടിയുടെ  ശബ്ദം കുറയ്ക്കാന്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡി.വെ.എസ്.പിയോട് അഭ്യര്‍ത്ഥിച്ചതില്‍ നിന്നുള്ള തെറ്റിദ്ധാരണയാണ് പ്രശ്‌നത്തിലേക്ക് നയിച്ചതെന്നും ജഡ്ജ് കൗണ്‍സിലിന് നല്‍കിയ കത്തില്‍ പറയുന്നു.    


അമേരിക്കയില്‍ ഞങ്ങളുടെ  ക്യാമറമാനായ ഷിജോ പൗലോസ് പറഞ്ഞ ഒരു കഥയുണ്ട്. അവിടെ പാശ്ചാത്യര്‍ക്ക്  ദൈവബോധമൊക്കെ കുറഞ്ഞതിനാല്‍  അവിടെ പല പള്ളികളെയും പരിപാലിക്കാനൊന്നും ആളില്ല. ആവശ്യക്കാര്‍ക്ക് ചെറിയ തുകയ്ക്ക് അവരത് കൈമാറുന്നുണ്ട്. അങ്ങനെ നമ്മുടെ മലയാളികള്‍ ഒരു പള്ളി വാങ്ങി. ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം   അവരെല്ലാം ചേര്‍ന്ന് കാടുമൂടിയ അല്‍പ്പം വിശാലമായ പറമ്പില്‍ നമ്മുടെ നാട്ടിലേ പോലെ തന്നെ തൂമ്പാ പ്രയോഗത്തിന് ഒരുമ്പെട്ടു. വെട്ടിക്കിളച്ച് മരച്ചീനീയും വാഴയുമൊക്കെ വയ്ക്കാന്‍ തയ്യാറെടുക്കവേ എവിടെ നിന്നൊക്കെയോ പൊലീസ് വാഹങ്ങള്‍ ചീറി പാഞ്ഞെത്തി. പൊലീസുകാര്‍ വിശ്വാസി നേതാക്കളെ വിളിച്ച് നിങ്ങള്‍ നിയമനലംഘനമാണ് നട്ത്തിയിട്ടുള്ളതെന്നും, കര്‍ശന നടപടിയുണ്ടാകുമെന്നും അറിയിച്ചു. എന്താണ് കാര്യമെന്ന് പിടി കിട്ടാതെ നിന്നവരോട് പൊലീസ് കാര്യം വ്യക്തമാക്കി. 

സ്ഥലം നിങ്ങളുടെതാകാം, എന്നാല്‍ അവിടെയുള്ള കെട്ടിടത്തിലോ ചുറ്റുമുള്ള പറമ്പിലോ ഉള്ള ഒരു ചെടിയെ പോലും മാറ്റാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. അതൊക്കെ അവിടത്തെ പ്രാദേശിക സര്‍ക്കാറാണ് ക്‌ളിപ്തപ്പെടുത്തുക. വേണമെങ്കില്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയ സമയങ്ങളില്‍ ആരാധന നടത്താം; അതും പള്ളിക്കുള്ളില്‍, പരിസരത്തുള്ള ആര്‍ക്കും അലോസരമോ പരാതിയോ ഇല്ലാതെ മാത്രം നടത്താം. ശബ്ദമെങ്ങാനും പുറത്ത് കേള്‍ക്കുകയോ ചുറ്റുവട്ടത്തിന് എന്തെങ്കിലും മാറ്റം വരുത്തുകയോ ചെയ്താല്‍ ജയിലിലാകുമെന്ന കര്‍ശന താക്കീതോടെയാണ് അവരെ വിട്ടയച്ചത്. ബൈബിളില്‍ തൊട്ട് പ്രസിഡന്റുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന രാജ്യത്താണിത് സംഭവിക്കുന്നതെന്ന്  അറിയണം.

അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ങ്ടണ്‍ ഡി.സിയില്‍ പോയപ്പോള്‍ റോഡില്‍  കണ്ട  പ്രതേകതരത്തിലുള്ള  കൂറ്റന്‍ മതിലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി അത് പരിസരവാസികള്‍ക്ക് ശബ്ദശല്യം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണെന്നായിരുന്നു. ഒരിക്കല്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവള പരിസരത്ത് കുറച്ചു ദിവസം തമസിക്കാനിട വന്നു. രാത്രി ഒരു നേരം  കഴിഞ്ഞാല്‍ വിമാനങ്ങള്‍ പെട്ടെന്ന് കുറയുന്നതായി തോന്നി. അപ്പോഴാണ് അവിടെയുള്ള സുഹൃത്ത് കാര്യങ്ങള്‍ പറഞ്ഞത്.സുഖനിദ്രക്കായി ശബ്ദമലിനീകരണം ഒഴിവാക്കാന്‍ പരിസരവാസികള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് ഈ ക്രമീകരണം. ലണ്ടന്‍ നഗരത്തിന് വലിയ വാണിജ്യ നഷ്ടം ഉണ്ടാക്കിയിട്ടും അവര്‍ ഹീത്രൂ പരിസരത്തെ ആള്‍ക്കാരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുത്തു. നമ്മുടെ നാട്ടിലേ വിമാനത്താവളങ്ങള്‍ സജീവമാകുന്നത് തന്നെ രാത്രിയിലാണ്. യൂറോപ്പിലേക്ക് അന്നേരം സര്‍വ്വീസ് നടത്താന്‍ പറ്റാത്തതിനാലാകാം ഗള്‍ഫ് വിമാനങ്ങളെല്ലാം രാത്രിയില്‍ ഇങ്ങോട്ട് വരുന്നതെന്ന് തോന്നുന്നു. 

 

.............................
Read More : ഒഴിവാക്കാനാവില്ലേ,  ദേവാലയങ്ങളില്‍നിന്നുള്ള ശബ്ദഘോഷങ്ങള്‍?

................................

 

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഉത്സവക്കാലമാണ്. വേനലാകുമ്പോള്‍ തരിശിട്ടിരിക്കുന്ന പാടങ്ങളില്‍  കളം കാക്കുന്ന ഭഗവതിമാര്‍ക്ക് നല്‍കുന്ന അര്‍ച്ചനയാണ് നമ്മുടെ പല ഉത്സവങ്ങളും. തെക്കിതിനെ കളം കാവലെന്ന് പറയും. പരദേവതമാരെ തൃപ്തിപ്പെടുത്തി ജ്ഞാതരും അജ്ഞാതരുമായ പിതൃക്കളെ സ്മരിക്കലാണ് ഈ ഉത്സവങ്ങളുടെ പൊതു സ്വഭാവം. പ്രാദേശിക വകഭേദമനുസരിച്ച് ചെറിയ മാറ്റം കാണും.  തെക്ക്, വാത്തിമാര്‍ അമ്മച്ചിയ്ക്ക് തോറ്റം പാടി പൊങ്കാലയര്‍പ്പിക്കുമ്പോള്‍ വടക്ക് മുച്ചിലോട് ഭഗവതിമാരെ തൃപ്തിപ്പെടുത്താന്‍  തെയ്യക്കോലങ്ങളെ എഴുന്നെള്ളിച്ച് പെരുങ്കളിയാട്ടം നടത്തും. ഇതിനിടയിലുള്ള ഭൂഭാഗങ്ങളില്‍ തിറയും കെട്ടുകാഴ്ചയും, പടയണിയും. 

കൊറോണ തുടങ്ങും മുമ്പ്, കണ്ണൂരില്‍ പഠിപ്പിക്കാന്‍ പോയപ്പോള്‍  ഒരു വിദ്യാര്‍ത്ഥിയുടെ നാട്ടിലെ കാവില്‍   തെയ്യം കാണാന്‍ പോയി. മൊബൈലില്‍ പോലും പടമെടുക്കരുതെന്ന വിനീതവും കര്‍ശനവുമായ അറിയിപ്പ്. അവിടെയെത്തിയപ്പോള്‍ അത് സാധൂകരിക്കുന്നതായിരുന്നു അന്തരീക്ഷം. ഉത്സവാവശ്യത്തിനുള്ള  തീവെട്ടികളല്ലാതെ  മറ്റൊരു വെളിച്ചവുമില്ല. തെയ്യക്കോലമോന്തിയവരുടെയും അവരെ അകമ്പടി സേവിക്കുന്നവരുടെ ചെറു വാദ്യങ്ങളല്ലാതെ  മറ്റൊരു ശബ്ദവുമില്ല. തടിച്ചു കൂടിയ  പുരുഷാരത്തിന്റെ ശ്വാസോഛാസത്തില്‍ പോലും നിശബ്ദത. നാടാകെ ഉത്സവത്തിലെ കഥാപാത്രമാകുമ്പോള്‍ പോലും ആര്‍ക്കും ഉരിയാട്ടമില്ല.  എന്തൊരു പ്രശാന്തതവും അഭൗമവുമായ  അവസ്ഥ. ഇങ്ങ് തെക്ക് മുടിപ്പുരകളില്‍ പറണേറ്റിന് പുറപ്പെടുമ്പോഴും ഇതേ അവസ്ഥ. നാട്ടുകാര്‍ ഒത്തുകൂടുന്നിടത്ത് നിശ്ശബ്ദയെ ഭജ്ഞിക്കുന്നത് വാള്‍ചിലമ്പിന്റെയും ചിലങ്കയുടെയും നാദം മാത്രം. അതിനു മുന്നില്‍ അകമ്പടി വാദ്യങ്ങള്‍ പോലും പതിഞ്ഞ താളത്തിലാകുന്നു. തീവെട്ടികള്‍ തന്നെ ധാരാളം. വായ്‌മൊഴിയായി മാത്രം ചൊല്ലി പഠിച്ച തോറ്റം പാട്ടിലൂടെ ഭഗവതിയുടെ വാഴ്ത്തും പതിഞ്ഞ ശബ്ദത്തില്‍.  

എന്നാല്‍ ആചാരങ്ങളുടെ ചെറിയ നേരം പിന്നിട്ടു കഴിഞ്ഞാല്‍ ഉത്സവപറമ്പുകളില്‍ പിന്നെ അലര്‍ച്ചയോടു അലര്‍ച്ചയാണ്. പണ്ടൊക്കെ കോളമ്പിമൈക്ക് മാത്രം സഹിച്ചാല്‍ മതിയായിരുന്നു. അത് നിരോധിച്ചതോടെ പകരം വന്ന സ്പീക്കറുകള്‍  എത്രയോ വാട്‌സിലാണ് അലറുന്നത്. ശബ്ദ വിന്യാസത്തില്‍ യാതൊരു പരിശീലനവും  വിവേകവുമില്ലാത്തവരാണ് മൈക്ക് ഓപ്പറേറ്റമാര്‍. അവരിലാരെങ്കിലും യുക്തിയോടെ ശബ്ദം നിയന്ത്രിച്ചാലും ഉത്സവമുതലാളിമാര്‍  ഇടപെട്ട് നാട്ടുകാരെ പീഡിപ്പിക്കും. കാശ് കൊടുത്ത കടിക്കണ പട്ടിയെ വാങ്ങുന്ന അവസ്ഥയില്‍ നാം നിസ്സഹായരാവും. 

പണ്ടൊക്കെ പറയെടുപ്പ് ദിവ്യമായ അനുഭവമായിരുന്നു. ആണ്ടിലൊരിക്കല്‍ ദേവീ വീട്ടിലെത്തി അനുഗ്രഹം നല്‍കല്‍. ഇന്നിപ്പോ അതിന് പോലും  അകമ്പടിയായി പലപ്പോഴും ഭീമാകാരമാരായ  യന്ത്ര ദൈവങ്ങളുടെ  അലര്‍ച്ചയും മുരള്‍ച്ചയും ഹെവി ഡെസിബലില്‍. പേടിപ്പെടുത്തുന്ന ഘോരമൃഗ ശില്‍പ്പങ്ങളെ പ്രകാശിപ്പിക്കാന്‍ കണ്ണ് ഫ്യൂസാവുന്ന വെളിച്ചവും. പിന്നെ കരിയും കരിമരുന്നും. ഇത് രണ്ടും നമുക്ക്  വേണ്ടെന്ന ഗുരു അരുളൊക്കെ ഇപ്പോള്‍ പഴമൊഴി മാത്രം.  ഹൈന്ദവ ക്ഷേത്രങ്ങളോട് കിടപിടിക്കുന്ന ഉച്ചസ്ഥായിയില്‍ ഇതര മതസ്ഥരും അവരുടെ ഉത്സവം കൊഴുപ്പിക്കുന്നു. രണ്ട് വര്‍ഷത്തെ കൊറോണക്കാലത്തുണ്ടായിരുന്ന നിശബ്ദത എങ്ങനെ  ശബ്ദമുഖരിതമാക്കാമെന്ന മത്സരത്തിലാണ് ഓരോരുത്തരുമെന്ന് തോന്നുന്നു. പല ആരാധനാലയങ്ങളിലും ഇത് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ശല്യമാണ്. ബാങ്ക് വിളിയും, പ്രഭാത ആരാധനകളും എന്തിന് ഉച്ച ഭാഷിണിയിലൂടെ തന്നെ വേണം?  പല ആരാധനാലയങ്ങള്‍ക്കുള്ളിലെയും അന്തരീക്ഷം അവിശ്വാസികള്‍ക്ക് പോലും  ആത്മീയ സാന്ത്വനമേകുന്നവയാണ്. നിശബ്ദ പ്രാര്‍ത്ഥനകള്‍ തരുന്ന സ്വാസ്ഥ്യം പല മുറിവുകളെയുമുണക്കും.  

ലൗഡ് സ്പീക്കറും, ആംപ്‌ളിഫയറും, മൈക്കും, കൈനറ്റോഗ്രാഫും വൈദ്യുത വിളക്കുമെല്ലാം ഏറെക്കുറെ പിറവിയെടുത്തത് നൂറ്റാണ്ടൊന്നു മുമ്പ് എഡിസനിലെ മെന്‍ലോ പാര്‍ക്കിലായിരുന്നു. തോമസ് ആല്‍വാ എഡിസന്‍ ന്യൂ ജേഴ്‌സിയില്‍ സ്ഥാപിച്ച ആ വ്യവസായ പരീക്ഷണശാല ഇന്നൊരു സ്മാരകം മാത്രമാണ്. എന്നാല്‍ അത് തുറന്നു വിട്ട ഭൂതം നമ്മുടെ നാട്ടില്‍ അഗ്‌നിയായി പടര്‍ന്നിരിക്കുന്നു. എങ്ങനെ തിരികെ കുടത്തിലടക്കാമെന്നറിയാതെ നാം ഭയന്ന് കഴിയുകയാണ്. ഒരുനൂറ് വര്‍ഷങ്ങളുടെ മാത്രം ചരിത്രമുള്ള ശബ്ദമിരട്ടിപ്പ് യന്ത്രങ്ങള്‍ക്ക് എന്തായാലും ആചാരത്തിന്റെ പിന്‍ബലമില്ല. മാത്രമല്ല ഒരു വ്യക്തിയുടെ അഭിപ്രായ പ്രകാശന  സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന നമ്മുടെ ഭരണഘടനാ തത്വം  മറ്റൊരാളുടേതിനെ ഹനിക്കാന്‍ പാടില്ലെന്ന് അതിന്റെ തൊട്ടടുത്ത അനുച്‌ഛേദത്തില്‍ പറയുന്നു. ജീവിത മേന്‍മയും സ്വാതന്ത്ര്യവും ഉറപ്പു നല്‍കുന്ന ഭരണഘടനാ 21-ാം തത്വം പൗരന്‍മാര്‍ക്ക് ഭരണകൂടം ഉറപ്പാക്കണമെന്ന് ശബ്ദമലിനീകരണ കേസുകളില്‍ സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ആരാധനാലയങ്ങളിലടക്കം പൊതു വേദികളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്ന ശബ്ദ ശല്യം നിയന്ത്രിക്കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലടക്കം  കാലങ്ങളായി തീര്‍പ്പാക്കാതെയിരിക്കുന്നു. വളരെ മാനങ്ങളും തലങ്ങളുമുള്ള വിഷമായതിനാല്‍ ഉണ്ടാകുന്ന കാലതാമസമാകാം. ആ വൈകലിന്റെ വിലയാകാം. അവരിലൊരാള്‍ തന്നെ ഇന്ന് പാലക്കാട് നേരിടുന്ന അധിക്ഷപം. നിയമം നടപ്പാക്കാകുയെന്നത് നിയമ നിര്‍മ്മാണത്തേക്കാള്‍ ശരിക്കും ദുഷ്‌കരമാണ്. 
 

click me!