ഒഴിവാക്കാനാവില്ലേ,  ദേവാലയങ്ങളില്‍നിന്നുള്ള ശബ്ദഘോഷങ്ങള്‍?

First Published 8, Jan 2018, 8:34 PM IST
S Biju on sound pollution
Highlights

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍, ദേവാലയങ്ങളിലെ ശബ്ദബഹളത്തെക്കുറിച്ച് ഒരാലോചന. ഒരു സംവാദ ശ്രമം. ഇതില്‍ പ്രിയപ്പെട്ട വായനക്കാര്‍ക്കും പങ്കാളികളാവാം. മറ്റു രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് അവര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍  ശബ്ദ ബഹളത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കൂട്ടിച്ചേര്‍ക്കാം. നിങ്ങളുടെ വിശദമായ കുറിപ്പുകള്‍ webteam@asianetnews.in ഫോട്ടോ സഹിതം എന്ന വിലാസത്തിലേക്ക് ഇ- മെയില്‍ ചെയ്യൂ. സബ്ജക്ട് ലൈനില്‍ ശബ്ദബഹളം ഇവിടെ എന്നെഴുതാന്‍ മറക്കരുത്. 'ശബ്ദം നാമജപത്തിന് മാത്രം'. ക്ഷേത്രങ്ങളില്‍ പലതിലും എഴുതിവച്ചിട്ടുള്ള സന്ദേശങ്ങളില്‍ എനിക്ക് ഏറ്റവും ശ്രേഷ്ഠമായി തോന്നിയിട്ടുള്ളത് ഇതാണ്. ഭക്തന്റെ സങ്കടവും പ്രാര്‍ത്ഥനയും ആരും പറയാതെ തന്നെ അറിയുന്നവനല്ലേ ഭഗവാന്‍.അവിടെ വിളിച്ചു ചൊല്ലല്‍ പോലും വേണ്ട.  അവനവനുള്ളില്‍ കുടികൊള്ളുന്ന ഈശ്വരനുമായി സംസാരിക്കാന്‍ ഏറ്റവും ശ്രേഷ്ഠം മൗന പ്രാര്‍ത്ഥന തന്നെ. എന്നിട്ടുമെന്തേ ആരാധനാലയങ്ങളില്‍ നിന്ന് ഇത്ര ഒച്ച. നേരത്തെ ഉറങ്ങി നേരത്തെ ഉണര്‍ന്ന് പറ്റുമെങ്കില്‍ നിര്‍മ്മാല്യം തൊഴാന്‍ ആയാല്‍ ഭക്തന് സായൂജ്യം. പ്രഭാതത്തിന്റെ സ്വച്ഛതയില്‍ ആരാധനാലയത്തിലെ പ്രാര്‍ത്ഥനയുടെ വിശുദ്ധിയും നിര്‍മ്മലതയും അനുഭവിച്ചവര്‍ക്കേ മനസ്സിലാക്കാനാകൂ. ആ സ്വച്ഛത നഷ്ടപ്പെട്ടാല്‍ പ്രാര്‍ത്ഥന വിഫലമാകും. അതിനിടയില്‍ മൈക്ക് സെറ്റിലൂടെ ഉച്ചത്തില്‍ അലറിയാല്‍ എന്താവും. പോരാത്തതിന് വെടി വഴിപാടും.

ഭക്തനും ഭഗവാനും തമ്മിലുള്ള ഇടപാട് മറ്റുള്ളവരെന്തിന് സഹിക്കണം. ജാതി മത ഭേദമന്യേ മലയാളികള്‍, ഇന്ത്യാക്കാര്‍ അനുഭവിക്കുന്ന വലിയ പ്രയാസങ്ങളിലൊന്നാണ് ആരാധനാലയങ്ങളില്‍ നിന്നുള്ള മൈക്കിലൂടെയുള്ള അലര്‍ച്ച. ജീവിത പ്രാരാബ്ധങ്ങളില്‍ പെട്ട് പലരും ഉറങ്ങുന്നത് തന്നെ വൈകിയാകാം. അന്തരീക്ഷം തണുത്ത് ഗാഢനിദ്ര പ്രാപിക്കുന്നത് പലപ്പോഴും കൊച്ചു വെളുപ്പാന്‍കാലത്തിനാകും. നിര്‍മ്മാല്യത്തിനും, സുബഹ് നമസ്‌കാരത്തിനും ഒക്കെ വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചോട്ടെ. പക്ഷേ അതിന് കിടന്നുറങ്ങുന്ന നമ്മെളെന്തിന് അനുഭവിക്കണം. ഞായറാഴ്ചയെങ്കിലും ഒന്നുറങ്ങാമെന്ന് വിചാരിച്ചാല്‍ പുതിയൊരു കോണില്‍ നിന്ന് കൂടി അന്ന് അധികാക്രമണം ഉണ്ടാകും. മിക്ക ദൈവസങ്കീര്‍ത്തനങ്ങളും നേരിട്ട് കേട്ടാല്‍ കര്‍മ്മാമൃതമായിരിക്കും. ഉച്ചഭാഷണിയിലൂടെയാവുമ്പോള്‍ കര്‍ണ്ണ കഠോരമായിരിക്കും. നമ്മുടെയൊക്കെ സംസാരഭാഷയല്ല ദേവഭാഷയിലായതിനാലാണ് പ്രാര്‍ത്ഥനയെന്നതിനാല്‍ അതിന്റെ സാരം സാധാരണക്കാര്‍ക്ക് ഒട്ടും മനസ്സിലാകയുമില്ല. ഫലമോ അത്  കേവലം ഒച്ചപ്പാടായി മാറും. 

ഇതിന് ആചാരമായ പിന്‍ബലമില്ല.

500 വര്‍ഷം മുതല്‍ നാലായിരം വര്‍ഷം വരെയെങ്കിലും പഴക്കമുണ്ടാകും നമ്മുടെ സംഘടിത മതങ്ങള്‍ക്ക്. നൂറിന് താഴെ അതായത് 1924 ല്‍ മാത്രം കണ്ടുപിടിച്ചതാണ് ലൗഡ് സ്പീക്കര്‍. അതായത് ഇതിന് ആചാരമായ പിന്‍ബലമില്ല. ആശയപ്രചരണം മാത്രമാണ് ലക്ഷ്യം. ആശയം പ്രചരിപ്പിക്കുന്നതോ, മത പ്രഭാഷണം നടത്തുന്നതിലോ തെറ്റൊന്നുമില്ല. നമ്മുടെ ഭരണഘടന അത് അനുവദിക്കുന്നുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 19 തന്നെ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. അത്തരം അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാളുടെ അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റമാകരുത്.

കാര്യമെന്തായാലും ദില്ലി ഹൈക്കോടതി മുമ്പാകെ  ഏതാനും മാസം മുമ്പേ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി വന്നിട്ടുണ്ട്. തല്‍പരലല്ലാത്തവര്‍ക്കു മേല്‍ മതവിശ്വാസം അടിച്ചേല്‍പ്പിക്കരുതെന്നും സുപ്രീംകോടതി  മുമ്പ് നടത്തിയ നിരീക്ഷണങ്ങളും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഓരോ വ്യക്തിക്കും അയാളുടെ വാസ സ്ഥലത്ത് സ്വസ്ഥമായി കഴിയാന്‍ അവകാശമുണ്ടെന്നും, അത് ആരും ലംഘിക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നു.ശബ്ദ മലിനീകരണം സാധാരണ മനുഷ്യര്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങള്‍ പറഞ്ഞറിയാക്കാനാകാത്തതാണ്. അപ്പോള്‍ മാനസികശാരീരിക അസ്വാസ്ഥ്യമുള്ളവരുടെ കാര്യമോ? കൈക്കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും, രോഗികളുടെയും അവസ്ഥയോ?

ദേവസംഗീതം പൊഴിക്കേണ്ട ദൈവസന്നിധികളില്‍ നിന്ന് പലപ്പോഴും ഉയരുന്നത് അസുരസംഗീതം(?) കൂടിയാകുമ്പോള്‍ അത് കടുത്ത പീഡനമാകുന്നു.സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉത്സവകാലവും, പരീക്ഷാക്കാലവും ഒത്തു വരുന്ന സമയത്ത് അനുഭവിച്ച പ്രയാസങ്ങളിലൂടെ നമ്മളില്‍ ഭൂരിഭാഗവും കടന്നു പോയിട്ടുണ്ടാകുമല്ലോ.  ഒരേ സമയം ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് മൈക്ക് അലര്‍ച്ച നാം നിത്യേന അനുഭവിക്കുന്നു. ഇതിനായുള്ള പിരിവെടുപ്പ് പീഡനം വേറെ. വന്യമൃഗങ്ങളുടെ യാന്ത്രിക  പതിപ്പുകളുമായി  വഴി മുടക്കി നിരത്തിലുടെ കാതടപ്പിക്കുന്ന അലറി വിളിയും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ വിന്യാസവുമാണ് ഇപ്പോഴത്തെ ലേറ്റസ്റ്റ് ട്രെന്‍ഡ്. ഉത്സവ ഗുണ്ടകള്‍ നിയന്ത്രിക്കുന്ന ഈ അലര്‍ച്ചാ യാത്രയില്‍ നാമെല്ലാം  നിസ്സഹായരായി പാതയോരത്ത് നിശ്ശബ്ദ പീഢനം ഏറ്റുവാങ്ങുന്നു. കേരളത്തില്‍ കോളാമ്പി രൂപത്തിലുള്ള ഉച്ചഭാഷണികളും. സഞ്ചരിക്കുന്ന ഉച്ചഭാഷിണികളും ഏതാനും വര്‍ഷം മുന്‍പ് കേരള ഹൈക്കോടതി നിരോധിച്ചത് ഈ പ്രയാസങ്ങള്‍ കണക്കിലെടുത്തായിരുന്നു.

വെടി വഴിപാടും ഈ ഗണത്തില്‍പ്പെടുത്തി നിയന്തിക്കേണ്ടതില്ലേ.

ആ വിധി മറികടക്കാന്‍ ആരാധനാലയങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ അതിലും ഉഗ്രന്‍ സ്പീക്കറുകള്‍ രംഗത്തിറക്കി. ആരെങ്കിലും ഇതൊക്കെ ചോദ്യം ചെയ്താലോ, നിയമം നടപ്പാക്കാന്‍ മുതിര്‍ന്നാലോ അതിനെ വര്‍ഗ്ഗീയമാക്കും.  കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍  പുകവലി നിരോധിച്ചു കൊണ്ട് ഹൈക്കോടതി വിധി പിന്നീട് നിയമത്തിലൂടെ രാജ്യമൊട്ടാകെ വ്യാപിപ്പിച്ചു.ആര് അനുസരിക്കാന്‍? അതായത് ഉച്ചഭാഷിണി നിരോധിച്ച് വിധി വന്നാലും അത് പാലിക്കുക കണക്കായിരിക്കും. പരിഷ്‌കൃത സമൂഹമാണെങ്കില്‍ നമ്മള്‍ ഉച്ചഭാഷിണി ഉയര്‍ത്തുന്ന വെല്ലുവിളിയും പ്രയാസവും  മനസ്സിലാക്കി അത് ഒഴിവാക്കാന്‍ തയ്യാറാകണം. വെടി വഴിപാടും ഈ ഗണത്തില്‍പ്പെടുത്തി നിയന്ത്രിക്കേണ്ടതല്ലേ? പുണ്യപൂങ്കാവനമായ ശബരിമലയില്‍ പോലും സദാ വെടിഒച്ച മുഴങ്ങേണ്ടതുണ്ടോ? കാനനവാസനായ കറുപ്പ് സ്വാമിയെ അയ്യപ്പനില്‍ നിന്ന് പഴയ ധര്‍മ്മശാസ്താവാക്കിയ സര്‍ക്കാര്‍ ഇതും ചിന്തിക്കണം. ഒരു പുരോഗമന ഇടതുപക്ഷ സര്‍ക്കാറില്‍ ( ഇപ്പോള്‍ അങ്ങനെ പറയാറില്ല, പകരം പിണറായി സര്‍ക്കാര്‍) നിന്ന് ഇത് പ്രതീക്ഷിക്കാമല്ലേ? ഗുജറാത്തില്‍ നിരത്ത് കയ്യേറിയ അമ്പലങ്ങളെ ഒഴിപ്പിച്ച് റോഡ് വികസിപ്പിച്ച നരേന്ദ്ര മോദിക്കും ഇതൊക്കെ നിയന്തിക്കാനാകും.  

ലോകമാകെ പരന്നു കിടക്കുന്ന മലയാളിക്ക് മറ്റിടങ്ങളില്‍ ഇതൊക്കെ നിയന്ത്രിക്കുന്നത്  എങ്ങെനെയെന്ന് അറിയാമായിരിക്കുമല്ലൊ. പഠനകാലത്ത് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിനടുത്ത് താമസിക്കാന്‍ ഇടവന്നപ്പോള്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. രാത്രി കാലത്ത് വിമാനങ്ങള്‍ തുലോം കുറവ്. അനേഷിച്ചപ്പോള്‍ അറിഞ്ഞത് പരിസരവാസികളുടെ സൈ്വര്യ ജീവിതത്തിനായി രാത്രി 11.30നും രാവിലെ 7 മണിക്കുമിടയില്‍ വിമാനങ്ങളുടെ വരവും പോക്കും പരമാവധി നിയന്ത്രിച്ചിട്ടുണ്ടെന്നാണ്. ഒരു  വര്‍ഷം പരമാവധി രാത്രി ഇറങ്ങാന്‍ അനുവദിക്കുന്ന വിമാനങ്ങളുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്. അതും ശബ്ദം കുറഞ്ഞ വിമാനങ്ങളാകണം. 

അപ്രതീക്ഷിതമായുണ്ടാകുന്ന  കാലാവസ്ഥ വ്യതിയാനം പോലുള്ള കാര്യങ്ങള്‍ കണക്കിലെടുത്തേ ഇതില്‍ ഇളവ് അനുവദിക്കൂ. പരമാവധി പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ ഇറങ്ങാനും പൊങ്ങാനുമുള്ള ദിശയില്‍ വരെ മാറ്റം വരുത്തണം.  ഉറങ്ങേണ്ട സമയത്ത് അക്കാലത്തെ ലോകത്തെ ഏറ്റവും സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായ ലണ്ടനില്‍ ഇത്തരം നിയന്തണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വ്യാവസായിക സാമ്പത്തിക വെല്ലുവിളിയും നഷ്ടവും നേരിട്ടാണെന്ന് ഓര്‍ക്കണം. 

ഈയിടെ അമേരിക്കയില്‍ പോയപ്പോള്‍ ചില റോഡുകളുടെ വശങ്ങളില്‍ വലിയ മതിലുകള്‍ കണ്ടിരുന്നു. അന്വേഷിച്ചപ്പോളാണറിഞ്ഞത് അത് പരിസര വാസികള്‍ക്ക് നിരത്തിലെ ശബ്ദശല്യം ഒഴിവാക്കാന്‍ പണിതതാണെന്ന്. ആവാസ മേഖലയില്‍ റോഡ് പുതുതായി പണി കഴിപ്പിക്കുകയാണെങ്കില്‍ അവിടെ ഇത്തരം ശബ്ദ ഭിത്തികള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട് പല സംസ്ഥാനങ്ങളും. 

ഇതൊക്കെയല്ലേ യഥാര്‍ത്ഥ മനുഷ്യാവകാശ സംരക്ഷണം. ധാരാളം വിദേശ പര്യടനങ്ങള്‍ നടത്തുന്ന നമ്മുടെ മതരാഷ്ട്രീയ നേതാക്കള്‍ക്ക് ഇതിലും മെച്ചപ്പെട്ട തിരിച്ചറിവും  അനുഭവങ്ങളും ഉണ്ടാകും. അവിടെ പഠിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്ന അവരുടെ മക്കളോട് ചോദിച്ചാലും  മതി. ഇവിടെ സൗണ്ട് പ്രൂഫായ ശീതികരിച്ച രമ്യഹര്‍മ്മങ്ങളില്‍ പാര്‍ക്കുന്നതിനാലാകും രാത്രിയിലും പുലര്‍ച്ചേയുമുള്ള ശബ്ദ മലിനീകരണം അവര്‍ അറിയാതെ പോകുന്നത്. തെറ്റ് പറയാനാകില്ല.

 

loader