മൂന്നാം ക്ലാസ് വരെ പഠിച്ച, ദില്ലിയില്‍ കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കാനെത്തിയ അട്ടപ്പാടിക്കാരി പൊന്നി

By Soumya R KrishnaFirst Published Mar 29, 2023, 3:05 PM IST
Highlights

ഭർത്താവ് തേനീച്ചയുടെ കുത്തേറ്റ് മരിക്കുമ്പോൾ മൂത്ത മകൾക്ക് നാലരയും ഇളയവൾക്ക് മൂന്നും വയസായിരുന്നു. ആദ്യം നാടൻ പണികള്‍ക്ക് ശ്രമിച്ചെങ്കിലും പിന്നീട് കൃഷിയിലേക്ക് തന്നെ പൊന്നി തിരിച്ചെത്തി. 


ദില്ലിയിലെത്തിയ ശേഷമുള്ള ആദ്യത്തെ വനിതാ ദിനത്തിനായി സ്റ്റോറി തേടി ഇറങ്ങിയതാണ്. സിഎഎ സമര നായിക ബിൽക്കിസ് മുത്തശ്ശിയെ കാണാൻ വൈകീട്ട് ചെല്ലാമെന്നേറ്റിരുന്നു. അവരെത്താൻ വൈകുമെന്നറിയിച്ചതോടെ വഴിയിൽ കണ്ട ഒരു വനിതാ വിപണന മേളയിൽ കയറി. എന്തെങ്കിലും കഥ കാണാതിരിക്കില്ലെന്ന് തോന്നി. രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നെത്തിയ സംരംഭകർ. അഭിമാനപൂർവ്വം അവരുടെ ഉത്പന്നങ്ങൾ നിരത്തി വെച്ച് അതിന് പുറകിൽ ചിരിച്ച് കൊണ്ട് നിൽക്കുന്നു.

അവർക്കിടയിൽ നിന്നാണ് പൊന്നിയെ കണ്ടത്. അട്ടപ്പാടിയിലെ കർഷകരുടെ വിളകൾ ശേഖരിച്ച് വിൽപ്പനയ്ക്കെത്തിക്കുന്ന സ്വരലയ കുടുംബശ്രീ യൂണിറ്റംഗമായിരുന്നു പൊന്നി. ഇരുളാർ വിഭാഗത്തിൽപ്പെട്ട പൊന്നിയ്ക്ക് മൂന്നാം ക്ലാസ് വരെയേ വിദ്യാഭ്യാസമുള്ളൂ. ഉഗ്രൻ കർഷകയാണ്. കൃഷിയാണ് പൊന്നിയെ ദില്ലി വരെ എത്തിച്ചത്. മണ്ണറിഞ്ഞ് കൃഷി ചെയ്തുണ്ടാക്കിയ ചാമയും, റാഗിയും, നെല്ലുമടക്കം 31 ലധികം തനത് വിളകൾ ഹിൽ വാല്യൂ എന്ന ബ്രാൻറിൽ വിൽക്കുകയായിരുന്നു അവിടെ പൊന്നി. ജീവിതം പ്രതിസന്ധിയിലായപ്പോഴൊക്കെ പൊന്നിയ്ക്ക് കരുത്തായത് കൃഷി ആയിരുന്നു.

പെണ്ണിന് ഹോക്കി പറ്റില്ലെന്നവർ, രാജ്യത്തിന് ഒളിമ്പ്യന്മാരെ സമ്മാനിച്ച് പ്രീതം ദീദി

ഭർത്താവ് തേനീച്ചയുടെ കുത്തേറ്റ് മരിക്കുമ്പോൾ മൂത്ത മകൾക്ക് നാലരയും ഇളയവൾക്ക് മൂന്നും വയസായിരുന്നു. ആദ്യം നാടൻ പണികള്‍ക്ക് ശ്രമിച്ചെങ്കിലും പിന്നീട് കൃഷിയിലേക്ക് തന്നെ തിരിച്ചെത്തി. ഊരിലെ കുറച്ച് സ്ത്രീകളെ ഒപ്പം കൂട്ടി കൃഷി ചെയ്ത് വിളകൾ പാക്കറ്റിലാക്കി വിൽക്കാൻ തുടങ്ങി. വനിതാ സംഘത്തിന്‍റെ ഉദ്യമം ശ്രദ്ധയിൽപ്പെട്ട കുടുംബശ്രീ ഉദ്യോഗസ്ഥർ അവരെ തേടിയെത്തി. അങ്ങനെ കൃഷി  വിപുലമാക്കാൻ കുടുംബശ്രീ സഹായം നൽകി. യൂണിറ്റ് ലാഭത്തിലായപ്പോൾ കുടുംബശ്രീ കൂടുതൽ ഉത്തരവാദിത്തങ്ങളേൽപ്പിച്ചു.  രാജ്യത്തങ്ങോളമിങ്ങോളം ഉള്ള പല വിപണന മേളകളിൽ പൊന്നിയും സംഘവും പങ്കെടുത്തു. പല മേളകളില്‍ നിന്നായി 25 ലക്ഷത്തിലധികം വിറ്റുവരവ് ഉണ്ടാക്കാനും സാധിച്ചു. കർഷകർക്കും യൂണിറ്റംഗങ്ങൾക്കും നേട്ടം.

കേരളത്തിൽ നിന്ന് മാത്രമല്ല, മറ്റുപല സംസ്ഥാനങ്ങളിൽ നിന്നുമുള്ള സ്ത്രീ സംരംഭകർ അന്ന് നോയിഡയിലെ മേളയിൽ ഉണ്ടായിരുന്നു. അവരെല്ലാവരും ഒന്നിച്ചായിരുന്നു താമസം. സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്ന കുറെ സ്ത്രീകൾ. അവർ പരസ്പരം ചേർന്നു നില്‍ക്കുന്ന കാഴ്ച വലിയ സന്തോഷമുണ്ടാക്കി. പക്ഷേ അടുത്ത വർഷം പൊന്നി ചേച്ചിയെ വിളിച്ചപ്പോൾ കുടുംബശ്രീ യൂണിറ്റ് പൂട്ടി പോയെന്നും പണം തിരിമറിയും, സാമ്പത്തിക തർക്കവും കാരണം എല്ലാം പിരിച്ചു വിട്ടെന്നും അവര്‍ പറഞ്ഞു. ഒറ്റയ്ക്ക് ലോൺ എടുത്ത് കൃഷി തുടങ്ങിയെങ്കിലും വലിയ ലാഭമുണ്ടാക്കാന്‍ കഴിയുന്നില്ലെന്ന സങ്കടവും അവര്‍ പങ്കുവച്ചു. ഊരിലെ ആളുകൾ മാത്രം ഇടപെട്ടിരുന്ന ആദ്യത്തെ സംരംഭമായിരുന്നെങ്കില്‍ കുറച്ചുകൂടി കാലം കൂടി മുന്നോട്ടു പോയേനെയെന്നും ഫോൺ കട്ട് ചെയ്യും മുമ്പ് പൊന്നി ചേച്ചി പറയുന്നുണ്ടായിരുന്നു.

ഒരിക്കൽ മോള് ചോദിച്ചു, അമ്മ ചീത്ത ജോലിയാണോ ചെയ്യുന്നതെന്ന്. അന്ന് അവളോട് എന്‍റെ ജോലിയെ കുറിച്ച് പറഞ്ഞു

click me!