
ഷെയ്ഖ് ഹസീന എന്ന ബംഗ്ലാദേശിന്‍റെ മുൻ പ്രധാനമന്ത്രിക്ക് വധശിക്ഷ വിധിച്ച നടപടി അമ്പരപ്പിക്കുന്നതൊന്നുമല്ല. രാജ്യത്തെ International Crimes Tribunal ആണ് ഷെയ്ഖ് ഹസീനയുടെ അസാന്നിധ്യത്തിൽ വിധി പുറപ്പെടുവിച്ചത്. ഷെയ്ഖ് ഹസീനയ്ക്കെതിരെ തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ അടിച്ചമർത്തി, 1,400 പേരെ കൊന്നുവെന്ന കുറ്റത്തിനാണ് ശിക്ഷ. ഷെയ്ഖ് ഹസീന ഇപ്പോൾ ഇന്ത്യയിലാണ്. വിട്ടുകൊടുക്കില്ലെന്നാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട്. ഇന്ത്യയും ഷെയ്ഖ് ഹസീനയും തമ്മിലെ ബന്ധം ഇന്ദിരാഗാന്ധിയുടെയും ഷെയ്ഖ് ഹസീനയുടെ അച്ഛനായ മുജീബൂർ റഹ്മാന്‍റെയും കാലത്തേ തുടങ്ങിയതുമാണ്. തൽകാലം വധശിക്ഷ നടപ്പാകില്ല. പക്ഷേ, ഇന്ത്യക്ക് അതൊരു നയതന്ത്ര പ്രശ്നമാണ്.
രാജ്യത്ത് സംവരണത്തിനെതിരായി തുടങ്ങിയ സമരം സർക്കാർ വിരുദ്ധമായത് വളരെ പെട്ടെന്നാണ്. അത് അടിച്ചമർത്തി ഷെയ്ഖ് ഹസീന സർക്കാർ. പോയിന്‍റ് ബ്ലാങ്കിൽ പൊലീസ് വെടിവച്ചു. 1,400 പേർ കൊല്ലപ്പെട്ടു. വിധി, ഇരകൾക്ക് കിട്ടിയ നീതിയെന്ന് യുഎൻ അറിയിച്ചത് അതുകൊണ്ടാണ്. പക്ഷേ, വധശിക്ഷ യുഎന്നും അംഗീകരിക്കുന്നില്ല. ഹസീനയുടെ ഫോൺകോളുകൾ കോടതിയിൽ തെളിവായിരുന്നു. മാരകായുധങ്ങൾ ഉപയോഗിക്കാൻ ഹസീന അനുമതി നൽകിയെന്നാണ് ഫോൺകോളുകളിൽ നിന്ന് വ്യക്തമാകുന്നതെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അപ്പീൽ നൽകിയിരുന്നു ഷെയ്ഖ് ഹസീനയുടെ അഭിഭാഷകർ. നീതിപൂർവകമായ വിചാരണക്കായി. ഹേഗിലെ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നാണ് ഷെയ്ഖ് ഹസീനയുടെ വെല്ലുവിളി.
2024 ജനുവരിയിൽ ഷെയ്ഖ് ഹസീന നാലാം വട്ടം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ, അട്ടിമറി എന്ന് വിമർശകർ ആരോപിച്ചു. പ്രതിപക്ഷം ബഹിഷ്കരിക്കയും ചെയ്തു. പിന്നെയാണ് സംവരണസമരം തുടങ്ങിയത്. അത് സർക്കാരിനെതിരായി. ഷെയ്ഖ് ഹസീനക്കെതിരായി. പ്രതിഷേധം അടിച്ചമർത്താൻ പൊലീസിറങ്ങി. ഓഗസ്റ്റ് 5 -ന് മാത്രം കൊല്ലപ്പെട്ടത് 52 പേരെന്നാണ് റിപ്പോർട്ടുകൾ. ഷെയ്ഖ് ഹസീന അന്ന് രാജ്യം വിട്ടു. അവരുടെ ഔദ്യോഗിക വസതി ജനം കൈയേറി.
ബംഗ്ലാദേശ് രാഷ്ട്രീയത്തെ അടയാളപ്പെടുത്തിയിരുന്നത് ഒരു വാക്കാണ് ബാറ്റിൽ ഓഫ് ദ ബീഗംസ് (Battle of Begums). ഖലിദ സിയ, ഷെയ്ഖ് ഹസീനയുമാണ് കഥാപാത്രങ്ങൾ. രണ്ടുപേരും പേരുകേട്ട കുടുംബാംഗങ്ങൾ, ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യസമര നേതാവും രാജ്യത്തിന്‍റെ സ്ഥാപകനെന്നും വിശേഷണമുള്ള മുൻ പ്രസിഡന്‍റ് മുജീബുർ റഹ്മാന്‍റെ മകൾ ഷെയ്ഖ് ഹസീന. സൈനിക ഏകാധിപതിയായിരുന്ന സിയാ ഉർ റഹ്മാന്‍റെ ഭാര്യ ഖലിദ സിയ. മുജൂബിർ റഹ്മാനും സിയാഉർ റഹ്മാാനും വധിക്കപ്പെടുകയായിരുന്നു. ഖാലിദ സിയയും ഷെയ്ഖ് ഹസീനയും ആദ്യം ഒരുമിച്ച് നിന്നു. സിയ ഉർ റഹ്മാന് ശേഷം ഭരണമേറ്റ എർഷാദിനെ പുറത്താക്കാൻ ഒറ്റക്കെട്ട്. പക്ഷേ, രാജ്യഭരണം ആർക്കെന്നായപ്പോൾ ഇരുവരും ശത്രുക്കളായി.
ഷെയ്ഖ് ഹസീനയുടെ അച്ഛൻ ഷെയ്ഖ് മുജീബുർ റഹ്മാൻ ബംഗ്ലാദേശിന്‍റെ ആദ്യത്തെ പ്രസിഡന്‍റായിരുന്നു. പാകിസ്ഥാനെതിരായ സ്വാതന്ത്ര്യസമരം നയിച്ചതും അത് നേടിയെടുത്തതും മുജീബുർ റഹ്മാന്‍റെ നേതൃത്വത്തിൽ. ബംഗ്ലേശ് സ്വതന്ത്രമായത്, 1971 -ൽ. അതിന് വഴിയൊരുക്കിയത് ഒരു തെരഞ്ഞെടുപ്പാണ്. 1970 -ൽ കിഴക്കൻ പാകിസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പിൽ മുജീബുർ റഹ്മാന്‍റെ അവാമി ലീഗ് പാർട്ടിയാണ് ഭൂരിപക്ഷം നേടിയത്. പടിഞ്ഞാറൻ പാകിസ്ഥാനിൽ സുൽഫിക്കർ അലി ഭൂട്ടോയുടെ പിപിപി. പക്ഷേ, പല ഭിന്നതകൾ കാരണം കിഴക്കും പടിഞ്ഞാറും തമ്മിലെ ബന്ധം വഷളായിരുന്നു.
അന്നത്തെ പാക് സൈനിക മേധാവി യഹ്യ ഖാൻ, മുജീബുർ റഹ്മാന് അധികാരം കൈമാറാൻ വിസമ്മതിച്ചു. അതോടെ കിഴക്ക്, അതായത് ഇന്നത്തെ ബംഗ്ലാദേശ് ഇളകിമറിഞ്ഞു. പാക് സൈന്യം സൈനിക നടപടിയിലൂടെ അവരെ എതിരിട്ടു. ഇന്ത്യയും ഇടപെട്ടു. യുദ്ധത്തിൽ ഇന്ത്യ ജയിച്ചു. പാക് സൈന്യം കീഴടങ്ങി. ബംഗ്ലാദേശ് സ്വതന്ത്രമായി. ബംഗബന്ധു എന്നറിയപ്പെട്ടിരുന്ന മുജീബുർ റഹ്മാൻ ആദ്യത്തെ പ്രസിഡന്‍റായി. പക്ഷേ, 75-ൽ കൊല്ലപ്പെട്ടു, അതും കുടുംബാംഗങ്ങൾക്കൊപ്പം. രക്ഷപെട്ടത് അന്ന് ജർമ്മനിയിലായിരുന്ന ഷെയ്ക് ഹസീനയും സഹോദരി ഷെയ്ഖ് രെഹാനയും മാത്രം.
തന്‍റെ ജീവനും അപകടത്തിലെന്ന് മനസിലാക്കി അന്നും പോരുന്നത് ഇന്ദിരാഗാന്ധി ഭരിച്ചിരുന്ന ഇന്ത്യയിലേക്ക്. അഭയം കിട്ടി, അതിനിടെ ജനറൽ സിയ ബംഗ്ലാദേശിന്‍റെ ഭരണം പിടിച്ചെടുത്തിരുന്നു. മുജീബുർ റഹ്മാന്‍റെ കൊലയാളികൾക്ക് മാപ്പുനൽകിയ സിയ, തീവ്ര മതസംഘടകളെ രാജ്യത്തേക്ക് തിരിച്ചുവരാനും അനുവദിച്ചു. മുജീബുർ റഹ്മാന്‍റെ കൊലപാതകത്തിൽ സിയക്ക് പങ്കുണ്ടെന്നും പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയാണ് കൂട്ടക്കൊല നടന്നതെന്നും ആരോപണമുണ്ട്. പക്ഷേ, ജനറൽ സിയയും കൊല്ലപ്പെട്ടു. എർഷാദ് ഭരണമേറ്റു. എർഷാദിനെ പുറത്താക്കാൻ ഖാലിദ സിയയും അന്നത്തേക്ക് തിരിച്ചെത്തിയ ഷേഖ് ഹസീനയും കൈകോർത്തു. അതിൽ വിജയിച്ചു. പക്ഷേ, അതുകഴിഞ്ഞതോടെ ശത്രുത തിരിച്ചുവന്നു.
മുജീബുർ റഹ്മാന്‍റെ മതേതര, ദേശീയ വാദമായിരുന്നില്ല സിയയ്ക്ക്. അച്ഛൻമാരുടെ ആശയങ്ങൾ തന്നെയാണ് മക്കളും പിന്തുടർന്നത്. 1991 -ലെ തെരഞ്ഞെടുപ്പിൽ ജയിച്ചത് സിയ. 96 -ൽ ഹസീന. 2001 -ൽ പിന്നെയും സിയ. ബാറ്റിൽ ഓഫ് ദ ബീഗംസ് എന്ന് വിളിക്കപ്പെട്ടത് ഈ പോരാട്ടമാണ്. പക്ഷേ, 2009 -ൽ അധികാരം തിരിച്ചു പിടിച്ച ഹസീന പിന്നെയത് വിട്ടുകൊടുത്തില്ല. സിയ തടവിലായി, അഴിമതിയാരോപണങ്ങളിൽ. സിയ മോചിതയായത് ഹസീന രാജ്യംവിട്ട് പലായനം ചെയ്ത ശേഷമാണ്. പ്രസിഡന്‍റ് മുഹമ്മദ് യൂനിസീന്‍റെ ആദ്യ ഉത്തരവുകളിലൊന്ന്.
ബാറ്റിൽ ഓഫ് ദ ബീഗംസ് അവസാനിച്ചിട്ടില്ല. അതിന്‍റെ ഏറ്റവും പുതിയ വിന്യാസമാണ് ഹസീനയുടെ വധശിക്ഷ. ഖാലിദ സിയയുടെ ആരോഗ്യം മോശമാണ്. പക്ഷേ, പാക് സ്വാധീനം ശക്തമാണ്. മുഹമ്മദ് യൂനിസ് ഭരണകൂടവും അതിന്‍റെ വലയത്തിലാണ്. ഹസീനയെ വിട്ടുകൊടുക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അമ്മ തിരിച്ചുപോകും എന്ന ഹസീനയുടെ മകന്‍റെ വാക്ക് ഇനി നടപ്പാകില്ല. വധശിക്ഷ വിധിച്ച സ്ഥിതിക്ക് പ്രത്യേകിച്ചും. രാജ്യത്തിന്‍റെ വർത്തമാനകാലം ബാറ്റിൽ ഓഫ് ദ ബീഗംസിന്‍റെ നിഴലിൽ തന്നെ. ഭാവികാലവും ഈ നിഴലിൽ തന്നെ തുടരും. കുറേക്കാലമെങ്കിലും.