ഓസ്ട്രലിയയിലെ കാട്ടുതീ നമ്മളെ എങ്ങനെയാണ് ബാധിക്കുന്നത്?

By Gopika SureshFirst Published Jan 17, 2020, 5:48 PM IST
Highlights

ഭൗമികം. ഗോപിക സുരേഷ് എഴുതുന്ന കാലാവസ്ഥാ കോളം. ഓസ്ട്രേലിയന്‍ കുറ്റിക്കാടുകളില്‍ സെപ്റ്റംബര്‍ 2019 മുതല്‍ പടര്‍ന്നുപിടിച്ച കാട്ടുതീ സൃഷ്ടിച്ച നാശനഷ്ടം അവിടെ ഒതുങ്ങുമോ? ഇല്ല എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം

എയറോസോള്‍ അഥവാ അന്തരീക്ഷത്തിലെ സൂക്ഷ്മ കണങ്ങള്‍ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുകയും ചിതറിത്തെറിപ്പിക്കുകയും ചെയ്യുന്നു. ഇത് ദൃശ്യത കുറയ്ക്കുകയും ചെയ്യും. ആരോഗ്യം, അന്തരീക്ഷാവസ്ഥകള്‍, കാലാവസ്ഥ, എന്നിവയെ എയറോസോളുകള്‍ വലിയരീതിയില്‍ സ്വാധീനിക്കുന്നു. ഫാക്ടറികളില്‍ നിന്നുള്ള മലിനീകരണം, തീയില്‍ നിന്നുള്ള പുകയും ചാരവും, കൊടുങ്കാറ്റില്‍ നിന്നുള്ള പൊടി, കടലിലെ ഉപ്പുതരികള്‍ , അഗ്‌നിപര്‍വ്വതസ്ഫോടനങ്ങളില്‍ നിന്നുള്ള ചാരം, പുക എന്നിവ ഉള്‍പ്പെടെ നിരവധി രീതിയിലാണ് എയറോസോളുകള്‍ അന്തരീക്ഷത്തിലേക്ക് എത്തുന്നത്. ആസ്ത്മയോ മറ്റു രീതിയിലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ള ആളുകള്‍ ഈ എയറോസോളുകള്‍ ശ്വസിക്കുന്നത് പ്രതികൂലമായി ബാധിക്കും. 

 

 

ഓസ്ട്രേലിയന്‍ കുറ്റിക്കാടുകളില്‍ സെപ്റ്റംബര്‍ 2019 മുതല്‍ പടര്‍ന്നുപിടിച്ച കാട്ടുതീ സൃഷ്ടിച്ച നാശനഷ്ടം അവിടെ ഒതുങ്ങുമോ? ഇല്ല എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന വിധത്തില്‍ കാട്ടുതീയില്‍നിന്നുള്ള പുക മറ്റിടങ്ങളിലേക്കും നാശം വിതയ്ക്കുകയാണ്. ഈ പുക 
ഭൂമിയുടെ അന്തരീക്ഷത്തെ തന്നെ വലയം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് പുതിയ കണ്ടെത്തല്‍. നാഷണല്‍ എയറോനോട്ടിക്കല്‍ ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ)യാണ് അപകടകരമായ ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തത്. 

ഓസ്ട്രേലിയന്‍ ഉള്‍ക്കാടുകളില്‍ തീ പടര്‍ന്നുപിടിക്കുന്നത് ആദ്യം കണ്ടെത്തിയത് നാസയുടെ ഉപഗ്രഹ ഉപകരണങ്ങളായിരുന്നു. പിന്നീട്, പടര്‍ന്നു പിടിക്കുന്ന തീയെ കുറിച്ചും അതിന്റെ യഥാര്‍ത്ഥ സ്ഥാന വിവരങ്ങള്‍ കൈമാറിയിരുന്നതും നാസ ആയിരുന്നു. ഇപ്പോള്‍ ഈ തീപിടുത്തങ്ങള്‍ സൃഷ്ടിച്ച പുകയുടെ ചലനത്തെ കുറിച്ചുള്ള വിവരങ്ങളാണ് നാസയുടെ ഉപഗ്രഹമായ NOAA/ NASA suomi NPP തരുന്നത്. ഭീമാകാരമായ കാട്ടുതീ പടര്‍ത്തിയ പുക ഭൂമിയുടെ അന്തരീക്ഷത്തെ  വലയം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ പുകപടലങ്ങള്‍ തെക്കന്‍ പെസഫിക്കിലൂടെ കിഴക്കോട്ട് സഞ്ചരിച്ചു ന്യൂസിലാന്റിലേക്ക് നീങ്ങി, അവിടെ കടുത്ത രീതിയിലുള്ള വായു മലിനീകരണത്തിനും ഏകദേശം രണ്ടാഴ്ച മുമ്പ്  ഇരുണ്ട നിറത്തിലുള്ള മഞ്ഞുവീഴ്ചയ്ക്കും കാരണമായിരുന്നു.  

 

 

എങ്ങനെയാണ് ഈ പുകപടലങ്ങള്‍ ഭൂമിയുടെ അന്തരീക്ഷ പാളികളില്‍ എത്തിയത്?

 

ഓസ്ട്രേലിയയില്‍ ഉണ്ടായ ഈ കാട്ടുതീ അസാധാരണമായ രീതിയില്‍  ധാരാളം പൈറോകുമുലോനിംബസ് മേഘങ്ങളുടെ രൂപീകരണത്തിന് കാരണമായി. ഈ മേഘങ്ങള്‍ തീയുണ്ടാക്കുന്ന രീതിയിലുള്ള ഇടിമിന്നലുകള്‍ സൃഷ്ടിക്കുന്നു. കത്തുമ്പോള്‍ ചാരം, പുക, മറ്റുള്ള കത്തുന്ന വസ്തുക്കള്‍ തുടങ്ങിയവ ഉയര്‍ന്നുപൊങ്ങുന്നത് ഈ മേഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുകയുമാണ് ചെയ്യുന്നത്. മഴയോ മറ്റു രീതിയിലുള്ള ജലപാതങ്ങളോ ഉണ്ടാക്കാതെ അപകടകരമായ ഇടിമിന്നലുകള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നുള്ളതാണ് ഈ മേഘങ്ങളുടെ പ്രത്യേകത. 

ഇക്കാരണത്താലാണ് പുക അന്തരീക്ഷപാളിയായ ട്രോപോസ്ഫിയറിനെ കടന്ന് സ്ട്രാറ്റോസ്ഫിയറില്‍ എത്താന്‍ കാരണം. സ്ട്രാറ്റോസ്ഫിയറില്‍ എത്തിക്കഴിഞ്ഞാല്‍, പുകയ്ക്ക് അതിന്റെ ഉറവിടത്തില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ കഴിയും, ഇതുവഴി ഈ പുകപടലങ്ങള്‍ ആഗോളതലത്തില്‍ വ്യാപിച്ചു അന്തരീക്ഷത്തെ തന്നെ ബാധിക്കുന്നു. 

 

 

എന്താണ് എയറോസോള്‍? നാസ എങ്ങനെ ഈ പുകയുടെ സഞ്ചാരപാത തയ്യാറാക്കുന്നു?

എയറോസോള്‍ അഥവാ അന്തരീക്ഷത്തിലെ സൂക്ഷ്മ കണങ്ങള്‍ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുകയും ചിതറിത്തെറിപ്പിക്കുകയും ചെയ്യുന്നു. ഇത് ദൃശ്യത കുറയ്ക്കുകയും ചെയ്യും. ആരോഗ്യം, അന്തരീക്ഷാവസ്ഥകള്‍, കാലാവസ്ഥ, എന്നിവയെ എയറോസോളുകള്‍ വലിയരീതിയില്‍ സ്വാധീനിക്കുന്നു. ഫാക്ടറികളില്‍ നിന്നുള്ള മലിനീകരണം, തീയില്‍ നിന്നുള്ള പുകയും ചാരവും, കൊടുങ്കാറ്റില്‍ നിന്നുള്ള പൊടി, കടലിലെ ഉപ്പുതരികള്‍ , അഗ്‌നിപര്‍വ്വതസ്ഫോടനങ്ങളില്‍ നിന്നുള്ള ചാരം, പുക എന്നിവ ഉള്‍പ്പെടെ നിരവധി രീതിയിലാണ് എയറോസോളുകള്‍ അന്തരീക്ഷത്തിലേക്ക് എത്തുന്നത്. ആസ്ത്മയോ മറ്റു രീതിയിലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ള ആളുകള്‍ ഈ എയറോസോളുകള്‍ ശ്വസിക്കുന്നത് പ്രതികൂലമായി ബാധിക്കും. 

സൂര്യപ്രകാശത്തെ തടഞ്ഞ് ഭൂമിയെ തണുപ്പിക്കുകയോ ഭൂമിയില്‍ നിന്നും പുറത്തോട്ട് പോകുന്ന റേഡിയേഷനുകളെ തടഞ്ഞു നിര്‍ത്തി ചൂടാക്കുകയോ ചെയ്യുക, മേഘങ്ങള്‍ ഉണ്ടാകുന്നത് തടയുകയോ സഹായിക്കുകയോ ചെയ്യുക തുടങ്ങിയവയ്ക്ക് അനുയോജ്യമായ കാലാവസ്ഥയെയും അന്തരീക്ഷാവസ്ഥയെയും എയറോസോളുകള്‍ സ്വാധീനിക്കുന്നു. 

അന്തരീക്ഷത്തിലുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ആഗിരണം ചെയ്യുന്ന സൂക്ഷ്മ കണികകളുടെ(എയറോസോള്‍) സാന്നിദ്ധ്യം സൂചിപ്പിക്കാന്‍  നാസയുടെ ഉപഗ്രഹമായ സുവോമി എന്‍പിപിയിലെ  എയറോസോള്‍ സൂചിക പാളി (എയറോസോള്‍ ഇന്‍ഡെക്‌സ് ലെയര്‍) കഴിയും. അഗ്‌നിപര്‍വ്വത സ്ഫോടനങ്ങളില്‍ നിന്നുള്ള ചാരത്തിന്റെ ദീര്‍ഘദൂര ചലനം, കാട്ടുതീയില്‍ നിന്നുള്ള പുക അല്ലെങ്കില്‍ ബയോമാസ് കത്തുന്നതില്‍ നിന്നുള്ള പുക ചാരം എന്നിവയുടെ അന്തരീക്ഷത്തിലൂടെയുള്ള വ്യാപനം, മരുഭൂമിയിലെ പൊടിക്കാറ്റുകളില്‍ നിന്നുള്ള പൊടി എന്നിവ തിരിച്ചറിയുന്നതിനും അവയുടെ ചലനപാത രേഖപ്പെടുത്തുന്നതിനും എയറോസോള്‍ സൂചിക പാളി  ഉപയോഗപ്രദമാണ്.  

അന്തരീക്ഷത്തിലെ പുകപടലങ്ങളില്‍ നിന്നും ചാരത്തില്‍ നിന്നുമൊക്കെയുള്ള ചെറിയ കണങ്ങളുടെ സാന്നിദ്ധ്യമാണ് സുവോമി എന്‍പിപി ഇപ്പോള്‍ സൂചിപ്പിക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികളുടെ ആഗിരണം അന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന ഈ എയറോസോള്‍ പാളിയുടെ കനം, ഉയരം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഏയറോസോള്‍ സൂചിക എന്നുപറയുന്നത്  0.00 ( ഇളം മഞ്ഞ, മഞ്ഞ) മുതല്‍ 5.00 (കടും ചുവപ്പ്) വരെയുള്ള ശ്രേണിയായി വ്യാപിച്ചുകിടക്കുന്നു. ഇതില്‍ 5.0 അതായത് കടും ചുവപ്പ് സൂചിപ്പിക്കുന്നത് ദൃശ്യത ഏറ്റവും കൂടുതല്‍ കുറക്കുകയും മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാവുന്ന കനത്ത എയറോസോള്‍ സാന്ദ്രതയെയാണ്. 

click me!