തെരഞ്ഞെടുപ്പുകളില്‍ മാത്രം ഓര്‍ക്കപ്പെടുന്ന ചില പെൺജീവിതങ്ങൾ !

By Soumya R KrishnaFirst Published May 9, 2023, 5:17 PM IST
Highlights

പലതവണ പോലീസിന്‍റെ സഹായം തേടിയിരുന്നു.  പക്ഷേ അപ്പോഴൊക്കെ പോലീസ് സ്റ്റേഷനിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടെന്ന് ബന്ധുക്കൾ പറയുന്നു.  പെൺകുട്ടി കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോൾ അത് വാർത്തയായി. പിന്തുണയ്ക്കാൻ രാഷ്ട്രീയക്കാരെത്തി. അപ്പോൾ മാത്രം അന്വേഷിക്കാൻ പോലീസും തയ്യാറായി. 


ത്തർപ്രദേശ് നിയമസഭാ കാലത്താണ് സംഭവം. ഉന്നാവിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ ആശ സിംഗായിരുന്നു കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി. അങ്ങനെയാണ് ഉന്നാവിലെത്തുന്നത്. ഉന്നാവിലെത്തി നേരെ പോയത് ആശ സിംഗിന്‍റെ വീട്ടിലേക്കാണ്. അതിജീവിതയടക്കം മൂന്ന് പെൺകുട്ടികളുള്ള ആ വീട് കനത്ത പൊലീസ് വലയത്തിലാണ്, സദാസമയവും. കോടതി നിർദേശപ്രകാരം അനുവദിച്ചതാണ് സുരക്ഷ. അന്ന് മുഴുവൻ അവർക്കൊപ്പം ചെലവഴിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആദ്യം പോകുന്നത് ഒരു ആശുപത്രിയിലേക്കാണ്, അങ്ങോട്ടെത്തിക്കോളാമെന്ന് ആശ സിംഗ് അറിയിച്ചിരുന്നു. ഞാൻ അന്ന് ഹിന്ദി പഠിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഫോണിലൂടെ എന്തിനാണ് ആശുപത്രിയിൽ പോവുന്നതെന്ന് ചോദിച്ചിരുന്നെങ്കിലും മറുപടി എനിക്ക് മനസ്സിലായില്ല. ആശുപത്രിയിൽ എത്തിയപ്പോൾ മോർച്ചറിക്ക് മുന്നിൽ ആളുകൾ തടിച്ചുകൂടി നിൽക്കുന്നത് കണ്ടു.

ഉന്നാവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദളിത് പെൺകുട്ടിയുടെ മൃതദേഹം സമാജ്‌വാദി പാർട്ടി നേതാവിന്‍റെ മകന്‍റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയിരുന്നു. ആ കുട്ടിയുടെ കുടുംബമായിരുന്നു ആശുപത്രിക്ക് മുന്നിൽ കൂടി നിന്നിരുന്നത്. ഒപ്പം ആശാ സിംഗും മറ്റ് കോൺഗ്രസുകാരും ഉണ്ടായിരുന്നു. മുൻമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ ഫത്തെ ബഹദൂർ സിങ്ങിന്‍റെ മകൻ രാജോൾ സിങ്ങിന്‍റെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് ഇരുപത്തി രണ്ടുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. പെൺകുട്ടിയ രജോൾ സിങ്ങ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. 

രാഷ്ട്രീയമോ പ്രണയമോ പാടില്ല; മക്കൾക്കുള്ള ഉ​ഗ്രശാസനകളും ഇല്ലാതാവുന്ന സ്വാതന്ത്ര്യവും

പൊലീസ് അന്വേഷണം വൈകിയപ്പോൾ പെൺകുട്ടിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതും വലിയ വാർത്തയായിരുന്നു. മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താനായി എത്തിച്ചതായിരുന്നു ആ ആശുപത്രിയിൽ. അവരന്ന് മൈക്കിന് മുന്നിൽ പൊട്ടിക്കരഞ്ഞു. ഞങ്ങൾക്ക് വലിയ നേതാക്കളുമായി മത്സരിക്കാൻ പണമോ അധികാരമോയില്ലെന്ന നിസഹായത പറഞ്ഞായിരുന്നു കരച്ചിൽ. സാധാരണ കൂലിപ്പണി ചെയ്തു ജീവിക്കുന്ന കുടുംബത്തിലെ മൂന്ന് കുട്ടികളിൽ ഒരാളാണ് കൊല്ലപ്പെട്ടത്. കാണാതായി രണ്ട് മാസത്തിനപ്പുറം മൃതദേഹം കണ്ടെത്തി. 

ഇതിനിടയിൽ പലതവണ പോലീസിന്‍റെ സഹായം തേടിയിരുന്നു.  പക്ഷേ അപ്പോഴൊക്കെ പോലീസ് സ്റ്റേഷനിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടെന്ന് ബന്ധുക്കൾ പറയുന്നു.  പെൺകുട്ടി കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോൾ അത് വാർത്തയായി. പിന്തുണയ്ക്കാൻ രാഷ്ട്രീയക്കാരെത്തി. അപ്പോൾ മാത്രം അന്വേഷിക്കാൻ പോലീസും തയ്യാറായി. അങ്ങനെയാണ് മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ വീണ്ടും പരിശോധിക്കാൻ തയ്യാറാക്കുന്നത്. അന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൊട്ടടുത്ത മണ്ഡലത്തിലുണ്ടായിരുന്ന പ്രിയങ്കാ ഗാന്ധി അങ്ങോട്ട് വരുമെന്ന് പറഞ്ഞെങ്കിലും എത്തിയില്ല.

മൂന്നാം ക്ലാസ് വരെ പഠിച്ച, ദില്ലിയില്‍ കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കാനെത്തിയ അട്ടപ്പാടിക്കാരി പൊന്നി

ആ വാർത്ത റിപ്പോർട്ട് ചെയ്ത ശേഷം  ഞങ്ങൾ വീണ്ടും ആശാസിങ്ങിനൊപ്പം യാത്ര തുടർന്നു.  അവിടെ നിന്നും ആശ സിംഗ് നേരെ പോയത് പ്രചാരണത്തിനാണ്. ആ ആശുപത്രിക്ക് മുന്നിൽ കണ്ട കോൺഗ്രസ് കൂട്ടങ്ങളെ പക്ഷേ, ആശ സിംഗിനൊപ്പം കണ്ടില്ല. അതിജീവിതയും സഹോദരിയും മറ്റ് രണ്ട് പേരും പിന്നെ അവരുടെ സുരക്ഷയ്ക്കായി നിയോഗിച്ച കുറെ പൊലീസുകാരും മാത്രമാണ് വോട്ടർമാരെ കാണുമ്പോൾ കൂടെ ഉണ്ടായിരുന്നത്. പ്രദേശത്തെ മുതിർന്ന കോൺഗ്രസുകാരോ, നേതാക്കളോ ഇവർക്കൊപ്പം ഉണ്ടായില്ല. 

വലിയ രാഷ്ട്രീയ ജ്ഞാനമോ, പരിചയമോ, ഇല്ലാത്ത ആശ സിംഗിനെ ഒറ്റയ്ക്ക് പ്രചാരണത്തിന് വിടുന്നതെന്തെന്ന് സ്ഥലത്തെ ഒരു കോൺഗ്രസ് നേതാവിനോട് ചോദിച്ചു. അവർ മത്സരിക്കുന്നതിനോട് കോൺഗ്രസിൽ തന്നെ എതിർപ്പുണ്ടെന്നായിരുന്നു മറുപടി. തൊട്ട് മുമ്പ് ആശുപത്രിക്ക് മുന്നിൽ ദളിത് പെൺകുട്ടിയുടെ വീട്ടുകാരെ ചേർത്ത് നിർത്തിയ ആളാണ് ആ മറുപടി തന്നതെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഫലം വന്നപ്പോൾ കെട്ടിവെച്ച പണം പോലും കിട്ടാതെ ആശ സിംഗ് തോറ്റുവെന്ന് അറിഞ്ഞപ്പോൾ എനിക്ക് അത്ഭുതമൊന്നുമുണ്ടായില്ല. തെരഞ്ഞെടുപ്പ് കാലത്തിനപ്പുറത്ത്, കണക്കുകൂട്ടലുകൾക്ക് പുറത്ത് സ്ത്രീകളെ പരിഗണിച്ച  എത്ര രാഷ്ട്രീയ പാർട്ടികൾ ഉണ്ട്  ഇന്നാട്ടിൽ? 

പെണ്ണിന് ഹോക്കി പറ്റില്ലെന്നവർ, രാജ്യത്തിന് ഒളിമ്പ്യന്മാരെ സമ്മാനിച്ച് പ്രീതം ദീദി

click me!