മക്കളുടെ മനസ്സറിയാന്‍ മാതാപിതാക്കള്‍ക്ക് ഒരിക്കലെങ്കിലും കഴിഞ്ഞെങ്കില്‍ ആ ആത്മഹത്യകള്‍ ഒഴിവായേനെ...

By Speak UpFirst Published Apr 4, 2019, 3:58 PM IST
Highlights

തുഷാര, എന്റെ കൊച്ചനിയത്തി. അവള്‍ അനുഭവിച്ച പീഡനങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നില്ല. എന്നാല്‍ പട്ടിണിയാണ് മരണകാരണം എന്നതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
 

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

തുഷാര, എന്റെ കൊച്ചനിയത്തി. അവള്‍ അനുഭവിച്ച പീഡനങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നില്ല. എന്നാല്‍ പട്ടിണിയാണ് മരണകാരണം എന്നതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.

കുടുംബജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍, നാട്ടുകാര്‍ അറിഞ്ഞാല്‍ നാണക്കേട് ആവും,  അത്‌കൊണ്ടു കുറച്ചൊക്കെ സഹിച്ചും ക്ഷമിച്ചും  ജീവിക്കാന്‍ പഠിക്കണം, എന്ന് പറഞ്ഞു മനസ്സില്‍ കൂടുതല്‍ വിഷമം കുത്തിയിറക്കി,  അടിമയെ പോലെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന മാതാപിതാക്കള്‍ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടാകുമോ  അത്രകാലവും നോക്കിവളര്‍ത്തിയ മക്കളുടെ വൈവാഹിക ജീവിതത്തിലെ വിഷമങ്ങളെപറ്റി.

അതിന് എവിടുന്നാണ് നേരം? മനസ്സില്‍ പ്രയാസം ഉള്ളപ്പോള്‍ മക്കള്‍ വീട്ടില്‍ വന്നാല്‍ എങ്ങനെയെങ്കിലും തിരിച്ചയക്കാനുള്ള തിരക്കായിരിക്കും. അല്ലാതെ മക്കളുടെ മനസ്സ് അറിയാന്‍ പലപ്പോഴും അച്ഛനമ്മമാര്‍  ശ്രമിക്കാറില്ലല്ലോ. അങ്ങനെ ഒരിക്കലെങ്കിലും ചോദിച്ചിരുന്നുവെങ്കില്‍ ഒരുപാട് ആത്മഹത്യകള്‍ ഒഴിവാകുമായിരുന്നു.

അവര്‍ കരുതുന്നതാവണം സത്യം എന്ന നിര്‍ബന്ധം മാത്രമേ അവര്‍ക്ക് ഉള്ളൂ!

വിവാഹജീവിതത്തിലെ പീഡനങ്ങള്‍ ഒരിക്കലെന്നെ ഭ്രാന്തിന്റെ വക്കില്‍വരെ എത്തിച്ചിരുന്നു.  കഷ്ടപ്പെട്ടു ബുദ്ധിമുട്ടി അച്ഛന്‍ എനിക്ക് തന്ന സ്വര്‍ണമത്രയും ധൂര്‍ത്തടിക്കുകയും പണത്തിനു വേണ്ടി കൊല്ലാക്കൊല ചെയ്തപ്പോഴും അറിഞ്ഞില്ല, അയാള്‍ ഇത്തരമൊരാളെന്ന്. അയാളിലെ അവസ്ഥയെ അയാളുടെ അച്ഛനും അമ്മയും മുതലെടുക്കുമ്പോഴും, എന്തു ചെയ്യണം എന്നറിയാതെ പകച്ചുനിന്നു. 

സിനിമയെ വെല്ലും സ്‌റ്റൈലില്‍, കാലു രണ്ടും കാലിനുള്ളില്‍ ആക്കി കൈ രണ്ടും പിറകിലേക്ക് പിടിച്ചു ഒരു കൈകൊണ്ട് മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ എവിടുന്നോ കിട്ടിയ ധൈര്യത്തിന്റെ പുറത്ത് കൈകടിച്ചു പറിച്ച് അവിടുന്ന് യക്ഷിയെ പോലെ ഇറങ്ങി വന്ന എന്നോടും  എന്റെ വീട്ടുകാര്‍ തിരികെ പോകാന്‍ തന്നെയാണ് പറഞ്ഞത്.  

പിന്നീട് ഗര്‍ഭിണിയായപ്പോള്‍ അടിവയറ്റില്‍ ചവിട്ടിയപ്പോഴും, ഇതുതന്നെ പറഞ്ഞു-ആള്‍ക്കാര്‍ അറിഞ്ഞാല്‍ നാണക്കേട് ആണെന്ന്.

അവസ്ഥകള്‍ അതിഭീകരമായപ്പോള്‍ ധൈര്യത്തോടെ അവിടുന്ന് ഇറങ്ങിവന്നു. കാര്യങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ എനിക്ക് പ്രേതബാധ ഉണ്ടെന്ന് വരെ  പറഞ്ഞുണ്ടാക്കി. പൂജയും നടത്തി വഴിപാടും നടത്തി,  എന്നിലെ ബാധയെ തുരത്താന്‍.
 

ഒരുപാട് വിദ്യാഭ്യാസം തന്നും സഹനം പഠിപ്പിച്ചും തന്ന അച്ഛനമ്മമാര്‍ എതിര്‍ക്കാന്‍ മാത്രം പഠിപ്പിച്ചില്ല!

ഒരുപാട് വിദ്യാഭ്യാസം തന്നും സഹനം പഠിപ്പിച്ചും തന്ന അച്ഛനമ്മമാര്‍ എതിര്‍ക്കാന്‍ മാത്രം പഠിപ്പിച്ചില്ല!

സ്വയം ഉണ്ടാക്കി എടുത്ത ധൈര്യത്തിന് മേല്‍ ബന്ധം വേര്‍പെടുത്തി സ്വതന്ത്രയായി. തന്നിഷ്ടക്കാരി എന്ന് പറയുന്നവരോട് പോയി പണിനോക്കാന്‍ പറഞ്ഞു..  നാട്ടുകാര്‍ക്ക് ഞാന്‍ ഒരു സംസാരവിഷയം ആയപ്പോഴും എനിക്ക് എന്നില്‍ വിശ്വാസം ആയിരുന്നു. സ്വയം ബഹുമാനവും തോന്നിയിരുന്നു.

അന്യന്റെ വീട്ടിലെ പണികള്‍ ചെയ്യാന്‍ അല്ല ഒരു പെണ്‍കുട്ടിയെ വളര്‍ത്തിയെടുക്കേണ്ടത്, വ്യക്തിത്വം നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ വേണ്ടിയാണ്. അവള്‍ ആദ്യം സ്വന്തം കാര്യത്തിനെങ്കിലും ശബ്ദമുയര്‍ത്തി പ്രതിഷേധിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു.

സ്ത്രീധനം വാങ്ങുന്ന എല്ലാ മക്കളോടും പറയാനുള്ളത് ഇതാണ്: ചത്തു പോകുമ്പോള്‍ ഒന്നും കൂടെ കൊണ്ടുപോകാന്‍ കഴിയില്ല. കണ്ണുകള്‍ തിരുമ്മിയടക്കാന്‍ മറ്റോരാളുടെ വിരല്‍ തുമ്പിന്‍  ദയവുംവേണം. പിന്നെ എന്തിനാണ് ഇതൊക്കെ? 

ജീവിക്കുന്ന തുഷാരമാര്‍ ഇനിയെങ്കിലും പ്രതികരിക്കുക. ഇനിയൊരു സഹോദരിക്കും ഈ ഗതി വരാതിരിക്കട്ടെ.  

click me!