പ്രിയപ്പെട്ട മകനേ, ഈ പുസ്തകങ്ങള്‍ സ്ത്രീകളെ  മനസ്സിലാക്കാന്‍ നിന്നെ സഹായിക്കും!

By Speak UpFirst Published Sep 22, 2021, 7:35 PM IST
Highlights

എനിക്കും ചിലത് പറയാനുണ്ട്. ആണ്‍കുട്ടികള്‍ അറിയേണ്ട ചില കാര്യങ്ങള്‍. ജസ്‌ലി കോട്ടക്കുന്ന് എഴുതുന്നു 

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

 

പ്രിയപ്പെട്ട മകന്, 

പ്രായപൂര്‍ത്തിയാവും മുമ്പേ, നീ വായിക്കണം എന്ന് ഞാനാഗ്രഹിക്കുന്ന ചില പുസ്തകങ്ങളെ കുറിച്ചാണ് ഈ കത്ത്. ഏത് പ്രായത്തിലും കാലത്തിലുമുള്ള മലയാളി ആണ്‍കുട്ടികള്‍ക്ക് മനസ്സിലാവുന്ന സവിശേഷ അവസ്ഥകള്‍ മുന്‍നിര്‍ത്തിയാണ് ഇതെഴുതുന്നത്. ആണ്‍ കുട്ടികളോട് മാത്രമായിട്ടെന്താണിത്ര പറയാനുള്ളത് എന്നു ചോദിക്കാം. നമ്മുടെ നാട്ടില്‍ ആണ്‍കുട്ടികള്‍ മാത്രമായി വായിക്കേണ്ട ചില പുസ്തകങ്ങളുണ്ട് എന്നാണ് മറുപടി. പെണ്‍കുട്ടികളെക്കുറിച്ചും സ്ത്രീ എന്ന അവസ്ഥയെക്കുറിച്ചും നിനക്ക് പറഞ്ഞു തരാവുന്ന പുസ്തകങ്ങള്‍. അവയെ പ്രാഥമികമായി പരിചയപ്പെടുത്തുന്നത് ഈയൊരു കാലത്ത് ഏറെ നല്ലതാവും എന്നാണ് എന്റെ തോന്നല്‍.  

വിസ്മയ എന്ന 24 വയസ്സുകാരി നിവൃത്തിയില്ലാതെ ജീവന്‍ വെടിഞ്ഞതിനെ കുറിച്ച് നീ കുറച്ചു കാലം മുമ്പ് കേട്ടിരിക്കണം. അങ്ങനെ അനേകം സ്ത്രീകള്‍ പല തരത്തില്‍ മരിച്ചും മരിച്ചുജീവിച്ചുമിരിക്കുന്ന സമൂഹമാണ് നമ്മുടേത്. അവളെ മനസ്സിലാക്കാനും, മനുഷ്യരെന്ന പോലെ പെരുമാറാനും അറിയാത്ത ആണുങ്ങളും അതേ മട്ടില്‍ ചിന്തിക്കുന്ന കുറച്ചു സ്ത്രീകളുമൊക്കെയാണ് ഇതിനു കാരണമാവുന്നത്. ഗാര്‍ഹിക പീഡനം എന്നു നീ കേട്ടിട്ടേില്ലേ, വീടിനുള്ളില്‍ സ്ത്രീ അനുഭവിക്കുന്ന പീഡനങ്ങളാണിത്. വീടിനു പുറത്തുമുണ്ട് പല തരം പീഡനമുനമ്പുകള്‍. ഇതിനൊക്കെ പലപ്പോഴും കാരണമാവുന്നത് പുരുഷന്‍മാരാണ്. നിന്നെപ്പോലെ, അമ്മമാര്‍ പോറ്റിവളര്‍ത്തുകയും സഹോദരിമാര്‍ താലോലിക്കുകയും ചെയ്തു പോന്ന ആണ്‍കുട്ടികളാണ് പിന്നീട്, സ്ത്രീകളെന്നാല്‍ പീഡനമുതലുകളാണ് എന്ന ബോധ്യത്തിലേക്ക് വളര്‍ന്ന്, ഇത്തരം ആണുങ്ങളാവുന്നത്.

കുട്ടിക്കാലം മുുതലേ, സ്ത്രീകളെ മനുഷ്യരെ പോലെ കാണാനും സ്‌നേഹിക്കാനും ആദരിക്കാനുമൊക്കെ പഠിച്ചാല്‍ അങ്ങനെ സംഭവിക്കില്ല. എന്നാല്‍, മിക്കവാറും വീടുകളില്‍ അതല്ല അവസ്ഥ. ആ സാഹചര്യത്തില്‍, ആണും പെണ്ണും പരസ്പരം മനസ്സിലാക്കിയും ആദരിച്ചും ജീവിക്കുന്ന സാമൂഹ്യാവസ്ഥ സൃഷ്ടിക്കാന്‍ നമ്മള്‍ തന്നെ തുനിഞ്ഞിറങ്ങേണ്ടി വരും. അതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് പുസ്തകങ്ങള്‍. ഈ പ്രായത്തില്‍ നിനക്ക് വായിക്കാന്‍ നല്ലതെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്ന ചില പുസ്തകങ്ങളെ കുറിച്ചാണ് ഇനി ഞാന്‍ പറയുന്നത്. സ്ത്രീകളെ മനസ്സിലാക്കാന്‍ നിനക്ക് ഈ പുസ്തകങ്ങള്‍ സഹായകമാവും. 

നെയ്പ്പായസം

ആദ്യം ഞാന്‍ പറയുന്നത് ഒരൊറ്റ കഥയെക്കുറിച്ചാണ്. കമലസുരയ്യ രചിച്ച നെയ്പ്പായസം. അമ്മമാരുടെ പെട്ടെന്നുള്ള വിയോഗം സൃഷ്ടിക്കുന്ന ശൂന്യത എത്രമാത്രം വേദനജനകമാണെന്നാണ് അത് പറയുന്നത്. മൂന്നു ആണ്‍മക്കള്‍ അടങ്ങുന്ന ഒരു ഇടത്തരം കുടുംബത്തിലെ അമ്മയില്ലാത്ത രാത്രി വായിച്ചറിയുമ്പോള്‍ സ്ത്രീകളുടെ ഓരോ ദിവസത്തെ ജോലികളും ഉത്തരവാദിത്തങ്ങളും എത്രയാണെന്ന് മോന് ബോധ്യമാകും. കൗമാരത്തിലേക്ക്  കടക്കുന്ന മക്കള്‍ക്കുണ്ടാകുന്ന മാനസികമായ മാറ്റങ്ങള്‍ പലപ്പോഴും അമ്മമാരെ ആകുലപ്പെടുത്താറുണ്ട്. 

മധ്യവയസ്‌കയായ ഒരമ്മയുടെ ആധികളും കുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലുകളും ഇത്ര നന്നായി പറയുന്ന മറ്റൊരു കഥയുണ്ടോയെന്ന് സംശയമാണ്. സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍, തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തി നേടുമ്പോള്‍മുതല്‍ പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികള്‍ക്കാണ് അമ്മത്തണല്‍ ആവശ്യമില്ലെന്ന്  തോന്നിത്തുടങ്ങുക. വളര്‍ന്നാലും അമ്മ ആരായിരുന്നുവെന്ന് നിനക്ക് പറഞ്ഞുതാരാന്‍ ത്രാണിയുള്ള കഥയാണിത്. സ്ത്രീകളുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കപ്പുറം മാനസിക സമ്മര്‍ദ്ദങ്ങള്‍ മനസ്സിലാക്കിത്തരുന്ന കഥ.
 
ദീനാമ്മ

അടുത്തത് കേശവദേവിന്റെ ദീനാമ്മ എന്ന കഥ. നമ്മുടെ സൗന്ദര്യ സങ്കല്പങ്ങളെ തകിടം മറിക്കുന്ന കഥാപാത്രമാണ്  ദീനാമ്മ. ബാഹ്യസൗന്ദര്യമല്ല സ്ത്രീ എന്നാണത് പറഞ്ഞുതരുന്നത്. ബാഹ്യസൗന്ദര്യത്തില്‍ ആകൃഷ്ടരാവുന്നവരാണ്  മിക്കവരും. എന്നാല്‍ അതിലും മൂല്യവത്താണ് ഒരു സ്ത്രീയുടെ ആന്തരിക സൗന്ദര്യം. അതെത്ര പ്രധാനമാണെന്ന് ഈ കഥ നിന്നെ പഠിപ്പിക്കും. ഈ കഥയുടെ ഉള്‍ക്കാമ്പിലൂടെ കടന്നു പോയവര്‍ മറ്റുള്ളവരെ കറുത്തെന്നോ മെലിഞ്ഞെന്നോ കളിയാക്കാന്‍ മുതിരില്ല.

പ്രവാചകന്‍

ആഴത്തില്‍ വായിച്ചിരിക്കേണ്ട മറ്റൊരു കൃതിയാണ്  ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍. പ്രണയവും സ്‌നേഹവും മറ്റൊരാളെ ബന്ധിക്കാനോ പിടിച്ചുവെക്കാനോ ഉള്ളതല്ലെന്ന ബോധ്യം അതു നിന്നില്‍ നട്ടുപിടിപ്പിക്കും. കാമുകിമാരെ കൊലചെയ്യുന്ന ചെറുപ്പക്കാരുടെ വാര്‍ത്തകള്‍ നീ കാണാറില്ലേ. അതെന്തു കൊണ്ടാണ് എന്നാലോചിച്ചിട്ടുണ്ടോ? പരമമായ സ്വാര്‍ത്ഥതയും ആധിപത്യപ്രവണതയുമാണ് അതിന്റെ പ്രാഥമിക കാരണങ്ങള്‍. സ്‌നേഹമെന്നാല്‍ ഇതല്ല എന്ന് ഈ പുസ്തകം നിന്നെ പഠിപ്പിക്കും. നിസ്വാര്‍ത്ഥമായ  ദൈവികമായ സ്‌നേഹം എന്താണെന്ന് ജിബ്രാന്‍ നിന്നോട് പറഞ്ഞുതരും. 

മതിലുകള്‍

ഇതിനോട് ചേര്‍ത്ത് പറയാവുന്ന മറ്റൊരു പുസ്തകമുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ 'മതിലുകള്‍.'  അത് പിന്നീട് സിനിമയുമായിട്ടുണ്ട്. പരസ്പരം കാണുക പോലും ചെയ്യാതെ മനുഷ്യര്‍ക്ക് എങ്ങനെയാണ് താങ്ങായി മാറാന്‍ കഴിയുക എന്ന് ആ പുസ്തകം പറഞ്ഞുതരും.  ആണിനെയും പെണ്ണിനെയും വേര്‍തിരിക്കുന്ന അജ്ഞതയുടേതായ മതില്‍ ഉള്ളതു കൊണ്ടാണ് ഒരു പാട് ചെറുപ്പക്കാര്‍ ലൈംഗിക മനോരോഗികള്‍ പോലുമാവുന്നത്. അത്തരം മതിലുകളില്ലാതെ, പെണ്ണിനെ മനുഷ്യജീവിയായി കാണാന്‍ മതിലുകള്‍ നിന്നെ പഠിപ്പിക്കും. 

മലമുകളിലെ നിരീക്ഷകന്‍

വലിയ താടിയും മുടിയും, ആര്‍ദ്രമായ കണ്ണുകളുമുള്ള ചിന്തകനായിരുന്നു ഓഷോ രജനീഷ്. സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ച് ഏറെ പറയുകയും എഴുതുകയും ചെയ്ത ആളാണ്. അദ്ദേഹത്തിന്റെ ജീവിതവീക്ഷണങ്ങളോട് വേണമെങ്കില്‍നിനക്ക് വിയോജിക്കാനാവും. എങ്കിലും, ഓഷോ എഴുതിയ 'മലമുകളിലെ നിരീക്ഷകന്‍' ജീവിതത്തെ മറ്റൊരു ആംഗിളില്‍ നോക്കാനുതകുന്ന കണ്ണുകള്‍ നിനക്ക് തരും. ഭൗതിക സുഖങ്ങള്‍ക്കായുള്ള ഓട്ടത്തിനേക്കാള്‍ വലുതാണ് സമാധാനവും സന്തോഷവുമെന്ന് ഈ ഗ്രന്ഥം നിനക്കു പറഞ്ഞുതരും. 

ഓടയില്‍ നിന്ന്

മക്കളും മാതാപിതാക്കളും തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ പതിവാണ്. കേശവദേവിന്റെ 'ഓടയില്‍ നിന്ന്' എന്ന നോവല്‍ നീ വായിക്കണം. കുടുംബത്തിലെ പല പ്രശ്‌നങ്ങളും കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് ഈ പുസ്തകം നിന്നെ പഠിപ്പിക്കും. ഓരോ അച്ഛനമ്മമാരും എത്രമാത്രം കഷ്ടപ്പെട്ടാണ് മക്കള്‍ക്കു വേണ്ടി ജീവിക്കുന്നതെന്ന് നീ ഇപ്പോഴേ മനസ്സിലാക്കും. 


ഈ പുസ്തകങ്ങളൊന്നും സ്ത്രീപക്ഷ രചനകളല്ല. ഇവയൊന്നും ഗുണപാഠ പുസ്തകങ്ങളുമല്ല. പക്ഷേ, ഇവ നിനക്ക് മുന്നോട്ടുനടക്കാനുള്ള ചെറിയൊരു വെട്ടമെങ്കിലും കാണിക്കും. അതെന്റെ ബോധ്യമാണ്. തികച്ചും വ്യക്തിപരമാണ് ഈ തെരഞ്ഞെടുപ്പ്. ഈയൊരാവശ്യത്തിന് ഉതകുന്ന ഇതിനേക്കാള്‍ എത്രയോ നല്ല പുസ്തകങ്ങള്‍ ഉറപ്പായുമുണ്ടാവും. അവയും വായിക്കാനുള്ള അടിത്തറയിടാന്‍ ഈ പുസ്തകങ്ങള്‍ സഹായിക്കും. 

ലോകത്തെ പുതിയ വെളിച്ചത്തില്‍ കാണാന്‍ നിനക്ക് കഴിയട്ടെ. 
സ്ത്രീകളോടുള്ള നിന്റെ കാഴ്ചപ്പാടുകള്‍ മാറട്ടെ.

സ്‌നേഹത്തോടെ...

 

click me!