opinion : ചങ്ക് പിടിക്കുന്ന കെട്ടിയവന്റെ കരണത്തടിച്ച് വരുന്നവളെ ഇരുകൈയും നീട്ടി സ്വീകരിക്കാമോ?

By Speak UpFirst Published Jan 18, 2022, 4:28 PM IST
Highlights

എനിക്കും ചിലത് പറയാനുണ്ട്. ദില്‍റാഷ സിറാജ് എഴുതുന്നു: ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ സമ്മതിക്കാതെ, ഇഷ്ടപ്പെട്ട ഇടങ്ങളില്‍ പോകാന്‍ വിടാതെ, ഇഷ്ടപ്പെട്ടയാളെ കല്യാണം കഴിക്കാന്‍ സമ്മതിക്കാതെ, ഒരഭിപ്രായം പറയാന്‍ വിടാതെ, ഒന്നു ശ്വാസം വിടാന്‍ സമ്മതിക്കാതെ, സമാധാനമായി ഒറ്റയ്ക്കിരിക്കാന്‍ സമ്മതിക്കാതെ എന്തിനാണ് നിങ്ങളവളെ സംരക്ഷിക്കുന്നത്? 

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 


ഒരു കോളേജ് ഓഡിറ്റോറിയം. കേള്‍വിക്കാരായി നൂറ് കണക്കിന് രക്ഷിതാക്കള്‍. സ്റ്റേജില്‍ മൈക്കെടുത്ത് അലമുറയിടുന്ന പ്രിന്‍സിപ്പലച്ചന്‍. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പത്തഞ്ഞൂറ് പേജുള്ള ഒരു പുസ്തകമെഴുതിയ ആളാണെങ്കിലും അച്ചന്റെ നിലവിളി സ്ത്രീകളെ കെട്ടിയിടണം എന്ന വിഷയത്തിലാണ്. 

'പെണ്‍കുട്ടികള്‍ക്ക് എന്തിന് സ്വാതന്ത്ര്യം' എന്ന മട്ടിലായിരുന്നു പ്രസംഗമെന്ന പേരിലുള്ള ആ അലര്‍ച്ച. നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് ഒരു തരത്തിലുള്ള വീഴ്ച്ചയും പറ്റാതിരിക്കാന്‍ അവരുടെ മേലുള്ള കയര്‍ എന്നും വിടാതിരിക്കണമെന്ന ആഹ്വാനത്തോടെ അച്ചന്‍ പ്രസംഗം നിര്‍ത്തുമ്പോള്‍ ഓഡിറ്റോറിയത്തില്‍ മിനുട്ടുകളോളം കയ്യടി ഉയര്‍ന്നു. ജീവിതത്തില്‍ ഒരു പാട് പ്രതീക്ഷകളും സ്വപ്നങ്ങളുമുള്ള അനേകം പെണ്‍കുട്ടികളും വളണ്ടിയര്‍മാരായി അവിടെ കൂടിനില്‍പ്പുണ്ടായിരുന്നു. പെണ്‍കുട്ടികളെ കെട്ടിപ്പൂട്ടിയിടണമെന്ന ആഹ്വാനം ആ പെണ്‍കുട്ടികളെ ഏതവസ്ഥയില്‍ എത്തിച്ചിരുന്നിരിക്കണം?


കോളേജിന്റെയോ ഫാദറിന്റെയോ പേരിന് പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല. കാരണം ഇത് ഏതെങ്കിലും ഒരു കോളജിലെയോ ഒരച്ചന്റെയോ വിഷയമേയല്ല.  ആ അച്ചനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ചിന്തിക്കുന്ന ആള്‍ക്കാരൊന്നും നമ്മുടെ കോളജ് നടത്തിപ്പുകാരിലോ ഭരണാധികാരികാരികളിലോ കാണാന്‍ എളുപ്പമല്ല. 

ഈ കാണുന്ന മനുഷ്യരത്രയും ഇങ്ങനെ തലകുത്തി നിന്ന് സംരക്ഷിക്കാന്‍ മാത്രം എന്ത് തൊട്ടാല്‍ പൊട്ടുന്ന സാധനമാണ് സ്ത്രീയുടെ ശരീരത്തില്‍ മാത്രമായി എടുത്തു വെച്ചിരിക്കുന്നത്?

ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ സമ്മതിക്കാതെ, ഇഷ്ടപ്പെട്ട ഇടങ്ങളില്‍ പോകാന്‍ വിടാതെ, ഇഷ്ടപ്പെട്ടയാളെ കല്യാണം കഴിക്കാന്‍ സമ്മതിക്കാതെ, ഒരഭിപ്രായം പറയാന്‍ വിടാതെ, ഒന്നു ശ്വാസം വിടാന്‍ സമ്മതിക്കാതെ, സമാധാനമായി ഒറ്റയ്ക്കിരിക്കാന്‍ സമ്മതിക്കാതെ എന്തിനാണ് നിങ്ങളവളെ സംരക്ഷിക്കുന്നത്? ജീവിതം മടുത്തു പോയവള്‍ക്ക് എന്തിനാണ് പിന്നെ സംരക്ഷണം? 

കരുതല്‍ എന്ന ചെല്ലപ്പേരുള്ള ഈ പാരതന്ത്ര്യം ആസ്വദിക്കുന്നവരുണ്ടാകാം. പ്രേത്യകിച്ചും പ്രണയബന്ധങ്ങളില്‍. രണ്ടു പേര്‍ക്കിടയിലെ പ്രണയത്തിന് ഭംഗി കൂട്ടാന്‍ ചിലപ്പോഴൊക്കെ അത് നല്ലതാണ്. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ അതിന് ഭാരമേറെയാണ്. മിക്കപ്പോഴും ഈ ഭാരം ഇറക്കി വെക്കുന്നതിനിടയിലാണ് അവളുടെ മുഖത്തേക്ക് ആസിഡ് വീഴാറുള്ളത്. 


ഒരു സഹജീവിയെന്ന പേരില്‍ മാത്രം പെണ്ണിനോട് സമൂഹത്തിന് ചെയ്യാന്‍ പറ്റുന്ന നിസ്സാരമായ കൊറേ കാര്യങ്ങളുണ്ട്, 
ഒരു താലി കെട്ടിയതിന്റെ പേരില്‍ അവളുടെ ചങ്ക് പിടിക്കുന്നവന്റെ, താലി പൊട്ടിച്ചെറിഞ്ഞവന്റെ കരണത്തടിച്ച് വരുന്നവളെ ഇരു കൈയും നീട്ടി സ്വീകരിക്കാമോ? സ്ത്രീധനം ചോദിച്ചു വരുന്ന അത്യാഗ്രഹികളെ ചൂലെടുത്ത് ഓടിച്ചു വിട്ടാലവളെ അഭിമാനത്തോടെ വാരിപ്പുണരാമോ? പ്രസവിക്കാന്‍ പറ്റാത്തൊരുവള്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ആഗ്രഹിച്ചാല്‍ പ്രസവത്തിന്റെയും മുലയൂട്ടലിന്റെയും മിഥ്യയായ മാഹാത്മ്യം പറഞ്ഞവളെ വീര്‍പ്പു മുട്ടിക്കാതിരിക്കാമോ? വന്ന് കേറിയ പെണ്ണും തലച്ചോറും ഹൃദയവും ഒക്കെയുള്ള ഒരു ജീവിയാണെന്ന് മനസിലാക്കാമോ? രോഷം അടക്കിപ്പിടിച്ചിരിക്കുന്നവളെ കെട്ടിപ്പിടിച്ച് അവള്‍ക്കൊരു കേള്‍വിക്കാരനാകാമോ?

വിശന്ന് വന്ന നിങ്ങള്‍ ഒരു പ്ലേറ്റ് ബിരിയാണി കഴിക്കാനൊരുങ്ങുമ്പോള്‍, 'കഴിക്കല്ലേ,  കൊളസ്‌ട്രോള്‍ വരും' എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്ന അതേ വികാരമാണ് ഷാള്‍ നേരെയിടാന്‍ പറയുമ്പോഴും മേക്കപ്പ് ചെയ്യരുതെന്ന് പറയുമ്പോഴും അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊക്കെ പറയുമ്പോഴും അവള്‍ക്ക് തോന്നുന്നത്.

ആണ്‍ എന്നത് സൗകര്യങ്ങള്‍ മാത്രമുള്ളൊരു ജെന്‍ഡര്‍ ആണെന്നൊന്നും പറയുന്നില്ല, പെണ്ണിന്റെ ജീവിതം ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ മാത്രമാണെന്നും അര്‍ത്ഥമില്ല. എന്നാല്‍ സ്വന്തമായി ഒരു നിലപാടെടുക്കാന്‍ ഒരിക്കല്‍ പോലും ശ്രമിക്കാത്ത, പ്രതിരോധിക്കേണ്ടിടത്ത് എതിര്‍ക്കുക പോലും ചെയ്യാത്ത, വഴിയെ പോകുന്നവരെ പോലും പ്രീതിപ്പെടുത്തണം എന്നു ചിന്തിക്കുന്ന പെണ്ണിന് ജീവിതം ഒരു ജനിച്ചു മരിക്കല്‍ മാത്രമാണെന്നത് തീര്‍ച്ചയാണ്.  ഒരു പക്ഷേ ജനിക്കുന്ന പെണ്‍കുട്ടികളെയത്രയും വീട്ടിലുള്ളവര്‍ തന്നെ അങ്ങേയറ്റം കഷ്ടപ്പെട്ട് ഇങ്ങനെയൊക്കെ ആക്കിത്തീര്‍ക്കുന്നത് കൊണ്ടാകാം പരിഹരിക്കാന്‍ പറ്റാത്ത വിധത്തിലുള്ള ഒന്നായി സ്ത്രീയുടെ ജീവിതം അത്രയധികം ചര്‍ച്ച ചെയ്യപ്പെടേണ്ടി വരുന്നത്.

പെണ്ണായി ജനിച്ചത് കൊണ്ട് മാത്രം ആയുസ്സിനെ പഴിച്ചു ജീവിക്കുന്ന എത്രയേറെ സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ടാകുമെന്ന് ഊഹിക്കാമോ? ഒരു പെണ്‍കുട്ടിയുടെ അച്ഛനായത് കൊണ്ട് മാത്രം അവളുടെ ഭര്‍ത്യ വീട്ടുകാരുടെ മുമ്പില്‍ തൊഴുകൈയ്യോടെ നില്‍ക്കേണ്ടി വന്ന എത്ര അച്ഛന്മാരുണ്ടാകമെന്ന് ഊഹിക്കാമോ?  പെങ്ങളെ കല്യാണം കഴിപ്പിച്ചു വിടാനുള്ള കാശില്ലാതെ ആത്മഹത്യയെ പറ്റി ചിന്തിച്ച എത്ര ആങ്ങളമാരുണ്ടാകുമെന്ന് അറിയാമോ?
മാറ്റമുണ്ടാകേണ്ടത് പെണ്‍കുഞ്ഞിനെ ജനിപ്പിച്ച ഓരോ അച്ഛനമ്മമാരില്‍ നിന്നുമാണ്. 

നിങ്ങള്‍ പറയുന്നത് ഏറ്റു പറയുന്ന ഒരു തത്തയായി വളര്‍ത്താതെ അവളെ അവള്‍ക്കിഷ്ടമുള്ളത് പറയാനനുവദിക്കുക. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയിലുള്ളതാണ്, പെണ്ണായത് കൊണ്ട് മാത്രം അവള്‍ക്കത് നിഷേധിക്കാതിരിക്കുക, പാടില്ലാത്തതിനെ പാടില്ല എന്നു തന്നെ പറയാനുള്ള ആത്മവിശ്വാസവും വ്യക്തിത്വവും ഉണ്ടാക്കിയെടുക്കാനുള്ള ഊര്‍ജം നല്‍കുക. അവളെ അവളുടെയിടങ്ങളിലേക്ക് പറക്കാനുള്ള ചിറകുകള്‍ നല്‍കുക. അവള്‍ക്ക് മറ്റെന്തിനേക്കാളും വലുത് അവളുടെ ജീവനും ജീവിതവും സ്വപ്നങ്ങളുമാണെന്ന് സ്വയം മനസിലാക്കുക. 

ഫെമിനിസവും ലിംഗസമത്വവും പുസ്തകം എഴുതാനുള്ള വെറും വിഷയങ്ങളാണെന്ന് വിളിച്ചു കൂവുന്നവരെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കാതെ എഴുന്നേറ്റ് നിന്ന് തിരുത്തുക.

click me!