കലഹിച്ചോളൂ, പക്ഷേ, നിങ്ങളെ നോക്കി വിതുമ്പുന്ന കുട്ടികളെ കൂടി ഓര്‍ക്കൂ...

By Speak UpFirst Published Sep 10, 2021, 8:06 PM IST
Highlights

എനിക്കും ചിലത് പറയാനുണ്ട്.ബോബി ജോബി പടയാട്ടില്‍ എഴുതുന്നു
 

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

കൂമ്പിയ കണ്ണുകളോടെ വിഷാദ ചിരിയോടെ ഉള്ള കുട്ടികളെ കണ്ടിട്ടുണ്ടോ..?

കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോഴും ക്ലാസ്സില്‍ ഇരുന്നു പഠിക്കുമ്പോഴും വലിയ ഉത്സാഹമൊക്കെ ആയിരിക്കും.. പക്ഷെ ഇടയ്ക്കവരുടെ ചിന്തകള്‍ കാട് കയറും.. തലേന്ന് രാത്രിയിലും അച്ഛനും അമ്മയും തമ്മിലുണ്ടായ വഴക്കും ബഹളവും ഓര്‍ത്തു അവരുടെ കണ്ണ് നിറഞ്ഞൊഴുകും.

വൈകിട്ട് സ്‌കൂള്‍ വിട്ടു പോകുമ്പോള്‍ വീട്ടില്‍ എന്ത് പലഹാരമാണ് ഉണ്ടാക്കിയിട്ടുണ്ടാകുക എന്നാവില്ല ആ കുഞ്ഞു മനസുകളുടെ ചിന്ത. ഇന്ന് രാത്രി എന്തായിരിക്കും വഴക്കിനു കാരണമാവുക എന്ന് മാത്രമാകും.
കലാഹിക്കുന്ന മാതാപിതാക്കള്‍ പലപ്പോഴും പറയുന്ന ന്യായീകരണമാണ് ഞങ്ങള്‍ തമ്മില്‍ പല പ്രശ്‌നങ്ങള്‍ ഉണ്ടാകും അത് ഞങ്ങള്‍  തീര്‍ത്തോളും. അതില്‍ മക്കളെന്തിനു ശ്രദ്ധിക്കണം? വഴക്കൊക്കെ എല്ലായിടത്തും ഉള്ളതെല്ലേ എന്നൊക്കെ...

മക്കള്‍ക്കിവിടെ ഒരു കുറവും ഇല്ല നല്ല ഭക്ഷണം വസ്ത്രങ്ങള്‍ ട്യൂഷന്‍ കമ്പ്യൂട്ടര്‍.. എല്ലാ സൗകര്യങ്ങളും ഉണ്ട് പിന്നെന്താ...

കുടുംബത്തില്‍ ചെറിയ വഴക്കുകള്‍ ഉണ്ടാകുന്നതു അത്ര ആനക്കാര്യമൊന്നും അല്ല. എന്നാല്‍ അതിനിടെ തമ്മില്‍ ജയിക്കാന്‍ നിങ്ങള്‍ വിളിച്ചു പറയുന്ന കാര്യങ്ങള്‍ അങ്ങനെയല്ല.

ഒരിക്കലും അങ്ങനെയല്ലെന്നു ഉറപ്പുള്ള കാര്യങ്ങള്‍ കൂടി എതിരാളിയെ തോല്പിക്കാന്‍ മൂര്‍ച്ച കൂട്ടി എയ്തു വിടുമ്പോള്‍ അതോക്കെ ചെന്ന് കൊള്ളുക ആ വീട്ടിലെ കുഞ്ഞു മനസുകളിലേക്കാണ്.

കുടുംബത്തിലെ വഴക്കുകള്‍ക്ക് കാരണങ്ങള്‍ പലതാകാം. 

ഭര്‍ത്താവിന്റെ മദ്യപാനമോ ജോലിയില്ലായ്മയോ ദാരിദ്ര്യമോ മറ്റു കുടുംബാംഗങ്ങളുടെ അനാവശ്യമായ ഇടപെടലുകളോ ഒന്നുമില്ലെങ്കില്‍ തമ്മില്‍ ഉള്ള ഈഗോയോ. കലഹപ്രിയര്‍ക്കു കാരണങ്ങള്‍ക്ക് ക്ഷമമില്ല..

വേറെ ചിലരെ കണ്ടിട്ടുണ്ട് തമ്മില്‍ വലിയ സ്‌നേഹമുള്ള ദമ്പതികള്‍ ഇടയ്ക്ക് ഒന്നും രണ്ടും പറഞ്ഞു ചൊറിഞ്ഞു ഒടുവില്‍ വലിയ വഴക്കാകും അങ്ങനെ സ്ഥിരമായി ആവശ്യമില്ലാതെ വഴക്കിടുകയും ചത്തു കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒരമ്മയെ എനിക്കറിയാ. രാത്രികളില്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ ഇടയ്ക്കിടെ അമ്മ ഒന്നും ചെയ്തിട്ടില്ല എന്നുറപ്പു വരുത്തി ഉറങ്ങാതെ കാവലിരിക്കുന്ന കുഞ്ഞുങ്ങളെയും..

ഇത് വെറും വഴക്കാണെന്നു അറിയാവുന്ന അച്ഛനും അമ്മയും സുഖമായുറങ്ങും പിറ്റേന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ അവര്‍ ജോലിക്കും പോകും.

ക്ലാസ്സില്‍ ചെന്നിരുന്നു ഉറക്കം തൂങ്ങുന്ന ആ കുഞ്ഞുങ്ങളില്‍ പക്ഷെ ഇടയ്ക്കിടെ ഒരു എങ്ങലടി ഉണ്ടാകും..
കുഞ്ഞുങ്ങളുടെ സങ്കടം. മനസിലാക്കി ആരെങ്കിലും അവരെ ഒന്നുപദേശിക്കാന്‍ ശ്രമിച്ചാലോ?
 
അത്തരം വീടുകളില്‍നിന്നാണ് എങ്ങനെയും ഒന്ന് രക്ഷപെട്ടാല്‍ മതിയെന്ന ചിന്തയില്‍ അപക്വമായ പ്രേമ ബന്ധങ്ങളില്‍ കൗമാരക്കാര്‍ ചെന്ന് പെടുന്നത്. ബുദ്ധിയും കലാവാസനകളും ഒക്കെ ഉള്ള മിടുക്കരായ കുഞ്ഞുങ്ങളാണ്  ചീത്ത കൂട്ടുകെട്ടില്‍ വീണുപോവുന്നതും. 

ഭര്‍ത്താവിന്റെ മദ്യപാനം കൊണ്ട് മാത്രം സ്ഥിരം വഴക്കുണ്ടാക്കിയിരുന്ന ദേഷ്യക്കാരിയായ ഭാര്യ അയാളുടെ മരണ ശേഷം ശാന്തമായി മക്കളെയും ചേര്‍ത്ത് പിടിച്ചു സ്വസ്ഥമായി ജീവിക്കുന്ന കാഴ്ചയും കണ്ടിട്ടുണ്ട്.

കുടുംബ വഴക്കുകള്‍ കാണുമ്പോള്‍ പുറമെ നിന്ന് കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. വഴക്കിടുന്നവരെ കുറ്റപ്പെടുത്തുകയല്ല, പക്ഷെ നിങ്ങള്‍ എത്ര ദേഷ്യത്തില്‍ ആയാലും നിരാശയിലായാലും തമ്മില്‍ പോര് വിളിക്കുമ്പോള്‍  വീട്ടിലുള്ള കുഞ്ഞിക്കണ്ണുകളിലേക്ക് കൂടി ഒന്ന് നോക്കണം. നിങ്ങള്‍ പറയുന്ന കടുത്ത വാക്കുകളില്‍  ചോര പൊടിയുന്നത് അവരുടെ ഹൃദയത്തിലാണ്.

കൗമാര പ്രശ്‌നങ്ങളോ സംശയങ്ങളോ മാതാപിതാക്കളോട് ചോദിക്കാനാവാതെ, കുഞ്ഞു സങ്കടങ്ങള്‍ക്ക് ഒരു പരിഹാരം കാണാനാവാതെ നിരാശയിലേക്കും വിഷാദത്തിലേക്കും വീണു പോകുന്ന എത്രയെത്ര കുഞ്ഞുങ്ങളാണ് ചുറ്റുമുള്ളത്. 

സ്ഥിരം കലാഹിക്കുന്ന മാതാപിതാക്കള്‍ സ്വാര്‍ത്ഥരാണ്. കാരണം അവര്‍ അവരുടെ ജയം, സന്തോഷം ഇത് മാത്രമേ ആഗ്രഹിക്കുന്നുള്ളു. അവര്‍ തമ്മിലുള്ള യുദ്ധത്തില്‍ മരിച്ചു ജീവിക്കുന്ന കുഞ്ഞുങ്ങളെ അവര്‍ ഓര്‍ക്കാറില്ല.

വെറും ഈഗോ മാത്രമല്ല കുടുംബവഴക്കുകള്‍ക്ക് കാരണമാകുന്നത്. പലയിടത്തും ന്യായമായ വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകാം. ചേര്‍ന്ന് പോകാന്‍ കഴിയാത്ത വിധം പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ ദയവു ചെയ്തു മക്കള്‍ക്ക് വേണ്ടി അവരുടെ ഭാവിയെ ഓര്‍ത്തു എന്നൊക്കെ പറഞ്ഞു ഒരു കൂരയ്ക്ക് കീഴെ ലഹളയുമായി കഴിയാതിരിക്കു. നിങ്ങളില്‍ ഒരാള്‍ക്കൊപ്പം ആയാലും ആ കുഞ്ഞുങ്ങള്‍ സന്തോഷമായി വളരും. സമാധാനം അതാണ് ഏറ്റവും  വലുത്. അതില്ലെങ്കില്‍ ഒരു ബാല്യം തന്നെ ഇല്ലാതാക്കാന്‍ വേറൊന്നും വേണ്ട.

click me!