'എന്തോ ഒരു സാധനം എന്റെ വയറീക്കൂടെ നെഞ്ചിലേക്ക് അരിച്ചുനടന്നു...'

By Tulu Rose TonyFirst Published Sep 8, 2021, 4:56 PM IST
Highlights

ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

'ടീ ഞാമ്പറഞ്ഞില്ലേ എന്തോ ഉണ്ട് ഇവിടെ. ദേ പിന്നേമെന്റെ മേലേക്കൂടെ പോയി.' 

'ഇനി വല്ല പാമ്പെങ്ങാനും?' - ഞാന്‍ കട്ടിലില്‍ എണീറ്റ് നിന്നു.

'ഏയ് പാമ്പല്ല. ഇതെന്തോ ചെറിയ സാധനമാ.' 

 

 

അര്‍ദ്ധരാത്രി കൃത്യം 10.12.

ഞങ്ങള്‍ രണ്ട് പേരും വേറെ വേറെ സ്വപ്നങ്ങളൊക്കെ കണ്ടുറങ്ങുകയായിരുന്നു. പെട്ടെന്ന് 'അയ്യോ' എന്നലറിക്കൊണ്ട് അദ്ദേഹം എഴുന്നേറ്റു. 

എന്റെ സുന്ദര സ്വപ്നം ഇടക്ക് വെച്ച് നിര്‍ത്തേണ്ടി വന്ന വിഷമത്തില്‍, 'ഓഹ് നല്ലൊരു സീനാരുന്ന്. എല്ലാം പോയി' എന്ന് പ്രാകിക്കൊണ്ട് ഞാനും ഞെട്ടി എഴുന്നേറ്റു.

അദ്ദേഹമുണ്ടല്ലോ എന്റെ ഇദ്ദേഹം, ദേ കട്ടിലിലിരുന്ന് ഭയങ്കരമാന ധൈര്യത്തോടെ ഇരുന്ന് വിറയ്ക്കുന്നു. 

'എന്താ, എന്താ പറ്റിയേ? എന്തിനാ കാറിയത്?' - കൈയില് കിട്ടിയ ചൂരലും പിടിച്ച് ഞാന്‍ സ്‌നേഹത്തോടെ ചോദിച്ചു.

'അതേയ് എന്തോ ഒരു സാധനം എന്റെ വയറീക്കൂടെ നെഞ്ചിലേക്ക് അരിച്ചു' - നെഞ്ചുഴിഞ്ഞ് കൊണ്ട് അദ്ദേഹം പറഞ്ഞു. 

'അത് സ്വപ്നം കണ്ടതാരിക്കും. ഇന്നാരെ ഓര്‍ത്തോണ്ടാ കിടന്നത്?' 

'സത്യം പറ, നീയല്ലേടീ എന്നെ ഉഴിഞ്ഞത്?'

ഉഴിഞ്ഞിടാന്‍ പറ്റിയ ഒരു സാധനവും!

'ങ്‌ഹേ  ഹയ്യേ ദേ അനാവശ്യം പറയരുത്. ഞാനാ ടൈപ്പൊന്നുമല്ല.'

ഇനി ഞാനെങ്ങാനും!?

ഹേയ് നോ നെവര്‍!

'പിന്നെന്താരിക്കും ശരിക്കും എന്തോ അരിച്ചെന്നേ. ഭയങ്കര സോഫ്റ്റായിരുന്നു. ഞാനൊന്ന് പിടിക്കേം ചെയ്തതാ.' അദ്ദേഹത്തിന് മൊത്തം കണ്‍ഫ്യൂഷന്‍.

'ആഹ്..ഇതത് തന്നെ. ഇതാണ് കിടക്കണേന് മുന്നേ കുരിശ് വരച്ച് കിടക്കണം ന്ന് പറയണത്. കണ്ട മദാമ്മമാരെ ഒക്കെ ഓര്‍ത്ത് കിടന്നാല് ഇങ്ങനൊക്കെ തോന്നും.'

വീണ്ടും ഞങ്ങള്‍ കിടന്നു. രണ്ട് പേരും വളരെ ജാഗരൂകരായി കണ്ണും മിഴിച്ച് കിടന്നു. പത്ത് മിനിറ്റ് കഴിഞ്ഞില്ല, വീണ്ടും അദ്ദേഹം അലറി.

'ഹയ്യോ...'

'എന്താന്ന്!'- എനിക്ക് ദേഷ്യം വന്ന് തുടങ്ങി.

'ടീ ഞാമ്പറഞ്ഞില്ലേ എന്തോ ഉണ്ട് ഇവിടെ. ദേ പിന്നേമെന്റെ മേലേക്കൂടെ പോയി.' 

'ഇനി വല്ല പാമ്പെങ്ങാനും?' - ഞാന്‍ കട്ടിലില്‍ എണീറ്റ് നിന്നു.

'ഏയ് പാമ്പല്ല. ഇതെന്തോ ചെറിയ സാധനമാ.' 

'എങ്കിലത് എലിയാ. ഇന്നുച്ചക്കൊരെണ്ണം വഴി ചോദിച്ച് വന്നപ്പോ ഞാനതിനെ മുറിയിലേക്ക് കയറ്റി വിട്ടിരുന്നു. പാവം എലി.

ഒരെലി ശരീരത്തേക്ക് കയറിയതിനാണോ ഇത്രേം ബഹളം  അയ്യേ. ഹഹഹ പേടിക്കണ്ട കേട്ടോ.'

എലിയാണെന്ന് കേട്ടാലെങ്കിലും സമാധാനത്തോടെ കിടന്നുറങ്ങിക്കോളും എന്നോര്‍ത്ത എനിക്ക് തെറ്റി.

അന്ന് രാത്രി മുഴുവനും ഒരു ചൂലും പിടിച്ച് ഞാന്‍ ചാടി ചാടി എലിയെ പിടിക്കാന്‍ നടന്നു. 

എലിയാണേലോ, കിട്ടിയ താപ്പില് 'ഒളിച്ചേ പാത്തേ' കളിച്ചു. അദ്ദേഹമാണേലോ, കട്ടിലേന്ന് കാല് നിലത്ത് വെക്കാതെ ധൈര്യത്തോടെ ഇരുന്ന് എനിക്ക് ഓര്‍ഡര്‍ തന്നു. 

മുറിയില്‍ മൊത്തം ഓടിനടന്ന് ക്ഷീണിച്ചപ്പോള്‍ എലി കിടന്നുറങ്ങുവാന്‍ പോയി.

സങ്കടം വന്ന് ക്ലോക്കിലേക്ക് നോക്കിയപ്പോള്‍ മണി നാല്. ചൂല് വലിച്ചെറിഞ്ഞ് ഞാന്‍ കിടക്കയിലേക്ക് ചാടിക്കിടന്നു.

'റോസ്,  നീ ലൈറ്റ് ഓഫ് ചെയ്യണ്ട. ഞാന്‍ നിന്നെ കെട്ടിപ്പിടിച്ച് കിടക്കട്ടെ.' 

ങ്‌ഹേ! എലിക്ക് നന്ദി.

അടിപൊളി.

ഉം ഉം പിടിച്ചോ പിടിച്ചോ, പിടിച്ചോന്ന്.

ഞാനദ്ദേഹത്തിനെ പ്രേമത്തോടെ നോക്കി. 

അപ്പോള്‍ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് പ്രേമത്തോടെ ചുണ്ടുകള്‍ ചെവിയില്‍ മുട്ടിച്ചു.

ഞാന്‍ പതുക്കെ കണ്ണുകള്‍ അടച്ചു.

ബോയ്‌സ് ഫസ്റ്റ്!

അദ്ദേഹം എന്റെ ചെവിയില്‍ മെല്ലെ പറഞ്ഞു: 

'അങ്ങനിപ്പോ എലിയായാലും പാമ്പാണേലും പാറ്റയാണേലും എന്റെ ബോഡിയില്‍ മാത്രം കേറണ്ട. നിന്റെ മേല് കേറീട്ടെന്റെ മേല് കേറിയാ മതി. അല്ല പിന്നെ!'

 

ടുലുനാടന്‍ കഥകള്‍: ഇതുവരെ. പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!