അണിയറയിൽ സ്റ്റാർട്ടപ്പുകൾ ഒരുക്കുന്നത് പുത്തൻ ആയുധങ്ങൾ; യുഎസിന്‍റെ ആയുധ ദാരിദ്രം മാറുമോ?

Published : Aug 11, 2026, 03:14 PM IST
lokajalakam

Synopsis

റോക്കറ്റ് മോട്ടോറുകൾ ഉപയോഗിച്ചാണ് മിസൈലുകളും മറ്റും തൊടുക്കുന്നത്. യുക്രെയ്ൻ ഇറാൻ യുദ്ധങ്ങളിൽ അമേരിക്ക ഇതിനകം 50,000 റോക്കറ്റുകൾ ഉപയോഗിച്ചുവെന്നാണ് കണക്ക്. 53 ബില്യമാണ് മിസൈൽ റോക്കറ്റ് നിർമ്മാണത്തിനായി വാഷിംഗ്ടൺ നീക്കിവച്ചിരിക്കുന്നത്. പക്ഷേ, മോട്ടോർ ക്ഷാമം രൂക്ഷമാണ്.

അമേരിക്കയുടെ ദീർഘദൂര മിസൈലുകൾ അധികം ശേഷിക്കുന്നില്ലെന്ന റിപ്പോർട്ട് പുറത്തുവിട്ടത് റോയിട്ടേഴ്സാണ്. അതായത് ATACMS (Army Tactical Missile System) -വും PrSM (Precision Strike Missile) -വും. സൈന്യത്തിന്‍റെ ആയുധശേഖരത്തിൽ ഏറ്റവും പ്രധാനമാണിവ. എത്രകണ്ട് കുറവ് വന്നുവെന്ന് വ്യക്തമല്ല. പക്ഷേ, ട്രംപിന്‍റെ മുന്നറിയിപ്പുണ്ടായി. സൈനിക രഹസ്യങ്ങൾ ചോർത്തുന്നവരെ പിടികൂടും, കഠിനമായി ശിക്ഷിക്കുമെന്ന മുന്നറിയിപ്പ്. അമേരിക്കയിൽ പക്ഷേ, പ്രതിരോധരംഗം മാറ്റിമറിക്കപ്പെടുകയാണ്. സ്റ്റാർട്ടപ്പ് കമ്പനികളുടെ വരവ് അതിനൊരു കാരണവും.

പ്രതികരിക്കാതെ കമ്പനികൾ

ATACMS അമേരിക്ക യുക്രെയ്ന് നൽകിയിട്ടുണ്ട്. PrSM അതിലും പുതിയതാണ്. ഹ്രസ്വദൂരമെങ്കിലും പ്രിസിഷൻ ഗൈഡഡ് ആണ്. എണ്ണം കുറഞ്ഞുവെന്ന ആശങ്കയാണ് പുറത്തുവന്നത്. പക്ഷേ, എല്ലാവരും അത് അംഗീകരിക്കുന്നില്ല. ചില ആയുധങ്ങൾ, മിസൈലുകളടക്കം റെക്കോ‍‍‍ർഡ് വേഗത്തിലാണ് നിർമ്മിക്കപ്പെടുന്നതെന്നും ഇപ്പോൾ ആശങ്കയ്ക്ക് വകയില്ലെന്നുമാണ് വാദം. പക്ഷേ, ഇറാൻ യുദ്ധം നീണ്ടുപോയാൽ, കുറവ് വന്നേക്കുമെന്ന് സമ്മതിക്കുന്നുണ്ട്. ലോക്ക്ഹീഡ് മാർട്ടിൻ (Lockheed Martin) ആണ് ATACMS, PrSM നിർമ്മാതാക്കൾ. അതുമാത്രമല്ല, മിസൈൽ വേധ താഡ് സംവിധാനവും പേട്രിയറ്റ് ഇന്‍റർസെപ്റ്ററുകളും അവരുടെ ചുമതലയാണ്. ടോമഹാക്ക് മിസൈലുകൾ റേതിയോണിന്‍റെയും (Raytheon). രണ്ടുകൂട്ടരും ആയുധ ദാരിദ്ര്യത്തിൽ പ്രതികരിച്ചില്ല. ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്ന് സിഎൻഎന്നും റിപ്പോർട്ട് ചെയ്തിരുന്നു.

വേണ്ടതെല്ലാമുണ്ട്

വൈറ്റ് ഹൗസിന്‍റെ ആദ്യത്തെ മറുപടി, ലോകത്തേറ്റവും കൂടുതൽ ആയുധശേഖരം അമേരിക്കയ്ക്കാണ്, ആവശ്യമുള്ളതിലും വളരെക്കൂടുതൽ എന്നായിരുന്നു. പെന്‍റഗണും ഏതാണ്ടിതേ തരത്തിലാണ് പ്രതികരിച്ചത്. ലോകത്തേറ്റവും ശക്തരായ സൈന്യത്തിന് വേണ്ടതെല്ലാമുണ്ട്, പ്രസിഡന്റ് ആവശ്യപ്പെടുന്നിടത്ത് അവയെല്ലാം എത്തും, ഏതുസമയത്തും. ഇതുവരെയുള്ള യുദ്ധങ്ങൾ ഇതുതെളിയിച്ച് കഴിഞ്ഞു എന്നാണ്. പക്ഷേ, പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രൂക്ഷമായി പ്രതികരിച്ചു. വിവരച്ചോർച്ചയിലാണ് ദേഷ്യപ്പെട്ടത്. ട്രൂത്ത് സോഷ്യൽ പോസ്റ്റുമിട്ടു. വൻതോതിലെ ആയുധങ്ങളുണ്ട് രാജ്യത്തിന്. കൂടുതൽ നിർമ്മിക്കുന്നുണ്ട്. പക്ഷേ, സൈനിക രഹസ്യങ്ങൾ ചോർത്തുന്നവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന കൂട്ടിച്ചേർക്കൽ, ചോർന്നത് സത്യമെന്ന് സമ്മതിച്ചത് പോലെയായി. ഓവൽ ഓഫീസിലെ സംസാരത്തിനിടെ കുറവുണ്ടെന്ന് സമ്മതിക്കയും ചെയ്തു.

ഒഴിയുന്ന ആവനാഴി, ഉയരുന്ന ഭീഷണി

ഇറാൻ യുദ്ധം തുടങ്ങുന്ന സമയത്ത് 2,200 പേട്രിയറ്റ് മിസൈലുകളും 452 താഡ് സംവിധാനവും ഉണ്ടായിരുന്നു എന്നത് സെന്‍റർ ഫോ‍ർ സ്ട്രാറ്റജിക് ആന്‍റ് ഇന്‍റർനാഷണൽ സ്റ്റഡീസിന്‍റെ (Center for Strategic and International Studies - CSIS) കണക്കാണ്. ഇറാൻ യുദ്ധത്തോടെ പേട്രിയറ്റിന്‍റെ എണ്ണം 1,000 -വും താഡിന്‍റെ എണ്ണം 250 -ലേക്കും ചുരുങ്ങിയെന്നും സെന്‍റർ ഫോ‍ർ സ്ട്രാറ്റജിക് ആന്‍റ് ഇന്‍റർനാഷണൽ സ്റ്റഡീസിന്‍റെ കണക്ക് പറയുന്നു.

ആയുധങ്ങളുടെ എണ്ണം കുറഞ്ഞാൽ അത് ഗൾഫ് രാജ്യങ്ങളേയും ബാധിക്കും. അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെയാണ് ഭൂരിഭാഗം രാജ്യങ്ങളും ആശ്രയിക്കുന്നത്. കിട്ടിയില്ലെങ്കിൽ എങ്ങനെ ഇറാന്‍റെ ആക്രമണങ്ങളെ തടുക്കുമെന്നതാണ് അവരുടെ ആശങ്ക. ഇനി അമേരിക്ക തങ്ങളെ ആക്രമിച്ചാൽ, ഗൾഫ് രാജ്യങ്ങളുടെ ജലശുദ്ധീകരണപ്ലാന്‍റുകളും ഊർജകേന്ദ്രങ്ങളുമായിരിക്കും തങ്ങൾ ലക്ഷ്യം വയ്ക്കുക എന്ന് ഇറാൻ അറിയിച്ചു കഴിഞ്ഞു.

അപ്പോഴും കുറ്റം ബൈഡന്, പക്ഷേ...

തങ്ങളുടെ ആയുധശേഖരം കുറഞ്ഞെങ്കിൽ അതിനുത്തരവാദി ബൈഡൻ സർക്കാരെന്നാണ് ട്രംപിന്‍റെ കുറ്റപ്പെടുത്തൽ. യുക്രെയ്ന് കണക്കില്ലാത്തത്ര ആയുധങ്ങൾ കൊടുത്തത് ബൈഡൻ എന്നാണ് ആരോപണം.

പക്ഷേ, കുറയുന്നത്ര വേഗത്തിൽ നിർമ്മിക്കാൻ കഴിയുന്നിലെന്നുള്ളത് വസ്തുതയാണ്. അതിൽ പെന്‍റഗണിന് നേരത്തെ ആശങ്കകളുണ്ടായിരുന്നു. ഇറാൻ യുദ്ധം കൂടിയായപ്പോൾ ആശങ്ക കൂടി. പ്രതിരോധ കരാറുകാരുമായി ട്രംപ് ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു, ജൂലൈയിൽ. ആയുധ നി‍ർമ്മാണ വേഗം കൂട്ടാനായിരുന്നു ആവശ്യം. ഓഗസ്റ്റിൽ കരാറുമൊപ്പിട്ടു. മൂന്ന് ബില്യന്‍റെ കരാറൊപ്പിട്ടത് ലോക്ക്ഹീഡ് മാർട്ടിൻ (Lockheed Martin), നോർത്ത്‌റോപ്പ് ഗ്രുമ്മൻ (Northrop Grumman) എന്നിവരുമായി.

അവഗണിച്ച മുന്നറിയിപ്പുകൾ

അതുപക്ഷേ, ഉടനൊന്നും സാധ്യമല്ലെന്നാണ് വിദഗ്ധ പക്ഷം. പ്രസിഡന്‍റിന് പലപ്പോഴായി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെതിരെ മറ്റൊരു വലിയ സൈനിക നടപടി വേണ്ടെന്ന് ട്രംപ് തീരുമാനിച്ചതും ഇതുകൊണ്ടാണാണെന്നാണ് റിപ്പോർട്ട്. പക്ഷേ, അതൊന്നും ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ല. ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദം കാരണമാണ് സൈനിക നടപടി വേണ്ടെന്നുവച്ചതെന്നാണ് അവകാശവാദം.

PrSM എന്നത് പുതിയ സംവിധാനമാണ്. അതിന്‍റെ എണ്ണം കുറവാണ്. കൂടുതൽ ഉത്പാദനത്തിന് ഉത്തരവിട്ടിരുന്നു സൈന്യം. ATACMS കുറച്ച്, പതുക്കെ PrSM പകരമാക്കാനായിരുന്നു തീരുമാനം. പക്ഷേ, അതിനുമുമ്പ് തന്നെ ഉപയോഗം തുടങ്ങി.

പുതുവഴി തേടി സിലിക്കോൺ വാലി സ്റ്റാർട്ടപ്പുകൾ

ടോമഹോക്ക് നാവികസേനയ്ക്കാണ്. കപ്പലുകളും അന്തർവാഹിനികളുമാണ് വാഹകർ. ടോമഹോക്കിൽ റേതിയോണുമായി പെന്‍റഗൺ ധാരണയിലെത്തിയിട്ടുണ്ട്. അതെല്ലാം അതിന്‍റെ വഴിക്ക്. മറ്റൊരു നീക്കം കൂടി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സിലിക്കോൺ വാലിയിലെ പ്രതിരോധ സ്റ്റാർട്ടപ്പുകൾ ആയുധനിർമ്മാണത്തിൽ മറ്റ് ചില എളുപ്പവഴികൾ പരീക്ഷിക്കുകയാണ്. ഫ്രാക്കിംഗിന് ഉപയോഗിക്കുന്ന ചിപ്പുകളും പൈപ്പുകളും റീമോഡൽ ചെയ്തെടുത്ത്, കുറഞ്ഞ ചെലവിൽ ചിലത് നിർമ്മിക്കാൻ തുടങ്ങിയിരിക്കുന്നു.

റോക്കറ്റ് മോട്ടോറുകൾ ഉപയോഗിച്ചാണ് മിസൈലുകളും മറ്റും തൊടുക്കുന്നത്. യുക്രെയ്ൻ ഇറാൻ യുദ്ധങ്ങളിൽ അമേരിക്ക ഇതിനകം 50,000 റോക്കറ്റുകൾ ഉപയോഗിച്ചുവെന്നാണ് കണക്ക്. 53 ബില്യമാണ് മിസൈൽ റോക്കറ്റ് നിർമ്മാണത്തിനായി വാഷിംഗ്ടൺ നീക്കിവച്ചിരിക്കുന്നത്. പക്ഷേ, മോട്ടോർ ക്ഷാമം രൂക്ഷമാണ്. പ്രധാന കമ്പനികളെല്ലാം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അവിടെയാണ് സ്റ്റാർട്ടപ്പുകളുടെ രംഗപ്രവേശം. ചിലർ റോക്കറ്റ് മോട്ടോറുകൾ, ചിലർ മിസൈലുകൾ. നിർമ്മാണം തുടങ്ങിക്കഴിഞ്ഞു.

ചെലവ് കുറച്ച്, പുതു തന്ത്രങ്ങൾ

പക്ഷേ, വൻകിടക്കാരോട് മത്സരിക്കാനായിട്ടില്ല. ചില കമ്പനികൾ ചില പുതുമകളും പരീക്ഷിക്കുന്നുണ്ട്. റോക്കറ്റ് മോട്ടോറുകൾ നിർമ്മിക്കുന്ന കാസ്റ്റലിയൻ (Castelion), കാറുകളിലെ ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങൾ മിസൈലുകളിൽ പരീക്ഷിക്കുകയാണ്, മിസൈലുകളെ കൃത്യസ്ഥലത്തെത്തിക്കാൻ. ഇത്തരം സംവിധാനങ്ങളുടെ വില സാധാരണ ആയുധഘടകങ്ങളുടെ വിലയുടെ പത്തിലൊന്നേ വരൂ, ഇരട്ടിവേഗത്തിൽ നിർമ്മിക്കുകയും ചെയ്യാം. അതുപോലെ എയറോസ്പേസ് കമ്പനികളിൽ നിന്ന് ലോഹട്യൂബുകൾ വൻവില കൊടുത്ത് വാങ്ങുന്നതിന് പകരം, ഫ്രാക്കിംഗിന് ഉപയോഗിക്കുന്ന മെഷീൻഡ് ട്യൂബുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഉപയോഗിക്കാനാണ് ശ്രമം. ഹൈപ്പർസോണിക് ആയുധങ്ങൾക്കും കരാറായിക്കഴിഞ്ഞു.

റോക്കറ്റ് മോട്ടോറുകളിൽ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളുടെ കൂട്ടിന് വഴി കണ്ടെത്തിയത് മറ്റൊരു സ്റ്റാർട്ടപ്പായ അണ്ടുരിൽ ഇൻഡസ്ട്രീസ് (Anduril Industries). മരുന്നുകമ്പനികളിൽ നിന്നും കടമെടുത്ത സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. പതിവായി ഉപയോഗിച്ചിരുന്ന മിക്സറുകളുടെ 24 ഇരട്ടിയാണ് നിർമ്മാണ വേഗം. 3D പ്രിന്‍റിംഗ് വരെ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട് ഷോട്ട്ഗണുകൾക്ക്. 60 ദിവസമെന്ന സമയം ഇപ്പോൾ 7 മണിക്കൂറിലേക്ക് ചുരുങ്ങിയെന്നാണ് കമ്പനിയുടെ വാദം.

അങ്ങനെ അമേരിക്കൻ പ്രതിരോധരംഗം ഉടച്ചുവാർക്കപ്പെടുകയാണ്. പക്ഷേ, സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് എളുപ്പമല്ല കാര്യങ്ങൾ, കർശനമായ പരിശോധനകൾ, വ്യവസ്ഥകൾ, സർക്കാരിന്‍റെ ആവശ്യമനുസരിച്ചുള്ള നിർമ്മാണം, അങ്ങനെ കടമ്പകൾ പലതുണ്ട്. പക്ഷേ, പിന്നോട്ടില്ല ആരും. അമേരിക്കൻ സർക്കാരിന് കാത്തിരിക്കാൻ അധികം സമയവുമില്ല.

PREV
Read more Articles on
click me!

Recommended Stories

പാക് - സൗദി - തുർക്കി : പശ്ചിമേഷ്യയിൽ സുന്നി സൈനിക സഖ്യം; നിഴൽയുദ്ധങ്ങളുമായി ഇറാൻ ഇനിയെത്ര നാൾ?
ജപ്പാനിൽ ഭൂകമ്പം, യൂറോപ്പിൽ കാട്ടുതീ; കാലാവസ്ഥാ വ്യതിയാനത്തിൽ 'ഭ്രാന്തമായി' പെരുമാറുന്ന ഭൂമി