
ജപ്പാനിലെ ഭൂചലനത്തിൽ മരണം ഉയരുകയാണ്. രാജ്യത്തെ നാല് പ്രധാന ദ്വീപുകളിൽ മൂന്നാമത്തെ വലിയ ദ്വീപാണ് ക്യൂഷു. അവിടെയാണ് ഭൂചലനമുണ്ടായത്. ദ്വീപിലെ കുമമോട്ടോ പ്രവിശ്യയിലെ വീടുകളും മറ്റ് കെട്ടിടങ്ങളും തകർന്നിരുന്നു. ഷോപ്പിംഗ് മാളിന്‍റെ ഒരു ഭാഗം തകർന്നുവീണ് അതിനിടയിൽപ്പെട്ടും പിന്നീടുണ്ടായ സ്ഫോടനത്തിലുമാണ് കൂടുതൽ പേരും മരിച്ചത്. പ്രദേശത്ത് നൂറോളം തുടർചലനങ്ങളുമുണ്ടായി.
ഭൂചലനത്തിൽ തകർന്ന ഷോപ്പിംഗ് മാൾ 2016 -ലെ ഭൂചലനങ്ങളിൽ തകർന്നിരുന്നു. അന്ന് കുമമോട്ടോ പ്രവിശ്യയിൽ മരിച്ചത് 278 പേരാണ്. പുനർനിർമ്മിച്ച മാൾ തുറന്നത് കഴിഞ്ഞ മാസമാണ്. ഒരു പേപ്പർ ഫാക്ടറിയും തകർന്നിരുന്നു. അവിടെയും തെരച്ചിൽ ദിവസങ്ങളോളം തുടർന്നു. താമസ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ച ആയിരക്കണക്കിന് പേർ സർക്കാർ കേന്ദ്രങ്ങളിലാണ്. വെള്ളവും വൈദ്യുതിയുമില്ല. ചൂടും കൂടിവരികയാണ് പ്രദേശത്ത്. അതുകൊണ്ട്, സർക്കാർ എയർകണ്ടീഷണറുകൾ എത്തിച്ചു. 30,000 വീടുകളിൽ വൈദ്യുതിയില്ല. സൂര്യാതപമാണ് ഇപ്പോഴത്തെ ഭീഷണി. ഭൂചലനത്തിൽ കുമമോട്ടോ കോട്ടയും തകർന്നു. 2016 -ലും കോട്ടയുടെ പല ഭാഗങ്ങളും തകർന്നിരുന്നു. ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു.
ജപ്പാനിൽ ഭൂചലനമെങ്കിൽ യൂറോപ്പിൽ കാട്ടുതീയാണ് ആളിപ്പടരുന്നത്. ജൂലൈ പകുതിയായപ്പോൾ മുതൽ പല രാജ്യങ്ങളിലും കാട്ടുതീ ആളുകയാണ്. ഫ്രാൻസ്, സ്പെയിൻ പോർച്ചുഗൽ ക്രീറ്റ് എന്നിവിടങ്ങളിൽ കാട് കത്തിയെരിഞ്ഞു. യൂറോപ്പിൽ ഇത്തരം കാഠിന്യമുള്ള കാട്ടുതീ ആദ്യമെന്നാണ് നിരീക്ഷണം. ഫ്രാൻസിലും സ്പെയിനിലും ആഴ്ചയവസാനത്തോടെ കുറച്ചൊക്കെ നിയന്ത്രണവിധേയമായി. പക്ഷേ, ഗ്രീസിലും ഇറ്റലിയിലും കൂടുതൽ മുന്നറിയിപ്പുകളുണ്ടായി. തുടർച്ചയായി കാട്ടുതീ പടരുന്നത് പതിവാകുകയാണ് യൂറോപ്പിലെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതമെന്നും. അണുവായുധങ്ങളുടെ ശക്തിയുള്ള തീയെന്ന് വിശേഷിപ്പിക്കുന്നു വിദഗ്ധർ. തീമേഘങ്ങൾ രൂപപ്പെട്ടു എന്നും കണ്ടെത്തി.
ബോർദോയിൽ ഉൾപ്പടെ പലയിടത്തും. കാട്ടുതീ പുറപ്പെടുവിക്കുന്ന ഉഗ്രമായ ചൂട് മുകളിലെ തണുത്ത വായുവിലേക്ക് ഉയരുന്നതോടെ ഉറഞ്ഞ് ഇടിമിന്നൽ മേഘങ്ങളാകും. കാറ്റും മഴയും മിന്നലും പുറപ്പെടുവിക്കാൻ കഴിവുള്ള മേഘങ്ങൾ. അവയാണ് തീമേഘങ്ങൾ. ഓസ്ട്രേലിയയിലും കാനഡയിലും അമേരിക്കയിലും തീമേഘങ്ങൾ ഉണ്ടായിട്ടുണ്ട്. യൂറോപ്പിലിത് ആദ്യമായാണോ എന്നതിൽ പഠനവും നടന്നു. ഗ്രീസിൽ മൂന്ന് അഗ്നിരക്ഷാ സൈനികർ മരിച്ചു. ഫ്രാൻസിൽ 1,60,000 ഹെക്ടർ പ്രദേശം കത്തിക്കരിഞ്ഞു. റെക്കോർഡാണത്. ഇത്തവണ ഇത്രയും കഠിനമാകാൻ കാരണം ആഗോളതാപനമെന്നതിൽ എതിരഭിപ്രായമില്ല. ഈർപ്പമുള്ള ശീതകാലമായിരുന്നു ഫ്രാൻസിലും സ്പെയിനിലും. മരങ്ങളും ചെടികളും തഴച്ചുവളർന്നു. പിന്നെ വന്നത് അസാധാരണ ചൂട്. അതോടെ ചെടികൾ കരിഞ്ഞു. തീപിടിച്ചപ്പോൾ കത്തിപ്പടരാൻ താമസമുണ്ടായില്ല.
തീയെല്ലാം അണയ്ക്കാൻ മാസങ്ങളെടുക്കും. അതിൽനിന്നുണ്ടാകുന്ന മലിനീകരണം എല്ലാ വർഷവും ജീവനഷ്ടത്തിനും കാരണമാകുന്നു, ആഗോളതലത്തിൽ വർഷം 1,00,000. പ്രത്യാഘാതങ്ങൾ വേറെയുമുണ്ട്. നഗരങ്ങൾക്കടുത്താണ് തീയാളിയത്. വിനോദ സഞ്ചാരം വീണ്ടെടുക്കാൻ സമയമെടുക്കും. എയർകണ്ടീഷണറുകൾ ശീലമില്ലാത്ത യൂറോപ്പ് അത് ശീലമാക്കുകയാണ്. ചൈനീസ് ബ്രാൻഡുകൾ ഒഴുകുകയാണ് യൂറോപ്പിലേക്ക്. ചിലയിടത്ത് നികുതി ഭീഷണിയും തുടങ്ങി. ആഭ്യന്തര ഉത്പാദകരെ ബാധിക്കുന്നതിന്‍റെ പേരിൽ അത് മറ്റൊരു പ്രത്യാഘാതം.