
പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഒരു കുറ്റവാളിയ്ക്ക് എത്രനാൾ മറഞ്ഞിരിക്കാനാകും? നിയമത്തിന് പിടികൊടുക്കാതെ എത്രകാലം ഒളിച്ചുപാർക്കാനാകും? രൂപം മാറി ഏത് നാട്ടിൽ പോയൊളിച്ചാലും ഒരു നാൾ പൊലീസ് തേടിവരും. കുറ്റവാളി മറന്നുവെച്ച തെളിവിന്‍റെ തരിമ്പിനെ കൂട്ടിയിണക്കി അവർ വലവിരിയ്ക്കും. 13 -കാരിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ ശേഷം കടന്നുകളഞ്ഞ ശിവകുമാർ എന്ന കുറ്റവാളിയെ സംസ്ഥാന പൊലീസ് വലയിലാക്കിയത് എങ്ങനെയാണ്? പാലക്കാട് ആലത്തൂർ പൊലീസ് നടത്തിയ മാസങ്ങൾ നീണ്ട അന്വേഷണത്തിന്‍റെ പുറത്തുവരാത്ത നാടകീയ രംഗങ്ങളിലേക്കാണ് ‘കേസ് ഡയറി ബൈ ജോഷി കുര്യൻ’ഇത്തവണ കടന്നു ചെല്ലുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15. തമിഴ്നാട്ടിലെ പ്രസിദ്ധമായ തിരുവണ്ണാമല ക്ഷേത്രം. വൈകിട്ട് ആറ് മണിയോടടുക്കുന്നു. പതിവ് ചൂട് കുറഞ്ഞിട്ടില്ല. കോളാമ്പിയിലൂടെ ഒഴുകിയിറങ്ങുന്ന ഭക്തിഗാനം. പാട്ടിന് ചുണ്ടനക്കി ക്ഷേത്രവഴികളിലൂടെ നീങ്ങുന്ന ഭക്തർ. മലയാളികളും തെലുങ്കരും തമിഴരുമായി പല ഭാഷക്കാർ, പല വേഷക്കാർ, പല ദേശക്കാർ. അനുഗ്രഹം തേടി നടവഴികളിലൂടെ നീങ്ങുന്നു. റോഡിനിരവശവും ഭിക്ഷാടകർ. വഴിയരുകിലെ മരത്തണലിൽ സൊറ പറഞ്ഞിരിക്കുന്ന കാഷായ വേഷക്കാരായ സന്യാസിമാർ. സമീപത്തെ അന്നദാന മണ്ഡപത്തിലും തിരക്ക് കുറഞ്ഞുവരുന്നതേയുളളൂ. വിവിധ നാടുകളിൽ നിന്നെത്തുന്നവർക്ക് അന്തിയുറങ്ങാൻ പഴയതും പുതിയതുമായ നിരവധി രാത്രി സത്രങ്ങൾ ക്ഷേത്രത്തിന് തൊട്ടടുത്ത് തന്നെയുണ്ട്. ഇരുട്ടിത്തുടങ്ങുന്നതേയുള്ളെങ്കിലും ലോഡ്ജുകളുടെ പരസ്യബോർഡുകൾ നിയോൺ വെളിച്ചത്തിൽ മിന്നിത്തിളങ്ങുന്നു.
ഇവിടേക്കാണ് വളരെ വേഗത്തിൽ ഒരു ജീപ്പ് പൊടിപാറിച്ച് വന്നു നിന്നത്. മുന്നിലെയും പിന്നിലേയും വാതിലുകൾ മിന്നായം പോലെ തുറന്നു. ആറു പേർ ചാടിയിറങ്ങി. പാന്‍റസും ഷർട്ടും വേണം. ലോഡ്ജ് പരിസരത്തെ പതിവുകാർ മുകൾ നിലയിലെ ബാൽക്കണികളിൽ നിന്ന് തുറിച്ചുനോക്കി. മുന്നിൽ നടന്നയാൾ പഴയ ലോഡ്ജ് കെട്ടിടത്തിന് നേർക്ക് കൈചൂണ്ടി. വേഗത്തിലുളള ചുവടുകൾ. അവരിൽ നാലുപേർ റിസപ്ഷനിലേക്കെത്തി. രണ്ടുപേർ പുറത്ത് കാത്തുനിന്നു.
‘സതീഷ് സാമി എങ്കെയിറുക്ക് ?’ മുന്നിൽ നടന്നയാൾ ഉറച്ച ശബ്ദത്തോടെ ചോദിച്ചു.
റിസപ്ഷനിൽ നിന്ന വൃദ്ധൻ ആദ്യമൊന്നു പരുങ്ങി. പിന്നെ മുകളിലേക്ക് കൈചൂണ്ടി.
‘എങ്കെ, എങ്കെയിറുക്ക്’ അയാൾ വീണ്ടും ചോദിച്ചു.
‘തേർഡ് ഫ്ലോർ. 307’. റിസപ്ഷനിലെ വൃദ്ധൻ മുകളിലേക്ക് വീണ്ടും കൈചൂണ്ടി.
പക്ഷേ, അപ്പോഴേക്കും മറ്റ് മൂന്നുപേരും പടിക്കെട്ടികൾ കയറിത്തുടങ്ങിയിരുന്നു. മരപ്പലകയടിച്ച സ്റ്റെയർക്കേസിൽ ബൂട്ടുകളുടെ മുഴക്കം. അതിങ്ങനെ വേഗത്തിൽ താളത്തിൽ അകന്നകന്ന് മുകളിലേക്ക് പോകുന്നത് താഴെ നിന്നാൽ കേൾക്കാം. നിമിഷങ്ങൾക്കകം അവർ മൂന്നാം നിലയിലെത്തി. ചുറ്റുമൊന്ന് കണ്ണോടിച്ചു. പഴയൊരു ലോഡ്ജാണിത്. പെയന്‍റിടച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഭിത്തിയിൽ സിഗരറ്റ് കുത്തിക്കെടുത്തിയ പാടുകൾ. ചെടിച്ചട്ടിയിൽ കത്തിത്തീർന്ന ബീഡിയും സിഗരറ്റുകുറ്റികളും. മുറുക്കിത്തുപ്പിവപ്പിച്ച സൈഡ് ഭിത്തി. അടിച്ചുവാരിയിട്ട് നാളേറെയായി. സ്റ്റെയർ കേസിനോട് ചേർന്ന മുറിയിൽ റേഡിയോയിലൂടെ ഒഴുകിയിറങ്ങുന്ന തമിഴ്പാട്ട്.
റൂ നമ്പർ 307. മൂന്നാം നിലയിലെ അങ്ങേയറ്റത്തെ മുറിയാണ്. നാലുപേരും അവിടേക്ക് നീങ്ങി. മുറിയുടെ വാതിൽക്കലെത്തി. പരസ്പരമൊന്ന് നോക്കി. ചെവി കൂർപ്പിച്ചു. അകത്ത് മണികിലുങ്ങുന്നു. ആരോ അടക്കിപ്പിടിച്ച് സംസാരിക്കുന്നുണ്ട്. വീണ്ടും മണിമുഴങ്ങി. പിന്നെ മന്ത്രങ്ങൾ ചൊല്ലുമ്പോലെ എന്തോ ഒന്ന് ചെവിയോർത്താൽ കേൾക്കാം.
അവരിൽ ഒരാൾ വാതിലിൽ തട്ടിവിളിച്ചു. പെട്ടെന്ന് മുറിയിലെ മണിയടി നിന്നു. കുറച്ച് സമയത്തെ നിശബ്ദത. ആരോ വാതിലിനടുത്തേക്ക് വരുന്നുണ്ട്. കാൽപ്പെരുമാറ്റം കേൾക്കാം. മൂന്നോ നാലോ സെക്കന്‍റ് കഴിഞ്ഞിട്ടുണ്ടാകും. വാതിലിന്‍റെ കുറ്റിയെടുത്തു. വാതിൽ പാളി മെല്ലെത്തുറന്നു. പിന്നെ ഒരാൾ പുറത്തേക്ക് തലനീട്ടി.
‘എന്ന വേണം, ആരെ പാക്കണം’ പുറത്ത് നിൽക്കുന്നത് ആരെന്ന് പോലും ശ്രദ്ധിക്കാതെയായിരുന്നു അയാളുടെ ചോദ്യം.
‘സതീഷ് സ്വാമിയെ പാക്കണം’ വന്നവരിൽ ഒരാൾ പറഞ്ഞു.
അപ്പോഴാണ് പുറത്തേക്ക് തലനീട്ടിയയാൾ നാല് പേരെയും ശ്രദ്ധിച്ചത്. അയാൾ പെട്ടെന്ന് തന്നെ വാതിലടച്ചു. അകത്ത് അടക്കിപ്പിടിച്ച് സംസാരം. ഒരു മിനിറ്റ് കഴിഞ്ഞ് കാണും. ആദ്യം വന്നയാൾ വീണ്ടും വാതിൽപ്പാളി കുറച്ചൊന്നു തുറന്നു.
‘എതുക്കാകെ വന്തേൻ, മാറ്റർ സൊല്ല്’ അയാൾ തല പുറത്തേക്കിട്ട് വീണ്ടും ചോദിച്ചു.
‘ഒരാളെ കാണാതെ പോയി. അയാൾ എവിടെയുണ്ടെന്നറിയണം. സതീഷ് സ്വാമിയുടെ ദിവ്യശക്തിയിൽ തെളിയുമെന്നറിഞ്ഞ് വന്നതാണ്. എങ്ങാനും കണ്ടുകിട്ടിയാലോ.' മലയാളത്തിലായിരുന്നു മറുപടി.
തലപുറത്തേക്കിട്ടയാൾ രണ്ട് സെക്കന്‍റ് ആലോചിച്ചു നിന്നു. ഈ സമയം മതിയായിരുന്നു അവർക്ക്. പാതിതുറന്ന വാതിൽപ്പാളിയിൽ ഒറ്റച്ചവിട്ട്. വാതിൽക്കൽ നിന്നയാൾ അകത്തേക്ക് തെറിച്ചുവീണു. നിമിഷനേരം കൊണ്ട് നാലുപേരും അകത്തേക്ക് കടന്നു. പിന്നെ വാതിൽ ചാരി കുറ്റിയിട്ടു.
തിരുവണ്ണാമലൈ ക്ഷേത്ര പരിസരത്തെ ഈ സംഭവത്തിന് തൊട്ടുതലേന്നാണ്. കൃത്യമായി പറഞ്ഞാൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 -ന് രാവിലെ 7.49 -ന്. പാലക്കാട് സൈബർ പൊലീസിന്‍റെ കൺട്രോൾ റൂമിൽ ഒരലർട്ട് മെസേജ് എത്തി. മാസങ്ങളായി അവർ ട്രാക്ക് ചെയ്യുന്ന ഒരു നമ്പരിലേക്ക് ഏറെക്കാലത്തിന് ശേഷം ഒരു കോൾ വന്നിരിക്കുന്നു. തമിഴ്നാട്ടിൽ നിന്നാണ് കോൾ. അഞ്ച് മിനിറ്റ് നീണ്ട സംസാരം. ആലത്തൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി എൻ ഉണ്ണികൃഷ്ണനെ അപ്പോൾ തന്നെ വിവരമറിയിച്ചു. കോളെത്തിയ നമ്പരിലേക്ക് പൊലീസ് വിളിച്ചു. ഫോണെടുത്തത് ഒരു സ്ത്രീയാണ്. ഉടൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ടു. രാവിലെ പത്തുമണിയോടെ ഒരു മധ്യവയസ്ക സർക്കിൾ ഇൻസ്പെകറുടെ റൂമിലെത്തി. വനിതാ പൊലീസുകാരെയും വിളിപ്പിച്ചു.
‘നിങ്ങളെയെന്തിനാണ് ഇവിടേക്ക് വിളിപ്പിച്ചതെന്നറിയാമോ?', സിഐ ചോദിച്ചു. കേട്ടുനിന്ന സ്ത്രീ ഇല്ലെന്ന് തലയാട്ടി. ‘ഇന്ന് രാവിലെ നിങ്ങൾക്കൊരു ഫോൺ കോൾ വന്നിരുന്നു. ആരാണ് വിളിച്ചത്? എന്തിനാണ് വിളിച്ചത്? കൃത്യമായി മറുപടി പറയണം.’
‘കോൾ വന്നിട്ടേയില്ല’ എന്നായിരുന്നു സത്രീയുടെ ആദ്യ മറുപടി. പക്ഷേ, സിഐ വിട്ടില്ല.
‘അങ്ങനെയല്ലല്ലോ. ഫോൺ വന്നിരുന്നു. രാവിലെ 7.49 -ന്. അതാരാണെന്ന് മാത്രം പറഞ്ഞാൽ മതി. കൂടുതലൊന്നും വേണ്ട’
ആളുമാറി വിളിച്ചതെന്നായിരുന്നു സ്ത്രീയുടെ മറുപടി.
‘ആളുമാറി വിളിച്ചാൽ എങ്ങനെയാണ് അഞ്ചുമിനിറ്റ് സംസാരിക്കുന്നത്?’ സിഐ കടുപ്പിച്ചു. എന്താണ് സംസാരിച്ചതെന്ന് കൂടി പറയാൻ പൊലീസ് ആവശ്യപ്പെട്ടതോടെ അവർക്ക് ഉത്തരം മുട്ടി. പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ മറുപടി വന്നുതുടങ്ങി.
‘വിളിച്ചത് ഏട്ടനായിരുന്നു. സഹോദരൻ ശിവകുമാർ. ഒരുപാട് കാലം കൂടി വിളിച്ചതാണ്. കൂട്ടുകാരന്‍റെ നമ്പരിൽ നിന്നാണ് എന്നാണ് പറഞ്ഞത്.’
സ്ഥലം പറഞ്ഞോ. സിഐ ചോദിച്ചു. ഇല്ലെന്ന് അവർ തലയാട്ടി. ‘എന്താണ് നിങ്ങൾ തമ്മിൽ സംസാരിച്ചത് ?'
‘അമ്മയെപ്പറ്റി ചോദിച്ചു. സുഖമില്ലാതെ കിടക്കുകയാണ്. എവിടെ നിന്നാണ് വിളിക്കുന്നതെന്ന് ചോദിച്ചെങ്കിലും പറഞ്ഞില്ല. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു’. സത്രീ പറഞ്ഞ് നിർത്തി.
സമയം കളയാനില്ല. കാര്യങ്ങൾ വേഗത്തിലാക്കണം. മാസങ്ങളായി കാത്തിരുന്നൊരു കോളാണിത്. ഒടുവിലത് സംഭവിച്ചിരിക്കുന്നു. എസ്.എച്ച്.ഒ, ടി.എൻ ഉണ്ണികൃഷ്ണൻ തന്‍റെ സ്പെഷൽ സ്വാഡിനെ വേഗം ക്യാബിനിലേക്ക് വിളിച്ചിപ്പിച്ചു. ഇങ്ങനെയൊരവസരം കിട്ടില്ല. ശിവകുമാറിനെ പിടികൂടണം.
സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സിവിൽ പൊലീസ് ഓഫീസർ മിഥുനോടും റിനുവിനോയും സി.ഐ കാര്യങ്ങൾ വിശദീകരിച്ചു. 2021 -ൽ 13 വയസുളള കൊച്ചു പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിയാണ് ശിവകുമാർ. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി. 51 വയസുണ്ട്. റിമാൻഡ് തടവുകാരനായി രണ്ട് വർഷം ജയിലിൽ കിടന്നു. എന്നാൽ 2023 -ൽ വിചാരണയ്ക്കിടെ ജാമ്യം കിട്ടിയതോടെയാണ് ഇയാൾ മുങ്ങി. അന്വേഷിക്കാത്ത സ്ഥലമില്ല. ഹോട്ടൽ ജോലിക്കാരനായതിനാൽ എറണാകുളത്തും കോഴിക്കോട്ടുമൊക്കെ തെരഞ്ഞു. ബന്ധുക്കളെയും നിരീക്ഷിച്ചു. പക്ഷേ, പ്രയോജനമുണ്ടായില്ല . അങ്ങനെയാണ് ഒടുവിൽ ശിവകുമാറിന്‍റെ സഹോദരിയുടെ നമ്പർ ട്രാക്ക് ചെയ്തത്. അമ്മയുമായി ഏറെ അടുപ്പമുണ്ടായിരുന്നു ശിവകുമാറിന്. എന്നെങ്കിലുമൊരു ദിവസം ഈ നമ്പറിലേക്ക് വിളിക്കുമെന്ന് കണക്കുകൂട്ടിയിരുന്നു. അത് ഒടുവിൽ ഫലം കണ്ടു. സമയം വൈകരുത്. ശിവകുമാർ സഹോദരിയെ വിളിച്ച നമ്പർ ഉടൻ ട്രാക്ക് ചെയ്യണം. സിഐ പറഞ്ഞു നിർത്തി.
2021 -ൽ അറസ്റ്റിലാകുമ്പോളുളള ശിവകുമാറിന്‍റെ ചിത്രവും രണ്ട് വർഷത്തിന് ശേഷം ഒളിവിൽ പോകുന്നതിന് തൊട്ടുമുമ്പുളള ചിത്രവും സിപിഒ മിഥിനും റിനിവിനും എസ്.എച്ച്.ഒ കൈമാറി. അതിലേക്ക് അവർ സൂക്ഷിച്ചു നോക്കി. ഏതൊരാൾക്കൂട്ടത്തിനിടയിൽ നിന്നും തിരിച്ചറിയാൻ പാകത്തിൽ ആ മുഖം മനസിലേക്ക് പകർത്തി.
പാലക്കാട് പൊലീസിന്‍റെ തുടർനീക്കങ്ങൾ വേഗത്തിലായിരുന്നു. ശിവകുമാർ സഹോദരിയെ വിളിച്ച നമ്പർ ട്രാക്ക് ചെയ്തു. ആരുടെ പേരിലുളള സിം കാർഡാണിത്? ടവർ ലൊക്കേഷൻ എവിടെയാണ്? മിനിറ്റുകൾക്കുളളിൽ ഉത്തരമെത്തി. തമിഴ്നാട്ടിലെ സേലം ബസ് സ്റ്റാൻഡിനടുത്ത്. ഏഴിമലയെന്നാളുടെ പേരിലാണ് സിം കാർഡ്. അന്വേഷണത്തിനായി സിപിഒ മിഥുനും റിനുവും രാത്രി തന്നെ തമിഴ്നാട്ടിലേക്ക് പുറപ്പെടാൻ നിർദേശം വന്നു. അത്യാവശ്യമെങ്കിൽ തമിഴ്നാട് പൊലീസിന്‍റെയും സഹായം തേടാം. രാത്രി വണ്ടിക്ക് തന്നെ ഇരുവരും പാലക്കാട് നിന്നും സേലത്തേക്ക് തിരിച്ചു.
ഇതേസമയത്തുതന്നെ സിം കാർഡ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടർന്നു. ഒളിവിലുളള ശിവകുമാറിന്‍റെ പേരിലുളള സിം കാർഡല്ല. അങ്ങനെയെങ്കിൽ ഈ ഏഴിമല ആരാണ്? ശിവകുമാറുമായുളള ബന്ധം എന്താണ്? ഇരുവരും ഒരുമിച്ചാണോ ഉളളത്? അതോ ഏഴിമലയുടെ പേരിലുളള സിംകാർഡ് ശിവകുമാറാണോ ഉപയോഗിക്കുന്നത്. ഭാഗ്യപരീക്ഷണമെന്ന നിലയ്ക്ക് ഈ നമ്പറിലേക്ക് വിളിക്കാൻ പൊലീസ് തീരുമാനിച്ചു. പാളിപ്പോയാൽ പണിപാളും. കോൾ എത്തിയതിന് പിന്നാലെ ഈ മൊബൈൽ ഫോൺ ഓഫായാൽ പിന്നെ ട്രാക്ക് ചെയ്യാനാകില്ല. കാര്യങ്ങൾ കൈവിട്ട് പോകും. പക്ഷേ, സമയം കുറവാണ്. വിളിച്ചുറപ്പാക്കിയേ പറ്റൂ. ശിവകുമാർ സഹോദരിയെ വിളിച്ച ഫോണിലേക്ക് ആലത്തൂർ സ്റ്റേഷനിൽ നിന്ന് വിളിച്ചു. മൊബൈൽ റിംഗ് ചെയ്യുന്നുണ്ട്. പക്ഷേ, കോൾ എടുത്തില്ല. വീണ്ടും വിളിച്ചു. മറുപടിയില്ല. ടവർ ലൊക്കേഷൻ വീണ്ടും പരിശോധിച്ചു. സേലത്തിന് പുറത്തേക്ക് നീങ്ങുകയാണ്. ഏതോ വാഹനത്തിലാണെന്ന് തോന്നുന്നു. ഉദ്യോഗസ്ഥർ മുഖാമുഖം നോക്കി. ഇനിയെന്ത് ചെയ്യും? പത്തു മിനിറ്റ് കഴിഞ്ഞിട്ടുണ്ടാകും. ഇതേ നമ്പരിൽ നിന്ന് പൊലീസിന് തിരിച്ച് കോളെത്തി. എസ്.എച്ച്.ഒ ഫോണെടുത്തു.
‘പാലക്കാട് പൊലീസിൽ നിന്നാണ്. ഇത് ആരാണ്’. എസ് എച്ച് ഒ ചോദിച്ചു.
കുറച്ചു സമയത്തേക്ക് മിണ്ടാട്ടമില്ല.
‘കേൾക്കുന്നില്ലേ. മറുപടി പറയൂ’ കുറച്ചു സമയത്തെ നിശബദ്ധതയ്ക്ക് ശേഷം മറുപടി വന്നു. 'നാൻ വന്ത് ഏഴിമല.'
‘നീങ്ക ഇപ്പോ എങ്കയിരുക്ക്’ എസ് എച്ച് ഒ ചോദിച്ചു
‘സേലത്ത്’ ഏഴിമലയുടെ മറുപടി
‘സേലത്തെങ്കെ?’എസ് എച്ച് ഒ വിട്ടില്ല. തിരുവണ്ണാമല റൂട്ടിലെന്ന് ഏഴിമലയുടെ മറുപടി.
രാവിലെ എട്ടുമണിയോടെ താങ്കളുടെ ഫോണിൽ നിന്ന് ആരാണ് വിളിച്ചതെന്ന് പൊലീസ് ചോദിച്ചു. കുറച്ചു സമയത്തെ നിശബ്ദത. പിന്നെ മറുപടി വന്നു.
‘ആരാണെന്ന് അറിയില്ല. സേലം പുതിയ ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ ഒരാൾ വന്നു. ഫോൺ നഷ്ടപ്പെട്ടെന്ന് പറഞ്ഞു. വീട്ടിലേക്ക് വിളിക്കാൻ ഫോൺ തരുമോയെന്ന് ചോദിച്ചു. താൻ കൊടുത്തില്ല. അയാൾ അൻപത് രൂപ എടുത്ത് നീട്ടി. അങ്ങനെയാണ് ഫോൺ നൽകിയത്. അയാൾ എന്താണ് സംസാരിച്ചതെന്ന് അറിയില്ല. നാലോ അഞ്ചോ മിനിറ്റ് കഴിഞ്ഞ് ഫോൺ തിരികെ തന്ന് നന്ദി പറഞ്ഞ് അയാൾ പോയി. എവിടെക്കെന്ന് അറിയില്ല.’
ഫോൺ വിളിച്ചയാളുടെ വസ്ത്രം, രൂപം ഇവയൊക്കെ മാറിമാറി ചോദിച്ചെങ്കിലും ശ്രദ്ധിച്ചില്ലെന്നായിരുന്നു ഏഴിമലയുടെ മറുപടി.
സിപിഒ മിഥുനും റിനുവും 15 -ന് പുലർച്ചെ മൂന്ന് മണിയോടെ സേലത്തെത്തി. നേരം പുലരാൻ കാത്തിരുന്നു. ആറ് മണിയോടെ സേലം പുതിയ ബസ് സ്റ്റാൻഡിൽ എത്തി. തങ്ങളുടെ കൈവശമുളള ശിവകുമാറിന്‍റെ ഫോട്ടോ സ്റ്റാൻഡിലെ കടക്കാരെ കാണിച്ചു. ബസ് ജീവനക്കാരോടും ഓട്ടോക്കാരോടും തിരക്കി. തലേദിവസം രാവിലെ ഏഴരയ്ക്കും എട്ടിനുമിടയ്ക്ക് ചിത്രത്തിൽ കാണുന്നയാളെ ഇവിടെ വെച്ച് കണ്ടോയെന്ന് അന്വേഷിച്ചു. ബസ് സ്റ്റാൻഡിൽ ഭിക്ഷ തേടുന്നവരുടെ അടുത്തും പോയി. പക്ഷേ, ആർക്കും അറിയില്ല. ഇങ്ങനെയൊരാളെ കണ്ടിട്ടേയില്ല. പക്ഷേ, ടവർ ലൊക്കേഷൻ കണ്ടത് ബസ് സ്റ്റാൻഡ് പരിസരത്താണ്. അവിടുത്തെ സിസിടിവികൾ പരിശോധിക്കാൻ തിരുമാനിച്ചു. ഓരോ കടകളിലൂടെയും കയറിയിറങ്ങി. ദൃശ്യങ്ങൾ മാറി മാറി പരിശോധിച്ചു.
സമയം രാവിലെ പതിനൊന്ന് മണിയോടടുക്കുന്നു. യാതൊരു തുമ്പുമില്ല. എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ച് നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു പിടിവളളി വീണുകിട്ടിയത്.
രാത്രി ഒരു പോളകണ്ണടച്ചിട്ടില്ല. രാവിലെ വന്നത് മുതൽ ബസ് സ്റ്റാൻഡിലെ കടകൾ കയറിയിറങ്ങുന്നതാണ്. ഭക്ഷണവും കഴിച്ചിട്ടില്ല. മിഥുനും റിനുവും ക്ഷീണിതരായിരുന്നു. ഒരു കുപ്പി വെളളം വാങ്ങി കുടിച്ചു. സേലം ബസ് സ്റ്റാൻഡ് ചുട്ടു പൊളളുന്നു. എന്ത് ചെയ്യണമെന്ന് അറിയല്ല. എങ്ങോട്ട് പോകണമെന്നറിയില്ല. ഉത്തരമില്ലാതെ നിൽക്കുമ്പോഴാണ് അവർക്ക് മുന്നിലേക്ക് തമിഴ്നാട് പൊലീസ് ജീപ്പ് വന്നു നിന്നത്. സേലം ഇൻസ്പെക്ടറാണ്. പേര് ചന്ദ്രമോഹൻ. കടക്കാർ ഓടിയെത്തുന്നു. ഉദ്യോഗസ്ഥനെ വണങ്ങുന്നു. കുടിയ്ക്കാൻ ചായ കൊടുക്കുന്നു. ജനകീയനായ ഇൻസ്പെട്കറാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും.
റിനുവും മിഥനും ഇൻസ്പെക്ടർ ചന്ദ്രമോഹന് അടുത്തെത്തി. കട്ടിമീശ തിരുമ്മി അയാൾ തിരിഞ്ഞ് നോക്കി. ഇരുവരും കാര്യം പറഞ്ഞു. തങ്ങൾ കേരളാ പൊലീസിൽ നിന്നാണ്. മാസങ്ങളായി ഒളിവിൽ കഴിയുന്ന പ്രതിയെ അന്വേഷിച്ച് വന്നതാണ്. അയാൾ വിളിച്ച ഫോൺ നമ്പറിന്‍റെ ടവർ ലൊക്കേഷൻ ഈ ബസ് സ്റ്റാൻഡ് പരിസരമായിരുന്നു. പക്ഷേ, ഇവിടെയെത്തിയിട്ടും സൂചനകളൊന്നുമില്ല. ചന്ദ്രമോഹൻ ഒന്നിരുത്തി മൂളി. പിന്നെ ശിവകുമാർ ഉപയോഗിച്ച ഏഴിമലയുടെ ഫോൺ നമ്പർ വാങ്ങി. അതിലേക്ക് ചന്ദ്രമോഹൻ വിളിച്ചു. രണ്ട് റിങ് ചെയ്തപ്പോഴേ ഫോണെടുത്തു. സേലം ഇൻസ്പെക്ടർ വിവരങ്ങൾ ഒന്നൊന്നായി തിരക്കി. ചിക്കിയും ചികഞ്ഞും ചോദിച്ചു. ഇടയ്ക്ക് ഏഴിമലയെ വിരട്ടി. ഒടുവിൽ ഫോൺ കട്ട് ചെയ്ത് തിരികെ റിനുവിനും മിഥുനും അടുത്തെത്തി. അയാളുടെ ചുണ്ടിൽ അപ്പോൾ ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു.
അടുത്തെത്തിയ ചന്ദ്രമോഹൻ വിവരങ്ങൾ പറഞ്ഞു. ഏഴിമല അത്ര ശുദ്ധനൊന്നുമല്ല. അയാൾ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ്. ഏഴിമലയുടെ ഫോണിൽ നിന്ന് നിങ്ങൾ തിരയുന്ന ശിവകുമാർ ഫോൺ വിളിച്ചു എന്നത് ശരിയാണ്. അത് പക്ഷേ ബസ് സ്റ്റാൻഡിനുളളിൽ വെച്ചല്ല. എന്നാൽ, ഈ ടവർ ലൊക്കേഷനിൽത്തന്നെ പുറത്തെ വഴിയിൽ എവിടെയോ ആണ്. ശിവകുമാറിനെ ബസ് സ്റ്റാൻഡിൽ വെച്ച് യാദൃശ്ചികമായി പരിചയപ്പെട്ടതാണെന്ന് ഏഴിമല പറഞ്ഞതും കളവാണ്. ഇരുവരും തമ്മിൽ മുൻ പരിചയമുണ്ട്. താനൊന്ന് വിരട്ടിയപ്പോഴാണ് അയാൾ ഇത്രയും പറഞ്ഞത്. ഇൻസ്പെക്ടർ ചന്ദ്രമോഹൻ ആത്മവിശ്വാസത്തിൽ വീണ്ടും മീശ പിരിച്ചു. നിങ്ങൾ തിരക്കുന്ന ശിവകുമാർ ഇവിടെ നിന്ന് 170 കിലോമീറ്റർ മാറി തിരുവണ്ണാമലയിൽ ഉണ്ട്. അയാൾ അവിടേക്കാണ് പോയത്. എവിടെയാണ് താമസിക്കുന്നതെന്ന് ഏഴിമലയ്ക്ക് അറിയില്ല. അതറിയണമെങ്കിൽ നിങ്ങൾ മറ്റൊരാളെ ട്രാക്ക് ചെയ്യണം. അതാരാണെന്ന് റിനുവും മിഥുനും ചോദിച്ചു.
തിരുവണ്ണാമലക്കാരനായ ടാക്സി ഡ്രൈവർ പഴനിയെ.
മൂന്നര മണിക്കൂറെടുക്കും സേലത്ത് നിന്ന് തിരുവണ്ണാമലയിലേക്ക്. പ്രസിദ്ധമായ ക്ഷേത്ര നഗരിയാണ്. ദിവസവും ഒരു പാട് ഭക്തർ വന്നുപോകുന്നു. അവിടെയെവിടെ നിന്ന് ശിവകുമാറിനെ കണ്ടെത്തും? സി.പി.ഒ മിഥുനും റിനുവിനും അപ്പോൾ ഒരുത്തരവും ഉണ്ടായിരുന്നില്ല. ഇൻസ്പെക്ടർ ചന്ദ്രമോഹൻ പറഞ്ഞ പഴനിയെ കണ്ടെത്തണം. ആലത്തൂർ സ്റ്റേഷനിൽ വിളിച്ച് വിവരം പറഞ്ഞു. സമയം കളയരുത്. തിരുവണ്ണാമലയിലേക്ക് വേഗം പുറപ്പെടണം. അവിടെയെത്തി ആവശ്യമെങ്കിൽ തമിഴ്നാട് പൊലീസിന്‍റെയും സഹായം തേടാം.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടടുക്കുന്നു. രണ്ട് പൊലീസുകാരും തിരുവണ്ണാമലയിലേക്കുളള ബസ് കാത്ത് സേലം ബസ് സ്റ്റാൻഡിൽ ഇരുന്നു. വൈകാതെ ബസെത്തി. തിക്കിത്തിരക്കി അകത്ത് കയറി. ഭാഗ്യത്തിന് സീറ്റ് കിട്ടി. ഇന്നലെ രാവിലെ തുടങ്ങിയ നെട്ടോട്ടമാണ്. 28 മണിക്കൂറാകുന്നു. ഒരുപോള കണ്ണടച്ചിട്ടില്ല. സേലം പട്ടണം വിട്ട് ബസ് ഹൈവേയിലേക്ക് കയറി. ചൂട് കാറ്റ് വിൻഡോയിലൂടെ അടിച്ച് കയറുന്നു. ഇരുവരും പതുക്കെ മയക്കത്തിലേക്ക് വീണു.
ബസിനുളളിലെ ബഹളം കേട്ടാണ് ഇരുവരും ഉണർന്നത്. യാത്രക്കാർ തമ്മിലുളള എന്തോ തർക്കമാണ്. ഉച്ചത്തിലാണ് സംസാരം. അടി വീഴുമെന്നായപ്പോൾ മറ്റുളളവർ ഇടപെട്ടു. എന്നിട്ടും ആരോടെന്നില്ലാതെ അവർ പിറുപിറുത്തുകൊണ്ടേയിരുന്നു.
ബസ് ആറ്റൂർ പിന്നിട്ടു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടടുക്കുന്നു. ഹൈവേ വിട്ട ബസ് പട്ടണ വഴിയിലേക്ക് കടന്നു. തിരുവണ്ണാമലൈ ക്ഷേത്രത്തിന്‍റെ ബോർഡുകൾ റോഡിനിരുവശവും കാണാം. ബസിൽ തിരക്ക് കുറഞ്ഞ് കുറഞ്ഞ് വരുന്നു. മൂന്നരയോടെ തിരുവണ്ണാമലയിലെത്തി. എവിടേക്ക് പോകണമെന്ന് സേലത്തുവെച്ച് കണ്ടുമുണ്ടിയ ഇൻസ്പെക്ടർ ചന്ദ്രമോഹൻ ഇരുവരോടും പറഞ്ഞിരുന്നു. വേപ്പൂർ പൊലീസ് സ്റ്റേഷനിലെത്തണം. ഇൻസ്പെക്ടറോട് കാര്യം പറഞ്ഞാൽ മതി. തങ്ങൾ തെരയുന്ന ശിവകുമാറിന്‍റെ ചിത്രവും കൈയ്യിൽ പിടിച്ച് ഇരുവരും വേപ്പൂർ പൊലീസ് സ്റ്റേഷന്‍റെ പടിക്കെട്ടുകൾ കയറി.
വേപ്പൂർ പൊലീസ് സ്റ്റേഷനിലെ ഫോണുകൾ നിർത്താതെ ബെല്ലടിയ്ക്കുന്നു. വയർലെസ് സെറ്റുകൾക്കും വിശ്രമമില്ല. വന്നും പോയും നിൽക്കുന്ന പട്രോളിങ് സംഘങ്ങൾ. ഇരുവരും ഇൻസ്പെക്ടറുടെ മുറിയിലെത്തി.
‘നിങ്ങൾ വരുമെന്ന് ഇൻസ്പെക്ടർ ചന്ദ്രമോഹൻ പറഞ്ഞിരുന്നു. ടാക്സി ഡ്രൈവർ പഴനിയെ ടീം ട്രാക്ക് ചെയ്തിട്ടുണ്ട്. അയാളെ ഇവിടെ എല്ലാവർക്കും അറിയാം. അൽപം കഴിയുമ്പോൾ എത്തും’. തങ്ങൾ തിരയുന്ന ശിവകുമാറിലേക്ക് ഒരു പടികൂടി അടുക്കുകയാണെന്ന് ഇരുവരും തിരിച്ചറിഞ്ഞു.
സമയം വൈകിട്ട് അഞ്ചുമണിയായി. വേപ്പൂർ പൊലീസ് സ്റ്റേഷനിലെ റിസപ്ഷനിൽ സി.പി.ഒ മിഥുനും റിനുവും കാത്തിരുന്നു. അധികം കഴിയും മുമ്പേ ഏകദേശം നാൽപത് വയസുളള ഒരാൾ എത്തി.
ടാക്സി ഡ്രൈവർ പഴനി.
റിസപ്ഷനിലിരുന്ന പൊലീസുകാർ അയാളെ ഇൻസ്പെക്ടറുടെ മുറിയിലേക്ക് കൊണ്ടുപോയി. ഏതാണ്ട് പത്ത് മിനിറ്റ് കഴിഞ്ഞുകാണും. മിഥുനോടും റിനുവിനോട് ക്യാബിനിലേക്കെത്താൻ ഇൻസ്പെക്ടർ ആവശ്യപ്പെട്ടു. ഇരുവരും അകത്തേക്ക് ചെന്നു. ടാക്സി ഡ്രൈവർ പഴനി പേടിച്ചരണ്ട് മൂലയിൽ നിൽപ്പുണ്ട്. ഇൻസ്പെക്ടറും ദേഷ്യത്തിലാണെന്ന് ഒറ്റനോട്ടത്തിൽ മനസിലായി.
'ഒന്നുമറിയില്ലെന്നാണ് ഇവൻ പറഞ്ഞത്. കണ്ടിട്ടേയില്ല. ഒരു പരിചയവുമല്ല.' ആദ്യം ഇടിവെട്ടേറ്റത്ത് പോലെയാണ് ഇരുവർക്കും തോന്നിയത്. മണിക്കൂറുകളായി നടത്തുന്ന നോട്ടോട്ടം പാതിവഴിയിൽ നിലയ്ക്കുകയാണോ? അന്വേഷണം വഴിമുട്ടുകയാണോ?
എന്നാൽ, സസ്പെൻസ് അവസാനിപ്പിച്ച് ഇൻസ്പെക്ർ തുടർന്നു.
‘എന്നാൽ ചോദിക്കേണ്ടത് പോലെ ഞാനൊന്നു ചോദിച്ചു. ആദ്യമൊക്കെ തട്ടിമുട്ടി. പിന്നെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ദേ പറയുന്നു പരിചയമുണ്ടെന്ന്. ഇയാളുടെ ടാക്സിയിലാണ് സ്ഥിരം യാത്രയെന്നാണ് ഇപ്പോൾ പറയുന്നത്. താമസസ്ഥാലവും അറിയാം'. ഇൻസ്പെക്ടർ പൊട്ടിച്ചിരിച്ചു.
സമയം വൈകിട്ട് 5.45. വേപ്പൂർ പൊലീസ് സ്റ്റേഷനിൽ പെട്ടെന്നൊരു തയ്യാറെടുപ്പ്. ബൊലേറോ ജീപ്പ് സ്റ്റാർട്ടായി. വയർലെസിൽ ചില സന്ദേശങ്ങൾ. സ്റ്റേഷനുളളിൽ നിന്ന് അവർ നാലുപേർ പുറത്ത് വന്നു. പാന്‍റസും ഷർട്ടുമാണ് വേഷം. ഇവർക്കൊപ്പം സിപിഒ മിഥുനും റിനുവും ഉണ്ടായിരുന്നു. അവർ ആറ് പേരുമായി ബൊലേറോ ജീപ്പ് കൃത്യം 5.50 -ന് തിരുവണ്ണമലൈ ക്ഷേത്ര റോഡ് ലക്ഷ്യമാക്കി നീങ്ങി. പത്ത് മിനിറ്റ് കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രത്തിനടുത്തുളള പഴയ ലോഡ്ജ് കെട്ടിടത്തിനടുത്തേക്ക് പൊലീസ് ജീപ്പ് പൊടിപാറിച്ച് വന്നു നിന്നു. അവർ ആറ് പേരും ചാടിയിറങ്ങി. ലോഡ്ജുകളിലെ സ്ഥിര താമസക്കാർ ബാൽക്കണിയിൽ നിന്ന് എത്തിനോക്കി. നാല് പേർ ലോഡ്ജിന്‍റെ റിസപ്ഷനിലേക്ക് ചെന്നു. രണ്ടുപേർ പുറത്ത് കാത്തുനിന്നു.
'സതീഷ് സാമി എങ്കെയിറുക്ക് ?’. പൊലീസുകാരൻ ചോദിച്ചു
‘3 rd Floor. റൂം നമ്പർ 307.’ റിസപ്ഷനിലെ വൃദ്ധൻ പറഞ്ഞുതീരും മുമ്പേ മിഥിനും റിനുവും തമിഴ്നാട്ടിലെ ബാക്കി പൊലീസുകാരും മരപ്പലകയടിച്ച സ്റ്റെയർകേസ് കയറി തുടങ്ങിയിരുന്നു. ബൂട്ടുകളുടെ മുഴങ്ങുന്ന ശബ്ദം മൂന്നാം നിലയിലെത്തി. റൂം നമ്പർ 307ൽ അവർ തട്ടിവിളിച്ചു. തലപുറത്തേക്കിട്ട് വിവരങ്ങൾ തിരിക്കയയാളെ തളളിമാറ്റി അവർ നാലുപേരും മുറിയ്ക്കുളളിൽ കടന്ന് വാതിലടച്ചു.
അകത്തെ കട്ടിലിൽ നരബാധിച്ച ഒരാൾ. ചമ്രം പടഞ്ഞിരിക്കുന്നു. നീണ്ട താടി. കാഷായ വേഷം. കഴുത്തിൽ രുദ്രാക്ഷ മാല .
‘എന്ന തമ്പി എതുക്ക് വന്തത്’. മുറിയിലേക്ക് തളളിക്കയറി വന്ന പൊലീസ് സംഘത്തിന് മുന്നിൽ പതർച്ച ഒട്ടും പ്രകടിപ്പിക്കാതെ സതീഷ് സ്വാമി.
മറ്റ് രണ്ട് പേർ കൂടി മുറിയിലുണ്ട്. കത്തിച്ചുവെച്ച വിളക്ക്. എന്തോ പൂജ നടക്കുകയാണ്.
‘രണ്ട് വർഷമായി മുങ്ങി നടക്കുന്ന ഒരാളെ സിദ്ധൻ കണ്ടെത്തിത്തരണം’. സിപിഒ മിഥുൻ ഉറച്ചശബ്ദത്തിൽ പറഞ്ഞു.
‘ആരെ?' സതീഷ് സിദ്ധൻ ചോദിച്ചു.
‘ഒങ്കുൾക്കും തെരിയുമെ. പാലക്കാട് ചിറ്റിലഞ്ചേരിയിൽ നിന്ന് മുങ്ങിയ ശിവകുമാർ. നിങ്ങൾ വലിയ സിദ്ധനല്ലെ കണ്ടുപിടിച്ചുതാ.’ സിപിഒ റിനു അടുത്തേക്ക് ചെന്നു.
താൻ പിടിക്കപ്പെട്ടെന്ന് ഒടുവിൽ സതീഷ് സ്യാമിയ്ക്ക് മനസിലായി.
‘ഉപദ്രവിക്കരുത്. നിങ്ങളുടെ കൂടെ വരാം’. സതീഷ് സ്വാമി പൊലീസ് സംഘത്തിന് മുന്നിൽ കൈകൂപ്പി നിന്നു.
രണ്ട് വർഷമായി പാലക്കാട് പൊലീസിനെ കബളിപ്പിച്ചു നടന്ന ശിവകുമാർ എന്ന സതീഷ് സിദ്ധൻ ഒടുവിൽ ആ ലോഡ്ജ് മുറിയിൽ കീഴടങ്ങി. ശിവകുമാറിന്‍റെ പഴയ ചിത്രവും പുതിയ രൂപവും കണ്ട് വേപ്പൂർ സ്റ്റേഷനിലെ പൊലീസുകാർ അമ്പരന്നു നിന്നു.
‘എന്തൊരു രൂപമാറ്റം.’
ശിവകുമാറുമായി പൊലീസ് സംഘം പുറത്തേക്കിറങ്ങി
അറസ്റ്റിലായ സതീഷ് സ്വാമി എന്ന ശിവകുമാറിനെ 16 -ന് പുലർച്ചയോടെ പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇൻസ്പെക്ടർ ടി എൻ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ആൾമാറാട്ടത്തിന്‍റെ ചുരുളഴിഞ്ഞത്.
പതിമൂന്നുകാരിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായി. അതോടെയാണ് താൻ നാടുവിട്ടത്. ആദ്യം പാലക്കാട് ബസ് സ്റ്റാൻഡിലും ഒലവക്കോട് റെയിൽവേ സ്റ്റേഷനടുത്തുളള ഹോട്ടലുകളിലും പണിയെടുത്തു. തിരിച്ചറിയാതിരിക്കാൻ താടി നീട്ടി വളർത്തി. അവിടെയും പൊലീസ് ഇടയ്ക്ക് അന്വേഷിച്ച് വന്നു. കഷ്ടിച്ചാണ് രക്ഷപെട്ടത്. പിന്നെ വാളയാർ കടന്ന് കോയമ്പത്തൂരെത്തി. അവിടെ നിന്ന് സേലം വഴി തിരുവണ്ണാമലൈയിൽ. ക്ഷേത്ര പരിസരത്ത് വെച്ചാണ് ഒരു റാക്കറ്റിനെ പരിചയപ്പെട്ടത്. വെളുത്ത് നീണ്ട തന്‍റെ താടി അവർക്കിഷ്ടപ്പെട്ടു. കണ്ടാൽ സിദ്ധനെപ്പോലെയുണ്ടെന്നവർ പറഞ്ഞു. കൂടെക്കൂടുന്നോ എന്ന് ചോദിച്ചു. ദിവസവും ആയിരം രൂപയും കുപ്പിയും തരും. ഒറ്റ നിബന്ധനയേ ഉളളു. കാഷായ വേണം ധരിക്കണം. സിദ്ധനായി മാറി ഭക്തർക്കിടയിലൂടെ ചെല്ലണം. അവരുടെ ഭാവി പറയണം. തക്കിടതരികിട പൂജയും മന്ത്രവും കാണിച്ച് പൈസ പിടുങ്ങണം.. ക്ഷേത്രത്തിന് സമീപത്ത് ദിവസവുമുളള അന്നദാനത്തിനെന്ന് പറഞ്ഞും പണം പിരിക്കണം. കിട്ടിയ തുക മുഴുവൻ വൈകുന്നേരം റാക്കറ്റിനെ ഏൽപ്പിക്കണം. കൊളളാമെന്ന് തനിക്കും തോന്നി. പൊലീസും പിടിക്കില്ല. ദിവസവും രാവിലെ വണ്ടി വരും. അതിൽ കറങ്ങിയാണ് പണപ്പിരിവ്. അങ്ങനെ തന്നെ പതിവായി കൊണ്ട് പോയിരുന്നയാളാണ് പൊലീസ് ചോദ്യം ചെയ്ത ടാക്സി ഡ്രൈവർ പഴനി. തന്നെയന്വേഷിച്ച് പൊലീസ് ഇറങ്ങിയിട്ടുണ്ടെന്ന് സേലത്തുളള ഏഴിമലയും പറഞ്ഞിരുന്നു. രാത്രി കാശിക്ക് പോകാൻ ബാഗ് പാക്ക് ചെയ്തിരിക്കുമ്പോഴാണ് നിങ്ങൾ വന്ന് പിടികൂടിയത്. ശിവകുമാർ പറഞ്ഞു നിർത്തി.
എല്ലാത്തിനുമൊടുവിൽ എസ് എച്ച് ഒ ഉണ്ണികൃഷ്ണൻ ഒന്നുകൂടി ചോദിച്ചു. ‘ഒളിവിലിരുന്ന ശിവകുമാറിന് എവിടെയാണ് പിഴച്ചത്.’?
ഉദ്യോഗസ്ഥന്‍റെ മുഖത്തേക്ക് നോക്കി ഊറച്ചിരിച്ച് കൊണ്ട് അയാൾ പറഞ്ഞു. ‘ചിറ്റിലഞ്ചേരിയിലുളള സഹോദരിയെ വിളിച്ചിരുന്നില്ലെങ്കിൽ ഈ ജീവിതകാലം നിങ്ങളെന്നെ കണ്ടുപിടിക്കില്ലായിരുന്നു.’
അറസ്റ്റിലായ ശിവകുമാറിനെ ഇക്കഴിഞ്ഞ 16 -ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാതിവഴിയിൽ നിലച്ച് പോയ വിചാരണ പുനരാരംഭിക്കാൻ പൊലീസ് ഉടൻ കോടതിയെ സമീപിക്കും. സമൂഹത്തിന് മുഴുവൻ പാഠമാകുന്ന ശിക്ഷ ഇയാൾക്ക് പ്രോസിക്യൂഷൻ വാങ്ങിക്കൊടുക്കണം. നിയമ വ്യവസ്ഥയെ എത്രയൊക്കെ കബളിപ്പിച്ചാലും എന്തുമാത്രം ആൾമാറാട്ടം നടത്തിയാലും ഏതൊരു പ്രതിയ്ക്കും ഒരു നാൾ വരും. അയാൾ സ്വയം വരുത്തുന്ന പിഴവിന്‍റെ കച്ചിത്തുരുമ്പിൽ പിടിച്ച് നിയമത്തിന്‍റെ കൈ അയാളെ തേടിയെത്തും.