
(ബുദ്ധനും പരമഹംസനും വിവേകാനന്ദനും രമണ മഹർഷിയും അരബിന്ദോയും ജിദ്ദു കൃഷ്ണമൂർത്തിയും ഓഷോയും കടന്നുപോയ മരണത്തിന്‍റെ നിമിഷങ്ങളിലൂടെ)
പന്നിയറച്ചി കഴിച്ച തഥാഗതൻ, സാക്ഷാൽ ശ്രീബുദ്ധന് വയറിളകാമെങ്കിൽ നെയ്യാറ്റിൻകരയിലെ ചുമട്ടുതൊഴിലാളി മണിയനെന്ന ഗോപൻ സ്വാമിക്ക് സമാധിയായിക്കൂടെ? എന്നതാണ് ചോദ്യം. സമാധി, മഹാനിർവ്വാണമെന്നൊക്കെ ആദ്യമായി കേൾക്കുന്ന സമൂഹമൊന്നുമല്ല നമ്മുടേത്. ജീവിച്ചിരുന്നതും സങ്കൽപ്പത്തിലുമുള്ള സകല ദിവ്യപുരുഷൻമാരുടെയും ജാലവിദ്യകളെ ഭക്തിസാഹിത്യമാക്കിയ നാടാണ്. സത്യത്തിൽ സമാധിയും മരണവും തമ്മിലെത്രയാണ് ദൂരം? ജീവിതം സാക്ഷാത്കാരിച്ച, മോഹമുക്തി വന്ന യോഗി, സ്വയം വരിക്കുന്ന മരണമാണോ സമാധി? അതോ ജീവിച്ചിരിക്കുമ്പോഴും മനസിന്‍റെ മറ്റേതോ സ്ഥായിയിലേക്കുള്ള ഒരു സന്യാസിയുടെ യാത്രയാണോ സമാധി. വ്യക്തിബോധം പ്രപഞ്ചബോധത്തിൽ ലയിക്കുന്ന നിമിഷമാണതെന്ന് ഉറപ്പ്. ബുദ്ധനും ശങ്കരനും പരമഹംസനും രമണമഹർഷിയും വിവേകാനന്ദനും അരബിന്ദോയും കൃഷ്ണമൂർത്തിയുമെല്ലാം ആ അനന്തകാലത്തിലേക്ക് മനസ്സുകൊണ്ട് യാത്ര ചെയ്തു. പിന്നെയും യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നു. നിഷ്കളങ്കമായ ഒരുതരം ട്രാൻസ്. അതൊന്നും ഒടുക്കത്തെപ്പോക്കായിരുന്നില്ല. അവരാരും ചുട്ട കോഴിയെപ്പറപ്പിക്കുന്ന ജാലവിദ്യയും കാണിച്ചില്ല. എങ്കിൽ, ഋഷിതുല്ല്യരായ ആ മഹായോഗിമാരുടെ അന്ത്യമെങ്ങനെയായിരുന്നു? ഗോപൻ സ്വാമിയുടെ സമാധിയെ തൽക്കാലം വെറുതേവിട്ട് മനസ്സിനും പ്രപഞ്ചത്തിനുമിടയിലൊരു പാലം തീർത്ത മഹായോഗികളുടെ മരണനിമിഷങ്ങളിലേക്ക് മടങ്ങുകയാണ്…
ബുദ്ധന്‍
ജനിച്ചതെല്ലാം മരിക്കുമെന്ന യാഥാർത്ഥ്യത്തെ അംഗീകരിച്ച ബുദ്ധൻ എൺപതിലെത്തുമ്പോൾ മൂന്ന് മാസങ്ങൾക്കുള്ളിൽ താൻ മരിക്കുമെന്ന് ആനന്ദനോട് പറഞ്ഞു. പ്രായം കൊണ്ട് അതിന് കാലമായെന്നും. ശിഷ്ട നാളുകളിൽ തളർന്ന ശരീരവുമായി യാത്രകൾ ചെയ്തു കൊണ്ടേയിരുന്നു. സ്ഥാനഭ്രഷ്ഠനാക്കി സംഘനേതൃത്വം ഏറ്റെടുക്കാൻ ഉപജാപം നടത്തിയെ ദേവദത്തൻ, ബുദ്ധനെ മുമ്പേ നിരാശനാക്കി. വഴിമധ്യേ കുന്ദനെന്ന കർഷകൻ വിളമ്പിയ പന്നി മാംസം കഴിച്ച് ഉദരരോഗം വന്ന ബുദ്ധൻ ദിവസങ്ങൾക്കുള്ളിൽ കുശിനാരിയെന്ന ചെറുനഗരത്തിൽ വച്ച് യാത്ര പറഞ്ഞു.
ശ്രീരാമകൃഷ്ണ പരമഹംസൻ
ഒരു കുഞ്ഞിന്‍റെ നിഷ്കളങ്കതയോടെ ദീർഘസമാധികളിലേക്ക് നിരന്തരം വീണുപോയ ശ്രീരാമകൃഷ്ണ പരമഹംസൻ തൊണ്ടയിൽ അർബ്ബുദം വന്ന് മരിച്ചു. ഈശ്വരചിന്ത എന്നെ ഭ്രാന്തനാക്കുന്നു. എല്ലാറ്റിനും കാരണം തന്‍റെ ദൈവീകമായ ഉന്മാദമാണെന്ന് സമാധികളപ്പറ്റിപ്പറഞ്ഞ പരമഹംസന് അസുഖം മൂർച്ഛിച്ചതും സമാധി കൊണ്ടായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർമാരും സാക്ഷ്യപ്പെടുത്തി. രോഗം മൂർച്ഛിച്ച്, ദേഹം വില്ലു പോലെ വളഞ്ഞൊരസ്ഥികൂടം മാത്രമായി പരമഹംസൻ മാറി. ഒരു കുഞ്ഞിന്‍റെ നിസ്സഹായതയോടെ രോഗമകറ്റി തന്നെ രക്ഷിക്കാൻ ചികിത്സിച്ച വൈദ്യൻമാരോട് ആ മഹായോഗി കരഞ്ഞപേക്ഷിച്ചു. ചികിത്സയുമായി ബന്ധപ്പെട്ടതൊന്നിനെയും എതിർത്തില്ല. ഹോമിയോപ്പതി തൊട്ട് അലോപ്പതി വരെ എല്ലാത്തരം ചികിത്സകളും നടത്തി. വിദേശത്ത് നിന്നും ഡോക്ടറെ വരുത്തണമെന്ന ആവശ്യത്തോട് ഉടൻ സമ്മതിച്ചു.
വേദനകൊണ്ട് പുളയുമ്പോഴും ദൈവം ഒരുന്മാദമായി തുടർന്നു. തൊണ്ട പരിശോധിക്കാൻ ഡോക്ടർ മഹേന്ദ്ര സർക്കാർ നാവിൽത്തൊടുമ്പൊഴെല്ലാം വേദന കൊണ്ട് പുളഞ്ഞു. പശുവിനോടെന്ന പോലെ തന്നോട് പെരുമാറുന്നുവെന്ന് പരിഭവിച്ചു. അപ്പോഴും ഇത്തിരി ആശ്വാസത്തിനായി, അക്ഷമനായി, പരമഹംസൻ ഡോക്ടറെക്കാത്തിരുന്നു. വേദനയൊന്ന് കുറക്കാൻ എന്തെങ്കിലും ചെയ്യാൻ അവരോടെല്ലാം കരഞ്ഞു പറഞ്ഞു. ഓരോ വൈദ്യനും നാരായണന്‍റെ പ്രതിരൂപമാണെന്നും. രോഗം മൂർച്ഛിക്കുന്നതനുസരിച്ച് പ്രതികരണം ആംഗ്യത്തിലൊതുങ്ങി. ഒരൊറ്റ സ്പർശം കൊണ്ട് വിശ്വാസിയെ മറുലോകത്തെത്തിക്കുന്ന പരമഹംസന് സ്വന്തം വേദനക്ക് പ്രതിവിധിയില്ലാതെ പോയത് എന്തുകൊണ്ടാവും? ഈ രോഗം താൻ മറികടക്കില്ലെന്നും സഹനം ഇനിവയ്യെന്നും ശരീരത്തെ മരിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. 1886 ആഗസ്റ്റ് 16 -ന് പരമഹംസൻ യാത്രയായി.
സ്വാമി വിവേകാനന്ദന്‍
മുപ്പത്തിയൊമ്പത് വർഷവും, അഞ്ച് മാസവും, ഇരുപത്തിനാല് ദിവസവും ജീവിച്ച, ഏതാണ്ട് മുപ്പതിലധികം രോഗങ്ങൾ കൊണ്ട് വലഞ്ഞ സ്വാമി വിവേകാനന്ദന്‍റെ അന്ത്യം ഹൃദയസ്തംഭനം കൊണ്ടായിരുന്നു. അതും മൂന്നാമത്തെ ഹൃദയാഘാതം. 1896 -ൽ ലണ്ടനിൽ, 1898 -ൽ അമർനാഥിലേക്കുള്ള തീർത്ഥയാത്രയിൽ, ഏറ്റവുമൊടുവിൽ ബേലൂർ മഠത്തിലെ അവസാനദിനം. 1902 ജൂലായ് നാല് രാത്രിയിൽ. നിവർന്നുകിടന്ന സ്വാമി വലത്തേക്കൊന്ന് ചരിഞ്ഞു. വലതുകൈ വിറച്ചു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു. ആഴങ്ങളിൽ നിന്നും ജീവശ്വാസം വലിച്ചെടുത്തു. ശിരസ്സ് വിറച്ചു. തലയിണയിലേക്ക് ചരിഞ്ഞു. കണ്ണുകൾ പുറത്തേക്ക് തള്ളി. ഡോ. മഹേന്ദ്ര മജുംദാർ മരണം ഉറപ്പുവരുത്തി.
ആത്മീയചിന്തയും ആധിവ്യാധികളും നിരാശയും പ്രതീക്ഷയും ഉത്കണ്ഠകളും നിസ്സഹായമായ കലഹങ്ങളും അവസാനിക്കാത്ത യാത്രകളും കൊണ്ട് കർമ്മനിരതമായ മുപ്പത്തിയൊമ്പത് വർഷങ്ങൾ. ഉറക്കം കനിയാത്ത രാത്രികൾ, അവസാനകാലം കാഴ്ച്ച നഷ്ടപ്പെട്ട ഒരു കണ്ണ്, ഇൻസോംനിയ, കരൾ രോഗം, വൃക്കരോഗം, മലേറിയ, മൈഗ്രേയൻ, ഡയബെറ്റീസ്, ഹൃദയരോഗം, ഉദരരോഗം അങ്ങനെ വ്യാധികൾ കൊണ്ട് വലഞ്ഞ യോഗി പുകവലിച്ചു, മാംസ ഭക്ഷണം കഴിച്ചു. ഒപ്പമുണ്ടായിരുന്നവരെ ശകാരിച്ചു, തീവണ്ടി യാത്രകളിൽ രണ്ടാം ക്ലാസ്സ് ടിക്കറ്റെങ്കിലും മോഹിച്ചു. ഉദരരോഗം കൊണ്ട് വലഞ്ഞ വിവേകാനന്ദന് ഇടക്കിടെ ടോയ്ലലറ്റ് ഉപയോഗിക്കാൻ മൂന്നാം ക്ലാസ്സ് കമ്പാർട്ട്മെന്‍റിൽ പ്രയാസമായിരുന്നു.
പുസ്തകങ്ങളിലെ വിവേകാനന്ദനും വ്യക്തിയും തമ്മിലൊരുപാട് അകലമുണ്ടെന്ന് കുറ്റബോധത്തോടെ പറഞ്ഞ ബേലൂർ മഠത്തിലെ ബ്രഹ്മാനന്ദന്‍റെ വാക്കുകളും അദ്ദേഹത്തിന്‍റെ രോഗാവസ്ഥകളും ചേർത്തുവക്കണം. സിസ്റ്റർ നിവേദിത, ക്രിസ്റ്റീന എന്നിവർക്കെഴുതിയ കത്തുകൾ പലതും സന്യാസിയുടെ ദേഹപീഢകൾ കൊണ്ട് നിറഞ്ഞു. താൻ നാൽപ്പത് വയസ്സ് തികയ്ക്കില്ലെന്ന് പറഞ്ഞ സ്വാമി വിവേകാനന്ദൻ റോസ എമ്മ കാൽവെറ്റിനോട് തന്‍റെ മരണം ജുലായ് നാലിനായിരിക്കുമെന്ന് മുമ്പേ പറഞ്ഞിരുന്നു. മോഹമുക്തി വന്ന ദേഹവും മനസും ഉപേക്ഷിച്ച് രോഗപീഡയിൽ നിന്നും ഒന്ന് യാത്രയായെങ്കിലെന്ന് നിസ്സഹയാമായി മോഹിച്ചൊരു മനസ്സും വിവേകാനന്ദന് ഉണ്ടായിരുന്നു.
രമണ മഹർഷി
പന്ത്രണ്ടാം വയസ്സിൽ തിരുച്ചുഴിയിൽ നിന്നും ദൈവവിളി വന്ന് തിരുവണ്ണാമലയിലെത്തിയ വെങ്കട്ടരമണനെന്ന സാക്ഷാൽ രമണ മഹർഷിയും അർബ്ബുദം വന്ന് മരിച്ചു. 1950 ഏപ്രിൽ 14 -ന്. ആയുഷ്കാലമത്രയും ഒരു ശൈവഭൂമിയുടെ താഴ്വരയിലിരുന്ന് നിശ്ശബ്ദം ഞാനാരെന്ന് തേടിക്കൊണ്ടേയിരുന്ന ആത്മാന്വേഷി. മരണത്തിനും മൂന്നാണ്ട് മുന്നേ റ്യൂമാറ്റിസം ഒരു കാലിനൊപ്പം തോളിന്‍റെ പുറകുവശത്തെയും ബാധിച്ചു. പ്രായം എഴുപത് കടക്കുന്നതിനും മുന്നേ അതിലും വൃദ്ധനായി. 1949 -ൽ ഇടതുകൈയുടെ എൽബോക്ക് താഴെ ഒരു നോഡ്യൂൾ പ്രത്യക്ഷപ്പെട്ടു. രമണ മഹർഷി അതിനെ ഗൗരവമായെടുത്തില്ല. ഫെബ്രുവരിയിൽ ആശ്രമത്തിലെ ഡോക്ടർ അത് മുറിച്ചുമാറ്റി.
ഒരു മാസത്തിനുള്ളിൽ ആ ട്യൂമർ തിരികെ വന്നു, കൂടൂതൽ വലിപ്പവും കൂടുതൽ വേദനയുമായി. മദിരാശിയൽ നിന്നും ഡോക്ടർമാർ വന്നു ശസ്ത്രക്രിയ ചെയ്തു. മുറിവുണങ്ങിയില്ല. കൈ മുറിച്ചു മാറ്റാനാവശ്യപ്പെടുമ്പോൾ 'ശരീരം തന്നെ രോഗമാണ്, അതിനെ സ്വാഭാവിക വിധിക്ക് വിടാൻ' മഹർഷി പറഞ്ഞു. ഒരു ജ്ഞാനിയുടെ കൈ മുറിച്ചാൽ മറ്റാരെയും പോലെ അയാൾക്കും വേദനിക്കും. പക്ഷേ, ആത്മീയനന്ദത്തിഷ ആറാടി നിൽക്കുന്ന ആ മനസ്സ് മറ്റുള്ളവരെപ്പോലെ അതിന്‍റെ തീവ്രതയറിയില്ലെന്ന് മുമ്പ് പറഞ്ഞ മഹർഷി വേദന കൊണ്ടു പുളയുമ്പോഴും നിശ്ശബ്ദനായിരുന്നു. ചില രാത്രികളിൽ പക്ഷേ, നിശ്ശബ്ദത അസഹനീയമായൊരു വിലാപമോ ഞരക്കമോ ആയിമാറി. ആയൂർവ്വേദവും അലോപ്പതിയും ഹോമിയോപ്പതിയും പരീക്ഷിച്ചെങ്കിലും ഒരു ചികിത്സയും ഫലിച്ചില്ല.
ആരുടെ വേദനയോടും കാരുണ്യപൂർവ്വം മാത്രം പ്രതികരിച്ച രമണ മഹർഷി അതിനെയകറ്റാൻ ജാലവിദ്യകൾക്ക് ഒരുങ്ങിയതേയില്ല. ആഗസ്റ്റിൽ നടന്ന ട്യൂമർ ശസ്ത്രക്രിയക്ക് ശേഷം ചിലയാഴ്ച്ചകളുടെ ശാന്തിക്ക് ശേഷം നവംബറോടെ രോഗം മൂർച്ഛിച്ചു. 1950 ജനുവരി അഞ്ചിന് മഹർഷിയുടെ ജയന്തിക്കായി ആശ്രമത്തിൽ തടിച്ചുകൂടിയ ജനം അത് അവസാന ദിനമായിരിക്കുമെന്ന് കരുതി. അപ്പോഴും രമണ മഹർഷി പറഞ്ഞു, 'ചികിത്സ വേണ്ട, എല്ലാം സ്വാഭാവികതക്ക് വിടാൻ.'
ശരീരം അനുവദിച്ച നാൾ വരെ ദിനചര്യകൾ തുടർന്നു. സൂര്യോദയത്തിനും ഒരുമണിക്കൂർ മുമ്പുള്ള കുളി, രാവിലെയും വൈകുന്നേരവും നിശ്ചിത സമയം ശിഷ്യർക്കൊപ്പം ചെലവിട്ടു. കത്തുകളെഴുതി, ആശ്രമത്തിലെ പ്രസിദ്ധീകരണങ്ങൾക്കുള്ള നിർദ്ദേശങ്ങൾ കൊടുത്തു. എപ്പോഴുമെന്നപോലെ നേരമ്പോക്ക് പറഞ്ഞു. ജനുവരിയോടെ ഇരിക്കാൻ കൂടി ശരീരത്തിനാവില്ലെന്നായി. രോഗം തനിക്ക് പകർന്നുതരാൻ പറഞ്ഞ മിസ്സിസ് തലെയർഖാനോട് മഹർഷി മറു ചോദ്യമിട്ടു, 'തനിക്കിതാരാണ് തന്നതെന്ന്?' ഒരു സ്വീഡിഷ് സന്യാസി, രോഗം ബാധിച്ച രമണരുടെ കൈയ്യിലെ ഉണങ്ങാത്ത മുറിവിൽ തലനരച്ചൊരു സ്ത്രീയുടെ മുഖം ദർശിച്ചു. പന്ത്രണ്ടാം വയസ്സിൽ വെങ്കട്ടരമണൻ ഉപേക്ഷിച്ചു പോന്ന, പിന്നീട് ആ ആശ്രമത്തിൽ ജീവിച്ചു മരിച്ച അമ്മയുടെ മുഖമാണതെന്ന് വ്യാഖ്യാനിക്കപ്പെട്ടു.
1950 ഏപ്രിൽ പതിമൂന്നിന് ഡോക്ടർ പാലിയേറ്റീവ് കെയർ നിർദ്ദേശിച്ചപ്പോൾ രമണ മഹർഷി നിരസിച്ചു. രണ്ട് ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകുമെന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം ഏപ്രിൽ പതിനാല് വെള്ളിയാഴ്ച്ച രമണ മഹർഷിയുടെ അവസാന ദിനമായിരുന്നു. എഴുപത്തിയൊന്ന് വർഷത്തിന്‍റെ ആയുസ്സ് അന്നവസാനിച്ചു. ഉച്ചഭക്ഷണവുമായി വന്ന സഹായികളോട് പറഞ്ഞു, 'ഇംഗ്ലീഷിൽ 'താങ്ക്സ്' എന്നൊരു വാക്കുണ്ട്. നമ്മൾ സന്തോഷമെന്നേ പറയാറുള്ളു.' വൈകുന്നേരം നാലിനും അഞ്ചിനും ഇടയിൽ ദേഹം ചുളുങ്ങി, തൊലി കറുത്തു. വേദന കൂടി. അസ്തമയമെത്തുമ്പോൾ ഇരിക്കണമെന്നാവശ്യപ്പെട്ടു. ഓരോ സ്പർശവും വേദനയായി. ഡോക്ടർ ഓക്സിജൻ കൊടുക്കാൻ ശ്രമിക്കുമ്പോഴും നിരസിച്ചു. ഒരു സഹായിയുടെ തോളിൽ തലചായ്ച്ച് അരുണാചലഗിരിയുടെ താഴ്വരയിൽ രമണ മഹർഷി മരണം കാത്തിരുന്നു. ഭക്തർ അരുണാചല ശിവനെ പ്രകീർത്തിച്ചു പാടി. മഹർഷിയുടെ കണ്ണുകൾ തിളങ്ങി. ഒന്നു പുഞ്ചിരിച്ചു. കൺപോളയിൽ ഒരു തുള്ളി കണ്ണീർ ബാക്കി നിന്നു. രമണ മഹർഷി ഒരിക്കൽക്കൂടി ജീവശ്വാസമെടുത്തു. അവസാനമായി.
അരബിന്ദോ
1940 -കളുടെ അവസാനത്തോടെ നിശ്ശബ്ദനായ സാക്ഷാൽ അരബിന്ദോയും രോഗിയായി മരിച്ചു. മൂത്രമൊഴിക്കുന്നതിൽ നിയന്ത്രണം നഷ്ടപ്പെട്ടേടത്തു നിന്നും രോഗമാരംഭിച്ച അരബിന്ദോ മരണ സമയം കോമയിലായിരുന്നു. ശ്വാസമെടുക്കാൻ പ്രയാസമായപ്പോൾ ഡോ. സന്യാൽ ഓക്സിജൻ നൽകി. ചെമ്പകലാൽ കാലുകൾ തിരുമ്മിക്കൊടുത്തു. ഓരോ ശ്വാസത്തിനും ഇടയിലെ ഇടവേളകൾ കൂടിവന്നു ഒടുവിൽ അതുനിലച്ചു. 'ALONE SHE MUST CONQUER OR ALONE MUST FALL.' കീഴടക്കാനും കീഴടങ്ങാനും അവൾ മാത്രമേയുള്ളുവെന്ന് സാവിത്രിയിലൂടെ പ്രഖ്യാപിച്ച തത്വചിന്തകനായ സന്യാസി, മഹർഷി അരബിന്ദോ നിശ്ശബ്ദം യാത്രയായി. 1950 ഡിസംബർ അഞ്ചിന്.
ജിദ്ദു കൃഷ്ണമൂർത്തി
ദൈവത്തെയും ഗുരുവിനെയും സത്യവേദപുസ്തകങ്ങളെയും അവഗണിച്ച് ഒരു തൂവലിന്‍റെ ഭാരം പോലും ബാക്കിവക്കാതെ കടന്നുപോയ ജിദ്ദു കൃഷ്ണമൂർത്തി തൊണ്ണൂറാം വയസ്സിൽ പാൻക്രിയാസിൽ കാൻസർ വന്ന് മരിച്ചു. 'ചോയ്സ് ലെസ്സ് അവയർനെസ്സ്', ഒരു തെരഞ്ഞെടുപ്പിനും അവസരം നൽകാത്ത ഒരറിവാണ് ധ്യാനമെന്നറിഞ്ഞ ആ സന്യാസിയും ജീവിതത്തിലോ മരണത്തിലോ ഒരു കൺകെട്ടിനും മുതിർന്നില്ല. 'ബി അബ്സല്യൂട്ട് അലർട്ട്, മേക്ക് നോ എഫർട്ട്.' ഇന്ത്യയിലെ അവസാന സുഹൃത്സംഗമത്തിൽ അത്രയും പറഞ്ഞ് 1986 ജനുവരി പത്തിന് ഇനിയൊരു മടക്കമില്ലെന്നറിഞ്ഞുതന്നെ ജിദ്ദു കൃഷ്ണമൂർത്തി അമേരിക്കയിലെ ഓജയിലേക്ക് തിരിച്ചു.
രോഗം മൂർച്ഛിച്ചതറിഞ്ഞ് ജീവചരിത്രകാരി പുപുൽ ജയകർ ജനുവരി മുപ്പത്തിയൊന്നിന് കൃഷ്ണമൂർത്തിക്ക് അരികിലെത്തി. അതീവശ്രദ്ധയോടെ പരിപാലിച്ച ആ ശരീരം രോഗം മൂലം ജീർണ്ണിച്ചിരുന്നു. തൊട്ടടുത്ത ദിവസം അദ്ദേഹം ഊർജ്ജം വീണ്ടെടുത്തു. പുപുൽ തനിക്കൊപ്പം കൊണ്ടുവന്ന സുനന്ദയുടെയും നന്ദിനിയുടേയും പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കത്തുകൾ വായിച്ചു കേൾപ്പിച്ചു. പുപുലിന്‍റെ കൈകൾ മുറുക്കിപ്പിടിച്ചു. ക്ഷീണിതനെങ്കിലും അൽപ്പം നടന്നു. ടി. വിയിൽ ഒരു സിനിമ കണ്ടു. അടുത്ത മൂന്ന് നാല് ദിവസങ്ങൾ ആ ഊർജ്ജം നിലനിന്നു. ഇവിടെയുള്ള ദിവസങ്ങളെല്ലാം തന്നെക്കാണാൻ വരണമെന്ന് പുപുലിനോട് പറഞ്ഞു.
പാൽഗ്രേവിന്‍റെ 'ഗോൾഡൻ ട്രെഷറി'യും 'ഓക്സ്ഫോർഡ് ബുക്ക് ഓഫ് ഇംഗ്ലീഷ് വേഴ്സും' ഇറ്റാലോ കാൽവിനോയുടെയും അൽഫോൺസ് ദൗദറ്റിന്‍റെയും കഥകളും കട്ടിലിൽ ചിതറിക്കിടന്നു. ഫെബ്രുവരി ഒൻപത് ഞായർ ട്യൂമറിന്‍റെ ആക്രമണം ശക്തമായപ്പോൾ കൃഷ്ണമൂർത്തി പിന്നെയും കിടപ്പായി. ആ ദിവസം പുപുൽ ജയകറുമായി ഒരു കൂടിക്കാഴ്ച്ചയുണ്ടായില്ല. അടുത്ത ദിവസം നേരിൽക്കാണുമ്പോൾ പറഞ്ഞു. 'ഇന്നലെ ദൂരെ മലമുകളിലേക്ക് നടന്നുപോയി. അവർക്ക് കണ്ടെത്താനാവാത്ത വിധം ഞാൻ എവിടെയോ നഷ്ടമായി. അതുകൊണ്ട് ഇന്നലെ എനിക്ക് കാണാൻ കഴിഞ്ഞില്ല.'
ഫെബ്രുവരി പതിനാറ് ഉച്ചയോടെ പുപുൽ ജയകർ ഒജയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുമുൻപ് അവസാനകൂടിക്കാഴ്ച്ച. വേദനയിൽ തളർന്നുപോയ കൈകൾ കൊണ്ട് പുപുലിന്‍റെ കൈ ഉയർത്തി ചുംബിച്ചു. ഒരു നിശ്ശബ്ദത മൂടി നിന്നു. പുപുൽ ഇന്ന് രാത്രി ഞാൻ ദൂരെ മലമുകളിലേക്ക് നടന്നുപോകും. മഞ്ഞ് കൂടി വരികയാണ്. ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കാതെ പുപുൽ ജയകർ മടങ്ങി. ആ അർദ്ധരാത്രി കൃഷ്ണമൂർത്തിയും യാത്രയായി, ദൂരെ മഞ്ഞിൽപ്പൊതിഞ്ഞ മലമുകളിലേക്ക്.
ഓഷോ രജനീഷ്
ഓഷോ രജനീഷിന്‍റെ ജീവിതവും മരണവും ഒരുപോലെ ആഘോഷിക്കപ്പെട്ടു. എൺപതുകളുടെ തുടക്കത്തിൽത്തന്നെ ഓഷോയെ രോഗങ്ങൾ വേട്ടയാടിത്തുടങ്ങി. തുടർച്ചയായ നടുവേദന. പല്ലുകൾ പോലും തകരാറിലായി. പന്ത്രണ്ട് ദിവസത്തെ അമേരിക്കൻ ജയിൽ വാസം കഴിയുമ്പോൾ ഓഷോ രജനീഷിന്‍റെ ആരോഗ്യം ശരിക്കും തകർന്നു. ജയിലിൽ അനുവദിച്ച തയലിണയിൽപ്പോലും റേഡിയേഷൻ. പോരാത്തതിന് താലിയം വിഷവും. കഥകൾക്ക് ഒരു പഞ്ഞവുമുണ്ടായില്ല. ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ് ഡോ. പ്രമോദ് ജോഗും ചികിത്സിച്ചു. 1989 ഏപ്രിൽ പത്ത് മുതൽ ഓഷോ സംഭാഷണം അവസാനിപ്പിച്ചു. 1990 ജനുവരി പതിനേഴ് വരെ നിശ്ശബ്ദമായി ധ്യാനത്തിൽ മാത്രം പങ്കെടുത്തു. രണ്ട് ദിവസങ്ങൾക്ക് ശേഷം ജനുവരി 19 വൈകുന്നേരം അഞ്ച് മണിക്ക് മരിച്ചു. മരിക്കുന്നതിനും ഏതാണ്ട് പത്ത് മാസങ്ങൾക്ക് മുൻപേ മരണമടുത്തുവെന്ന് ആശ്രമവാസികൾ തിരിച്ചറിഞ്ഞു. എയിഡ്സായിരുന്നുവെന്ന കഥകൾ പ്രചരിച്ചു.
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധിയെ കേരളം കൊണ്ടാടുമ്പോൾ ഇന്ത്യ കണ്ട മഹായോഗികളുടെ മരണങ്ങളെത്ര ദിവ്യമായിരുന്നുവെന്ന ഒരു അന്വേഷണം മാത്രമാണ്. ഈ മരണങ്ങളിൽപ്പലതും. പിന്നീട് സമാധിയോ ദിവ്യവിയോഗങ്ങളോ ഒക്കെയായി ആഘോഷിക്കപ്പെട്ടു. പക്ഷേ, ശരിയായ ആത്മീയാന്വേഷണത്തിന്‍റെ വഴി തെരഞ്ഞെടുത്ത വലിയ മനുഷ്യരൊന്നും ജാലവിദ്യക്കാരായിരുന്നില്ല. കോൺഷ്യസ്നെസ്സ് അഥവാ ബോധം മനുഷ്യനെ നയിക്കുന്ന നേരിന്‍റെയും നുണയുടെയും വഴികളാണ് പലരും തേടിയത്. പ്രവാചകരെ ശരിക്കും കുരിശിലേറ്റിയത് അനുയായികൾ തന്നെയായിരുന്നു.