സ്നേഹം പകര്‍ച്ചവ്യാധിയാക്കിയ ഒരുവള്‍

By Thottappan seriesFirst Published Jun 3, 2019, 7:26 PM IST
Highlights

എന്റെ തൊട്ടപ്പന്‍: സജിത്ത് മുഹമ്മദ് എഴുതുന്നു
 

ആര്‍ക്കാണ് ജീവിതത്തിലൊരു തൊട്ടപ്പനില്ലാത്തത്? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം.  ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി. തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരോ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. ഉള്ളിനുള്ളിലെ ആ ഒരാളെക്കുറിച്ചുള്ള കുറിപ്പുകളാണിവ. 

എന്റെ തൊട്ടപ്പന്‍. കുറിപ്പുകള്‍ തുടരുന്നു. ആത്മഹത്യാ മുനമ്പില്‍നിന്നും ജീവിതത്തിലേക്ക് പറത്തിയ സ്‌നേഹത്തിന്റെ കാറ്റല. സജിത്ത് മുഹമ്മദ് എഴുതുന്നു

.............................................................................................................................................................
ജീവിതം അതിഭീകരവും അതു പോലെ തന്നെ അദ്ഭുതവും ആണെന്ന് തിരിച്ചറിയുന്നത് ചില മനുഷ്യരുടെ കടന്നു വരവോടു കൂടിയാണ്. ഏതു വിധമാണോ എന്റെ ജീവിതത്തില്‍ ഡോ. നജ്മ സലാം എന്ന എന്റെ നജ്മേച്ചി കടന്നു വന്നത്. ഇരുപതാം വയസ്സില്‍ എനിക്കൊരു ചേച്ചിയെ കിട്ടി. ഞാനും നജ്മേച്ചിയും ഒരേ പോലെ കഥകളെയും പുസ്തകങ്ങളെയും  സ്നേഹിച്ചു. അവരാകട്ടെ എന്നെക്കാള്‍ ജീവിതത്തെ പഠിച്ചു. അവര്‍ പഠിച്ചതെല്ലാം അവരെന്നെയും പഠിപ്പിച്ചു. 

നജ്മേച്ചിയെ ഞാന്‍ ആദ്യം കാണുന്നത് എന്റെ പത്തൊന്‍താം വയസിലായിരുന്നു. എല്ലാ സ്നേഹവും തുടങ്ങുകയും അവസാനിക്കുകയും ചെയ്യുമെന്ന് ജീവിതം മാധവിക്കുട്ടിയെക്കൊണ്ട് എഴുതിപ്പിച്ച അതേ പത്തൊന്‍പതു വയസ്! സ്വാഭാവികമായും ഞാനും അക്കാലത്ത് സ്നേഹനിരാസത്താല്‍ തകര്‍ന്നു തരിപ്പണമായിപ്പോയിരുന്നു. അങ്ങനെയൊക്കെയുള്ള എന്റെ ജീവിതത്തിലോട്ടായിരുന്നു  അപ്രതീക്ഷിതമായ അവരുടെ കടന്നു വരവ്. പരിചയപ്പെട്ട് കഴിഞ്ഞ് ഒരിക്കല്‍ ജീവിതത്തോട് ഭീകരമായ വിരക്തി തോന്നിയ ഒരു ദിവസം, ആത്മഹത്യ ചെയ്യും മുന്‍പ് ആരെയെങ്കിലും വിളിച്ചേക്കാമെന്ന് കരുതിയ ഞാന്‍ അവരുടെ നമ്പറിലേക്ക് ഒരു മെസേജയക്കുന്നു-' നജ്മേച്ചീ, എന്റെ മനസ് എന്നോട് വി.കെ.എന്‍ ശൈലിയില്‍ ചോദിക്കുന്നു വെയര്‍ ഈസ് ദ ഫെയര്‍ ഇന്‍ യൂ?'-എന്ന്. 

അല്‍പസമയം കഴിഞ്ഞ് റിപ്ലേ വന്നു-'എന്നിട്ട് നീയെന്തു മറുപടി പറഞ്ഞു'

'ഇനിയൊരിക്കലും ആ ഫെയര്‍ തിരികെ വരില്ലാന്ന്'.

കുറച്ചു കഴിഞ്ഞപ്പോള്‍ ദാ വരുന്നു ഫോണ്‍ കോള്‍. അന്ന് ഞാന്‍ അതുവരെയുണ്ടായിരുന്ന എന്റെ ജീവിതം മുഴുവന്‍ വിവരിക്കുകയും, എന്നെക്കാള്‍ വലിയ ഡ്രിഗ്രികള്‍ മാത്രമല്ല എന്നെക്കാള്‍ വലിയ ദുരിതങ്ങള്‍ കൂടി അവര്‍ നേരിട്ട കഥകള്‍ പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു- 'എടോ സജിത്ത് മോനെ, ഈ ജീവിതമെന്ന് പറയുന്നതേ ദുരിതം പിടിച്ച ഒരു സംഗതിയാ. സന്തോഷം തരത്തില്ല, പക്ഷേ സന്തോഷം കണ്ടെത്താന്‍ പറ്റും. നമ്മുടെ ജീവിതത്തിലെ സന്തോഷം നമ്മുടെ കയ്യിലല്ല. നമുക്ക് ചുറ്റുമുള്ള മല്‍ഷ്യരുടെ കയ്യിലാണ്. അതോണ്ട് എന്റെ കുട്ടി കൂട്ടെല്ലാം കൂട്ടിവയ്ക്കൂ'.

ആ വാക്കുകള്‍ പിന്നീടുള്ള എന്റെ ജീവിതം കുറച്ചു കൂടി സന്തോഷം തരുന്നതാക്കി. അന്നേ അവര്‍ ഡോക്ടറായിരുന്നു. ഞാന്‍ മുറിപ്പെട്ട ഒരു മനുഷ്യജീവിയും. മുറിവുകള്‍ക്ക് മരുന്ന് വയ്ക്കാന്‍ പറ്റിയില്ലെങ്കിലും കൂടുതല്‍ മുറിവുകളുണ്ടാകാതിരിക്കാന്‍ നജ്മേച്ചി പരിശീലിപ്പിച്ചു. എന്റെ ഹൃദയ വേദനകളെല്ലാം തിരക്കുകള്‍ക്കിടയിലും കേട്ട് മരുന്നുകള്‍ കുറിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും പരസ്പരം കത്തുകളെഴുതി. കത്തുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹത്തിനെക്കുറിച്ചെഴുതി പരസ്പരം കരയിപ്പിക്കുകയും അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ സ്നേഹഭാരം കൊണ്ട് myocardial infractions  അഥവാ അറ്റാക്ക് ഉണ്ടാക്കുകയും ചെയ്തു.

ജീവിതത്തില്‍ ഒരുപാട് തിരക്കുകള്‍ ഉള്ള ഒരു മനുഷ്യജീവിയായ നജ്മേച്ചി പഠനത്തില്‍, പ്രാക്ടീസില്‍ ഇടയ്ക്ക് കിട്ടുന്ന സമയമൊക്കെ വായിച്ചും സിനിമ കണ്ടും രാഷ്ട്രീയം പറഞ്ഞും, ജന്‍ഡര്‍ ഇക്വാലിറ്റിയെക്കുറിച്ചും ആര്‍ത്തവത്തെക്കുറിച്ചും ക്ലാസുകളെടുത്തും ചുറ്റുമുള്ളവരെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും ജീവിതം സുന്ദര സുരഭിലമാക്കുന്നു. എനിക്ക് പുസ്തകങ്ങള്‍ തന്നും ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ കാണാന്‍ വന്നും വരുമ്പൊ എല്ലാം വിശക്കുമ്പോള്‍ ഭക്ഷണം മേടിച്ചു തന്നും സിനിമകള്‍ കാണാന്‍ കൊണ്ടു പോയും സങ്കടം വരുമ്പോള്‍ ആശ്വാസത്തുരുത്തായും സന്ദിഗ്ദഘട്ടത്തില്‍ ഉപദേശങ്ങളായും എന്റെ ഡോക്ടറമ്മയായി എന്റെ നജ്മേച്ചി എപ്പോഴും ഒപ്പമുണ്ട്. സ്നേഹം പകര്‍ച്ചവ്യാധിയാക്കിയ ഒരു ഡോക്ടറമ്മ.

കുമ്പളങ്ങി നൈറ്റ്സ് കാണാന്‍ വൈകിയെത്തിയ എനിക്ക് മിസ് ആയ ആദ്യ രംഗങ്ങളെക്കുറിച്ച് 'നാലു സഹോദരന്‍മാര്‍ വലിയ ആത്മബന്ധം ഒന്നുമില്ല, ബാക്കി കണ്ടോ' ന്ന് പറഞ്ഞു കഴിഞ്ഞ് സ്‌ക്രീനിലേക്ക് ശ്രദ്ധിക്കവെ ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും വേണ്ടി സിതാര പാടുകയാണ്- 'മകനെ, ഞാനുണ്ടരികത്തൊരു കാണാ കണ്‍നോട്ടമായ്......'

ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു

അക്ബര്‍: തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും

ജിഷ കെ:  പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍

വൈഗ ക്രിസ്റ്റി: തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം  ഒരു ജോടി കണ്ണ് അവളെനിക്കു വച്ചു തന്നു  

രസ്‌ലിയ എം എസ്: മുറിവില്‍ തേന്‍ പുരട്ടുന്നൊരാള്‍

.

click me!