Asianet News MalayalamAsianet News Malayalam

തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും

കാടുള്ളവും പുഴയുള്ളവും തന്ന അഭയവും ധൈര്യവും ഉമ്മയുടെ മടിയില്‍ മാത്രമേ ഞാന്‍ അനുഭവിച്ചിട്ടുള്ളു. അത്രയ്ക്ക് ധൈര്യം തന്ന മനുഷ്യര്‍ തന്നെയെന്ന് കാടിനേയും പുഴയേയും ഞാന്‍ വിളിക്കും. അക്ബര്‍ എഴുതുന്നു 

Thottappan UGC series Akbar on Neryamangalam
Author
Thiruvananthapuram, First Published May 29, 2019, 3:23 PM IST

നിങ്ങളുടെ ജീവിതത്തിലുമില്ലേ ഒരു തൊട്ടപ്പന്‍? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം.  ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി.  തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരാ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. നിങ്ങളുടെ ഉള്ളിലെ ആ ഒരാളെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോയ്‌ക്കൊപ്പം  submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ തൊട്ടപ്പന്‍ എന്നെഴുതാന്‍ മറക്കരുത്.

Thottappan UGC series Akbar on Neryamangalam

എന്റെ തൊട്ടപ്പന്‍. കുറിപ്പുകള്‍ തുടരുന്നു. തണലും തണുപ്പും ആശ്രയവുമായി ജീവന്റെ കൂടെപ്പോരുന്ന നേര്യമംഗലത്തെ പച്ചപ്പിനെക്കുറിച്ച് കവി അക്ബറിന്റെ കുറിപ്പ്. 

................................................................................................................................................

ഉമ്മയുടെ ഓരോ പ്രസവങ്ങളിലും ജീവനില്ലാത്ത കുഞ്ഞുങ്ങള്‍ പിറന്നുകൊണ്ടിരുന്നു. ഞാനുണ്ടാവുന്നതിന് മുമ്പ് എന്റെ ഇക്കയും ഞാനും മാത്രമാണ് ജീവനോടെ ജനിച്ചത്. അബ്ബാസ് എന്ന ഇക്ക എനിക്കോര്‍മ്മ വയ്ക്കും മുമ്പ് പോയി. അബ്ബാസിക്ക ജീവിച്ചു തീര്‍ത്ത നാലു വര്‍ഷക്കാലം വലിയ അത്ഭുതത്തോടെയാണ് നേര്യമംഗലത്തെ ആളുകള്‍ ഓര്‍ക്കുന്നത്. 

40 വയസ്സിനുശേഷമാണ് ഉമ്മ എന്നെ മണ്‍തറയിലേക്ക് പ്രസവിച്ചിട്ടത്. മര്‍ത്തേടത്തെ വെല്യമ്മയാണ് നിന്റെ ഡോക്ടറെന്ന് ഉമ്മ ഇന്നും പറയും. ഒത്തിരി ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ഉമ്മയ്ക്കുണ്ടായതുകൊണ്ട് കുഞ്ഞിലേ വലിയ ആരോഗ്യ ക്ഷമതയൊന്നുമില്ലായിരുന്നു. കായികാധ്വാനം ആവശ്യമായ കളികള്‍ക്കൊന്നും കൂട്ടുകാര്‍ കൂട്ടാതെയായി. പെണ്‍കുട്ടികളോടോപ്പം അക്ക് കളി, തൊങ്ക് കളി, സാറ്റേ സീറ്റേ തുടങ്ങിയ കളികളിലും കൂടി. പക്ഷേ, പലപ്പോഴും പുറകിലായി പോയി. കടുത്ത അപകര്‍ഷതയാല്‍ ഒറ്റയായി പോയി എന്ന് പറയാം. വീട്ടിലുണ്ടായിരുന്ന എരുമക്കുഞ്ഞുങ്ങളോടൊക്കെ ഇതു പറഞ്ഞിട്ടുണ്ട്. അവര്‍ അത് കേട്ട് തലയാട്ടി.

തൊട്ടടുത്ത സെമിത്തേരിയിലെ ശവക്കോട്ട പൂക്കളോടൊക്കെ ചുമ്മാ സംസാരിക്കുമായിരുന്നു. ഇത്തിരി മുതിര്‍ന്നപ്പോള്‍ പലത്തിനക്കരെയുള്ള കാട്ടിലേക്ക് വിറക് പെറുക്കാന്‍ പോയ പോക്കാണ് ജീവിതം മാറ്റിമറിച്ചത് എന്ന് പറയാം. കാട് പച്ചപ്പും അപൂര്‍വ്വ കാഴ്ച്ചകളും ഒരുക്കി സ്വീകരിച്ചു. പലതരം കുഞ്ഞുപൂവുകള്‍, നിലത്തിഴയുന്ന ചെടികളും ജീവികളും, ഒട്ടും വേദനിപ്പിക്കാതെ രക്തം വലിച്ചുകുടിച്ചുറങ്ങുന്ന തോട്ടപ്പുഴുക്കള്‍, പേരറിയാത്ത പലതരം മരങ്ങള്‍. 

പിന്നീട് ആരുമറിയാതെ കാട്ടില്‍ പോയി നിന്നിട്ടുണ്ട്. അന്ന് കിട്ടിയ ആത്മവിശ്വാസം ലോകത്തെ നേരിടാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവും. അതുപോലെ തന്നെയാണ് പെരിയാറെന്ന പുഴ ഒരുക്കിയ അപൂര്‍വ്വ അനുഭവങ്ങളും. നീന്തല്‍ പഠിക്കുന്നതിന് മുമ്പ് തീരെ കുഞ്ഞിലേ ഒഴുക്കില്‍ ഒഴുകിപ്പോയപ്പോഴുണ്ടായ ഒരുതരം ഇല്ലാതാവല്‍ പേടിയല്ല തന്നത്, പുഴയുടെ ആഴങ്ങളെ തൊടാനുള്ള ഒടുക്കത്തെ ധൈര്യമാണ്. 

കാടുള്ളവും പുഴയുള്ളവും തന്ന അഭയവും ധൈര്യവും ഉമ്മയുടെ മടിയില്‍ മാത്രമേ ഞാന്‍ അനുഭവിച്ചിട്ടുള്ളു. അത്രയ്ക്ക് ധൈര്യം തന്ന മനുഷ്യര്‍ തന്നെയെന്ന് കാടിനേയും പുഴയേയും ഞാന്‍ വിളിക്കും. കൂട്ടിനോ, പ്രോത്സാഹനത്തിനോ ആരുമില്ലാതെ ഒറ്റയാവുമ്പോള്‍ കാട് തന്ന വലിയ ഒരു കൂട്ട് ഇന്നും അത്ഭുതമാണ്. പച്ചപ്പിന്റെ ഉള്ളിലെ മണ്ണ്, അതിനുമുകളിലെ ജീവന്റെ നനവുള്ള തൊടലുകള്‍. മരങ്ങളില്‍ പൂവിട്ട് വര്‍ത്താനം പറയുന്ന പലതരം നിറങ്ങള്‍, മണങ്ങള്‍, പേടിപ്പിച്ച് ഇഴഞ്ഞുപോകുന്ന കറുത്ത നിറമുള്ള ചിലത്. ആനപ്പിണ്ടത്തിന്റെ മണത്തിനടുത്തുള്ള ആനക്കൂട്ടങ്ങള്‍. അങ്ങനെ അപകര്‍ഷതയെ പച്ചപ്പുകൊണ്ട് തൂത്തുമാറ്റിയ നേരങ്ങള്‍.

...........................................................................................................................................................

പലതരം കുഞ്ഞുപൂവുകള്‍, നിലത്തിഴയുന്ന ചെടികളും ജീവികളും, ഒട്ടും വേദനിപ്പിക്കാതെ രക്തം വലിച്ചുകുടിച്ചുറങ്ങുന്ന തോട്ടപ്പുഴുക്കള്‍, പേരറിയാത്ത പലതരം മരങ്ങള്‍. 

Thottappan UGC series Akbar on Neryamangalam

നേര്യമംഗലം കാടിനരികെ അക്ബര്‍
 

കാടിന്റെ ഒരോ ദിനവും വിസ്മയങ്ങളാണെങ്കില്‍, പുഴയാവട്ടെ കയങ്ങളിലെ കറുപ്പില്‍ തിളക്കി കാണിച്ചു തന്നത് ലോകത്ത് ഇതുവരെ കാണാത്ത കാഴ്ച്ചകളുടെ ഒഴുക്ക് തന്നെയായിരുന്നു. ചേട്ടന്മാര്‍ മീന്‍ പിടിക്കാന്‍ തോട്ടയിടുമ്പോള്‍, മീന്‍ പെറുക്കാന്‍ ആഴങ്ങളില്‍ മുങ്ങിപ്പോയി മീനെടുത്ത് മുകളിലേക്ക് കുതിക്കുമ്പോള്‍ തോന്നുന്ന ഒരു അസാധ്യമായ ഉള്‍ക്കനം അതാവാം പലതരം ഏകാന്തതകളെ നീന്തിതോല്‍പ്പിക്കാന്‍ കെല്‍പ്പ് തന്നത്. 

'കാട്ടിലെത്തിയാല്‍
നിശ്ശബ്ദനാവുന്ന
കൂട്ടുകാരനോടൊപ്പമേ
ഞാന്‍ വരൂ'

എന്ന് തുടങ്ങുന്ന പി രാമന്റെ കവിത വായിച്ച് പിന്നീട് ഞെട്ടിയതും അതുകൊണ്ടാവും. കാടിന് പല സ്വരങ്ങളുണ്ട്. മഴ പെയ്യുമ്പോഴും വെയില്‍ നിറയുമ്പോഴും മഞ്ഞ് പടരുമ്പോഴും ഒക്കെ. ചെറുപ്പത്തിലേ ഇന്ദുചൂഡന്റെ പുസ്തകം വായിച്ച് പക്ഷികളെ കാണാന്‍ പോയ ഒരു പോക്കുണ്ട്. കിലോമീറ്ററുകള്‍ കടന്ന് ഉള്‍ക്കാട്ടിലെത്തി പേടിച്ചു നിന്നിട്ടിട്ടുണ്ട്. പക്ഷേ, കാടല്ലേ, പേടി വേണ്ട എന്നങ്ങ് ഉള്ളില്‍ കരുതി. ഇരുപൂളും പയ്യാനിയും മരുതും വഴി കാണിച്ച് തിരിച്ച് വീട്ടിലെത്തിച്ചു. കാടിന്റെ കരയിലാണ് പുഴ. അതുകൊണ്ട് പുഴ കടന്നുള്ള കാടിനെ അതിനുള്ളിലെ പച്ചപ്പിനെ, പലതരം പേടികളുടെ കാഴ്ച്ചകളെ, അത്ഭുതങ്ങള്‍ കാണിച്ച ഓടിമറയലുകളെ.. പേടിക്കപ്പുറമുള്ള വിധേയത്വമായിരുന്നു കാടിനോടും പുഴയോടും എന്ന് പറയാം.

പിന്നീട് കവിതയും ചിത്രങ്ങളും ആലോചിക്കാന്‍ അടുത്ത് നിന്ന് ചങ്കൂറ്റം തന്നത് അവ തന്നെ! അമൂര്‍ത്തമായി ഉള്ളില്‍ വിരലോടിച്ച് എടുത്തു നടന്ന അപൂര്‍വ്വമായ അനുഭവങ്ങള്‍. 

വലിയ ലോകങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനപ്പുറം ഉള്ളിനെ ഊര്‍ജ്ജമുള്ള ഒന്നാക്കി നിര്‍ത്തുന്നതും അത് തന്നെ. ദീനിയാത്തിലും ഫിഖ്ഹിലും കാണാത്ത ദൈവികത അറിഞ്ഞതും നേര്യമംഗലത്തെ പച്ചപ്പില്‍ നിന്നു തന്നെ. ഇന്നും മടുക്കാത്ത വിരല്‍ മുടിയിഴകളിലൂടെ ചലിക്കുന്നുണ്ട്. ഉമ്മയും വാപ്പയും ഞാനും മാത്രമുള്ള ഇടങ്ങളിലേക്ക് വന്ന് വലിച്ചടുപ്പിച്ച രൂപമില്ലാത്ത അപൂര്‍വ്വമായ സ്നേഹം. അതാവാം എവിടെയുമെത്താതെ ഇങ്ങനെ ഒഴുകാനും മുളയ്ക്കാനും ഇന്നും പ്രേരിപ്പിക്കുന്നത്.

തൊട്ടപ്പന്‍ എന്നല്ല തൊട്ടുമ്മ എന്ന് ഞാനിതിനെ വിളിക്കുന്നു. വെള്ളത്തിന്റെയും പച്ചപ്പിന്റെയും തൊട്ടുമ്മ. അതിപ്പോഴും എന്നെ എടുത്തുകൊണ്ട് ഓടുന്നു. അല്ലെങ്കില്‍ മുതുകത്തിരുത്തി അക്കരയുള്ള ആറ്റുവഞ്ചിയില്‍ തൊടാന്‍ ഒഴുക്കിനെ മുറിച്ച് നീന്തുന്നു.

തൊട്ടപ്പന്‍ കുറിപ്പുകള്‍:
ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു

Follow Us:
Download App:
  • android
  • ios