തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം  ഒരു ജോടി കണ്ണ് അവളെനിക്കു വച്ചു തന്നു

By Thottappan seriesFirst Published May 31, 2019, 4:10 PM IST
Highlights

എന്റെ തൊട്ടപ്പന്‍. വൈഗ ക്രിസ്റ്റി  എഴുതുന്നു 

നിങ്ങളുടെ ജീവിതത്തിലുമില്ലേ ഒരു തൊട്ടപ്പന്‍? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം.  ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി.  തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരാ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. നിങ്ങളുടെ ഉള്ളിലെ ആ ഒരാളെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോയ്‌ക്കൊപ്പം  submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ തൊട്ടപ്പന്‍ എന്നെഴുതാന്‍ മറക്കരുത്.

എന്റെ തൊട്ടപ്പന്‍. കുറിപ്പുകള്‍ തുടരുന്നു. ജീവിതത്തിന്റെ അലകും പിടിയും മാറ്റിമറിച്ച ഗാഢസൗഹൃദത്തെക്കുറിച്ച് യുവകവികളില്‍ ശ്രദ്ധേയയായ വൈഗ ക്രിസ്റ്റി  എഴുതുന്നു

.............................................................................................................................................................

ജീവിതത്തെ മാറ്റിമറിക്കുവാന്‍ പോന്നൊരാള്‍ നമ്മുടെയെല്ലാം വഴികളില്‍ എവിടെയെങ്കിലും കാത്തിരിക്കുന്നുണ്ടാവുമോ? അറിയില്ല...എന്നാല്‍, എന്റെ ജീവിതം അങ്ങനൊരാളെ എനിക്കായി കാത്തു വച്ചിരുന്നു; ഹസീന എന്റെ ഹസു.

തികച്ചും യാഥാസ്ഥിതികമായ ഒരടുപ്പില്‍ തിരിച്ചും മറിച്ചുമിട്ട് പാകപ്പെടുത്തിയതായിരുന്നു എന്റെ പാവം ബാല്യം. അതുകൊണ്ടു തന്നെ നാലാള്‍ കൂടുന്നിടത്ത് വല്ലാതെ ഉള്‍വലിഞ്ഞു നിന്നിരുന്നു, എന്റെ ഉള്ളിലെ ഞാന്‍. ഏതെങ്കിലുമൊരു വേദിയില്‍ (ആളില്ലാത്തപ്പോള്‍ പോലും) തലയുയര്‍ത്തി നില്‍ക്കുന്ന ഞാന്‍ എന്റെ ഓര്‍മ്മയിലെവിടെയുമില്ല .തെറ്റുപറയാനെങ്കിലും വേദിയില്‍ കയറുന്ന ഒരു കൊച്ചു കുട്ടിയോടു പോലും എനിക്കിപ്പോഴും ആരാധനയാണ്.

സത്യത്തില്‍ വീടിനു മുറ്റത്തെത്തിയാല്‍ വിദേശത്താകുന്നവളാണ് ഞാന്‍. ആശയവിനിമയത്തിന് ഒരു പൊതു ഭാഷയില്ലാത്തവള്‍. അധ്യാപികയായതിനു ശേഷവും സമൂഹം എന്നെയും ഞാന്‍ സമൂഹത്തെയും യാന്ത്രികവും വിരസവുമായി കടന്നു പൊയ്‌ക്കൊണ്ടിരുന്നു; ജീവിതത്തിന്റെ അടുത്ത വളവില്‍ എനിക്കായി ഒരത്ഭുതം കാത്തിരിക്കുന്നതറിയാതെ.

.............................................................................................................................................................

എന്റെ ആത്മാവില്‍ ഒരു ഹൃദയചിഹ്നത്തില്‍ ഞാനവളെ കൊളുത്തി വച്ചിട്ടുണ്ട്- വെളിച്ചമാകുവാനും, വെളിച്ചമേകുവാനും.    

ഏലപ്പാറ ഗവ.ഹൈസ്‌കൂളില്‍ ടീച്ചറായി എത്തിയതിനു ശേഷമാണ് എന്റെ വഴി മറ്റൊരിടത്തേക്ക് തിരിഞ്ഞത്. അവിടെയാണ് അവള്‍ ഉണ്ടായിരുന്നത്. ഹസീന.  .കൂട്ടുകാരിയെന്നു പറഞ്ഞ് ഞാനവളെ ഫ്രെയിം ചെയ്യുന്നില്ല.

ആ സമയത്ത് എന്റെ കവിതകള്‍ എന്റെ ആദ്യ വായനയെ പോലും അതിജീവിക്കാറില്ലായിരുന്നു.

എന്റെ ഇടതും വലതുമായി എന്നോടൊത്ത് അവള്‍ നിന്നു. പുസ്തകം പുറത്തിറക്കണം എന്നത് എന്നേക്കാളുപരി അവളുടെ ആഗ്രഹമായിരുന്നു; അല്ല, വാശിയായിരുന്നു.

ഒരിക്കലും ഒരു നല്ല അധ്യാപികയായിരുന്നില്ല ഞാന്‍ എന്ന് കുറ്റബോധത്തോടെ ഏറ്റു പറയട്ടെ. എന്നാല്‍ എല്ലാ കുട്ടികളെയും സ്വന്തം മക്കളായി കണ്ട് (വാക്കില്‍ മാത്രമല്ല പ്രവൃത്തിയിലും) സ്‌നേഹിച്ചിരുന്ന അവളില്‍ നിന്നാണ് ഞാനൊരധ്യാപികയാകാന്‍ പഠിച്ചത്. സ്‌നേഹം...നിരുപാധികമായ സ്‌നേഹം. അതാണ് എന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റിയത്. പിന്നെയെല്ലാം മാറി. ഓരോ ദിവസവും വ്യത്യസ്തമായി. തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം ഒരു ജോടി കണ്ണ് അവള്‍ എനിക്കു വച്ചു തന്നു. ജീവിതത്തെക്കാണാന്‍. വ്യത്യസ്തങ്ങളായ ജീവിതത്തെ അറിയാന്‍.

ഞാന്‍ അത്ഭുതപ്പെടുന്നില്ല. പള്ളിനടയില്‍ ആരോ ഉപേക്ഷിച്ചു പോയ പൂച്ചക്കുഞ്ഞിന് പോലും ഉപ്പച്ചിയാകാന്‍ നിറമനസ്സുള്ള ഒരു വലിയ മനുഷ്യന്റെ ഭാര്യയല്ലേ അവള്‍!  തെളിഞ്ഞ ചിരിയോടെ എല്ലാവരെയും സ്‌നേഹിക്കാന്‍ നട്ടെല്ലു നിവര്‍ത്തി, തലയുയര്‍ത്തി അഭിമാനത്തോടെ ജീവിക്കാന്‍ എന്നെ പ്രാപ്തയാക്കിയ എന്റെ ഹസീനയാണ് എന്റെ വീണ്ടും ജനനത്തിലെ തൊട്ടമ്മ. ഞാന്‍ മരിച്ചേക്കും. എന്നാല്‍ എന്റെ ആത്മാവില്‍ ഒരു ഹൃദയചിഹ്നത്തില്‍ ഞാനവളെ കൊളുത്തി വച്ചിട്ടുണ്ട്- .വെളിച്ചമാകുവാനും, വെളിച്ചമേകുവാനും.      

തൊട്ടപ്പന്‍ കുറിപ്പുകള്‍:

ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു
അക്ബര്‍: തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും
ജിഷ കെ:  പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍

 

click me!