Science| നിറങ്ങള്‍ വാര്‍ന്നു പോയാല്‍ എങ്ങനെയിരിക്കും പ്രകൃതി?

By Web TeamFirst Published Nov 13, 2021, 7:22 PM IST
Highlights

ചുവന്ന ചെമ്പരത്തി, പച്ചയില, മഞ്ഞ മുക്കുറ്റി...നിറങ്ങള്‍ വാര്‍ന്നു പോയാല്‍ എങ്ങനെയിരിക്കും പ്രകൃതി?

അതിസാധാരണമായ കാര്യങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ശാസ്ത്രകൗതുകങ്ങള്‍. ഏവരുമറിയുന്ന കാര്യങ്ങളുടെ അറിയാക്കഥകള്‍. സാധാരണക്കാര്‍ക്കായി ലളിതമായ ഭാഷയില്‍ ഒരു ശാസ്ത്രപംക്തി. തുളസി ജോയ് എഴുതുന്നു

 


 

നിറങ്ങള്‍ ഉണ്ടാകുന്നത് രണ്ട് രീതിയിലാണ്. ഒന്ന്, പിഗ്‌മെന്റുകള്‍ (pigment) വഴി. രണ്ട്, ഘടനാപരമായ നിറം (structural colouration). 

പിഗ്മെന്റുകള്‍ നിറം നല്‍കുന്നത് എങ്ങനെയെന്ന് വളരെ എളുപ്പത്തില്‍ പറഞ്ഞു വയ്ക്കാം. പ്രകാശം എന്ന ഊര്‍ജ്ജം വസ്തുവില്‍ പതിക്കുന്നു. വസ്തുവിലെ പിഗ്മെന്റ് ഏതു നിറത്തിലാണോ, ആ നിറത്തിലെ പ്രകാശം മാത്രം വസ്തു പ്രതിഫലിപ്പിക്കുന്നു. മറ്റുള്ള നിറങ്ങള്‍ പിഗ്മെന്റ് ആഗിരണം ചെയ്യുന്നു. മഞ്ഞ മുക്കുറ്റി, മഞ്ഞ പ്രകാശത്തെ മാത്രം പ്രതിഫലിപ്പിക്കുന്നു എന്നപോലെ.

എന്നാല്‍ ഇത്രയ്ക്ക് ലളിതമായി അല്ലാതെയും നിറങ്ങള്‍ ഉണ്ടാകുന്നുണ്ട്.

മഴവില്ലിലെ വര്‍ണരാജികള്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു സോപ്പ് കുമിളയുടെ, മഴവില്ല് വഴിയില്‍ ചിതറിക്കിടക്കുന്ന ആ എണ്ണപ്പാളിയുടെ - നിറമെന്താണ്? ഇവയിലൊക്കെ നിറം ഉണ്ടാക്കുന്നത് പിഗ്മെന്റുകള്‍ അല്ല.

പ്രകാശം ഒരു സോപ്പ് കുമിളയില്‍ പതിക്കുമ്പോള്‍ അതിലൊരു ഭാഗം നേരിട്ട് പ്രതിഫലിക്കുന്നു. സോപ്പുകുമിളയിലേക്ക് കടന്നുപോകുന്ന പ്രകാശത്തിന്റെ ഒരു ഭാഗം, അതിന്റെ അകത്തെ പാളിയില്‍ തട്ടി തിരിച്ചു പ്രതിഫലിക്കുന്നു. സോപ്പ് കുമിളയുടെ മുകളില്‍ നിന്നും പ്രതിഫലിച്ച പ്രകാശത്തേക്കാള്‍ കൂടുതല്‍ ദൂരം ഈ രണ്ടാമത്തെയാള്‍ യാത്ര ചെയ്തിട്ടുണ്ട്. ദൃശ്യപ്രകാശം വയലറ്റ് മുതല്‍ ചുവപ്പു വരെ വ്യത്യസ്ത തരംഗദൈര്‍ഘ്യമുള്ള പ്രകാശ തരംഗങ്ങളുടെ കൂട്ടമാണ് എന്നത് ഓര്‍ക്കുക.

സോപ്പ് പാളിയുടെ കനത്തിനനുസരിച്ച് പ്രതിഫലിച്ച പ്രകാശങ്ങള്‍ തമ്മിലുള്ള വ്യത്യാസം വര്‍ദ്ധിക്കുന്നു. ഈ രണ്ട് പ്രകാശങ്ങളും കൂടിച്ചേരുമ്പോള്‍ ( interference ) ചില നിറങ്ങള്‍ കൂടുതല്‍ തെളിഞ്ഞുവരും. ചിലവ കാണാതെയാകും. നമ്മള്‍ നോക്കുന്ന കോണിന് ( angle) അനുസരിച്ച് കാണുന്ന നിറവും മാറും.

 

ഇതിന്റെ ഏറ്റവും ഭംഗിയുള്ള ഉദാഹരണം ഒരു മയില്‍പ്പീലിയാണ്. ഒരൊറ്റ മയില്‍പീലി ശ്രദ്ധിച്ചുനോക്കൂ. നടുവിലെ തണ്ടില്‍ നിന്നും ഇരുവശത്തേക്കും നീളുന്നവ ബാര്‍ബുകള്‍ ആണ്. ഓരോ ബാര്‍ബില്‍ നിന്നും നേര്‍ത്ത റിബണുകള്‍ പോലെ ചേര്‍ന്നിരിക്കുന്നവ ബാര്‍ബ്യൂളുകളും. ഈ ബാര്‍ബ്യൂളുകളിലെ നാനോ ക്രിസ്റ്റല്‍ പാളികളില്‍ നിന്നും പ്രതിഫലിക്കുമ്പോഴാണ്, പ്രകാശം മയില്‍പ്പീലി വര്‍ണ്ണത്തില്‍ കൃഷ്ണനാട്ടം ആടുന്നത്.

ബാര്‍ബ്യൂളുകള്‍ ഓരോന്നിലും മെലാനിന്‍ കൊണ്ടുള്ള നൂറുകണക്കിന് 2D ക്രിസ്റ്റലുകള്‍ കെരാറ്റിന്‍ പാളികളില്‍ വിന്യസിച്ചിരിക്കുന്നു. ഇങ്ങനെ മെലാനിന്‍ റോഡുകള്‍ എത്ര അടുപ്പിച്ചാണ് ക്രമീകരിച്ചിരിക്കുന്നത് എന്നതിനും അവയുടെ എണ്ണത്തിനും അനുസരിച്ച് ബാര്‍ബ്യൂള്‍ പാളികളില്‍ നിന്നും പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ നിറം പച്ചയില്‍ നിന്നും നീല യിലേക്ക് മാറുന്നു. ഒപ്പം തന്നെ, നമ്മള്‍ നോക്കുന്ന കോണിന് അനുസരിച്ചും നിറത്തിന് മാറ്റമുണ്ടാകുന്നു.

നമ്മുടെ തലമുടി നാരുകള്‍ക്കും നിറം കൊടുക്കുന്നത് മെലാനിന്‍ ആണ്. പക്ഷേ, ഇവിടെ നിറം നല്‍കുന്നത്, pigmentation വഴിയാണ്. അതുകൊണ്ട് ഘടനാപരമായ നിറമുള്ള മയില്‍പീലിക്ക് ഉണ്ടാകുന്ന തിളക്കം നമ്മുടെ തലമുടിക്ക് ലഭിക്കുന്നില്ല.

ഇങ്ങനെ തിളക്കമുള്ള നിറങ്ങള്‍ ഉണ്ടാക്കുന്നതിന് iridescence എന്നാണ് പറയുന്നത്. മാടപ്രാവിന്റെ കഴുത്തിലെ തിളക്കവും, ചില വണ്ടുകളുടെ പുറം തോടിലെ തിളങ്ങുന്ന നിറങ്ങളുമെല്ലാം iridescence-ന് മറ്റുദാഹരണങ്ങളാണ്.

 

Read More: നിലാവില്‍ ആ പൂവ് ഇരുണ്ടുപോവുന്നത് എന്തുകൊണ്ടാണ്?

 
click me!