കൃത്യമായ കണക്കുകൂട്ടലുകളായിരുന്നു  മാണി സാറിന് രാഷ്ട്രീയം!

By Abhilash G NairFirst Published Apr 10, 2019, 4:55 PM IST
Highlights

ഇതാണ് മാണി സാര്‍. കാലവും സമയവും നേരത്തെ കുറിച്ച് വെച്ചു കരുക്കള്‍ നീക്കുന്നതില്‍ അഗ്രഗണ്യന്‍. അഭിലാഷ് ജി നായര്‍ എഴുതുന്നു

കുളിച്ചൊരുങ്ങി ഉടയാത്ത വേഷവുമായി വൃത്തിയോടെ നടക്കാന്‍ നമ്മുടെ രാഷ്ട്രീയക്കാരെ പഠിപ്പിച്ചതും മാണി സാര്‍ ആയിരിക്കണം. രാഷ്ട്രീയക്കാരുടെയല്ലാം കെട്ടുംമട്ടും മാറ്റിയ ടെലിവിഷന്‍ കാലത്തായിരുന്നില്ല അദ്ദേഹത്തിന്റെ ഈ മാറ്റം. അതിനു മുമ്പേ തന്നെ മാണി സാര്‍ ഇങ്ങനെ ആയിരുന്നു.  ഇടയ്‌ക്കൊക്കെ അഭിമുഖത്തിനോ മറ്റോ  ചെല്ലുമ്പോഴും മേക്കപ്പ് ഇല്ലാതെ ഒരിക്കലും മാണി സാര്‍ ക്യാമറക്ക് മുന്നില്‍ വന്നിട്ടില്ല. 


രാഷ്ട്രീയക്കാര്‍ക്കിടയിലെ സുന്ദരനായിരുന്നു മാണി സാര്‍. പി ടി ചാക്കോയെ അനുസ്മരിപ്പിക്കുന്ന കട്ടി മീശ. ഉടയാത്ത തൂവെള്ള ജൂബ്ബ. ഇതായിരുന്നു ട്രേഡ് മാര്‍ക്ക്. മാണി സാറിന്റെ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ കണ്ടാല്‍ അറിയാം അന്നത്തെ ഗാംഭീര്യം. ചുണ്ടിലൊരു ചെറു പുഞ്ചിരി വിടര്‍ന്ന്  അല്‍പം പരുക്കന്‍ മുഖ ഭാവത്തോടെയുള്ള ആ നോട്ടമാണ് കിടിലന്‍. 

കുളിച്ചൊരുങ്ങി ഉടയാത്ത വേഷവുമായി വൃത്തിയോടെ നടക്കാന്‍ നമ്മുടെ രാഷ്ട്രീയക്കാരെ പഠിപ്പിച്ചതും മാണി സാര്‍ ആയിരിക്കണം. രാഷ്ട്രീയക്കാരുടെയല്ലാം
കെട്ടുംമട്ടും മാറ്റിയ ടെലിവിഷന്‍ കാലത്തായിരുന്നില്ല അദ്ദേഹത്തിന്റെ ഈ മാറ്റം. അതിനു മുമ്പേ തന്നെ മാണി സാര്‍ ഇങ്ങനെ ആയിരുന്നു.  ഇടയ്‌ക്കൊക്കെ അഭിമുഖത്തിനോ മറ്റോ  ചെല്ലുമ്പോഴും മേക്കപ്പ് ഇല്ലാതെ ഒരിക്കലും മാണി സാര്‍ ക്യാമറക്ക് മുന്നില്‍ വന്നിട്ടില്ല. 

പൗഡറോ ക്രീമോ ഒക്കെ തേച്ച്, 'ഒരു മിനിറ്റ്..ഞാന്‍ വരുന്നേ'  എന്നു അകത്തെ മുറിക്കുള്ളില്‍ നിന്ന് എത്രയോ തവണ മാണി സാര്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. 

എത്ര പ്രകോപിപ്പിച്ചാലും ആവേശം കൊള്ളിച്ചാലും മാണി സാറിനെക്കാണ്ട് നമുക്കൊന്നും പറയിക്കാനാവില്ല. പറയാനുള്ളതേ അദ്ദേഹം പറയൂ. നിങ്ങള്‍ ആഗ്രഹിക്കുന്നത്  എന്റെ കയ്യില്‍ നിന്ന്  കിട്ടില്ലെന്ന്  അല്‍പം പരിഹാസത്തിലൂടെ വാര്‍ത്താ സമ്മേളനങ്ങളില്‍ എത്രയോ വട്ടം മാണി സാര്‍ പറഞ്ഞിട്ടുണ്ട്. 

രാഷ്ട്രീയ കരുനീക്കങ്ങളില്‍ എന്നും സസ്‌പെന്‍സ് കാത്തു സൂക്ഷിച്ച നേതാവാണ് കെ എം മാണി.  2016 ലെ ചരല്‍ക്കുന്ന് ക്യാമ്പ്.  നിയമസഭാ തെരഞ്ഞെടുപ്പിനു  ശേഷം മാണിയും കോണ്‍ഗ്രസും തമ്മില്‍ അകല്‍ച്ച തുടങ്ങിയ കാലം.  മാണി മുന്നണി വിടുമെന്ന അഭ്യൂഹം അന്നേ ശക്തമായിരുന്നു.  എന്നാല്‍ ഒന്നും വിട്ടു പറയാന്‍ മാണി സാര്‍ തയ്യാറല്ല. ഒപ്പമുള്ള പിജെ ജോസഫിനാകട്ടെ അത് അത്ര താത്പര്യവും ഇല്ല.  ക്യാമ്പിലേക്ക് എത്തിയ മാണിയെ മാധ്യമ പ്രവര്‍ത്തകര്‍ പൊതിഞ്ഞു.  എല്ലാ വിഷയവും ക്യാമ്പ് ചര്‍ച്ച ചെയ്യും, ഒരു തീരുമാനവും ഇല്ല  ഇതായിരുന്നു മാണി സാറിന്റെ പതിവ് മറുപടി. 

രണ്ടു ദിവസത്തെ ക്യാമ്പിന്റെ ഒടുവില്‍ തീരുമാനം ആകുമെന്നായി അതോടെ ബ്രേക്കിംഗ് ന്യൂസ്. 

ക്യാമ്പിന്റെ ഉത്ഘാടനം മാണി സാര്‍ തന്നെ. പതിവ് പോലെ പതുക്കെ തുടങ്ങിയ പ്രസംഗം. തെരഞ്ഞെടുപ്പു വിജയ കഥകളൊക്കെ പറഞ്ഞ് തീര്‍ന്നപ്പോള്‍  അപ്രതീക്ഷിത പ്രഖ്യാപനം.  'കോണ്‍ഗ്രസും ചില നേതാക്കളും പിന്നില്‍ നിന്ന് കുത്തി.  കേരള  കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നു.. ഇനി രണ്ടു മുന്നണികളോടും സമദൂരം...' പ്രഖ്യാപനം കേട്ട് ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന ക്യാമ്പ് അംഗങ്ങളുടെ ഇടയില്‍  അമ്പരന്നിരിക്കുന്ന പിജെ ജോസഫിന്റെ മുഖം   ഇപ്പോഴും ഓര്‍ക്കുന്നു. 

ഇതാണ് മാണി സാര്‍. കാലവും സമയവും നേരത്തെ കുറിച്ച് വെച്ചു കരുക്കള്‍ നീക്കുന്നതില്‍ അഗ്രഗണ്യന്‍. ഒരു വര്‍ഷം കഴിയുമ്പോള്‍ തിരിച്ചു വരാം എന്നു പറഞ്ഞാണ് മാണി പിന്നീട് ജോസഫിനെ ആശ്വസിപ്പിച്ചതെന്നാണ് അണിയറ വര്‍ത്താനം. മുന്നണി വിടുന്നതിന്റെ ചൂടേറിയ ചര്‍ച്ചകള്‍ ക്യാമ്പില്‍ പുരോഗമിക്കുമ്പോള്‍ ക്യാമ്പ് സൈറ്റിന് പുറത്തുള്ള കൊച്ചു മുറിയില്‍ ഉച്ച മയക്കത്തിലായിരുന്നു കെ എം മാണി. കൃത്യമായ കണക്കുകൂട്ടലുകളായിരുന്നു
മാണി സാറിന് രാഷ്ട്രീയം. അത് പിഴച്ചത് അപൂര്‍വ്വത്തില്‍ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രം

click me!