
ആദ്യത്തെ അമേരിക്കൻ മാർപാപ്പ. കടുത്ത യാഥാസ്ഥിതികർ പിന്തുണയ്ക്കുന്ന അമേരിക്കൻ പ്രസിഡന്‍റ്. പക്ഷേ, രണ്ടുപേരും തമ്മിൽ ഏറ്റുമുട്ടി. ട്രംപ് തന്‍റെ പതിവ് രീതിയിൽ. മാർപാപ്പയും ഒട്ടും പിന്നോട്ട് പോയില്ല. ട്രംപ് സർക്കാരിനെ ഭയമില്ലെന്ന് പ്രഖ്യാപിച്ചു. ദൈവ സന്ദേശം ഉറക്കെത്തന്നെ ഇനിയും പറയുമെന്നും. ഇംഗ്ലീഷ് മാതൃഭാഷയായി സംസാരിക്കുന്ന മാർപാപ്പമാരും കുറവ്. യുദ്ധത്തിൽ മതം കലർത്തുന്നതിന്‍റെ അപകടം ലോകം കാണുന്നതാണ്. അമേരിക്കയേ പോലൊരു രാജ്യത്തെ സർക്കാർ തങ്ങളുടെ നയങ്ങൾക്ക് അത് അടിസ്ഥാനമാക്കുമ്പോൾ ദുരന്തമേ പ്രതീക്ഷിക്കാനുള്ളൂ എന്നാണ് വിദഗ്ധ പക്ഷം. എന്തും ന്യായീകരിക്കാനുള്ള വഴിയാകുമത്. തീരുമാനങ്ങൾക്ക് പിന്നിലെ അപകടകരമായ സ്വാധീനവും
ഡോണൾഡ് ട്രംപ് പ്രസിഡന്‍റാകുന്നത് വരെ അമേരിക്കൻ മാർപാപ്പയെക്കുറിച്ച് വത്തിക്കാനും ചിന്തിച്ചിരുന്നില്ലെന്ന് വേണം വിചാരിക്കാൻ. അതിന് ശേഷമാണ് അമേരിക്കയോടുള്ള കാഴ്ചപ്പാട് മാറി. അങ്ങനെ അമേരിക്കക്കാരൻ മാർപാപ്പയായി. ശീതയുദ്ധ കാലത്ത് പോളിഷ് വംശജനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ തെരഞ്ഞെടുത്തതും ഇതുപോലെ നീണ്ടൊരു കോൺക്ലേവിലാണ്. കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസത്തിന്‍റെ തളർച്ചയിൽ പ്രധാന പങ്ക് വഹിച്ചു പോളിഷ് വംശജനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ.
മാർപാപ്പയായ ശേഷം വൈറ്റ്ഹൗസിലേക്ക് കിട്ടിയ ആദ്യക്ഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതാണ് ലിയോ മാർപാപ്പ. കുടിയേറ്റക്കാർക്കൊപ്പം ലാംപെഡൂസ (Lampedusa) എന്ന ഇറ്റാലിയൻ ദ്വീപിൽ ചെലവഴിക്കുമെന്ന് അറിയിച്ചു. ക്ഷണിച്ചത് വാൻസാണ്. ട്രംപ് നേരിട്ടല്ല. എന്തായാലും മറുപടി ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. നേരിട്ട് അന്നൊന്നും വിമർശനങ്ങൾക്ക് തയ്യാറായില്ലെങ്കിലും വെനിസ്വേലയിൽ നിന്ന് അമേരിക്ക മദൂറോയെ കടത്തിക്കൊണ്ട് പോയതിനെ മാർപാപ്പ വിമർശിച്ചിരുന്നു. ഇറാൻ യുദ്ധം തുടങ്ങിയതോടെ അത് അപലപിച്ചു. യുദ്ധം അവസാനിക്കുന്നില്ല എന്നായപ്പോൾ, വിമർശനം കടുത്തു. അസംബന്ധവും മനുഷ്യത്വരഹിതവുമായ അക്രമം എന്ന് പറഞ്ഞു ലിയോ 14 -മൻ. അഹങ്കാരത്തിന്‍റെ ഫലം ആപത്ത് എന്നും. സമാധാനത്തിനായി ആഹ്വാനം ചെയ്തു. അതോടെ പ്രസിഡന്‍റ് ഇടഞ്ഞു. മാർപാപ്പയാകാൻ ലിയോയെ സഹായിച്ചത് താനാണെന്നും അതിന് നന്ദി വേണമെന്നും അമേരിക്കക്കാരനെ മാർപാപ്പയാക്കിയത്, തന്നെ ഓർത്തിട്ടാണെന്നും സോഷ്യൽ മീഡിയയിൽ പ്രസിഡന്‍റ് ട്രംപ് എഴുതി. മാർപാപ്പ കുറ്റകൃത്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. വിദേശനയം സമ്പൂർണ അബദ്ധമെന്നും കുറ്റപ്പെടുത്തി. തീർന്നില്ല, മാർപാപ്പയായാൽ മതി രാഷ്ട്രീയക്കാരനാവേണ്ട, തീവ്ര ഇടതിനെ പിന്തുണക്കുന്നുവെന്നും കുറിച്ചു. പോരാതെ, മാധ്യമങ്ങളോട് കുറേക്കൂടി കടുപ്പിച്ചു, കുറ്റകൃത്യങ്ങൾ ഇഷ്ടമുള്ള ആണവായുധങ്ങളെ പിന്തുണക്കുന്ന മാർപാപ്പ എന്നായി.
ഇതെല്ലാം അവഗണിച്ച് മുന്നോട്ട് പോകാമായിരുന്നു മാർപാപ്പക്ക്. പക്ഷേ, അതിന് പകരം അത് നേരിടുകയാണ് മാർപാപ്പ ചെയ്തത്. തനിക്ക് ട്രംപ് സർക്കാരിനെ ഭയമില്ലെന്ന് മാർപാപ്പ വ്യക്തമാക്കി. സമാധാനത്തിനായി ആഹ്വാനം ആവർത്തിച്ചു. ദൈവ സന്ദേശം ദുരുപയോഗം ചെയ്യപ്പെടുന്നു ആരെങ്കിലും അതെതിർത്തേ തീരൂവെന്നു പറഞ്ഞു. ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനിയൻ ജനതയെ തുടച്ച് നീക്കുമെന്ന ട്രംപിന്‍റെ ഭീഷണിയോട് പോപ്പ് പ്രതികരിച്ചത് കടുത്ത ഭാഷയിലാണ്. അന്താരാഷ്ട്ര നിയമങ്ങൾക്കെതിരാണ് ഭീഷണി. വെറുപ്പിന്‍റെയും വിഭജനത്തിന്‍റെയും വാക്കുകൾ, വിനാശത്തിന്‍റെ വാക്കുകൾ എന്നും പറഞ്ഞു മാർപാപ്പ. ഒരു ടെലിവിഷൻ ഷോയിൽ അമേരിക്കൻ കർദ്ദിനാൾമാർ മാർപാപ്പയെ പിന്തുണക്കുക കൂടി ചെയ്തതോടെ ട്രംപിന്‍റെ അരിശം അവരുടെ നേർക്ക് കൂടിയായി.
പക്ഷേ, സ്വന്തം അണികളിലടക്കം യാഥാസ്ഥിതിക പക്ഷത്ത് അനിഷ്ടം പുകഞ്ഞ് തുടങ്ങിയെന്ന് മനസിലായതടെ പ്രസിഡന്‍റും പ്രതിരോധ സെക്രട്ടറി ഹെഗ്സെത്തും അടുത്ത അടവ് പ്രയോഗിച്ചു. പ്രസിഡന്‍റിന്‍റെ എഐ ചിത്രങ്ങൾ. സൂപ്പർ ഹീറോ പരിവേഷത്തോടെയുള്ള ചിത്രങ്ങളിൽ ചിലത് പക്ഷേ, തിരിച്ചടിച്ചു. യേശുക്രിസ്തുവായി വേഷമിട്ട ട്രംപിനെ കണ്ട് ഞെട്ടി പലരും. പിന്നെ മാർപാപ്പയായി മറ്റൊന്ന്. അതും യാഥാസ്ഥിതികർക്ക് ഞെട്ടലായി. യേശുക്രിസ്തുവായുള്ള എഐ ചിത്രം വിവാദമായി. ഒടുവിൽ പ്രസിഡന്‍റ് അത് പിൻവലിച്ചു. താനുദ്ദേശിച്ചത് രോഗം സുഖപ്പെടുത്തുന്ന ആരോഗ്യ വിദഗ്ധനെന്നാണ്. ബാക്കിയെല്ലാം ഫേക് മീഡിയയുടെ സൃഷ്ടിയെന്ന് ആരോപിക്കയും ചെയ്തു. പക്ഷേ, യേശുക്രിസ്തു ചിത്രം പിന്നെയുമെത്തി, ട്രംപിനെ ആലിംഗനം ചെയ്യുന്ന ക്രിസ്തുവിന്‍റെ ചിത്രം. ഇടത് തീവ്രവാദികൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തനിക്കിഷ്ടം എന്നായിരുന്നു കുറിപ്പ്.
മാർപാപ്പയുമായുള്ള തർക്കത്തിൽ ജെഡി വാൻസും ട്രംപിനൊപ്പം നിന്നു. ദൈവശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മാർപാപ്പ ശ്രദ്ധിക്കണം എന്നായിരുന്നു കത്തോലിക്കാ വിശ്വാസിയായ വാൻസിന്‍റെ പ്രതികരണം. നീതിപൂർവകമായ യുദ്ധത്തെ കുറിച്ചുള്ള മാർപാപ്പയുടെ അറിവിനെയും വാൻസ് ചോദ്യം ചെയ്തു. സായുധ സംഘർഷങ്ങൾക്ക് സൈനിക വിദഗ്ധർ ഇട്ടിരിക്കുന്ന പേരാണ് 'JUST WAR'. ന്യായീകരിക്കാനുള്ള ശ്രമം. അതിന്‍റെ പ്രചാരകനാണ്, സെന്‍റ് അഗസ്റ്റിൻ ഓഫ് ഹിപ്പോ (St. Augustine of Hippo). അതായത് ലിയോ മാർപാപ്പ അംഗമായ കത്തോലിക്കാ വിഭാഗം. അഗസ്റ്റിൽ ബിഷപ്പായിരുന്ന ഇടങ്ങൾ സന്ദർശിക്കയും ചെയ്തു മാർപാപ്പ. ഇറാൻ യുദ്ധം നീതിപൂർവകമായി ആരും കാണുന്നില്ലെന്നും ചൂണ്ടിക്കാട്ടി. വത്തിക്കാൻ എഡിറ്റോറിയലും അതാവർത്തിച്ചു. കുടിയേറ്റ വിരുദ്ധ നടപടികളെ ന്യായീകരിക്കാൻ നേരത്തെ തന്നെ വാൻസ് ഉപയോഗിച്ചതാണ് 'നീതി പൂർവക യുദ്ധം' എന്ന വാക്ക്. കുടിയേറ്റ വിരുദ്ധ നടപടികളിൽ നേരത്തെ തന്നെ മാർപാപ്പ എതിർപ്പറിയിച്ചതുമാണ്.
എതിർപ്പുകൾ കൂടിയപ്പോഴാണ് ഇറാൻ യുദ്ധത്തിന് ഒരു വിശുദ്ധ പരിവേഷം നൽകാൻ പീറ്റ് ഹെഗ്സെത്തും ട്രംപും ശ്രമിച്ചത്. അതിന്‍റെ ബാക്കിയായിരുന്നു യേശുക്രിസ്തുവായുള്ള ട്രംപിന്‍റെ അവതാരം. പക്ഷേ, അത് തിരിച്ചടിച്ചു. പ്രമുഖരായ കർദ്ദിനാൾമാർ. അതും ട്രംപിന്‍റെ മാരാ ലാഗോ വസതിയിൽ പ്രാർത്ഥനകളിൽ പങ്കെടുത്ത ബിഷപ്പ് ജോസഫ് സ്ട്രിക്ലാൻഡ് വരെ ട്രംപിനെതിരായി. റിപബ്ലിക്കൻ പാർട്ടിയുടെ വലിയ വോട്ട് ബാങ്കാണ് കത്തോലിക്കാ വിശ്വാസികൾ. പക്ഷേ, രാഷ്ട്രീയത്തിന് മതവിശ്വാസത്തേക്കാൾ പ്രാധാന്യം കൊടുക്കുന്നവരാണ് അമേരിക്കയിലെ കത്തോലിക്കർ എന്നാണ് പ്യൂ ഗവേഷണ കേന്ദ്രത്തിന്‍റെ (Pew Research Center) കണക്ക്. അതുകൊണ്ട് ചിലപ്പോൾ വോട്ട്ബാങ്കിൽ ചോർച്ചയുണ്ടാക്കിയേക്കില്ല. എങ്കിലും എതിർപ്പുകൾ നിസ്സാരമായി കാണേണ്ട എന്ന് മുന്നറിയിപ്പുമുണ്ട്. 2024 -ലെ തെരഞ്ഞെടുപ്പിൽ ട്രംപിന് ഈ വിഭാഗത്തിന്‍റെ പിന്തുണ കൂടിയിരുന്നു. കൂടിക്കിട്ടിയത് കുറയാതെ നോക്കണം ട്രംപ് പക്ഷത്തിന്.
യുദ്ധങ്ങളെ ന്യായീകരിക്കാൻ മതവിശ്വാസത്തെ കൂട്ടുപിടിക്കുന്നത് മുൻ പ്രസിഡന്‍റുമാരുടെ വഴിയായിരുന്നില്ല. 2001 സെപ്തംബർ 11 -ന്‍റെ ആക്രമണശേഷമുള്ള യുദ്ധത്തെ 'കുരിശുയുദ്ധം' എന്ന് വിശേഷിപ്പിച്ച ജോർജ് ഡബ്ല്യു ബുഷ് പിന്നീടത് തിരുത്തിയിരുന്നു. ക്രൈസ്തവ വിശ്വാസം ഉയർത്തിപ്പിടിക്കുന്നത് സുഹൃദ് മുസ്ലിം രാഷ്ട്രങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നത് ഒരു കാരണം. വിശുദ്ധയുദ്ധം, ജിഹാദ് ആഹ്വാനം ചെയ്യുന്നവർക്ക് അതൊരു ന്യായീകരണമാകുമെന്നത് മറ്റൊന്ന്. ബിൻ ലാദൻ അമേരിക്കയുടെ നേർക്ക് യുദ്ധം പ്രഖ്യാപിച്ചത് സൌദിയിലെ അമേരിക്കൻ സാന്നിധ്യത്തെ കുരിശുയുദ്ധക്കാരായി മുദ്രകുത്തിക്കൊണ്ടാണ്.
പക്ഷേ,'ജറുസലേം കുരിശ്' (Jerusalem cross) ടാറ്റൂ ചെയ്തിട്ടുള്ളയാളാണ് ഹെഗ്സെത്ത്. വിശുദ്ധനാടിന്‍റെ പ്രതീകമായും കുരിശുയുദ്ധത്തിന്‍റെ അടയാളമായും കണക്കാക്കപ്പെടുന്ന, കുരിശ്. ഇറാൻ യുദ്ധത്തിന് വിശുദ്ധ പരിവേഷം നൽകുനനതിൽ മുന്നിൽ നിൽക്കുന്നതും പ്രതിരോധ സെക്രട്ടറിയാണ്. അത് ജനാധിപത്യത്തിന് ഭീഷണിയാകുമെന്നാണ് വിമർശകരുടെ വാദം. യൂറോപ്പും ട്രംപിന്‍റെ മാർപാപ്പ വിരേോധത്തെ ഗൌരവമായി കാണുന്നു. എന്തായാലും മതവും യുദ്ധവും കൂട്ടിക്കുഴയ്ക്കുന്നതിലെ അപകടം മുൻ പ്രസിഡന്‍റുമാർ മനസിലാക്കിയിരുന്നത് പോലെ ട്രംപ് സർക്കാർ മനസിലാക്കിയിട്ടില്ലെന്ന് വ്യക്തം.