Latest Videos

Column : അന്നുതൊട്ടാണ് എവിടെയിരുന്നാലും കാലുകയറ്റിവെക്കാന്‍ തുടങ്ങിയത്

By Tulu Rose TonyFirst Published Dec 18, 2021, 4:43 PM IST
Highlights

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

ഒരു ദിവസം അവനെന്നോട് ചോദിക്കണേണേ 'നിനക്ക് അടങ്ങിയൊതുങ്ങി നടന്നൂടേ പെണ്‍കുട്ട്യോള്‍ടെ പോലെ...' ന്ന്. ഒന്നും നോക്കിയില്ല, അപ്പോള്‍ തന്നെ തേച്ചു.

 

'ടീ, കാല് താഴ്ത്തി വെച്ച് കഴിക്കെടീ.'

കളിച്ച് ക്ഷീണിച്ച് വന്ന് ആര്‍ത്തിയോടെ ചോറുരുട്ടിയുരുട്ടി വാരി മിണുങ്ങിയിരുന്ന എന്നോട് അമ്മയുടെ കന്നംതിരിവ്.

'അപ്പോ ദേ പേപ്പച്ചന്‍ സ്റ്റൂളില് കാലും കേറ്റി വെച്ചിട്ടാണല്ലോ തിന്നണത്?' 

'പേപ്പച്ചന്‍ ആണല്ലേ, കേറ്റി വെച്ചോട്ടെ. നീ വെക്കണ്ടട്ടാ.' 

അന്ന് മുതലങ്ങോട്ട് എവിടെ ഇരുന്നാലും കാല് കയറ്റി വെക്കുന്ന ഒരു ശീലം അറിയാതെ തുടങ്ങി.

അന്ന് തുടങ്ങി ആണ്‍കുട്ടികളോട് കൂടുതല്‍ കൂട്ടാവാനും തുടങ്ങി. അങ്ങനെ അവരുടെ ധൈര്യമെല്ലാം എനിക്കും വന്ന് ചേരുന്നത് പോലെ തോന്നി. 

ആദ്യമെല്ലാം എനിക്ക് കിട്ടിപ്പോന്നിരുന്ന ബഹുമതികള്‍ ഇങ്ങനെ ആയിരുന്നു.

'ഇതെന്തൂട്ട് ക്ടാവണ്ദ്, അയ്. ഒരനുസരണേം ഇല്ലല്ലാ. ടോണീടെ വിത്തന്ന്യല്ലെ ഇത്?'

'മൂത്തോരെ ബഹുമാനല്ല്യാത്ത അസത്ത്.'

'മരം കേറി, മതില് ചാടി, പ്രാന്തി.' 

'കണ്ട ആങ്കുട്ട്യോള്‍ടെ തോളത്ത് കേറി നടക്കണവള്‍.'

എനിക്കിതൊന്നും കേട്ട് ഒരു ചുക്കും മനസ്സിലായതുമില്ല.

ഒല്ലൂരങ്ങാടിയിലുള്ള വാടകക്ക് സൈക്കിള്‍ കൊടുക്കുന്ന കടയില്‍ നിന്നും രണ്ട് സൈക്കിളെടുത്ത് ഡിസ്‌മോന്‍ വരുമ്പോള്‍ വരാന്തയിലിരിക്കുന്ന കാര്‍ന്നോത്തിയുടെ മുഖം ചുളിയും.

'ദേ വന്നുറീ നിന്റെ കൂട്ടാരന്‍. തെണ്ടാന്‍ പൊക്കോ.'

അമ്മാമ്മയെ അവന് പേടിയാണ്. കണ്ടാലുടനെ കാരംസ് കളിക്കാന്‍ പിടിച്ചിരുത്തും. അവന്‍ ജയിച്ചാലും അമ്മാമ്മ അവന്‍ തോറ്റൂന്നേ പറയൂ. 

'നിന്റമ്മാമ്മ എന്തൂട്ട് സാധനാ ഡീ. എന്തൊരു വെര്‍ക്കെടുത്താ കളിക്ക്യാ.'

അല്ലെങ്കിലും അമ്മാമ്മയെ ഒരു പാഠം പഠിപ്പിക്കണം എന്ന് കുറേ നാളായി ഞാനും കരുതുന്നു. അതത്ര എളുപ്പവുമല്ല. എല്ലാരേയും ഒരു നോട്ടം കൊണ്ട് പേടിപ്പിച്ച്  മൂത്രമൊഴിപ്പിക്കുന്ന അപ്പച്ചന് പോലും പേടിയാണ് അമ്മാമ്മയെ. 

ഒല്ലൂര് ചന്തയുടെ ഉള്ളിലൂടെ ഞാനും ഡിസ്‌മോനും സൈക്കിളില്‍ ചുറ്റും. അര മണിക്കൂറില്‍ സൈക്കിള്‍ തിരിച്ച് കൊടുക്കണം. അല്ലെങ്കില്‍ പൈസ കൂടും. 

അമ്മയുടെ കൈയും കാലും പിടിച്ചിട്ടവസാനം മോന്തക്കിട്ടൊരു പിച്ചും എനിക്ക് തന്ന് വേദനിപ്പിച്ചിട്ട് കിട്ടുന്ന പൈസയാണ്. 

പൈസയുമെടുത്തോടുമ്പോള്‍ പുറകിലൊരശരീരി കേള്‍ക്കാം.

'തെണ്ടിത്തിരിഞ്ഞ് നടക്കെടീ. പെങ്കുട്ട്യാന്നൊരോര്‍മ്മ ഇല്ലാണ്ട്.'

ഞാനപ്പോള്‍ ഓര്‍ക്കും. ഇത് നല്ല കൂത്ത്! പെണ്‍കുട്ടിയാണെന്ന് എന്തിനാ ഓര്‍ക്കണത്? പെണ്‍കുട്ടിയാണല്ലോ. ഇടക്കിടക്കോര്‍ക്കണത് എന്തിനാ!

 

 

സൈക്കിളെടുത്ത് ഓട്ടോറിക്ഷാ സ്റ്റാന്‍ഡിന്റെ സൈഡില്‍ കൂടെയുള്ള ഇറക്കത്തിലൂടെ സ്പീഡില്‍ ചവിട്ടി നേരെയെത്തുന്നത് റെയില്‍വേ പാളത്തിലാണ്. 

എന്റെ അനുവാദത്തോടെ അല്ലെങ്കിലും ചില സമയങ്ങളില്‍ ഡിസ്‌മോന്‍ എന്റെ ബോഡീഗാര്‍ഡ് ആകുന്നത് അപ്പോഴായിരുന്നു. ഞാനൊരു പെണ്‍കുട്ടിയാണെന്ന അറിവ് അവന്റെയുള്ളിലും ഉണ്ടായിരുന്നിരിക്കണം.

അന്നൊരു വൈകുന്നേരം, പാഞ്ചിയുടെ വീട്ടിലെ പറമ്പില്‍ സിമിയും ബിനിയും ചോറും കറിയും ചിരട്ടയില്‍ വെച്ച് കളിക്കുമ്പോള്‍ മതില് ചാടി ജോസേട്ടന്റെ പറമ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയുടെ ഡ്രൈവിങ്ങ് സീറ്റിലായിരുന്നു ഞാന്‍. 

'എടീ നിന്നെ കളിക്കാന്‍ കൂട്ടില്ല്യാട്ടാ ഇങ്ങട് വന്നില്ലെങ്കില്.'- സിമി പ്രഖ്യാപിച്ചു.

എല്ലാ പെണ്ണുങ്ങളും ഒറ്റക്കെട്ടോടെ അതംഗീകരിച്ചപ്പോള്‍ അവരുടെ ഇടയില്‍ ഞാനൊറ്റപ്പെടുമോ എന്ന പേടി കൊണ്ട് മാത്രം ലോറിയില്‍ നിന്നും നേരെ ഒറ്റ ചാട്ടം.

ലാന്‍ഡ് ചെയ്തത് ഒരു പലകയിലേക്ക്, പലകയുടെ മുകളില്‍ കൂര്‍ത്ത് നിന്നിരുന്ന ഒരാണിയുടെ മുകളിലേക്ക്. ആഹ!

'ഔ......ശ്ശ്.......'

കാല് വലിച്ചെടുത്ത് മതില് ചാടി വന്ന് ചിരട്ട ചോറ് വെക്കുന്ന അടുപ്പിന്റെ അടുത്ത് വന്നിരുന്നപ്പോഴാണ് മണ്ണിലും പ്ലാവിലകളിലും ചോരത്തുള്ളികളിറ്റ് വീണത്. 

പഠിക്കാന്‍ മണ്ടിയാണെങ്കിലും ബിനി ഒരു ഡോക്ടറാകേണ്ടവളാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായതപ്പോഴാണ്. ആ പറമ്പിലുണ്ടായാരുന്ന ഇലകള്‍  എല്ലാമെടുത്ത് അഴുക്ക് പിടിച്ച് കിടന്നൊരു കല്ലിലരച്ച് ചാറെടുത്ത് മുറിവിലൂറ്റി. ചോര നിന്നു. അവള്‍ പോലും ഞെട്ടി. 

'ഹോ നീ മിടുക്കിയാടീ മിടുക്കി. നീയൊരു ഡോക്ടറാവും. ഉറപ്പ്.'' 

കളി കഴിഞ്ഞ് ഞൊണ്ടി ഞൊണ്ടി വന്ന് മുന്‍വശത്തെ വാതില്‍ തുറന്നപ്പോള്‍ അപ്പച്ചനും കൂട്ട്കാരും വട്ടമിട്ടിരുന്ന് കാര്‍ഷെഡില്‍ ചീട്ട് കളിക്കുന്നു.

'ടാ ടോണ്യേ, നിന്റെ ക്ടാവേതാ ഇതില്?'- ഒരാള്‍ ചോദിച്ചു.

എന്നെ ചുണ്ടിക്കാട്ടി അപ്പച്ചന്‍ ചീട്ടില്‍ നിന്നും കണ്ണ് മാറ്റാതെ പറഞ്ഞു :

'ദേ അവളണ് മ്മടെ സെക്കന്റ് പ്രൊഡക്ഷന്‍ ടുലു.'

ഞാനത് കേട്ട് പിന്നേയും ഞൊണ്ടി നടന്നു.

'ടോണീടെ രണ്ടാമത്തെ തെറ്റി പെണ്ണായതാട്ടാ. അതാങ്കുട്ട്യാവണ്ടതാര്‍ന്നു.' 

ഇത് ആളുകള്‍ പറയുമ്പോള്‍ സിഗററ്റ് വലിച്ച് കൊണ്ട് പുകയൂതി വിട്ടൊന്ന് ഇരുത്തി മൂളും അപ്പച്ചന്‍. 

എനിക്കും സംശയം വരുവാന്‍ തുടങ്ങി.

ഞാനൊരു ആണ്‍കുട്ടിയാണോ? 

അതോ ഞാനൊരാണ്‍കുട്ടി ആകുന്നുണ്ടോ?

എനിക്ക് ആണാവണ്ട, പെണ്ണായാല്‍ മതി.

ഇതൊക്കെ  തോന്നിത്തുടങ്ങിയപ്പോഴേക്കും എട്ടാം ക്ലാസ്സ് കഴിഞ്ഞിരുന്നു.

ജിത്തുവിന്റെ വീട്ടില്‍ കളിക്കാന്‍ ചെല്ലുമ്പോള്‍ പുസ്തകത്തില്‍ തലതാഴ്ത്തിയിട്ടിരിക്കുന്ന രണ്ട് കണ്ണുകള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞ നിമിഷം ഞാന്‍ വിയര്‍ത്തു.

എന്റെ തോന്നലാണോ എന്ന സംശയം തീര്‍ക്കാന്‍ ടീവി കാണുമ്പോഴും അവന്റെ അമ്മയുമായി സംസാരിക്കുമ്പോഴും എന്റെ കണ്ണുകള്‍ അവനെ തിരഞ്ഞു. 

തോന്നലുകള്‍ സത്യമായിരുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ പോലുമറിയാതെ എന്റെ കവിളിലേക്കും ചുണ്ടുകളിലേക്കും ഇരച്ച് വന്നു നാണം.

ഒരു പെണ്ണിന്റെ നാണം.

ഞാനുറപ്പിച്ചു, ഞാനൊരു പെണ്‍കുട്ടി തന്നെ!

ഒരു ദിവസം സ്‌കൂള്‍ വിട്ട് ബാഗെറിഞ്ഞിട്ടവന്റെ വീട്ടിലേക്കോടി.

'ആന്റ്യേ, ഇന്നിവിടെന്തൂട്ടാ പലഹാരം?' 

മരക്കോവണി ചാടിക്കയറി മുകളിലെത്തിയപ്പോള്‍ മുന്നിലവന്‍.

കവിളുകള്‍ ചുവക്കാന്‍ തുടങ്ങിയത് എനിക്കറിയാം. കണ്ണുകള്‍ക്ക് ഭാരം. ഉള്ളം കൈ വിയര്‍ത്ത് പാവാടയിലമര്‍ത്തി. എന്നിലെ പെണ്ണ് തല പൊക്കി തുടങ്ങി. 

ഞാനൊരു പെണ്‍കുട്ടി തന്നെ. പ്രേമം തലക്ക് പിടിച്ച പെണ്‍കുട്ടി.

'നിനക്കെന്തിനാ നാണം? നീ തല തെറിച്ചിങ്ങനെ നടക്കുന്നതാ എനിക്കിഷ്ടം.'

ഇത് കേള്‍ക്കുമ്പോള്‍ എട്ടാം ക്ലാസ്സ്‌കാരിയില്‍ നിന്നും ബി.എ. കാരിയിലേക്ക് ഞാന്‍ വളര്‍ന്നിരുന്നു. 
പരിപൂര്‍ണ്ണമായും ഒരു പെണ്ണായി കഴിഞ്ഞിരുന്നു. 

'ടോണ്യേട്ടന്റെ അതേ ധൈര്യാ അവള്‍ക്ക് കിട്ടീരിക്കണത്, അതേ സ്വഭാവോം.' 

ആരോടെങ്കിലും ഇങ്ങനെ അമ്മ പറയുമ്പോള്‍ പണ്ടത്തെ പോലെ എന്നെ ദ്വേഷ്യത്തില്‍ പിച്ചാറില്ല, ചിരിക്കാറേയുള്ളൂ. 

വാങ്ങിക്കൂട്ടിയ തല്ലുകള്‍ക്കും പിച്ചുകള്‍ക്കും എന്റെ കൈയില്‍ വ്യക്തമായ കണക്കുകള്‍ ഉണ്ട്. തിരിച്ച് കൊടുക്കാന്‍ വയ്യാത്ത കണക്കുകള്‍. 

കണക്കില്‍ ഞാന്‍ വീക്കായി പോയത് ഇവരുടെയൊക്കെ ഭാഗ്യം!

...............

Note:

'ദെന്‍ വൈ നോട്ട് ജിത്തു' എന്ന് ചോദിക്കുന്നവര്‍ക്ക്. 

ഒരു ദിവസം അവനെന്നോട് ചോദിക്കണേണേ 'നിനക്ക് അടങ്ങിയൊതുങ്ങി നടന്നൂടേ പെണ്‍കുട്ട്യോള്‍ടെ പോലെ...' ന്ന്. ഒന്നും നോക്കിയില്ല, അപ്പോള്‍ തന്നെ തേച്ചു.

 

ടുലുനാടന്‍ കഥകള്‍:  വായിച്ചു ചിരിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യാം

click me!