എന്തിനീ കടുംകൈ ചെയ്തു, അതും ഒരു തുള്ളി കുടിക്കാനില്ലാത്ത ജനങ്ങള്‍ അടുത്തുള്ളപ്പോള്‍...!

Published : Jun 23, 2025, 06:44 PM IST
Tulu Rose Tony

Synopsis

ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

ഞാന്‍ മിണ്ടുന്നില്ലെന്ന് കണ്ടപ്പോള്‍ കുട്ട്യോള്‍ടച്ഛന്‍ കൈയിലുണ്ടായിരുന്ന ഒരു കവര്‍ എടുത്ത് എനിക്ക് നീട്ടി. 'ഞാന്‍ ദേ നിനക്ക് രണ്ട് കുപ്പി വൈന്‍ വാങ്ങിച്ചിട്ടുണ്ട്, നീ വെച്ചോ.' അത് കേട്ടതും പെട്ടെന്ന് ഞാനൊരു വിനയാന്വിത ഭാര്യ ആയി മാറി.

വൈന്‍ കുടിക്കണം!

ഒരു സിനിമ കണ്ടുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് എനിക്ക് ആ പൂതി തോന്നിയത്.

രണ്ട് കുപ്പി റെഡ് വൈന്‍ കവറിലാക്കി വെച്ചിരിക്കുന്നത് കുറച്ച് നാളായി ഞാന്‍ നോട്ടം ഇട്ടിട്ട്. ഒരു മൂഡ് വരാന്‍ വേണ്ടി വെയ്റ്റ് ചെയ്യുകയായിരുന്നു ഇത്രയും നാള്‍.

എന്തായാലും മൂഡ് വന്നു.

ഞാന്‍ എഴുന്നേറ്റ് വൈന്‍ കവര്‍ വെച്ചയിടത്തേക്ക് പോയി. അവിടെ വൈനുമില്ല, കവറുമില്ല.

ശ്ശെടാ ഇതെവിടെ പോയി! ആരെങ്കിലും കട്ടെടുത്ത് കൊണ്ട് പോയോ?

ഇനി ഞാനെങ്ങാനും അറിയാതെയെടുത്ത് വിഴുങ്ങിയോ?

ചിലപ്പോഴൊക്കെ ഉറക്കത്തിലെഴുന്നേറ്റ് പോയി വൈന്‍, വോഡ്ക, വിസ്‌കി ഇത്യാദി ദ്രാവകങ്ങള്‍ കുടിക്കുന്ന ഒരു രോഗം എനിക്കുണ്ടായിരുന്നു. അമ്മ ആട്ടിന്‍കാട്ടത്തില്‍ കൂടോത്രം ചെയ്ത് എന്റെ ആ രോഗം മാറ്റി. ആ നന്ദി എനിക്കെന്നും ഉണ്ടാകും.

എന്നെ കഴിഞ്ഞാല്‍ ഈ വീട്ടില്‍ വൈന്‍ കട്ട് കുടിക്കുന്ന ഒരൊറ്റ ആളേയുള്ളൂ.

യാതൊരു ദു:ശ്ശീലങ്ങളും ഇല്ലാത്ത-എന്നെ പോലെ കൂട്ടുകെട്ടുകള്‍ ഒന്നുമില്ലാത്ത-സര്‍വ്വോപരി എന്നെ വൈന്‍ കുടിക്കാന്‍ പഠിപ്പിച്ച എന്റെ സ്വന്തം കുട്ട്യോള്‍ടച്ഛന്‍.

വൈന്‍ കുടിക്കാന്‍ മുട്ടി നില്‍ക്കുമ്പോള്‍ മിനിമം ഒരു കഫ്‌സിറപ്പ് പോലും വീട്ടില്‍ ഇല്ലാത്ത അവസ്ഥ വളരെ പരിതാപകരമാണ്.

ചവിട്ടിത്തുള്ളി ഞാന്‍ മുറിയിലേക്ക് നടന്നു.

അവിടെ ഒന്നുമറിയാതെ കിടന്നുറങ്ങിയിരുന്ന ഒരു മനുഷ്യനെ കണ്ടെനിക്ക് കലി വന്നു.

'ദേ, പിള്ളാര്‌ടെ തന്തേ ഒന്നെണീറ്റേ.'

നല്ല അനുസരണ ഉള്ളത് കൊണ്ട് ഒറ്റ വിളിക്ക് എണീറ്റു.

'എന്താ' കണ്ണ് തിരുമ്മിക്കൊണ്ട് പിള്ളാര്ടച്ഛന്‍ ചോദിച്ചു.

അയ്യോട പാവം! കണ്ണ് തിരുമ്മി നിഷ്‌കളങ്കത മുഖത്തൊട്ടിച്ചു.

'അതേയ് അവിടെ വെച്ചിരുന്ന വൈന്‍ കുപ്പികള്‍ എവിടെ?'

'ഏത് വൈന്‍? എവിടുത്തെ വൈന്‍?'- പിന്നേയും നിഷ്‌കളങ്കത.

എന്റെ ദേഷ്യം പുറത്ത് കാണിക്കാതെ മയത്തോടെ ഞാന്‍ വീണ്ടും ചോദിച്ചു.

'അത് അന്നൊരു ദിവസം നമ്മള് നാല് കുപ്പി വൈനെടുത്ത് കവറിലാക്കി ഡൈനിങ്ങ് റൂമില്‍ വെച്ചിരുന്നില്ലേ, അതെവിടേ....ന്ന്.?'

ഒന്നാലോചിച്ചതിന് ശേഷം കുട്ട്യോള്‍ടച്ഛന്‍ പറഞ്ഞ മറുപടി കേട്ട് തലമണ്ടക്ക് ഒരു പേട്ട് തേങ്ങ വീണ അവസ്ഥയിലായി പോയി ഞാന്‍.?

'ഓ! ആ വൈനോ, അത് ഞാനെടുത്ത് കളഞ്ഞു.'

'ഹെന്താന്ന്? ഒന്നൂടെ പറഞ്ഞേ?'- എന്റെ കണ്ണ് പുറത്തേക്ക് തള്ളി.

'വൈന്‍ ഞാനെടുത്ത് കളഞ്ഞൂ....ന്ന്'- പിന്നേയും അതേ ഉത്തരം.

എന്റെ നെഞ്ച് തകര്‍ന്ന് പോയി.

കൊറോണ വന്ന് ശ്വാസം കിട്ടാതെ കിടക്കുമ്പോള്‍ പോലും എനിക്കിത്രയും ശ്വാസ തടസ്സം ഉണ്ടായിട്ടില്ല.

കളഞ്ഞു പോലും!

എടുത്ത് കുടിച്ചു എന്ന് പറഞ്ഞാല്‍ പോലും ഞാന്‍ ക്ഷമിക്കുമായിരുന്നു.

എന്തിനീ കടുംകൈ ചെയ്തു! അതും ഒരു തുള്ളി പോലും കുടിക്കാന്‍ പറ്റാതെ വിഷമിച്ചിരിക്കുന്ന ജനങ്ങള്‍ ഉള്ളപ്പോള്‍...

ഹും! കളഞ്ഞൂത്രേ, വൈന്‍ കളഞ്ഞൂത്രേ!

എത്ര ഈസി ആയാ പറഞ്ഞത്!

ക്ഷമിക്കാന്‍ പറ്റുന്ന തെറ്റാണോ ഈ ചെയ്ത് വെച്ചേക്കുന്നെ!

ഇല്ല, ഒരിക്കലും ഞാനിത് ക്ഷമിക്കില്ല.

പ്രതികരിക്കണം, വര്‍ഷങ്ങളായി ഒരു ദിവസം പോലും മുടക്കാതെ കഷ്ടപ്പെട്ട് കുടിച്ച്, ഇഴഞ്ഞിഴഞ്ഞ് വഴി തെറ്റാതെ സ്വന്തം വീടുകളില്‍ ചെന്ന് ചേക്കേറുന്ന ഓരോ പാമ്പുകള്‍ക്ക് വേണ്ടിയെങ്കിലും ഞാന്‍ പ്രതികരിക്കണം.

'എന്ത് പണിയാ നിങ്ങളീ കാണിച്ചത്?'- എന്റെ കണ്ണും മൂക്കും ചുവന്നു.

'അതിനിപ്പോ എന്താ? അല്ലാ ആര്‍ക്കാ ഇപ്പോ വൈന്‍?'- ഒന്നും സംഭവിക്കാത്തത് പോലെയുള്ള അടുത്ത ചോദ്യം.

'എനിക്ക് തന്നെ! എനിക്കിപ്പോ വൈന്‍ കുടിക്കണം.'- അടിവരയിട്ട് ഞാന്‍ പറഞ്ഞു.

'ഓ നിനക്കാണോ? അപ്പോള്‍ കുഴപ്പമില്ല.' - ദേ പുച്ഛം.

എന്തും സഹിക്കാം, ഈ പുച്ഛം ആണ് സഹിക്കാന്‍ പറ്റാത്തത്.

ഞാനൊരു ഡീപ്പ് ബ്രീത്ത് എടുത്ത്, സമാധാനത്തോടെ കുട്ട്യോള്‍ടച്ഛനോട് ചോദിച്ചു.

'അല്ലെന്റെ മനുഷ്യാ, എന്തായിരുന്നു ആ വൈനെടുത്ത് കളയുവാനുണ്ടായ ചേതോവികാരം?'

നിലത്ത് കളം വരച്ച് കൊണ്ട് കുട്ടികള്‍ടച്ഛന്‍ മൊഴിഞ്ഞു.

'അത് പിന്നേയ്, ഒരു ദിവസം എനിക്കൊരു കൊതി വന്നപ്പോ ഞാനൊരു ഗ്ലാസ്സ് വൈന്‍ കുടിച്ചാരുന്നേ.'

'ഒരു ഗ്ലാസ്സോ?'

'അല്ലാ, ഒരു കുപ്പി.'- വീണ്ടും കളമെഴുത്ത്.

'ആഹ്, അത്‌കൊണ്ട്?'- എന്റെ ആകാംക്ഷ കൂടി.

'എന്താണെന്നറിയില്ല, പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ ബാക്കിയുള്ള വൈന്‍ കുപ്പികള്‍ കണ്ടതും എനിക്ക് ദേഷ്യം വരാന്‍ തുടങ്ങി.'

'അതെന്താ, അതൂടെ വിഴുങ്ങാന്‍ പറ്റാത്തത് കൊണ്ടായിരുന്നോ?'- സംഗതി എങ്ങോട്ടാണ് പോകുന്നത് എന്നൊരു പിടിയും കിട്ടാതെ ഞാന്‍ നിന്നു.

'ശ്ശേ അതല്ലെന്നേ. എനിക്കാകെ ഒരു കുറ്റബോധം! നമ്മളെയൊക്കെ നശിപ്പിക്കുന്ന വിഷം ആണല്ലോ ഇതൊക്കെ എന്നോര്‍ത്തപ്പോള്‍ എനിക്ക് സഹിച്ചില്ല.'- കുട്ട്യോള്‍ടച്ഛന്‍ ഇപ്പോള്‍ കരയും.

ശ്ശോ എന്തൊരു പാവം ലോല ഹൃദയന്‍!

'എന്നിട്ട്?'

'ആ ഒരു വെഷമത്തില് ഞാന്‍ എല്ലാ കുപ്പികളും എടുത്ത് ടോയ്‌ലറ്റിലൊഴിച്ച് കളഞ്ഞു.'

ഹെന്റെ പടച്ച തമ്പുരാനേ!

കുടിക്കാന്‍ കൊതി തോന്നിയ ആ നിമിഷത്തിനെ ഞാന്‍ ശപിച്ചു.

ഇതിലും ഭേദം കൂടോത്രം തന്നെ ആയിരുന്നു.

കുട്ട്യോള്‍ടച്ഛനുമായി നേര്‍ക്ക് നേരൊരു യുദ്ധത്തിന് എനിക്ക് താല്‍പ്പര്യമില്ലാത്തത് കൊണ്ട്, എപ്പോഴത്തേയും പോലെ തിരിഞ്ഞ് നിന്ന് കൊഞ്ഞനം കുത്തി പിറുപിറുത്തു.

ബീപ്..ബീപ്..ബീപ്!

ദൈവമേ ക്ഷമ തരണേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് മുറിയില്‍ കയറിയപ്പോള്‍ കുട്ട്യോള്‍ടച്ഛനും പുറകേ വന്നു.

പല്ല് കടിച്ച് പിടിച്ചിരിക്കുന്ന എന്റെ വായക്കകത്ത് ഒരു കോലിട്ട് കുത്തി.

ഇതാണ്! മിണ്ടാതുരിയാടാതെ ഒരുത്തമ ഭാര്യ ആകുവാന്‍ നോക്കിയാലും ചില ഭര്‍ത്താക്കന്മാര്‍ സമ്മതിക്കില്ല.

'നീയെന്താ നിന്ന് പിറുപിറുക്കണേ? മുഖത്ത് നോക്കി പറ.'- കോലിട്ട് കുത്തല്‍ മാത്രമല്ല, ഇളക്കുകയും ചെയ്തു കുട്ട്യോള്‍ടച്ഛന്‍.

ഓക്കേ! ഇനിയും പിടിച്ച് നില്‍ക്കുവാനുള്ള കഴിവൊന്നും എനിക്കില്ല.

'ശരി പറയാം. അസ്സലായിട്ട് ഒരു കുപ്പിയെടുത്ത് മോന്തിയിട്ട് ബാക്കി എടുത്ത് കളയുന്നത് അത്ര നല്ല സ്വഭാവം അല്ല'- മുഖത്ത് നോക്കി ഞാന്‍ പറഞ്ഞു.

'ഞാന്‍ വാങ്ങിച്ച വൈന്‍ എനിക്കിഷ്ടമുള്ളത് ചെയ്യും.'- യുദ്ധം ജസ്റ്റ് സ്റ്റാര്‍ട്ടഡ്.

'അത് വലിയ കാര്യമൊന്നുമല്ല ഹേ. അതിനെ അഹങ്കാരം എന്ന് പറയും.''- ഞാനും തിളച്ച് മറിഞ്ഞു.

'അഹങ്കാരോ...എനിക്കോ..നിന്റെ അമ്മായപ്പനാടീ അഹങ്കാരം'

'ങ്‌ഹേ! നിങ്ങളെന്റെ അമ്മായപ്പന് പറയുമല്ലേ കള്ളക്കുടിയാ'

'മിണ്ടാതിരിക്കെടീ പോത്തേ'

'പോത്ത് നിങ്ങടെ അമ്മായപ്പന്‍'

അതും പറഞ്ഞ് എന്റെ പ്രതിഷേധം ഒന്നുകൂടെ കാണിക്കാന്‍ ഞാന്‍ മുറിയുടെ വാതില്‍ ഉറക്കെ കൊട്ടിയടച്ചു.

ടോയ്‌ലറ്റില്‍ ചെന്ന് ക്ലോസറ്റിലേക്ക് നോക്കി ഞാന്‍ വിതുമ്പി.

എന്റെ സങ്കടം ആരോട് പറയാന്‍! ഒരു നെടുവീര്‍പ്പ് കൂടിയിട്ട് ഞാന്‍ തിരിഞ്ഞ് നടന്നു.

അല്ലെങ്കിലും സ്ത്രീകള്‍ വെറും അബലകള്‍ ആണ്.

എന്തൊക്കെ കൊതികള്‍ ആയിരുന്നു.. വൈന്‍, മ്യൂസിക്, കുറച്ച് നൊസ്റ്റാള്‍ജിയ...എല്ലാം പോയി.

പിറ്റേ ദിവസം ഞങ്ങള്‍ രണ്ട് പേരും മുഖത്തോട് മുഖം നോക്കിയില്ല.

എനിക്ക് കാണുകയേ വേണ്ട ആ മുഖം അഹ്.

വെറുത്ത് പോയി. അഹങ്കാരി!

നേരം ഉച്ച ആയപ്പോള്‍ കുട്ട്യോള്‍ടച്ഛന്‍ ഒന്നും സംഭവിക്കാത്തത് പോലെ എന്റെ അടുത്തേക്ക് വന്നു.

'എന്താ ചെയ്യുന്നേ?'

ഔ! ഒടുക്കത്തെ അഭിനയം!

ഞാന്‍ മിണ്ടിയില്ല. ആ മുഖത്ത് നോക്കിയാല്‍ അപ്പോള്‍ എനിക്ക് വൈന്‍ ഓര്‍മ്മ വരും.

ഞാന്‍ മിണ്ടുന്നില്ലെന്ന് കണ്ടപ്പോള്‍ കുട്ട്യോള്‍ടച്ഛന്‍ കൈയിലുണ്ടായിരുന്ന ഒരു കവര്‍ എടുത്ത് എനിക്ക് നീട്ടി.

'ഞാന്‍ ദേ നിനക്ക് രണ്ട് കുപ്പി വൈന്‍ വാങ്ങിച്ചിട്ടുണ്ട്, നീ വെച്ചോ.'

അത് കേട്ടതും പെട്ടെന്ന് ഞാനൊരു വിനയാന്വിത ഭാര്യ ആയി മാറി.

'ശ്ശോ! വേണ്ടായിരുന്നു. ഇന്നലെയായിരുന്നു എനിക്ക് വൈന്‍ കുടിക്കാന്‍ തോന്നിയത്. ഇന്ന് ആ മൂഡില്ല കേട്ടോ'

കുട്ട്യോള്‍ടച്ഛന്‍ അത് കേട്ട് ചിരിച്ചു.

'മൂഡൊക്കെ വന്നോളും.'

ദേ പിന്നേം.

ആഹ് പോട്ടെ. ഞാനതങ്ങ് ക്ഷമിച്ചു.

ചിലപ്പോഴൊക്കെ പെണ്ണുങ്ങള്‍ കുറച്ച് താഴ്ന്ന് കൊടുക്കുന്നതൊക്കെ നല്ലതാണല്ലോ..

ഒരു മാസത്തിന് ശേഷം പിള്ളാര്ടച്ഛന്‍ എന്നോട് ചോദിച്ചു.

'ആ വൈനൊക്കെ ഉണ്ടല്ലോ ലേ.'

'ങ്‌ഹേ! അപ്പോ അത് കുടിക്കാന്‍ തന്നതല്ലേ'

'ഓഹോ നീയത് രണ്ടും തീര്‍ത്തോ?'

'വീണ്ടും കുടിക്കുക എന്നൊന്നുണ്ടാവില്ല. നിങ്ങള്‍ കുടിച്ചിട്ടില്ല എന്ന് ഞാനും, ഞാന്‍ കുടിച്ചിട്ടില്ല എന്ന് നിങ്ങളും കരുതുക. ചുംബിച്ച കുപ്പികള്‍ എറിഞ്ഞുടക്കുക!'

വീണ്ടും ഒരു യുദ്ധത്തിന് മൂഡില്ലാതിരുന്ന കുട്ട്യോള്‍ടച്ഛന്‍, ഞാന്‍ പറഞ്ഞതും കേട്ട് ഒന്നും മനസ്സിലാകാതെ ചിരിച്ചു.

ഹാവൂ ദേ ഇതാണ് ദത്. മറ്റേ മ്മടെ നിഷ്‌കളങ്കത.

Note - ശരിക്കും ഞാനത് കുടിച്ചു എന്ന് നിങ്ങള്‍ വിശ്വസിച്ചോ? നിങ്ങളുടെ ആ വിശ്വാസം ഞാനായിട്ട് തകര്‍ക്കില്ല. മദ്യമേ...,വിഷമേ..,വിഷ മദ്യമേ...

 

PREV
Read more Articles on
click me!

Recommended Stories

അതി‍ർത്തിയിൽ പടക്കപ്പലുകൾ; വെനിസ്വേലയുടെ എണ്ണയിൽ കണ്ണുവച്ച് ട്രംപിന്‍റെ നീക്കം
വയസ് 16 ആണോ? സോഷ്യൽ മീഡിയ വേണ്ടെന്ന നിയമവുമായി ഓസ്ട്രേലിയ