
നിത്യ രണ്ട് പെറ്റിട്ടും ഇപ്പോഴും നല്ല ഭംഗിയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അതവരുടെ മാത്രം മിടുക്കാണ്. അതില് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ഈ ഡയലോഗ് ഞാനെന്നോട് തന്നെ എപ്പോഴും പറയുന്നതാണ്. കാരണം, ഞാനും ഒരു മനുഷ്യനാണല്ലോ. എനിക്കും ഉണ്ടല്ലോ കുശുമ്പും കുന്നായ്മയും ഒക്കെ.
നമ്മുടെ നാട്ടുനടപ്പനുസരിച്ച്, ഒന്ന് പെറ്റാല്‍ പെണ്ണുങ്ങള്‍ ആദ്യത്തേക്കാള്‍ കുറച്ച് തടി കൂടും. ചിലര്‍ കുറേ കുറേ കൂടും. ചിലര്‍ ചെറുതായി ഒന്ന് മിനുങ്ങുക മാത്രം ചെയ്യും. അതവരുടെ പാരമ്പര്യം.
ചിലര്‍ പ്രസവം കഴിഞ്ഞ്, വെച്ച തടിയൊക്കെ കുറക്കും. ചിലര്‍ക്ക് തടി ഒരു പ്രശ്‌നം അല്ലാത്തത് കൊണ്ട് അവരതില്‍ ഹാപ്പി ആയി മുന്നോട്ട് പോകും.
ചില പെണ്ണുങ്ങള്‍ രണ്ടും മൂന്നും പ്രസവിച്ചതിന് ശേഷവും, നല്ല ഭംഗിയില്‍ ഡ്രെസ്സൊക്കെ ചെയ്ത് നടക്കുന്നത് കാണുമ്പോള്‍ നമ്മുടെ ചില പ്രത്യേക തരം ആളുകള്‍ക്ക് ഒരു വല്ലാത്ത ചൊറിച്ചില്‍ വരുന്നതിന്റെ ഗുട്ടന്‍സ് എന്തായിരിക്കും!?
ചിലരുടെ കമന്റ്‌സ്:
1. മൊത്തം മേക്കപ്പാ.
2. അയ്യയ്യേ എന്ത് വേഷം കെട്ടലാണിത്? ഇവള്‍ക്ക് നാണമില്ലേ?
3. കെട്ടും കഴിഞ്ഞ് പേറും കഴിഞ്ഞിട്ടും ഇവള്‍ക്കൊന്നും അടങ്ങിയൊതുങ്ങി ഇരിക്കാന്‍ വയ്യേ?
4. ഞങ്ങടെ മഞ്ചു ചേച്ചിയെ കണ്ട് പഠിക്കെടീ എങ്ങനെ മാന്യമായി ഡ്രെസ്സ് ചെയ്യാമെന്ന്. (comment of the week huh??)
5.മുഖത്ത് നല്ല പ്രായം ഉണ്ട്.അത്‌കൊണ്ട് എന്ത് ഡ്രെസ്സിട്ടിട്ടും കാര്യമില്ല.
6. ഇവളെയൊക്കെ ഇങ്ങനെ വിടുന്ന കെട്ട്യോന്മാരെ പറഞ്ഞാ മതി.
7. ഔട്ട്‌ഡേറ്റഡ് ആയി പോയതിന്റെ വിഷമം ഇങ്ങനെ തീര്‍ക്കുവാ അമ്മച്ചി.
ഇങ്ങനെ എത്രയെത്ര കോള്‍മയിര്‍ അഭിപ്രായങ്ങള്‍ അല്ല, ശരിക്കും ഇവര്‍ക്കൊക്കെ ഇങ്ങനെ പറയുമ്പോള്‍ കിട്ടുന്ന ആ ഒരു സുഖം എന്തായിരിക്കും?
ഏത് നിയമത്തിലാണ് പറഞ്ഞിരിക്കുന്നത്, പ്രസവം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ അണിഞ്ഞൊരുങ്ങി നടക്കുവാന്‍ പാടില്ല എന്ന്? അവര്‍ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ മേക്കപ്പ് ഇട്ട്, ഡ്രെസ്സ് ചെയ്ത് നടക്കുവാന്‍ പാടില്ല എന്ന്? അഥവാ ഒരുങ്ങി നടക്കുകയാണെങ്കില്‍ അത് അവരുടെ ഭര്‍ത്താവിന്റെയും മക്കളുടേയും കൂടെ മാത്രമേ പറ്റൂ എന്ന്?
ഇന്ന് നിത്യാ ദാസ് എന്ന നടിയുടെ ഒരു വീഡിയോയില്‍ വന്ന കമന്റ്‌സ് കണ്ടത് കൊണ്ടാണിവിടെ പറയുന്നത്. എന്തും മാതിരി ആട്ടുംകാട്ടങ്ങളാണ് ഈ സോഷ്യല്‍ മീഡിയയില്‍!
നിത്യ രണ്ട് പെറ്റിട്ടും ഇപ്പോഴും നല്ല ഭംഗിയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അതവരുടെ മാത്രം മിടുക്കാണ്. അതില് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ഈ ഡയലോഗ് ഞാനെന്നോട് തന്നെ എപ്പോഴും പറയുന്നതാണ്. കാരണം, ഞാനും ഒരു മനുഷ്യനാണല്ലോ. എനിക്കും ഉണ്ടല്ലോ കുശുമ്പും കുന്നായ്മയും ഒക്കെ.
ഒരു രണ്ട് മൂന്ന് പ്രസവമൊക്കെ കഴിഞ്ഞ്, കുട്ടികള്‍ കുറച്ചൊക്കെ വലുതായി, അവരവരുടെ കാര്യം തനിയെ നോക്കാറാകുന്ന ഒരു സിറ്റുവേഷനില്‍ പെണ്ണുങ്ങള്‍ അനുഭവിക്കുന്ന ഒരു ഫ്രീഡം ഉണ്ട്.
ഹാവൂ ഇനി ഞാനെന്നെയൊന്ന് നോക്കട്ടെ! എന്നെ ഞാനൊന്നിനി സന്തോഷിപ്പിക്കട്ടെ!
ആ ഒരു തോന്നലില്‍ നിന്നുമാണ് പെണ്ണുങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. അത് ഇവിടെയിരുന്ന് കമന്റിട്ട് സ്വയം പുളകിതരാകുന്നവര്‍ക്ക് മനസ്സിലാകില്ല. അല്ല, അവരെയൊന്നും മനസ്സിലാക്കിക്കാനുള്ള സമയവും പെണ്ണുങ്ങള്‍ക്കില്ല.
പ്രസവം കഴിഞ്ഞ പെണ്ണുങ്ങള്‍ കരിയും പുരണ്ട്, ഉണങ്ങി, വയറും ചാടി, തടിയും വെച്ച് തന്നെ ഇരുന്നേ പറ്റൂ എന്ന് അടിവരയിട്ട് പഠിച്ച് ഇവിടെ അട്ടഹസിക്കുന്ന ചിലരോട് ഒരു കാര്യം വിനീതമായി അപേക്ഷിച്ച് കൊള്ളുന്നു.
ആദ്യം നിങ്ങളൊക്കെ ഒന്ന് പ്രസവിച്ച് കാണിക്ക്. അതുമല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഭാര്യമാര്‍ പ്രസവിച്ച് കഴിഞ്ഞ് അവരുടെ കൂടെ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്ക്. ഇതൊന്നും ചെയ്യാതെ അവള് ശരിയല്ല, ഇവള് ശരിയല്ല എന്നൊക്കെ പറഞ്ഞങ്ങ് പോകാതെ.
എന്റെ രണ്ട് പ്രസവവും കഴിഞ്ഞ് ഞാന്‍ തരക്കേടില്ലാത്ത രീതീയില്‍ തടി വെച്ചപ്പോള്‍ ഒരു ദിവസം സ്വന്തം കെട്ടിയവന്‍ എന്നോട് പറഞ്ഞു:
'നിന്നെ കാണാന്‍ മെലിഞ്ഞിരുന്നപ്പോഴാണ് ഭംഗി, ഇപ്പോ വയറൊക്കെ ചാടി.'
ആ പറഞ്ഞത് എന്റെ എവിടൊക്കെയാണ് കൊണ്ടത് എന്നെനിക്കറിയില്ല. പക്ഷേ, വിഷമിച്ച് നടക്കാന്‍ എനിക്കെവിടെയാ സമയം, രണ്ട് പീക്കിരികളുടെ പുറകെ ഓടി ഓടി നടക്കുന്നതിനിടയില്‍!
പക്ഷേ, ആ വാചകം ഞാന്‍ കൊരട്ടത്ത് എടുത്ത് വെച്ചിരുന്നു. എന്നെങ്കിലും എനിക്ക് ആവശ്യം വരും എന്നെനിക്കറിയാമല്ലോ.
ആ അവസരം വന്നു!
ഒരു ദിവസം...
കെട്ട്യോന്‍: ഈ പെണ്ണുങ്ങളൊക്കെ മുപ്പത്തഞ്ച് കഴിഞ്ഞാല്‍ തള്ളകളായി.
കെട്ട്യോള്‍: അതെന്താ ആണുങ്ങള്‍ തന്തകളാവില്ലേ?
കെട്ട്യോന്‍: വയസ്സാകും തോറും ആണുങ്ങള്‍ ചെറുപ്പമാവുകയാണല്ലോ. പെണ്ണുങ്ങള്‍ അങ്ങനെയല്ലല്ലോ. അവരൊരുമാതിരി..
കെട്ട്യോള്‍: ഞങ്ങള്‍ക്കിനി പ്രസവിക്കാന്‍ സൗകര്യമില്ല എന്ന് പറയുന്നിടത്ത് തീരും മനുഷ്യാ നിങ്ങളുടെ ഈ അഹങ്കാരം.
പറഞ്ഞ് വന്നത് ഇതാണ്. പെണ്ണുങ്ങള്‍ക്ക് മാത്രമേ പ്രസവിക്കാന്‍ പറ്റൂ. അപ്പോള്‍ പ്രസവം കഴിഞ്ഞ് പെണ്ണുങ്ങള്‍ എങ്ങനെ നടക്കണം എന്ന് പെണ്ണുങ്ങള്‍ തന്നെ തീരുമാനിച്ചോളും.
ഞാന്‍ ബ്യൂട്ടീ പാര്‍ലറില്‍ പോകും.
ഞാന്‍ ജിമ്മില്‍ പോകും.
ഞാന്‍ ഡാന്‍സ് ചെയ്യും.
ഞാന്‍ സ്ലീവ്‌ലെസ്സിടും.
ഞാന്‍ ക്രോപ് ടോപ്പുമിടും.
എന്റെ ഇഷ്ടം, എന്റെ മാത്രം ഇഷ്ടം.
മമ്മൂട്ടിയും മോഹന്‍ലാലും സ്‌കിന്‍ ട്രീറ്റ്‌മെന്റ് ചെയ്താല്‍ 'ആഹ' നിത്യ ദാസ് മേക്കപ്പ് ഇട്ടാല്‍ 'ഓഹോ'?
ഇതെന്തോന്നെടപ്പനേ!
Note : പെണ്ണുങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ വെറും മതില് ചാട്ടമായി കാണരുതേ എന്ന് മോങ്ങുന്നു. നിങ്ങള്‍ ആണുങ്ങളില്ലാതെ ഞങ്ങള്‍ക്കെന്തോന്ന് അവിഹിതം ബ്രോ!
നിയമപരമായ മുന്നറിയിപ്പ്: എല്ലാവരും ഇങ്ങനെയൊക്കെ ആണെന്ന് അഭിപ്രായമില്ല.