കീഴടങ്ങില്ല, പോരാടുമെന്ന് തെളിയിച്ച് യുക്രൈന്‍, തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി പുടിൻ

Published : Jun 12, 2025, 04:58 PM IST
Operation Spider Web

Synopsis

റഷ്യയ്ക്ക് സ്വന്തം നിലയില്‍ പണി കൊടുത്തിരിക്കുകയാണ് യുക്രൈന്‍. വല നെയ്യുന്ന ചിലന്തിയുടെ ക്ഷമയോടെ മാസങ്ങളെടുത്ത് റഷ്യയുടെ എയര്‍ബേസിനുകളില്‍ കടന്ന് ചെന്ന് റഷ്യന്‍ കരുത്തായ വിമാനങ്ങളെ തകർത്തെറിഞ്ഞു യുക്രൈന്‍. 

 

18 മാസത്തെ യുക്രൈയ്ന്‍റെ തയ്യാറെടുപ്പ്, ഒപ്പറേഷന്‍ സ്പൈഡർ വെബ് (Operation Spider Web). 2025 ജൂണ്‍ ഒന്നിന് റഷ്യയുടെ ബോംബർ വിമാനങ്ങളുടെ മൂന്നിലൊന്ന് കത്തിച്ചാമ്പലായെന്നാണ് റിപ്പോർട്ട്. ലെബനണിലെ പേജർ സ്ഫോടനങ്ങൾക്ക് ശേഷം ലോകം കണ്ട അമ്പരപ്പിക്കുന്ന യുദ്ധമുറ. യുദ്ധമുറകൾ അപ്പാടെ മാറിയിരിക്കുന്നു. അത് ലോകരാജ്യങ്ങൾക്ക് ഒരു മുന്നറിയിപ്പാണ്. നേരത്തെ തന്നെ ഇത്തരം ഭീഷണികളെക്കുറിച്ച് വിദഗ്ധർ എഴുതിയിട്ടുണ്ട്. അത് സംഭവിക്കുന്നത് ഹമാസിന്‍റെ ഇസ്രയേൽ ആക്രമണത്തിൽ കണ്ടു. ഹൂതികൾ ഹെലികോപ്ടറിൽ വന്നിറങ്ങി കപ്പൽ പിടിച്ചെടുക്കുന്നതും കണ്ടു. ഇന്ത്യാ പാക് സംഘർഷത്തിൽ അത് കൂടുതൽ വ്യക്തമായി.

ചിലന്തി വല

100 -ലേറെ യുക്രൈയ്ൻ ഡ്രോണുകൾ, ലക്ഷ്യമിട്ടത് റഷ്യയുടെ അങ്ങേയറ്റം വരെ. യുക്രൈയ്നിൽ നിന്ന് ആയിരക്കണക്കിന് മൈൽ ദൂരെ. 'ചിലന്തിവല' എന്ന് പേരിട്ടത് വെറുതേയല്ല. വലയിൽ കുടുങ്ങി റഷ്യയ്ക്ക് ശ്വാസംമുട്ടി. സ്ഫോടനങ്ങൾ അങ്ങ് ഉത്തരധ്രുവം വരെയും കിഴക്കേയറ്റത്തെ നഗരമായ ഇർകുട്സ്ക് (Irkutsk) വരെയും കേട്ടു. 5 മേഖലകളിൽ ആക്രമണം ഉണ്ടായെന്ന് റഷ്യ സ്ഥിരീകരിച്ചു. പക്ഷേ, അതിന്‍റെ തോത് അംഗീകരിച്ചില്ല.

ആദ്യം റഷ്യയിലേക്ക് ഡ്രോണുകൾ കടത്തി. അതും റിമോട്ട് കൺട്രോളിലൂടെ തെന്നി നീങ്ങുന്ന അടപ്പുകളുള്ള തടിപ്പെട്ടികളിൽ. ഡ്രോണുകൾ ഒളിപ്പിച്ച തടിപ്പെട്ടികൾ ലോറികളിൽ കയറ്റിവിട്ടു. എല്ലാ ലോറി ഡ്രൈവർമാരും പറഞ്ഞത് ഒരേ കഥ. ബിസിനസുകാരാണ് ലോറി ബുക്ക് ചെയ്തത്. തടിപ്പെട്ടികൾ പലയിടത്ത് എത്തിക്കുകയായിരുന്നു ചുമതല. എവിടെ പാർക്ക് ചെയ്യണം എന്നതടക്കം നിർദ്ദേശങ്ങൾ കിട്ടിയിരുന്നു ചിലർക്ക്. പക്ഷേ, പറഞ്ഞ പോലെയൊക്കെ ചെയ്ത് കഴിഞ്ഞപ്പോൾ അവർ കണ്ടത് തടിപ്പെട്ടികളിൽ നിന്ന് വണ്ടുകൾ പോലെ പറന്നുപൊങ്ങുന്ന ഡ്രോണുകളെ. ഡ്രോണുകൾ എറിഞ്ഞിടാൻ ശ്രമിച്ചുവെന്ന് ഒരു ഡ്രൈവർ, റഷ്യൻ മാധ്യമത്തോട് പറഞ്ഞു. പക്ഷേ, ഫലമുണ്ടായില്ലെന്ന് കൂട്ടിച്ചേർത്തു. 117 ഡ്രോണുകൾ ഉപയോഗിച്ചുവെന്നാണ് യുക്രൈയ്ൻ പ്രസിഡന്‍റ് തന്നെ അറിയിച്ചത്.

ഒരുക്കം

തയ്യാറെടുപ്പിന് ഒരു വർഷവും ആറ് മാസവും ഒമ്പത് ദിവസവും എടുത്തുവെന്നും. അതിലൊരെണ്ണം ലക്ഷ്യമിട്ടത് റഷ്യൻ സുരക്ഷാ ഏജൻസിയായ എസ്എസ്ബിയുടെ (Federal Security Service) ഓഫീസ് ആയിരുന്നെന്നും കൂട്ടിച്ചേർത്തു. അടുക്കിവച്ചിരിക്കുന്ന ഡ്രോണുകളുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സാധാരണ ഡ്രോണുകളാണ് ഉപയോഗിച്ചത്. പക്ഷേ, ട്രോജൻ കുതിരയെ എങ്ങനെ റഷ്യയിലേക്ക് കടത്തി എന്നതും എങ്ങനെ നിയന്ത്രിച്ചുവെന്നതും അത്ഭുതമാണ്. ജിപിഎസ് ആകാമെന്നാണ് നിഗമനം. ഓരോന്നിനും നിയന്ത്രിക്കാൻ ആളുണ്ടായിരുന്നു എന്നാണ് സെലൻസ്കി അറിയിച്ചത്.

 

 

റഷ്യന്‍ നഷ്ടം

അതുവഴി റഷ്യയുടെ ജാമറുകൾ മറികടക്കാനുമായി. റഷ്യയുടെ 41 ബോംബറുകൾ ലക്ഷ്യമിട്ടു. 13 എണ്ണമെങ്കിലും തകർന്നുവെന്നും സെലൻസ്കി അവകാശപ്പെട്ടു. തകരാർ പരിഹരിക്കാവുന്നതല്ലെന്നും കൂട്ടിച്ചേർത്തു. ഇപ്പോൾ നിർമ്മാണത്തിൽ ഇല്ലാത്തതാണ് പലതും. പകരം മറ്റൊരെണ്ണം പ്രാവർത്തികമല്ല. ഉപഗ്രഹ ചിത്രങ്ങളും യുക്രൈയ്നിയൻ ഡ്രോൺ ദൃശ്യങ്ങളും വിമാനങ്ങളുടെ തകർച്ച ശരിവയ്ക്കുന്നു. അതിലോരോ വിമാനങ്ങളും 8 ക്രൂയിസ് മിസൈലുകൾ വീതം വഹിക്കാൻ കഴിയുന്നവ. ഓരോ മിസൈലിനും ഭാരം, 400 കിലോഗ്രാം. TU 95, TU 22, TU 160 എന്നിവയാണ് തകർന്നിരിക്കുന്നത്. അതിൽ TU 95 ബോംബർ വിമാനങ്ങളാണ്. അടുത്തിടെ യുക്രൈയ്നിൽ കനത്ത മിസൈൽ ആക്രമണത്തിന് നേതൃത്വം നൽകിയവ.

ചാര വിമാനങ്ങളും ആക്രമിച്ചു. A 50 ചാരവിമാനങ്ങൾ റഷ്യക്ക് എട്ടെണ്ണമെങ്കിലുമുണ്ട്. തകർന്നെങ്കിൽ റഷ്യക്ക് കനത്ത പ്രഹരമാണ്. 600 കിമീ ദൂരെ നിന്നുള്ള ഭീഷണികൾ പോലും തിരിച്ചറിയാൻ കഴിവുള്ളവ. 2022 -ന് മുമ്പ് റഷ്യക്ക് ഇത്തരം 9 A 50 ഉണ്ടായിരുന്നു എന്നാണ് നിഗമനം. അതിൽ മൂന്നെണ്ണം നേരത്തെ തന്നെ പോയിരുന്നു. ഇപ്പോൾ രണ്ടും. ഇതിനെല്ലാം കൂടി ആകെ വേണ്ടി വന്നത് 117 ഡ്രോണുകൾ!

തങ്ങൾ തോറ്റിട്ടില്ല, പിൻമാറുകയുമില്ല

First-person view അതായത് റിമോട്ട് കൺട്രോൾ ക്വാഡ്കോപ്റ്റർ (Quadcopter) ഡ്രോണുകളാണ് യുക്രൈയ്ൻ പറത്തിവിട്ടത്. ഇതുവരെ ഉപയോഗിച്ചതരം വലിയ ഡ്രോണുകളല്ല. യുക്രൈയ്ന്‍ നിർമ്മിതം. ചെറുത്. മുന്നിൽ ക്യാമറകൾ. അതിൽ കൂടി ദൃശ്യങ്ങൾ കാണാം, അവ നിയന്ത്രിക്കുന്നയാളിന്. അതുവഴി ഗതി കൃത്യമായി നിയന്ത്രിക്കാം. അങ്ങനെയുള്ള ദൃശ്യങ്ങൾ എത്തിക്കാൻ റഷ്യൻ മൊബൈൽ ഫോൺ നെറ്റ് വർക്കുകളാണ് ഉപയോഗിച്ചതെന്നും ദി എക്ണോമിസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതെല്ലാം നടന്നത്, തുർക്കിയിൽ രണ്ടാം റൗണ്ട് വെടിനിർത്തൽ ചർച്ചകൾ നടക്കാനിരിക്കുമ്പോൾ. റഷ്യ, യുക്രൈയ്ന് മേൽ ആക്രമണം ശക്തമാക്കിയ സമയം. പുതിയ ദൃശ്യങ്ങളിൽ വിമാങ്ങൾ തകർന്നിരിക്കുന്നത് വ്യക്തമാണ്. ചുരുങ്ങിയത് 12 എണ്ണമെങ്കിലും തകർന്നുവെന്നതിന് ദൃശ്യങ്ങൾ തെളിവ്. യുക്രൈയ്ൻ ആക്രമണങ്ങൾ റെക്കോർഡ് ചെയ്തു. സ്ഫോടനത്തിന് തൊട്ടുമുമ്പുവരെ ദൃശ്യങ്ങൾ കാണാം. എന്തെങ്കിലും തരത്തിൽ ആക്രമണം പ്രതിരോധിക്കുന്നതായി കാണാനുമില്ല. ചിലതിൽ ക്രൂയിസ് മിസൈലുകൾ ഉണ്ടായിരുന്നുവെന്ന് സ്ഫോടനങ്ങൾ വ്യക്തമാക്കുന്നു.

കളിക്കാന്‍ കാർഡുകൾ

TU 95, TU 22 എന്നിവയുടെ നിർമ്മാണം സോവിയറ്റ് യൂണിയന്‍റെ തകർച്ചയോടെ അവസാനിച്ചതാണ്. അതായത്, 1990 -കളിൽ. ബെലായ (Belaya), ഒലെനിയ (Olenya) എന്നീ ആസ്ഥാനങ്ങളിലെ ആക്രമണ ദൃശ്യമാണ് പുറത്തുവിട്ടത്. ഒലെനിയ റഷ്യയുടെ വടക്ക് പടിഞ്ഞാറാണ്. അവിടെ നാല് TU 95, ഒരു TU 22 M വിമാനങ്ങൾ തകർന്നു. ബെലായയിൽ 7 വിമാങ്ങൾ തകർന്നുവെന്ന് വ്യക്തം. എല്ലാം കൂടി 7 ബില്യന്‍റെ നഷ്ടമെന്നാണ് യുക്രൈയ്ന്‍റെ അവകാശവാദം. അത് ശരിയാണെങ്കിലും ഇല്ലെങ്കിലും SBU -ന്‍റെ (Security Service of Ukraine) ഏറ്റവും വലിയ നേട്ടമാണ് ഈ ആക്രമണ പരമ്പര. ഇതുവരെ ആരും ഇത്തരമൊരു പരീക്ഷണം പോലും നടത്തിയിട്ടില്ല. ഇത് അമേരിക്കയ്ക്കും പടിഞ്ഞാറിനും യുക്രൈയ്ൻ നൽകുന്ന ഏറ്റവും ശക്തമായ സന്ദേശം കൂടിയാണ്. 'തങ്ങൾ തോറ്റിട്ടില്ല, പിൻമാറുകയുമില്ല' എന്ന സന്ദേശം. 'You have no cards' എന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുക്രൈയ്ൻ പ്രസിഡന്‍റ് സെലൻസ്കിയോട് പറഞ്ഞത് ഓർമ്മിപ്പിച്ച് കൊണ്ടായിരുന്നു യുക്രൈയ്നിലെ പോസ്റ്റുകളും വ്ലോഗുകളും. ഈ ആക്രമണത്തിന്‍റെ തീക്കനലുമായാണ് യുക്രൈയ്ൻ തുർക്കിയിലെ ചർച്ചകൾക്ക് എത്തിയതും.

 

 

ക്രൈമിയയിലെ പാലം

പക്ഷേ, യുക്രൈയ്ൻ അതിലും ഒതുങ്ങിയില്ല. പിന്നെ തകർത്തത് ക്രൈമിയയിലെ പാലമാണ്. ക്രൈമിയയും റഷ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന റഷ്യ നിർമ്മിച്ച പാലം. കുഴിബോംബുകൾ സ്ഥാപിക്കാൻ മാസങ്ങളെടുത്തെന്ന് യുക്രൈയ്ൻ. റഷ്യയ്ക്ക് അത്യന്താപേക്ഷിതമായ പാലം യുക്രൈയ്ൻ തകർക്കുന്നത് മൂന്നാം തവണയാണ്. 2014 -ൽ ക്രൈമിയ പിടിച്ചെടുത്ത ശേഷം റഷ്യ നിർമ്മിച്ച പാലത്തിന് ചെലവായത് 3.7 ബില്യനാണ്.

തിരിച്ചടി

റഷ്യൻ പ്രസിഡന്‍റ് വെറുതെ ഇരിക്കില്ലെന്നുറപ്പാണ്. പുടിനോട് ഫോണിൽ സംസാരിച്ചു ട്രംപ്. പ്രത്യാക്രമണം ഉണ്ടാകുമെന്ന് പുടിൻ പറഞ്ഞതായാണ് ട്രംപിന്‍റെ അറിയിപ്പ്. റഷ്യൻ മാധ്യമങ്ങളിൽ പ്രതികാര പോർവിളികളാണ്. ആണവായുധ പ്രയോഗം വരെ ആവശ്യപ്പെടുന്നു, പലരും. അത് ശരിയായ ഒറ്റപ്പെടലിനാകും വഴിവയ്ക്കുകയെന്ന് മുന്നറിയിപ്പ് നൽകുന്നു ചിലർ. അത് സത്യവുമാണ്. സഖ്യരാജ്യങ്ങൾ അകലും. ചൈനയും ഇന്ത്യയും അടക്കം. സൈനിക നടപടി ഒരു സാധ്യതയാകും. പക്ഷേ, ക്രെംലിന് ഇതൊരു അഭിമാനപ്രശ്നമാണ്. തിരിച്ചടി അനിവാര്യം. അതിനേത് വഴി തെരഞ്ഞെടുക്കുമെന്നേ അറിയാനുള്ളൂ. പുടിനുമായി നേരിട്ട് കൂടിക്കാഴ്ച നടക്കുന്നത് വരെ, വെടിനിർത്തലാകാമെന്ന സെലൻസ്കിയുടെ നിർദ്ദേശം ക്രെംലിൻ വകവയ്ക്കില്ല. വെടിനിർത്തലോ സമാധാനമോ റഷ്യയുടെ അജണ്ടയില്ല.

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്