ഇരുട്ടില്‍, കോഴിയെ തൂക്കിപ്പിടിച്ച് തോട്ടിന്‍വക്കത്തേക്ക് നടന്നുനീങ്ങുന്ന ആജാനബാഹുവായ ഒരാള്‍!

Published : Apr 13, 2025, 07:14 PM IST
ഇരുട്ടില്‍, കോഴിയെ തൂക്കിപ്പിടിച്ച് തോട്ടിന്‍വക്കത്തേക്ക്  നടന്നുനീങ്ങുന്ന ആജാനബാഹുവായ ഒരാള്‍!

Synopsis

പഴയ പുസ്തകങ്ങള്‍ പറഞ്ഞേൽപ്പിച്ച വീടുകളിലേക്ക് അത് വാങ്ങാനുള്ള ഘോഷയാത്ര. ആ യാത്രയ്ക്കിടയില്‍ എപ്പോഴെങ്കിലുമാകും സെവന്‍സ് ഫുട്‌ബോളിന്‍റെ അനൗണ്‍സ്‌മെന്‍റ് കേള്‍ക്കുക. ഉത്സവമാണ് പിന്നെ. കൂട്ടമായി സ്ത്രീ പുരുഷ ഭേദമില്ലാതെ ഗ്രാമം ഒഴുകിയെത്തും അവിടെ. കോളാമ്പിയിലൂടെ 'കളഭം ചാര്‍ത്തും കനകക്കുന്നില്‍' എന്ന് ഗാനം ഉയരും. 


നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം:  submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.

 

ദ്ധ്യവേനലവധിയുടെ ആരംഭത്തിലാവും മിക്കവാറും മീന ഭരണി. അന്ന് കേരളത്തിന്‍റെ തെക്ക് നിന്നും വടക്ക് നിന്നും വന്നെത്തുന്ന ആളുകളെ കുത്തിനിറച്ച് മേക്കാട് മനയിലേക്ക് കൊണ്ടുപോകാന്‍ സെന്‍റ് ജോണും, നവമിയുമെല്ലാം പാഞ്ഞ് പോകുന്നുണ്ടാകും. കാല്‍നട പോകുന്നവര്‍ വഴിയോരത്തെ പാലയുടെ തണലില്‍ മാറിയിരുന്ന് അരിയും പയറും പച്ചമുളകുമെല്ലാം ഒരുമിച്ച് ചേര്‍ത്ത് പാചകം തുടങ്ങും. മറക്കാത്ത ആ കാഴ്ചകളില്‍ ആരംഭിക്കും, അവധിക്കാലം. 

അത്രയും നാളത്തെ പുസ്തകങ്ങളെ ഒതുക്കിവയ്ക്കുന്ന വൈകുന്നേരം, നേര്‍ത്ത ഇരുട്ടിലേക്ക് വഴി മാറുമ്പോഴേയ്ക്കും, പിറ്റേന്ന് അമ്മ വീട്ടിലേക്ക് പുറപ്പെടാനുള്ള തിടുക്കമായി.

വെയില് മൂക്കും മുമ്പേ മുത്തശ്ശന്‍റെ പിന്നാലെ കൊച്ച് പ്ലാസ്റ്റിക് കൂട്ടില്‍ തിരുകിയ ഉടുപ്പുകളുമായി ഇറക്കം. റോസ് നിറമുള്ള കടലാസ് പൂക്കള്‍ നീണ്ട് നില്ക്കുന്ന വളവ് തിരിഞ്ഞ്, കല്‍പ്പടവുകള്‍ ഇറങ്ങി, ചേരുണങ്ങിയ വരമ്പത്തൂടെ നീണ്ട നടത്തമാണ്. ചെമ്മീന്‍ കെട്ടുകള്‍ക്കിടയിലുള്ള വെള്ളം നിയന്ത്രിക്കുന്ന തുമ്പിന്നടുത്തെ ഒച്ച കേട്ട് തുടങ്ങുമ്പോള്‍ കൈയ്യിലെ ശീലക്കുട ഒന്ന് വിറയ്ക്കും. സോഡാ ഗ്ലാസിനുള്ളില്‍ ചെറിയ പൂക്കളുള്ള പിടി, വിയര്‍ത്ത കൈയ്യിലിരുന്ന് തെന്നും. തൂമ്പ് കടന്ന് മെല്ലെ, തോടിന്നരിക് ചേര്‍ന്ന് നടന്ന് വീടെത്തുമ്പോള്‍ അപ്പോള്‍ വാര്‍ത്ത ഉപ്പിട്ട കഞ്ഞിവെള്ളം റെഡിയായിരിക്കും. മുരിങ്ങപ്പൂത്തോരന്‍റെ നേര്‍ത്ത മണം അവിടമാകെ പരക്കും.

താഴെ തോട്ടില്‍ തോണിയില്‍ കക്കയുമായെത്തുന്നവര്‍ കൊട്ടും പോലെയനുകരിച്ച്, മരക്കയില് കൊണ്ട് അടച്ചൂറ്റിയില്‍ കൊട്ടി മുത്തശ്ശിയെ ഞാന്‍ വരവറിയിക്കും.

കനത്ത ചൂടിലും കാറ്റിന് കുറവ് വരാത്ത പടിഞ്ഞാറെ ഇറയത്ത് ഇരുന്നിരുന്ന് ഉറങ്ങിപ്പോകും. വെറുതെ ഉറങ്ങിപ്പോകുന്നതല്ല. ഇറയത്തിന്‍റെ അരികില്‍ താഴേക്ക് കുഴിച്ചിറക്കിയ ചെറു ഉരലില്‍ കുരുമാറ്റിയ വാളന്‍പുളി ഉപ്പിട്ട് ഉലക്കകൊണ്ട് മൃദുവായി ഇടിച്ച് പതം വരുത്തുന്ന അമ്മായിയോട് വിശേഷങ്ങള്‍ പറഞ്ഞ് പറഞ്ഞ് ഉറങ്ങിപ്പോകുന്നതാണ്.

ഇറയത്തിന്‍റെ അരികിലെ തെക്കേ ചായ്പ്പില്‍ ഊഴവും കാത്ത് ചക്ക, മാങ്ങ മുതല്‍ വിരിയിച്ചിറക്കാനുള്ള കോഴിമുട്ടകള്‍ വരെയുണ്ടാകും. അത് പറഞ്ഞപ്പോഴാണ്, ജീവിതത്തില്‍ ആദ്യം കണ്ട സര്‍ജ്ജന്‍ എന്‍റെ മുത്തശ്ശിയാണല്ലോ എന്നോര്‍ത്തത്. വിരുന്നിറക്കാത്ത മുട്ടയുടെ പുറമെയുള്ള നേര്‍ത്ത സ്തരം സൂചിമുന കൊണ്ട് മെല്ലെ നീക്കി വിജയകരമായി കുഞ്ഞന്‍ കോഴിയെ പുറത്തിറക്കാറുള്ള മാന്ത്രിക വിരലുകള്‍.

വൈകുന്നേരമായാല്‍ പിന്നെ മുറ്റത്തിറങ്ങി വേരുകള്‍ പടര്‍ന്നുകയറി ഒരു മരവീട് പോലെയായ വയസ്സന്‍ മാവിന്‍റെ ചോട്ടില്‍ ചെന്ന് വിഹഗ വീക്ഷണമാണ്. ചുറ്റിനുമുള്ള വീടുകളില്‍ ആരെല്ലാം എത്തിയെന്നാണ് നോട്ടം. 

വെയില്‍ മുതല്‍ നിലാവുദിക്കും വരെ മെടഞ്ഞാല തോടരികിലെ പുളിഞ്ചോട്ടിലിട്ട് ഒഴുകിയകലുന്ന സമയത്തെ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ച നാളുകള്‍. 

പട്ടണത്തില്‍ നിന്നും വന്ന ലീനേച്ചി സൈക്കിള്‍ ചവിട്ടുന്നത് കണ്ട് കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.  രണ്ടാം ദിനമായപ്പോള്‍ അല്പം ധൈര്യത്തോടെ, സ്വയം പ്രചോദിതയായി സൈക്കിള്‍ ചവിട്ടി മണ്‍വഴിയിലൂടെ മുമ്പോട്ട് നീങ്ങവേയാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി അവിടെ സംഭവിക്കാറുള്ള ഒരു കാര്യം നടന്നത്.  മെടഞ്ഞോലകള്‍ കയറ്റി കൊണ്ട് പോകുവാന്‍ കുലുങ്ങി കുലുങ്ങി കടന്നുവരുന്ന ടെംപോ. ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ കൈ വിറച്ച് തുടങ്ങി. മറുഭാഗത്ത് നിന്ന് ഹോണ്‍ മുഴക്കിയതോടെ, 'വാവിട്ട വാക്കും കൈവിട്ട ആയുധവും' എന്ന പോലെ ആര്‍ക്കും തടുത്ത് നിര്‍ത്താനാവാതെ സൈക്കിളും ഞാനും ഉരുണ്ടുരുണ്ട് തോടിന്നാഴമളന്നു. 

ഞങ്ങളുടെ രാത്രികള്‍ നിലവിളക്ക് കൊളുത്തുന്നതോടെ ആരംഭിച്ചു. വൈദ്യുതിയെത്താത്ത നാട്ടിലെ ആ ദിനങ്ങളെ ഇപ്പോള്‍ ഓര്‍ത്തെടുക്കുമ്പോള്‍ തേങ്കുറിശ്ശി കവലയുടെ രാനിശബ്ദത മനസ്സില്‍ കടന്നുവരുന്നു. നാമം ചൊല്ലിക്കഴിഞ്ഞാല്‍ മുത്തശ്ശി സ്റ്റീല്‍ കിണ്ണം ഉമ്മറത്ത് നിരത്തി വച്ചിട്ടുണ്ടാകും. എന്നും കുട്ടികള്‍ക്കായിരുന്നു ആദ്യ അത്താഴം. ഇതെല്ലാം നോക്കി സ്വതസിദ്ധമായ പുഞ്ചിരിയോടെ പൂമുഖത്തെ ചെറിയ തിണ്ണയില്‍ മുത്തശ്ശന്‍ ഇരിപ്പുണ്ടാകും. നേര്‍ത്ത മണ്ണെണ്ണ മണം പരക്കുന്ന ചില്ലുവിളക്കിന് ചുറ്റും ഞങ്ങള്‍ കുട്ടികളിരുന്ന് ഭക്ഷണം കഴിക്കും. പിന്നെ അവരവരുടെ പാത്രങ്ങളുമായി കിണറ്റിന്‍ കരയിലെ വലിയ മുല്ലപ്പന്തലിനരികില്‍ വെള്ളം നിറച്ചുവച്ച വട്ടകയ്ക്കരികിലേക്ക്. കിണറെന്ന്  പറഞ്ഞാല്‍ ഒരു ഭാഗം നിറയെ കാട്ടുതെച്ചിയും മറുഭാഗമാകെ മുല്ലയും പടര്‍ന്ന്, പാളത്തൊട്ടിയും ഇരുമ്പ് ബക്കറ്റും മാറി മാറി ഇറക്കി കപ്പിയില്ലാതെ വെള്ളം നിറച്ച തൊട്ടിയുടെ കയര്‍ മേലോട്ടേക്ക് വലിച്ച് പൊക്കിയെടുക്കുന്ന കിണര്‍. കാക്കപ്പൂവും തീപ്പൊരിയും എല്ലാം മത്സരിച്ച് വളര്‍ന്ന ആ കിണറിന് ചുറ്റുമുള്ള ഇടമെല്ലാം എന്നോ നിരപ്പായി കഴിഞ്ഞു.

രാത്രി മച്ചിലെ പുല്‍പ്പായയില്‍ ഉറങ്ങാതെ മച്ചിലെ ഒറ്റച്ചില്ലിലൂടെ അരിച്ചിറങ്ങുന്ന നിലാവ് നുണഞ്ഞ രാവുകള്‍.

കോണി മുറിയിലെ തുറക്കുമ്പോള്‍ 'ഡോങ്ങ്' എന്ന പരിസരമാകെ എതാനും മാത്ര അലയടിക്കുന്ന ഒച്ചയുണ്ടാക്കുന്ന പെട്ടി. അതും കടന്ന് മച്ചിലേക്ക്. 

രാവിന്‍റെ നിശബ്ദതയെ ഭേദിച്ചുയര്‍ന്ന പൂങ്കോഴിക്കരച്ചില്‍ കേട്ട് എന്തിവലിഞ്ഞ് പലകക്കണ്ണികള്‍ക്കിടയിലൂടെ നോക്കവേ കോഴിയെയും കൈകളിലൊതുക്കി നടന്ന് മറയുന്ന ആജാനുബാഹുവായ മനുഷ്യനെയോര്‍ത്ത് പനിച്ചു വിറച്ച ദിവസങ്ങള്‍. അന്നൊക്കെ കുറച്ചപ്പുറത്തുള്ള തുരുത്തില്‍ തമ്പടിച്ച് രാത്രികളില്‍ തോണി തുഴഞ്ഞ് ഇക്കരെ വന്ന് കോഴികളെ പിടിച്ച് മടങ്ങിപ്പോകുന്നവര്‍ ഉണ്ടായിരുന്നു. നേര്‍ത്ത പതം പറച്ചിലുകളൊഴിച്ചാല്‍ ആരും അതൊന്നും അത്ര കാര്യമായി എടുത്തിരുന്നില്ല. എങ്കിലും കോഴിയെയും കാലില്‍ തൂക്കിപ്പിടിച്ച് താഴെ തോട്ടില്‍ വക്കത്തേക്ക്  നടന്നുനീങ്ങുന്ന ആ മനുഷ്യനെ നോക്കി നില്‌ക്കെ അത്ര നാളും നക്ഷത്രത്തെ ഓര്‍മ്മിപ്പിച്ച അക്കരെ തൂമ്പുകളിലെ മിന്നിത്തെളിയുന്ന കൊച്ചുവിളക്കുകള്‍ ആയിടയ്ക്ക് വായിച്ച പൈകോ ക്ലാസ്സിക്കുകളിലെ ബാസ്‌ക്കര്‍വില്ലയിലെ വേട്ടനായയിലെ അടയാള വിളക്കുകളെ ഓര്‍മ്മിപ്പിച്ചു.

ദിവസങ്ങള്‍ ഒഴുകി അകലുമ്പോഴേക്കും, തവിട്ടട ചുട്ട് തനിയെ നേദിക്കുന്ന ചെറുകോവിലിന്നരികില്‍ പ്രൊജക്റ്ററുമായി സിനിമാ പ്രദര്‍ശനം വരും. ഓര്‍മ്മയില്‍ മായാതെയുള്ളത് 'അമ്മേ നാരായണാ' എന്ന സിനിമയാണ്. കഷ്ടപ്പെടുന്ന കുട്ടിക്ക് മുമ്പില്‍ മാന്ത്രികത ആശ്വാസം തീര്‍ക്കുന്നതൊക്കെ കണ്ട് ആസ്വദിച്ചിരുന്ന നാളുകള്‍. കുഞ്ഞിക്കൂനനും, ഒരു കുടയും കുഞ്ഞി പെങ്ങളും, ഐതിഹ്യമാലയും, മിഠായിപ്പൊതിയും, യുറീക്കയും, പൂമ്പാറ്റയും കൈമാറി കൈമാറി വായിച്ചിരുന്ന ഉച്ചനേരങ്ങള്‍.

പഴയ പുസ്തകങ്ങള്‍ പറഞ്ഞേൽപ്പിച്ച വീടുകളിലേക്ക് അത് വാങ്ങാനുള്ള ഘോഷയാത്ര. ആ യാത്രയ്ക്കിടയില്‍ എപ്പോഴെങ്കിലുമാകും സെവന്‍സ് ഫുട്‌ബോളിന്‍റെ അനൗണ്‍സ്‌മെന്‍റ് കേള്‍ക്കുക. ഉത്സവമാണ് പിന്നെ. കൂട്ടമായി സ്ത്രീ പുരുഷ ഭേദമില്ലാതെ ഗ്രാമം ഒഴുകിയെത്തും അവിടെ. കോളാമ്പിയിലൂടെ 'കളഭം ചാര്‍ത്തും കനകക്കുന്നില്‍' എന്ന് ഗാനം ഉയരും. 

ഒടുവിലൊരു പത്താമുദയനാളില്‍ പുതുനെല്ല് കൊണ്ട് പായസം നേദിച്ച വൈകുന്നേരം പെയ്ത മഴയില്‍ പൊഴിഞ്ഞ ചന്ത്രക്കാരനെ പെറുക്കിയെടുക്കവേ പിറ്റേന്ന് മടങ്ങുന്ന കൂട്ടുകാരെയോര്‍ത്ത് വിഷാദം ചവച്ചിറക്കി..എല്ലാമോര്‍മ്മകളായ് പെയ്തു നിറയുകയാണ്. അല്ലെങ്കിലും ഓര്‍മ്മകള്‍ക്കെന്നും പ്രളയകാലമാണ്. ഞാനിങ്ങനെ അതില്‍ ഏറ്റത്തങ്ങോട്ടും ഇറക്കത്തിങ്ങോട്ടും എന്ന മട്ടില്‍ ഒഴുകുകയാണ്.

 

ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.

 

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്