
പരാജയപ്പെട്ട ഏതൊരു പ്രണയത്തെയും പോലെ സാധാരണമായിരുന്നു ഫാദോ പറഞ്ഞ കഥയും. എങ്കിലും പ്രണയപരാജയങ്ങള്‍ കലഹങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ കമിതാവിനെക്കുറിച്ചുള്ള ഫാദോയുടെ ആ വിവരണം ഞാനോര്‍ക്കും
വര്‍ക്കല യാത്രയ്ക്കിടയില്‍ ഇടവയിലെ കടല്‍ത്തീരത്ത് വച്ച് ഞാന്‍ ജ്യോതിയെ പരിചയപ്പെട്ടു; സുഹൃത്ത് ആഷിഫയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാലക്കാട് പോയപ്പോള്‍ ഫാദോയെയും. ഇടുങ്ങിയ വഴികളിലൂടെയുള്ള യാത്രകള്‍ വിട്ട് പുറത്തുവരാന്‍ എനിക്ക് ഇന്നുള്ള വലിയ പ്രചോദനങ്ങളിലൊന്ന് ആ രണ്ട് സ്ത്രീകളും അവരുടെ കഥകളുമാണ്.
ജ്യോതിയോട് ഞാന്‍ വളരെ കുറച്ചേ സംസാരിച്ചിട്ടുള്ളു. എങ്കിലും ഒറ്റക്ക് യാത്ര ചെയ്യാന്‍ വിലക്കുണ്ടായിരുന്ന ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നതിന്റെ നിരാശയെ യാത്ര ചെയ്ത് അതിജീവിച്ച ജ്യോതി എനിക്ക് ജീവിതത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും വലിയ പാഠങ്ങള്‍ തന്നു..
ഫാദോ എനിക്ക് കഥകളാണ് തന്നത്. ഭൂമിയേക്കാള്‍ ഭാരം കഥകള്‍ക്കുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ ആ കഥകളെയെന്ന പോലെ ഫാദോയെയും ഞാന്‍ ഹൃദയത്തോട് ചേര്‍ത്തു. മുന്നിലെ വെളിച്ചങ്ങള്‍ കെട്ടുപോവുന്ന ചില നേരങ്ങളില്‍ ഫാദോയുടെ കഥകള്‍ എനിക്ക് മുന്‍പില്‍ പ്രകാശിച്ചു.
നാല്പതോളം രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട് ഫാദോ. പോകാന്‍ കഴിയാത്ത ദേശങ്ങളാണ് ജീവിക്കാന്‍ പിന്നെയും പ്രേരിപ്പിക്കുന്നതെന്ന് ആരോ എഴുതിയിട്ടുണ്ടല്ലോ. സങ്കല്‍പത്തില്‍ പോലും എനിക്കെത്തിച്ചേരാന്‍ കഴിയാത്ത ദേശങ്ങളെക്കുറിച്ച് ചിലപ്പോള്‍ ഫാദോ എന്നോട് പറഞ്ഞു. ചാവുകടല്‍ കാണാന്‍ പോയതിനെപ്പറ്റി ഒരിക്കല്‍ ഫാദോ പറഞ്ഞ കഥ മറവിയില്‍ അകപ്പെട്ടു പോവാതെ ഞാന്‍ സൂക്ഷിച്ചുവച്ചു. എന്നെങ്കിലും എഴുതാനാവുമെന്ന് കരുതിയല്ല, ജീവിതത്തോട് പിന്നെയും പിന്നെയും കൊതി തോന്നാന്‍ ആ കഥയെനിക്ക് പ്രചോദനമാവുമെന്നുറപ്പുണ്ടായിരുന്നതിനാല്‍. കഥ കേള്‍ക്കാനുള്ള എന്റെ ഏറ്റവും വലിയ കൗതുകത്തെ ശമിപ്പിക്കാന്‍ ഫാദോ ആ കഥ ഒരിക്കലെനിക്ക് എഴുതിത്തന്നു. മറ്റുള്ളവരുടെ സന്തോഷം പിടിച്ചെടുക്കാനാവുമോ എന്നന്വേഷിച്ചുകൊണ്ടിരുന്ന എനിക്ക് ഫാദോ പറഞ്ഞ കഥകളിലെ ദേശങ്ങള്‍ ഉരുത്തരം തന്നു. പോകാത്ത ദേശങ്ങള്‍ക്കും കണ്ടുമുട്ടാത്ത മനുഷ്യര്‍ക്കുമെല്ലാം ചിലപ്പോള്‍ നമ്മെ അഗാധമായി ആനന്ദിപ്പിക്കാനാവും എന്ന ഉത്തരം. എങ്കിലും മനുഷ്യര്‍ പറഞ്ഞ കഥകളിലെ സങ്കടങ്ങളാണ് ഞാന്‍ കൂടുതലായും ഓര്‍ത്തുവച്ചത്.
ചാവുകടല്‍ താണ്ടി ഉക്രൈനില്‍ നിന്ന് ജോര്‍ദാനിലേക്ക് പോവുന്ന കടത്തുവള്ളത്തില്‍ സഞ്ചരിച്ചതിനെപ്പറ്റി ഫാദോ എഴുതിയത് വായിച്ചപ്പോള്‍ ഞാനും അവളോടൊപ്പം ആ വള്ളത്തിലുണ്ടായിരുന്നു എന്നെനിക്ക് തോന്നി. മൂന്ന് ജാപ്പനീസ് യാത്രികരോടൊപ്പമായിരുന്നു ഫാദോയുടെ ആ യാത്ര. ചാവുകടല്‍ കണ്ടയുടനെ ഫാദോയുടെ സഹയാത്രികരിലൊരാള്‍ ഒരു പത്രവുമെടുത്ത് അതിലേക്കെടുത്തു ചാടിക്കൊണ്ട് ഇങ്ങനെ വിളിച്ചു പറഞ്ഞു പോലും: 'ദയവായി, ചാവുകടലില്‍ കിടന്ന് ഞാന്‍ പത്രം വായിക്കുന്നതിന്റെ ഫോട്ടോ എടുക്കൂ, ഈ ആഗ്രഹം സാധിക്കാന്‍ ഞാന്‍ മരിക്കാനും ഒരുക്കമാണ്.'
ഫാദോ അത് പറയുമ്പോള്‍ മനുഷ്യരെന്തിനാവാം അവരുടെ വലിയ ആഗ്രഹങ്ങളെ മരണവുമായി കണ്ണിചേര്‍ക്കുന്നത് എന്നാണ് ഞാന്‍ ആലോചിച്ചത്. ജീവിതത്തില്‍ സുനിശ്ചിതമായ ഒരേയൊരു കാര്യം മരണമായതുകൊണ്ടാവുമോ? ആഗ്രഹങ്ങള്‍ക്ക് വിലക്കുള്ള ഒരു ലോകത്തേക്കായിരിക്കുമോ മരണം നമ്മെ കൊണ്ടുപോവുക? ജീവിച്ചിരിക്കുന്നവര്‍ക്ക് അതറിയാന്‍ ഒരു വഴിയുമില്ലല്ലോ. കുറച്ചുമാസങ്ങള്‍ കഴിഞ്ഞ് മറ്റൊരു ജാപ്പനീസ് യാത്രികന്‍ വഴി ഫാദോ ഒരു വിവരം അറിഞ്ഞു: ചാവുകടലില്‍ കിടന്ന് പത്രം വായിച്ച ആ ചെറുപ്പക്കാരന്‍ ഒരു അപകടത്തില്‍ മരണപ്പെട്ടിരിക്കുന്നു. ദൈവമേ, എത്ര അജ്ഞാതമാണ് മരണത്തിന്റെ ഭാഷ. ഒരപകടമുണ്ടായാല്‍ തീര്‍ന്നുപോകാവുന്നത്ര ചെറുതാണല്ലോ ജീവിതം.
ചാവുകടല്‍ കാണാനുള്ള ആ യാത്രയെക്കുറിച്ച് മറ്റൊരു കഥയും ഫാദോ എന്നോട് പറഞ്ഞിട്ടുണ്ട്. അതേക്കുറിച്ച് പറയുമ്പോള്‍ ജീവിതത്തിന്റെ ഒരു വലിയ അധ്യായം ആ യാത്രയില്‍ നിന്നാണ് ആരംഭിച്ചതെന്ന് ഫാദോ പറഞ്ഞു. കേട്ടപ്പോള്‍ മനോഹരമായ ഒരു കഥ പോലെ തോന്നിയെങ്കിലും എനിക്കത് കഥയാക്കാനായില്ല, ഫാദോ പറഞ്ഞത് മുഴുവന്‍ പരിഭാഷപ്പെടുത്താനുമായില്ല. ജീവിതത്തെ കഥയിലേക്ക് പരിഭാഷപ്പെടുത്തുന്നതില്‍ ഒരുതരം അനൗചിത്യമുണ്ടല്ലോ.
ശൈത്യകാലമായിരുന്നു അത്. ചാവുകടലിലെ വെള്ളം കണ്ണുകളില്‍ വന്ന് തൊടുമ്പോഴുള്ള ആസ്വാദ്യകരമായ വേദനയെപ്പറ്റി ഫാദോ എന്നോട് പറഞ്ഞപ്പോള്‍ ഇതുവരെ അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആ വേദനയെ ഓര്‍ത്ത് എനിക്ക് സങ്കടം തോന്നി. ആ യാത്രയിലാണ് ഫാദോ അയാളെ കണ്ടുമുട്ടുന്നത്. അയാളുടെ പിന്‍കഴുത്തിലെ മാലാഖച്ചിറകുള്ള ടാറ്റൂവിനെപ്പറ്റി വര്‍ഷങ്ങള്‍ക്ക് ശേഷം എന്നോട് സംസാരിക്കുമ്പോഴും അവള്‍ ഓര്‍ത്തുപറഞ്ഞു. ഡ്രൈവറുള്‍പ്പെടെ എല്ലാവരും മറ്റൊരു വഴിക്ക് പോയതിനാല്‍ ആ ശൈത്യകാലരാത്രിയില്‍ ഫാദോയും അയാളും അവിടെ തനിച്ചായി. അയാളാണ് പിന്നീട് ഫാദോയെ അവളുടെ താമസസ്ഥലമായ അമ്മാനിലെത്തിച്ചത്.
പിന്നീട് കൂടുതലൊന്നും ചോദിക്കാതെ തന്നെ, അവരുടെ സ്‌നേഹജീവിതത്തെക്കുറിച്ച് ഫാദോ എന്നോട് പറഞ്ഞു. അമ്മാനിലെ വിശ്രമ ദിവസങ്ങളില്‍ റെസ്റ്ററന്റുകളിലും ഒലിവ് മരങ്ങള്‍ വളര്‍ത്തുന്ന ഫാമുകളിലും മറ്റും അവര്‍ കണ്ടുമുട്ടിയത്, സിറിയയിലേക്ക് പോയി ഡമാസ്‌കസില്‍ അറബി പഠിക്കാന്‍ പദ്ധതിയിട്ട ഫാദോ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് വീണ്ടും ജോര്‍ദാനിലേക്ക് മടങ്ങിവന്നത്, അതിനിടയില്‍ അവര്‍ വര്‍ഷങ്ങളോളം സ്‌നേഹിച്ചതും പിരിഞ്ഞതും... കഥയങ്ങനെ നീണ്ടുപോയി.
പരാജയപ്പെട്ട ഏതൊരു പ്രണയത്തെയും പോലെ സാധാരണമായിരുന്നു ഫാദോ പറഞ്ഞ കഥയും. എങ്കിലും പ്രണയപരാജയങ്ങള്‍ കലഹങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ കമിതാവിനെക്കുറിച്ചുള്ള ഫാദോയുടെ ആ വിവരണം ഞാനോര്‍ക്കും- പ്രണയം മനുഷ്യരെ കൂടുതല്‍ വലിപ്പമുള്ളതാക്കുന്ന അനുഭൂതിയാണല്ലോ എന്നോര്‍ക്കും. ഫാദോയുടെ അനുവാദത്തോടെ ആ വിവരണം ഞാന്‍ ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: 'ഞാന്‍ എന്റെ സഹപാഠികളേക്കാള്‍ കൂടുതല്‍ ഒഴുക്കോടെ അറബി സംസാരിക്കാന്‍ കാരണം അവനാണ്. അവന്‍ എനിക്ക് ധാരാളം പ്രാദേശികപാരമ്പര്യങ്ങള്‍ പരിചയപ്പെടുത്തി തന്നു. സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സന്നദ്ധസേവനം ചെയ്യാനുള്ള ധൈര്യം എന്നിലുണ്ടാക്കിയതും എന്നെക്കുറിച്ച് കൂടുതലറിയാന്‍ എന്നെ സഹായിച്ചതുമെല്ലാം അവനാണ്. അത്ഭുതകരമായ ആ വര്‍ഷങ്ങള്‍ക്ക് ഞാന്‍ അവനോട് നന്ദി പറയുന്നു. ആ ദിവസത്തിലേക്ക് മടങ്ങാന്‍ എനിക്ക് ഒരു ടൈം മെഷീന്‍ ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ ഉറപ്പായും അന്നത്തെപ്പോലെ അവന്റെ കാറില്‍ ചാടിക്കയറി സന്തോഷകരമായ ഒരു പ്രണയയാത്ര ആരംഭിക്കുമായിരുന്നു.'
പക്ഷേ ജീവിതത്തില്‍ ടൈം മെഷീന്‍ ഇല്ലല്ലോ. ജീവിതം ഇങ്ങനെയൊക്കെയാകുമെന്നറിയാമായിരുന്നെങ്കില്‍ കുറേക്കൂടി തയ്യാറെടുപ്പുകളോടെ ജീവിക്കാമായിരുന്നു എന്ന് ആത്മസ്‌നേഹിതന്‍ മനോജ് വെങ്ങോല 'പായ' എന്ന പുസ്തകത്തിലെഴുതിയിട്ടുണ്ട്. അത് വീണ്ടും വായിച്ചപ്പോള്‍ ഞാന്‍ ഫാദോയെ ഓര്‍ത്തു. ജീവിതത്തില്‍ ഒരു ടൈം മെഷീനും പ്രതീക്ഷിച്ച് ജീവിക്കുന്ന എത്ര മനുഷ്യരുണ്ടാവുമല്ലേ?
ഒരിക്കല്‍ പോയ ഇടങ്ങളിലേക്ക് വീണ്ടും പോകണമെന്ന ആഗ്രഹമുണ്ടാവുമ്പോഴൊക്കെ കാണാത്ത ദേശങ്ങള്‍ തന്നെ ഭ്രമിപ്പിക്കുമെന്ന് ജ്യോതി എന്നോട് പറഞ്ഞു; എന്നെപ്പോലെ അപരിചിതരായ മനുഷ്യരെ കണ്ടുമുട്ടുന്നതില്‍ അവളും ആനന്ദിക്കുന്നുണ്ടെന്നും. മനുഷ്യരെ കണ്ടുമുട്ടുന്നതിന്റെ ആനന്ദങ്ങള്‍ക്ക് വേണ്ടി കൂടിയാവാം അവള്‍ ദൂരദേശങ്ങളിലേക്ക് ഒറ്റയ്ക്കു സഞ്ചരിക്കുന്നത്. മനുഷ്യര്‍ പറയുന്ന കഥകളുടെ വെളിച്ചം ജീവിതത്തെ കൂടുതല്‍ തെളിച്ചമുള്ളതാക്കുമെന്ന് എന്നെപ്പോലെ അവളും വിശ്വസിക്കുന്നുണ്ടാവാം. യാത്രകളില്‍ കണ്ടുമുട്ടിയ ഈ രണ്ട് പെണ്ണുങ്ങള്‍ എന്നെ പഠിപ്പിച്ചതും അതാണ്