
ഒരു മക്കള്‍ക്കും അവരുടെ അമ്മയെ പൂര്‍ണമായി മനസിലാക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അമ്മ എന്നത് അങ്ങനെ ഒരു അത്ഭുതമാണ്. അമ്മയായും അമ്മൂമ്മയായും ഇനിയുമനേകം വര്‍ഷങ്ങള്‍ ഞങ്ങളുടെ കൂടെ സന്തോഷമായി ജീവിക്കണം എന്നൊരാഗ്രഹം മാത്രം.
2004 ഏപ്രില്‍ 4 പുലര്‍ച്ചെ 4:05-ന് 'അമ്മേ' എന്ന വിളിയോടെയാണ് അച്ഛന്‍ എന്നെന്നേക്കുമായി ഇവിടം വിട്ടു പോയത്.
അച്ഛന്‍ മരിച്ചതിന് ശേഷം രാത്രികളില്‍ റേഷനരിയുടെ ചോറ് അമ്മ മുന്നില്‍ വെക്കുമ്പോള്‍ പേടിയായിരുന്നു. അച്ഛന്‍റെ ലോകത്തേക്ക് ഒന്നിച്ച് പോകാന്‍ മാത്രമായിരുന്നു അന്ന് അമ്മയുടെ ചിന്ത. കാരണം വേറൊന്നുമല്ല. ഒറ്റ മകളായിരുന്ന അമ്മയ്ക്ക് അന്ന് 1,980 രൂപ മാസ ശമ്പളമുള്ള പാര്‍ട്ട് ടൈം ജോലിയും നിറയെ കടങ്ങളും, നാല് വര്‍ഷം മുന്നേ ലോണ്‍ എടുത്ത് പണിതീര്‍ത്തിട്ടില്ലാത്ത അടച്ചുറപ്പില്ലാത്ത ആ വീടിന്‍റെ വലിയ ബാധ്യതയുമായാണ് ഉണ്ടായിരുന്നത്.
അച്ഛന്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനവും അമ്മമ്മയുടെ പെന്‍ഷനും അമ്മയുടെ ചെറിയ ജോലിയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനവും കൊണ്ട് കാര്യങ്ങളൊക്കെ നടത്താം എന്ന നിലയിലാണ് വീടെടുത്ത്. അങ്ങനെയിരിക്കെയാണ് മുന്നിലെ വഴികളെല്ലാം അടഞ്ഞതും.
നമ്മുടെ കണക്കുകൂട്ടലുകള്‍ പോലെ ഒരിക്കലും ജീവിതം നമ്മളെ മുന്നോട്ട് കൊണ്ടുപോകില്ല. അതുകൊണ്ട് തന്നെ എന്ത് ചെയ്യണം എന്ന് ചിന്തിച്ച് നമ്മുടെ നാല് പേരുടെയും ജീവിതം തള്ളിനീക്കാന്‍ അമ്മയ്ക്ക് കഴിയുമായിരുന്നില്ല.
അച്ഛന്‍റെ ചികിത്സാര്‍ത്ഥവും മറ്റും പണയപ്പെടുത്തിയ സ്വര്‍ണമെല്ലാം നഷ്ടപ്പെട്ടതിനുള്ള അമ്മമ്മയുടെ വിഷമം. അച്ഛന്‍ വാങ്ങിയ കടം തിരിച്ചു കൊടുക്കാന്‍ ഉണ്ടായിരുന്നവര്‍ വീട്ടില്‍ വന്നുള്ള ചീത്ത പറച്ചില്‍. അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ കടം വാങ്ങിയ പൈസ തിരിച്ചു കൊടുക്കാത്തതിന്‍റെ പേരില്‍ നടുറോഡില്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് അമ്മ ഏറ്റ അപമാനം. 'ഞാന്‍ മരിച്ചാല്‍ തന്‍റെ കുട്ടികള്‍ക്ക് ആരാണ് ഉള്ളത്, എല്ലാവരും ആത്മഹത്യക്ക് ശ്രമിച്ച് ഒരാള്‍ മാത്രം ബാക്കിയായെങ്കിലോ' എന്നിങ്ങനെയുള്ള ചിന്തകളാവും മരണത്തില്‍ നിന്നും അമ്മയെ അന്ന് അകറ്റി നിര്‍ത്തിയത്.
സെന്‍റ് ജോസഫ്‌സ് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പ്യൂണ്‍ തങ്കരാജേട്ടന്‍ ഉള്ളിടത്തോളം കാലം എന്‍റെ വിശപ്പിന്‍റെ കാര്യം പ്രശ്‌നമായിരുന്നില്ല. ഉച്ചക്ക് വയറ് നിറച്ച് കഴിക്കും. അധിക ദിവസവും വെറും വയറ്റില്‍ ആയിരിക്കും സ്‌കൂളിലേക്കു പോകുക. ഹൈസ്‌കൂളില്‍ അന്ന് ഉച്ചഭക്ഷണം ഇല്ല. പത്താം ക്ലാസ് വരെ കുട്ടികള്‍ക്ക് ചോറ് കൊടുക്കാന്‍ ഞാന്‍ നില്‍ക്കും. അങ്ങനെ നിന്നാല്‍ എല്ലാം കഴിഞ്ഞ് നമുക്കും കിട്ടും ഒരു പങ്ക്. അങ്ങനെ കിട്ടുന്ന പങ്കിന് വേണ്ടി ഒന്ന് രണ്ട് പേര്‍ ഉണ്ടായിരുന്നു കൂടെ. വിശപ്പ് കൊണ്ടല്ല, സേവനം ആണെന്ന് വരുത്തിതീര്‍ക്കാന്‍ സ്‌കൗട്ടസ് യൂണിഫോം കൂട്ടിന് ഉണ്ടായിരുന്നു. ഓണത്തിന് കിട്ടുന്ന അരി എനിക്ക് കൂടുതല്‍ കിട്ടിയിട്ടുണ്ട്. അവരവരുടെ പങ്ക് തന്ന് സ്‌നേഹിച്ച ചില സുഹൃത്തുക്കള്‍.
എങ്ങനെയോ കാലം കടന്നുപോയി. കടങ്ങളും കൂടി കൂടി വന്നു. 2007 -ല്‍ എസ് എസ് എല്‍ സി എത്തുമ്പോഴേക്കും ഒന്നും അറിയിക്കാതെ എന്നെയും തേനുവിനെയും അമ്മ വളര്‍ത്തി. തേനു ഫലത്തില്‍ അധികം വിഷമങ്ങള്‍ ഒന്നും അനുഭവിച്ചിരുന്നുമില്ല.
2001 നവംബറിലാണ് ആശ്രിത നിയമനത്തിലൂടെ പാര്‍ട്ട് ടൈം കണ്ടന്‍ജന്‍റ് സ്വീപ്പറായി അമ്മ ജോലിയില്‍ പ്രവേശിക്കുന്നത്. LDC / BC ആയി നിയമനം ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും, നിയമന പ്രായപരിധിയായ 35 വയസ് കഴിഞ്ഞെന്ന കാരണം പറഞ്ഞ് LDC നിയമനം ലഭിച്ചില്ല.
അമ്മ എംഎ ബിരുദധാരിയായിരുന്നു. അതുകൊണ്ട് അന്നത്തെ മുനിസിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞത്, ഇത്രയും ക്വാളിഫൈഡ് ആയ അവരെകൊണ്ട് എന്‍റെ മേശ തുടക്കാന്‍ ഞാന്‍ സമ്മതിക്കില്ലെന്നാണ്. അങ്ങിനെ ജനന മരണ രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ അപേക്ഷാഫോറം വില്‍ക്കാനായി ഏല്പിച്ചു. 1,980 രൂപ ശമ്പളത്തില്‍ 7 മണി മുതല്‍ 11 മണി വരെയാണ് ജോലി. അന്ന് മുതല്‍ അതേ ശമ്പളവും എന്നാല്‍ 10 മുതല്‍ 5 വരെ ജോലിയുമായി ആറു വര്‍ഷങ്ങള്‍. നാട്ടിലെ പലചരക്ക് കട നടത്തുന്ന കരുണേട്ടന്‍റെ കടയില്‍ നിന്നും സാധനങ്ങള്‍ ആവശ്യത്തിന് തരുമായിരുന്നു. ഒരു മാസം പൈസ കൊടുത്തില്ലെങ്കിലും ഒന്നും പറയില്ല. വിഷമഘട്ടത്തില്‍ ആശ്വാസമായി കൂടെ നിന്ന തോമസ് പാസ്റ്റര്‍, പഴയ കുപ്പായം തരുന്നവര്‍, പുതിയത് വാങ്ങിച്ച് തരുന്നവര്‍ , ബുദ്ധിമുട്ടുമ്പോള്‍ സഹായിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകര്‍. ഒന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല. അന്ന് അമ്മയ്ക്ക് വിഷമങ്ങളില്‍ നിന്നൊക്കെ ആശ്വാസം കൊടുത്തതും ആ കൂട്ടായ്മകളും പ്രാര്‍ത്ഥനകളുമായിരുന്നു.
ഞാന്‍ 2007 -ല്‍ എസ് എസ് എല്‍ സി ഫുള്‍ എ പ്ലസോടെ പാസായി. ആദ്യം വിളിച്ച് പറഞ്ഞത് ക്ലാസ് ടീച്ചര്‍ സുനില്‍ മാഷിനെ. മാഷ് അപ്പോള്‍ ഒരു ചോദ്യം ചോദിച്ചു. 'നിനക്കോ ഫുള്‍ എ പ്ലസ്!' എന്ന്. പഠിക്കാന്‍ വലിയ മിടുക്കൊന്നും ഇല്ലായിരുന്ന എന്നില്‍ നിന്നും അത്തരമൊരു റിസള്‍ട്ട് സ്‌കൂളില്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ആ സമയത്തെ എന്‍റെ വാശിയും ചില സുന്ദരമായ പ്രതികാരങ്ങളും എനിക്കത് നേടിത്തന്നു.
മാതൃഭൂമി പത്രമായിരുന്നു അന്ന് വീട്ടില്‍ വരുത്തിയിരുന്നത്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആ കാലത്തെ ഏജന്‍റ് ആയ ശശി ഏട്ടന് ഞങ്ങളുടെ അവസ്ഥ ഒക്കെ അറിയാമായിരുന്നു. വീടുകളില്‍ പത്രം ഇടാന്‍ പോകാന്‍ ഞാന്‍ കുറെ തവണ ശശി ഏട്ടനോട് ചോദിച്ചിട്ടുണ്ടായിരുന്നു. കാരണം എന്‍റെ വീട്ടില്‍ ഇടുന്ന പത്രത്തിന്‍റെ പൈസ പോലും ചില മാസങ്ങളില്‍ കൊടുക്കാന്‍ കഴിയുമായിരുന്നില്ല. അവസാനം അദ്ദേഹം ഒരു ദിവസം വീട്ടില്‍ വന്ന് അമ്മയോട് ചോദിച്ചു, ഇവന്‍ പഠിക്കാന്‍ എങ്ങനെ ആണെന്ന്. 'മുമ്പ് നന്നായി പഠിക്കുമായിരുന്നു, ഇപ്പൊ വീട്ടിലെ അവസ്ഥ മോശമായത് കൊണ്ട് തല തിരിഞ്ഞിട്ടാണ് പോക്ക് ' എന്ന് അമ്മയുടെ മറുപടി. 'എന്നാല്‍ ഇവന്‍ പത്താം ക്ലാസ് വരെ പഠിക്കട്ടെ, പൈസ കയ്യില്‍ കിട്ടി തുടങ്ങിയാല്‍ പഠിക്കാതായി പോകും' എന്നും പറഞ്ഞ് മൂപ്പര്‍ ഗള്‍ഫിലേക്ക് പോയി.
പോകുമ്പോള്‍ അടുത്ത ഏജന്‍റ് പ്രമോദേട്ടനോട് ഞങ്ങളുടെ എല്ലാ അവസ്ഥയും പറയുകയും അവര്‍ പൈസ തന്നില്ലെങ്കിലും പത്രം ഇട്ടുകൊടുക്കണം എന്നും ഞാന്‍ വരുമ്പോള്‍ ബാക്കി പൈസ തരുമെന്നും പറഞ്ഞു. അങ്ങനെ പ്രമോദേട്ടന്‍ ജീവിതത്തില്‍ ഒരു ട്വിസ്റ്റ് ഉണ്ടാക്കി. അനീഷ് എന്ന ഒരു റിപ്പോര്‍ട്ടറെയും കൂട്ടി വീട്ടില്‍ വന്നു ഫോട്ടോ ഒക്കെ എടുത്തു കുറെ കാര്യങ്ങള്‍ ചോദിച്ചു പോയി. പിറ്റേന്ന് പത്രത്തില്‍ വാര്‍ത്ത. 'A + നേടിയിട്ടും ഉപരിപഠനത്തിന് വഴി കാണാതെ' എന്ന തലക്കെട്ടോടെ. പക്ഷേ, ആ വാര്‍ത്ത കൊണ്ട് പ്രതീക്ഷിച്ചത്ര സഹായങ്ങള്‍ ഉണ്ടായില്ലെങ്കിലും എക്‌സല്‍ കോളേജിന്‍റെ രവി മാഷ് രണ്ട് വര്‍ഷം ഹയര്‍ സെക്കന്‍ററി ട്യൂഷന്‍ സ്‌പോണ്‍സര്‍ ചെയ്തു. നമ്മുടെ ജീവിത കഥ കൂടുതല്‍ പേരും അറിഞ്ഞു. ഒപ്പം പഠന നേട്ടത്തിന് അനുമോദനങ്ങളും.
ട്വിസ്റ്റ് എന്താണെന്ന് വെച്ചാല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമോദന ചടങ്ങില്‍ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സര്‍ ആയിരുന്നു വിശിഷ്ടാതിഥി. പത്രത്തില്‍ വന്ന വാര്‍ത്തയും അമ്മയുടെ ജോലി സംബന്ധിച്ച വിശദമായ ഒരു അപേക്ഷയും അദ്ദേഹത്തിന് നല്‍കി. അര്‍ഹതയുണ്ടായിരുന്നിട്ടും കിട്ടാതിരുന്ന ജോലി ദിവസങ്ങള്‍ക്കുള്ളില്‍ സ്‌പെഷ്യല്‍ ഓര്‍ഡര്‍ ആയി ഗവണ്‍മെന്‍റ് സ്ഥിരമാക്കി. സര്‍ക്കാറിന് വയസ്സ് കണക്ക് കൂട്ടുന്നതില്‍ സംഭവിച്ച പിഴവായിരുന്നു, യോഗ്യത അനുസരിച്ചുള്ള ജോലി കിട്ടാത്തതിന്‍റെ കാരണം. അത് ലഭിച്ചത് അമ്മയ്ക്ക് വലിയ ഒരാശ്വാസമായിരുന്നു. പത്താം ക്ലാസിലെ ആ മാര്‍ക്ക് ഉപകരിച്ചത്, ഏറെ ഇഷ്ടപ്പെട്ട സെന്‍റ് ജോസഫ്‌സ് സ്‌കൂളില്‍ പ്ലസ് ടു സെക്കന്‍ഡ് ഗ്രൂപ്പില്‍ തന്നെ അഡ്മിഷന്‍ കിട്ടാനും അമ്മയുടെ ജോലി സ്ഥിരമാകാനുമാണ്.
തലശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ബസ് കഴുകാന്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആളുകളെ വേണമെന്ന് പത്രത്തില്‍ ഒരു പരസ്യം ഉണ്ടായിരുന്നു. കുറച്ചു മടി ഉണ്ടായിരുന്നെങ്കിലും എന്തെങ്കിലും പോക്കറ്റ് മണി കിട്ടുമല്ലോ എന്നു കരുതി പോകാമെന്ന് വച്ചു. അമ്മ ഫുള്‍ സപ്പോര്‍ട്ട്. എന്ത് ജോലി ചെയ്യാനും മടിക്കേണ്ട എന്നൊരു ഉപദേശവും. അന്ന് ഐഡി കാര്‍ഡ് ആയി എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ജോലിക്ക് അപേക്ഷ കൊടുക്കാന്‍ പോയ 'എന്നെ ഇത്ര മാര്‍ക്കുള്ള നീ ഈ ജോലി എടുക്കേണ്ടവനല്ല' എന്ന് പറഞ്ഞു അപ്പോള്‍ തന്നെ ഒഴിവാക്കി. അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് സ്‌കൂളില്‍ പോകാനുള്ള ബസിന്‍റെ പൈസയ്‌ക്കെങ്കിലും അമ്മയോട് ചോദിക്കണ്ടല്ലോ എന്നതായിരുന്നു എന്‍റെ ചിന്ത. അത് അവര്‍ക്ക് അറിയില്ലല്ലോ.
ചെറുപ്പത്തില്‍ ഞാന്‍ അമ്മയ്ക്ക് കൊടുത്ത ഒരു വാക്കുണ്ട്. ജോലി ചെയ്ത് ആദ്യ ശമ്പളം കിട്ടുമ്പോള്‍ ഒരു ഗ്യാസ് അടുപ്പ് ആണ് അമ്മയ്ക്ക് വാങ്ങിച്ചു തരുക എന്ന്. പത്താം ക്ലാസ് പാസ്സായപ്പോള്‍ സരോമ ഗ്രൂപ്പില്‍ നിന്നും കിട്ടിയ സ്‌കോളര്‍ഷിപ്പ് സാഹിത്യകാരന്‍ എം മുകുന്ദന്‍ സാറിന്‍റെ കയ്യില്‍ നിന്നും വാങ്ങി നേരെ ചെന്നത് ജെമിനി ഗ്യാസിന്‍റെ ഓഫീസില്‍ ആയിരുന്നു. ജോലി കിട്ടുന്നതിന് മുന്നേ തന്നെ ആ വാഗ്ദാനം നിറവേറ്റി. അമ്മയ്ക്ക് മക്കള്‍ നല്‍കുന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു ശീലമുണ്ട്. ശമ്പള സര്‍ട്ടിഫിക്കറ്റ് എന്നൊരു സാധ്യത ഉള്ളത് കൊണ്ട് ലോണുകള്‍ എത്ര വേണമെങ്കിലും കിട്ടും. അച്ഛന്‍റെ ചികിത്സയുടെയും പല ഭാഗത്തുള്ള കടങ്ങളും തീര്‍ക്കാന്‍ അങ്ങനെ വീണ്ടും ലോണുകള്‍.
പ്ലസ് വണ്ണിന് ചേര്‍ന്ന് ഫസ്റ്റ് മിഡ് ടേം എക്‌സാമിന്‍റെ പേപ്പര്‍ തരുമ്പോള്‍ ക്ലാസ് ടീച്ചര്‍ ജിഷ മിസ് പറഞ്ഞു, 'ഫസ്റ്റ് റാങ്കോടെ സ്‌കൂളില്‍ കയറിയ നിന്നില്‍ നിന്നും ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്' എന്ന്. ഞാന്‍ കഷ്ടിച്ച് പാസായതായിരുന്നു കാരണം. അങ്ങനെ നല്ല പോലെ ഉഴപ്പി പഠിച്ചു. പ്ലസ് വണ്ണിന്‍റെ ഫൈനല്‍ പരീക്ഷയില്‍ ഫിസിക്‌സിന് പാസ് മാര്‍ക്ക് കിട്ടാന്‍ 1 മാര്‍ക്ക് കൂടി വേണമായിരുന്നു. എത്ര അപേക്ഷിച്ചിട്ടും ആ ഒരു മാര്‍ക്ക് ഡെന്നി മാഷ് തന്നില്ല. നീ ഒന്നുകൂടെ എഴുതൂ എന്ന ഒരൊറ്റ മറുപടി മാത്രം. പ്ലസ്ടുവിലെ ദില്ലി വിനോദയാത്രക്ക് വേണ്ട ചിലവിന് അമ്മയെ ബുദ്ധിമുട്ടിക്കാതിരുന്നതിന്‍റെ കാരണവും ആ അദ്ധ്യാപകന്‍ ആയിരുന്നു. വലിയ ലക്ഷ്യങ്ങളിലേക്ക് നമ്മുടെ പ്രശ്‌നങ്ങളും സാഹചര്യങ്ങളും ഒരിക്കലും തടസ്സമാകരുതെന്നു അങ്ങനെ ചിലര്‍ എന്നെ പഠിപ്പിച്ചു.
ഇങ്ങനെയൊക്കെയായിട്ടും വലിയ സങ്കടം ഒന്നും അമ്മയില്‍ കണ്ടില്ല. ക്ലാസ്സുകളില്‍ ശരിക്ക് ശ്രദ്ധിക്കാന്‍ എനിക്ക് സാധിക്കാറില്ലായിരുന്നു. വീട്ടിലെ ചിന്തകളാണ് അധികവും. അതിന് ഒരു ആശ്വാസം തന്നത് കലോത്സവത്തിനായുള്ള നാടക പരിശീലനം ആയിരുന്നു. ക്ലാസ്സില്‍ മിക്കവാറും കയറാതെ കലോത്സവങ്ങളും ആരവങ്ങളും, പഠിപ്പില്‍ ഉഴപ്പും ആയി നടന്ന രണ്ട് വര്‍ഷം. അതിനിടയില്‍ വീടിന്‍റെ ജപ്തി നടപടികള്‍. 1999-ല്‍ ഒരു ലക്ഷം രൂപയായി എടുത്ത ലോണ്‍ 2009 ആയിട്ടും തീര്‍ക്കാന്‍ പറ്റിയിരുന്നില്ല. പ്ലസ് ടു പരീക്ഷ നടക്കുന്ന സമയത്ത് രജിസ്ട്രാര്‍ ഓഫീസിലും ബാങ്കുകളിലും അമ്മമ്മയെയും കൂട്ടി കയറിയിറങ്ങല്‍ ആയിരുന്നു എന്‍റെ പ്രധാന പണി. ജോലി സ്ഥിരം ആയത് കാരണം ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് അമ്മ ജപ്തി നടപടികള്‍ ഒഴിവാക്കി. വീടിന്‍റെ ആധാരം പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ കയ്യില്‍. കടങ്ങള്‍ കൊടുക്കാന്‍ ഉള്ളവര്‍ക്കൊക്കെ കുറച്ചു കുറച്ചായി തിരിച്ചുകൊടുത്തു തുടങ്ങി. അങ്ങനെ ജീവിതത്തിലേക്ക് പുത്തന്‍ പ്രതീക്ഷകള്‍ കൂട്ട് കൂടാന്‍ തുടങ്ങി.
ഓഫീസില്‍ എല്ലാവര്‍ക്കും അമ്മയെ പറ്റി നല്ല അഭിപ്രായം ആയിരുന്നു. ഞങ്ങള്‍ ഇടയ്ക്കൊക്കെ അവിടെ പോകുമ്പോള്‍ ഞങ്ങളോടുള്ള മറ്റുള്ളവരുടെ പെരുമാറ്റത്തില്‍ അത് പ്രകടമായിരുന്നു. നാട്ടുകാര്‍ക്കും എന്നും സഹായം. ഇതൊക്കെ കണ്ടുകൊണ്ടാണ് ഞങ്ങള്‍ വളര്‍ന്നു വന്നത്.
അമ്മയില്‍ ഞാന്‍ കണ്ട വലിയ ക്വാളിറ്റി അമ്മയ്ക്ക് ഒന്നിനും മടിയില്ല എന്നതാണ്. എല്ലാ കാര്യങ്ങളും ചുറുചുറുക്കോടെ വേഗം ചെയ്തു തീര്‍ക്കും. പിന്നത്തേക്കായി ഒന്നും മാറ്റിവെക്കുന്ന ശീലമില്ല. ജോലിയില്‍ എനിക്കത് മാതൃകയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ഉപകാരം ആകുന്ന കാര്യമാണെങ്കില്‍ ചെയ്യാന്‍ ഒരിക്കലും മടി തോന്നരുത് എന്ന് പഠിച്ചതും അമ്മയില്‍ നിന്നാണ്. അത് പറ്റാവുന്ന വേഗത്തില്‍ ചെയ്തു കൊടുക്കണമെന്നും.
എനിക്ക് വീട്ടില്‍ നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അമ്മ ഒന്നിനും എതിര്‍പ്പ് പറഞ്ഞിരുന്നില്ല. ഒന്നിനും നിര്‍ബന്ധിച്ചുമില്ല. പ്ലസ് ടു കഴിഞ്ഞു എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോള്‍ അമ്മയുടെ മറുപടിയും നിനക്കിഷ്ടമുള്ളതുപോലെ എന്നായിരുന്നു. രവി മാഷിന്‍റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി എന്‍റെ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് റിസള്‍ട്ട് വന്നു. പക്ഷേ, വെറ്റിനറി സയന്‍സിന് പോണ്ടിച്ചേരിയില്‍ അഡ്മിഷന്‍ കിട്ടുന്ന അവസാന ഘട്ടം വരെ എത്തിയിരുന്നു. മലബാര്‍ വിട്ട് അറിയാത്ത സ്ഥലത്തേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാത്ത അമ്മ, എന്നെയും കൂട്ടി പാലക്കാട് സേലം വഴി പതിനാറ് മണിക്കൂര്‍ പല ബസുകളിലായി അലോട്ട്‌മെന്‍റിന് വേണ്ടി പോണ്ടിച്ചേരി വരെ യാത്ര ചെയ്തത് ഒരത്ഭുതമായിരുന്നു എനിക്കന്ന്.
നിര്‍ഭാഗ്യവശാല്‍ എനിക്കവിടെ അവസരം കിട്ടിയില്ല. ഇഷ്ടപ്പെട്ടത് കിട്ടാത്തതിനാല്‍ അമ്മയ്ക്കായിരുന്നു കൂടുതല്‍ സങ്കടം. ഒടുവില്‍ അഞ്ചക്ക ശമ്പളം കിട്ടുന്ന ഒരു ജോലിക്കുള്ള പ്രതീക്ഷയോടെ തമിഴ്നാട്ടിലേക്ക്. എസ് ബി ഐ മെസ് ഫീസ് അടക്കമുള്ള ബാങ്ക് ലോണ്‍ തന്നത് കൊണ്ട് അന്ന് പഠിക്കാന്‍ പോയി. മുഴുവന്‍ ലോണും തന്നില്ലെങ്കില്‍ ലോണ്‍ വേണ്ട എന്ന് മാനേജരോട് പറഞ്ഞതും ഓര്‍ക്കുന്നു. തമിഴ്നാട്ടിലെ കോളേജ് ഹോസ്റ്റലില്‍ എന്നെ കൊണ്ട് വിട്ട ആ നിമിഷം, കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ കണ്ണ് നിറയുന്നത് നേരില്‍ കണ്ടത് അന്നാണ്. അന്ന് മുതല്‍ മുടങ്ങാതെ നാല് വര്‍ഷവും ദിവസവും അമ്മയെ ഞാന്‍ ഫോണില്‍ വിളിക്കുമായിരുന്നു. കോളേജിലെ പല വിഷയങ്ങളും പ്രശ്‌നങ്ങളും ഞാന്‍ അമ്മയെ അറിയിച്ചിരുന്നില്ല. കൂടെ താമസിക്കുന്നവര്‍ ഇടക്കിടെ പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ പോലും ഞാന്‍ ഹോസ്റ്റല്‍ റൂമില്‍ തനിച്ചായിരുന്നു. ഒരിക്കൽ ഐ ഐ ടി മദ്രാസില്‍ ഒരു സെമിനാര്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടി. എന്നാല്‍ ആരും അന്ന് ലാപ്‌ടോപ്പ് തന്ന് സഹായിച്ചില്ല. അതറിഞ്ഞ അമ്മ അടുത്ത ലീവിന് ഞാന്‍ നാട്ടില്‍ എത്തിയപ്പോള്‍ ലാപ് ടോപ്പ് വാങ്ങാനാണ് ആദ്യം കൂട്ടികൊണ്ടുപോയത്. അതും സഹകരണ ബാങ്കിന്‍റെ ലോണിലും.
യുഡി ക്ലര്‍ക്കായി അമ്മയ്ക്ക് പ്രൊമോഷന്‍ കിട്ടിയപ്പോഴും ബാങ്കുകള്‍ തന്നെ ആയിരുന്നു ആശ്രയം. 13 വര്‍ഷമായി തകര്‍ന്ന് കിടന്നിരുന്ന വീട്ട് മതില്‍ ലോണ്‍ എടുത്ത് പണിതീര്‍ത്ത് കൊണ്ട് വീടിന്‍റെ കെട്ടുറപ്പ് ചെയ്തു തുടങ്ങി. ശമ്പളത്തിന്‍റെ സിംഹഭാഗവും ലോണുകളിലേക്കായിരുന്നു . ഇപ്പോഴും അതിന് കാര്യമായ മാറ്റം വന്നിട്ടില്ല. ഞങ്ങളെ അറിയിക്കാതെ, ഒരു കടം വാങ്ങി അടുത്ത കടം വീട്ടിക്കൊണ്ട് അമ്മ ജീവിച്ചു പോന്നു. ആ സമയത്ത് പ്ലസ് ടു കഴിഞ്ഞ അനിയത്തിക്ക് ജേര്‍ണലിസം തന്നെ പഠിക്കണം എന്ന അതിയായ ആഗ്രഹം. ലോണും ബാധ്യതകളും എല്ലാം ഉള്ളപ്പോള്‍ ആ ഫീസ് താങ്ങാവുന്നതിലും അധികമായിരുന്നു. എങ്കിലും മക്കളുടെ ഇഷ്ടം വേണ്ടന്ന് വെക്കാന്‍ അമ്മയ്ക്ക് ആകുമായിരുന്നില്ല. എങ്ങനെയൊക്കെയോ അവളെയും പഠിപ്പിച്ചു. എല്‍ഐസിയില്‍ നിന്ന് ലോണ്‍ ഒക്കെ എടുത്ത് വീടിന്‍റെ ചുമര്‍ ഒക്കെ തേച്ച് 13 വര്‍ഷമായി ഇല്ലാതിരുന്ന ജനലും വാതിലുമൊക്കെ പിടിപ്പിച്ചു.
അതിനിടെ കോളേജ് ജീവിതം അവസാനിച്ചു. ക്യാമ്പസ് പ്ലേസ്‌മെന്‍റ് കിട്ടി ( പ്രതീക്ഷിച്ച അഞ്ചക്ക ശമ്പളം നാലക്കമായി മാറി ). എഞ്ചിനീയറിംഗ് പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസത്തിനുശേഷം ചെന്നൈ സണ്‍ ടി വി ചാനലില്‍ ഞാന്‍ ജോലി ചെയ്യാന്‍ പോകുമ്പോള്‍ അമ്മയ്ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. 'നീ ജോലി ചെയ്യേണ്ടത് ഞങ്ങള്‍ക്ക് വേണ്ടി മാത്രമല്ല. നിന്നെ പോലെ പഠിക്കാന്‍ കഷ്ട്ടപ്പാടനുഭവിക്കുന്ന കുട്ടികളെ സഹായിക്കാന്‍ കൂടി ആവണം' എന്ന അമ്മയുടെ ഉപദേശം രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം പ്രോജക്ട് ഹോപ്പ് എന്ന സംഘടനയ്ക്ക് രൂപം നല്‍കാനും ഇടയായി. തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജയലളിത ആരംഭിച്ച 'അമ്മ-മെസ്' കൊണ്ട് ഭക്ഷണത്തിന് ബുദ്ധിമുട്ടിയില്ല. അതില്‍ മിച്ചം വയ്ക്കുന്ന പൈസയും വീട്ടിലേക്ക് അയക്കാന്‍ ആയി. എന്തൊക്കെയോ അമ്മ നേടി എന്നൊരു തോന്നല്‍ അന്ന് അമ്മയ്ക്കുണ്ടായി. മകന്‍ എന്ന നിലയില്‍ ഒരു താത്കാലികാശ്വാസം എനിക്കും. അമ്മ എന്നില്‍ ആഗ്രഹിച്ചത് വിദേശത്തുള്ള ഒരു ജോലി അല്ലെങ്കില്‍ ഒരു സര്‍ക്കാര്‍ ജോലി. രണ്ടും വാസ്തവത്തില്‍ നടന്നില്ല. എങ്കിലും താല്‍ക്കാലികമായെങ്കിലും അഞ്ചു വര്‍ഷമായി സര്‍ക്കാര്‍ സര്‍വീസില്‍ അസാപ്പില്‍ ജോലി ചെയ്യുന്നു. പഠിച്ച ജോലി രണ്ട് വര്‍ഷം മാത്രമേ തുടരാന്‍ കഴിഞ്ഞുള്ളൂ. ഒടുവില്‍ ഈ ജോലി കിട്ടിയപ്പോഴും അമ്മ തന്നെയാണ് പറഞ്ഞത് നീ ജോയിന്‍ ചെയ്‌തോളൂ. ജീവിതം എങ്ങോട്ടാണ് നമ്മളെ കൊണ്ടുപോകുക എന്ന് അറിയില്ലല്ലോന്ന്.
ആ ജീവിതം ഒരു പോക്ക് തന്നെ ആയിരുന്നു. ഈ ജോലി കാരണം വീടിന്‍റെ പണികള്‍ തീര്‍ന്നു. തേനുവിന്‍റെ കല്യാണം സന്തോഷപൂര്‍വം കഴിഞ്ഞു, എന്‍റെയും അതെ. അവിടേയും ഞങ്ങളുടെ ഇഷ്ടം തന്നെയായിരുന്നു അമ്മയുടെയും ഇഷ്ം. കൂടെ അനിയത്തിക്കും ജോലി കിട്ടി.
എന്‍റെ ജോലി എന്നെക്കാളുപരി അമ്മയ്ക്കായിരുന്നു ആശ്വാസം. സാമ്പത്തികമായി അല്പം മെച്ചപ്പെട്ടു. ഏതൊക്കെ ബാങ്കില്‍ ഏതൊക്കെ ലോണ്‍ ആണ് ബാക്കിയുള്ളത് എന്ന് ഞാന്‍ അറിഞ്ഞിട്ട് രണ്ട് വര്‍ഷമേ ആയുള്ളൂ. അന്ന് മുതല്‍ വീട്ടിലെ ഫിനാന്‍ഷ്യല്‍ മാനേജര്‍ ഞാന്‍ ആയി. അമ്മയുടെയും എന്‍റെയും ശമ്പളത്തിന്‍റെ ഭൂരിഭാഗവും ലോണുകളൊക്കെ അടച്ചു തീര്‍ക്കുന്ന രീതി ആയി. വേറെ വഴി ഇല്ലായിരുന്നു.
2020 ഏപ്രില്‍ 30 -ന് അമ്മ ജോലിയില്‍ നിന്നും വിരമിച്ചു. അവസാന ശമ്പളവും, ശരിക്കും മിച്ചം പിടിക്കാന്‍ അമ്മയ്ക്ക് ആയില്ല.
അമ്മയുടെ കഥ പറയുമ്പോള്‍ എന്‍റെ കഥയും അനിവാര്യമാണ്. കാരണം അമ്മ ജീവിച്ചത് ഞങ്ങള്‍ക്ക് വേണ്ടിയാണ്. അമ്മ അമ്മക്ക് വേണ്ടി ജീവിച്ചോ എന്ന് ചോദിച്ചാല്‍ ശരിക്കും ഉത്തരമില്ല. ഒട്ടു മിക്ക അമ്മമാരും അങ്ങനെ തന്നെയാണ്. 18 വര്‍ഷത്തെ അമ്മയുടെ ഔദ്യോഗിക ജീവിതം എന്നെ പഠിപ്പിച്ചത് കുറെ പാഠങ്ങള്‍ ആണ്. പക്ഷേ, ജീവിതത്തില്‍ അതിന്‍റെ എത്ര മടങ്ങ് കാത്തുസൂക്ഷിക്കാന്‍ സാധിച്ചെന്നോ സ്വായത്തമാക്കാന്‍ പറ്റുമെന്നോ എന്നറിയില്ല. ഇതെഴുതുമ്പോഴാണ് പലതും മനസിലാകുന്നതും.
ചെറുപ്പത്തില്‍ അമ്മയുടെ കയ്യില്‍ നിന്നും കിട്ടിയ തല്ലിന് കണക്കില്ലായിരുന്നു. അച്ഛനില്ലാതെ ജീവിച്ച 16 വര്‍ഷകാലം. അതിന്‍റെ ഒരു കുറവ് അനുഭവിക്കാന്‍ അമ്മ ഇടവരുത്തിയിട്ടില്ല. അതിന് ശേഷം തല്ലിയും ചീത്ത പറഞ്ഞും, ശിക്ഷിച്ചും ആയിരുന്നില്ല അമ്മ ഞങ്ങളെ വളര്‍ത്തിയത്.
ആ വളര്‍ത്തലിന് ഒരു വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു എന്നതിലാണ് മക്കള്‍ എന്ന നിലയില്‍ ഉള്ള ഞങ്ങളുടെ സന്തോഷം. തന്‍റെ സന്തോഷങ്ങള്‍ മുഴുവന്‍ മക്കള്‍ക്ക് വേണ്ടി മാറ്റിവെച്ചവള്‍. ആ ജീവിതം മുഴുവനായി അറിയാന്‍ സാധിച്ചില്ല എന്നതാണ് എന്‍റെ പരാജയം.
പക്ഷേ, അമ്മ പലതും അറിയിക്കാഞ്ഞിട്ടാണ്. അല്ലെങ്കിലും ഒരു മക്കള്‍ക്കും അവരുടെ അമ്മയെ പൂര്‍ണമായി മനസിലാക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം, അമ്മ എന്നത് അങ്ങനെ ഒരു അത്ഭുതമാണ്. അമ്മയായും അമ്മൂമ്മയായും ഇനിയുമനേകം വര്‍ഷങ്ങള്‍ ഞങ്ങളുടെ കൂടെ സന്തോഷമായി ജീവിക്കണം എന്നൊരാഗ്രഹം മാത്രം. അതിനിടവരുത്താന്‍ ഞങ്ങള്‍ക്ക് കഴിയട്ടെ എന്നും.
എനിക്ക് രസമീ നിമ്നോന്നതമാം
വഴിക്ക് തേരിരുള്‍ പായിക്കാന്‍,
അതേതിരുള്‍ക്കുഴി മേലുരുളട്ടെ
വിടില്ല ഞാനീ രശ്മികളെ !
ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ-
തെന്തിനു ജീവിതപലഹാരം!
സമര്‍പ്പണം: ജീവിതത്തോട് പൊരുതി ജീവിച്ച എല്ലാ അമ്മമാര്‍ക്കും.
എന്‍റെ ജീവിതത്തിലെ സ്ത്രീ കൂടുതല്‍ എഴുത്തുകൾ വായിക്കാം