
പിന്നീട് പുഷ്പ സമയം കിട്ടുമ്പോഴൊക്കെ വിളിച്ചു കൊണ്ടേയിരുന്നു. ഇന്നുവരെ അതിന് തടസ്സമുണ്ടായിട്ടില്ല. പലപ്പോഴും എന്റെ ശബ്ദത്തില്‍ നിന്നും ഉള്ളില്‍ പ്രയാസങ്ങളോ വിഷമങ്ങളെ ഉണ്ടെങ്കില്‍ വേഗം അവള്‍ വായിച്ചെടുക്കുമായിരുന്നു.
പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഒരു ദിവസം ഉച്ചനേരത്ത് പാതി മയങ്ങിത്തുടങ്ങിയ നേരത്താണ് അത്ര പരിചയമില്ലാത്ത നമ്പറില്‍ നിന്നും ഒരു ഫോണ്‍ വന്നത്. വിരസമായി അതെടുത്ത് ചെവിയോട് ചേര്‍ത്തുപിടിച്ചു.
'ഹലോ'
'ഹലോ, രാജേഷ് സാറല്ലെ' പരിചയമില്ലാത്ത സ്ത്രീ ശബ്ദം.
'അതെ'
'എന്റെ പേര് പുഷ്പ. മലപ്പുറം വോയ്‌സില്‍ വന്ന സാറിന്റെ ചൊവ്വാദോഷം കഥ വായിച്ചപ്പോള്‍ പരിചയപ്പെടണമെന്ന് തോന്നി അതാണ് വിളിച്ചത്...'
'അതെയോ സന്തോഷം പറയൂ, പുഷ്പ'
'നല്ല കഥയാണ്. എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു. സാറ് ജാതകത്തിലൊക്കെ വിശ്വസിക്കുന്നുണ്ടോ?'
അവള്‍ ചോദിച്ചു.
'ഒരു കഥ മനസ്സില്‍ വന്നപ്പോള്‍ എഴുതിയെന്നോ ഉള്ളൂ. സമൂഹത്തില്‍ അത് വിശ്വസിക്കുന്ന ധാരാളം പേരുണ്ടല്ലാ?'
'ഇനിയും ധാരാളം എഴുതൂ, ഞാന്‍ ഇടയ്ക്ക് വിളിക്കും, ബുദ്ധിമുട്ടാവില്ലല്ലോ' -പുഷ്പ ചോദിച്ചു.
'ഇല്ലാ . വിളിച്ചോളൂ'
പിന്നീട് പുഷ്പ സമയം കിട്ടുമ്പോഴൊക്കെ വിളിച്ചു കൊണ്ടേയിരുന്നു. ഇന്നുവരെ അതിന് തടസ്സമുണ്ടായിട്ടില്ല. പലപ്പോഴും എന്റെ ശബ്ദത്തില്‍ നിന്നും ഉള്ളില്‍ പ്രയാസങ്ങളോ വിഷമങ്ങളെ ഉണ്ടെങ്കില്‍ വേഗം അവള്‍ വായിച്ചെടുക്കുമായിരുന്നു. എന്നിട്ട് ആശ്വസിപ്പിക്കുകയും പ്രത്യാശ നല്‍കുകയും ചെയ്തു. കോഴിക്കോട് ഒരു സ്ഥലത്താണ് പുഷ്പയുടെ വീട്, അവിവാഹിതയാണ്. കൂടെ അമ്മ മാത്രം.
ഇടയ്ക്ക് അവള്‍ ചോദിക്കും. എന്റെ വീട്ടിലേക്ക് വരുമോ? അമ്മയ്ക്കും നിങ്ങളെ കാണാന്‍ ആഗ്രഹമുണ്ട്. ഒരിക്കല്‍ വരാമെന്ന് വാക്കു കൊടുത്തെങ്കിലും ആറേഴ് മാസങ്ങള്‍ക്ക് ശേഷം ഒരോണക്കാലത്താണ് പുഷ്പയെ കാണാന്‍ തീരുമാനിച്ചത്. കൂട്ടിന് കവികളായ എന്‍.വി പുഷ്പരാജനെയും സുബി കെ സുകുമാനെയും വിളിച്ചു. ഒരു ഓണക്കാലത്തായിരുന്നു ഞങ്ങള്‍ പുഷ്പയുടെ വീട്ടിലേത്തിയത്. പൂക്കളം തീര്‍ത്ത മുറ്റം പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല. ചിരിച്ച മുഖത്തോടെ പുഷ്പ ഓടി വരുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല.
ഞങ്ങളെ കണ്ട് കുറച്ച് പ്രായമുള്ള ഒരു സ്ത്രീ ഇറങ്ങി വന്നു. 'എല്ലാവരും കയറി വരുട്ടോ'
കണ്ടിട്ട് അത് പുഷ്പയുടെ അമ്മയാണെന്ന് മനസ്സിലായി.
'പുഷ്പയെവിടെ?'
'അവള്‍ അകത്തുണ്ട്, വരൂ. അകത്തേക്ക് കയറൂ'
ഞങ്ങള്‍ മൂവരും പുഷ്പയെ കാണാനുളള ആകാംക്ഷയില്‍ അമ്മയോടൊപ്പം പുഷ്പയുടെ മുറിയിലേക്ക് നടന്നു.
'രാജേഷേട്ടാ'
പുഷ്പയുടെ സ്വരം. കട്ടിലില്‍ കിടക്കുന്ന അവളുടെ അടുത്തേക്ക് ഞങ്ങള്‍ നടന്നു. എനിക്ക് തലകറങ്ങുന്നത് പോലെ തോന്നി. അതേ അവസ്ഥ തന്നെയായിരുന്നു സുബിക്കും രാജനും. ചലനമറ്റ് എഴുന്നേല്‍ക്കാനാവാതെ കിടക്കുന്ന പുഷ്പയുടെ അടുത്തിരുന്നു. എന്താണ് സംസാരിക്കേണ്ടത് എന്നറിയാത്ത അവസ്ഥ:
'ശരിക്കും ഞെട്ടിയില്ലേ നിങ്ങള്‍?' -അവള്‍ ചിരിച്ചു.
ഉച്ച കഴിഞ്ഞ് ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. ദേഹത്തിന് ചലനശേഷി ഇല്ലെങ്കിലും നിലാവു പോലെ പ്രകാശിക്കുന്നതായിരുന്നു അവളുടെ മുഖം. യാത്രയിലുടനീളം പുഷ്പ പറഞ്ഞ കാര്യങ്ങള്‍ മനസ്സിനെ മുറിപ്പെടുത്തി.
'രാജേഷേട്ടാ, ഇരുപത്തൊന്ന് വയസ്സു വരെ ഞാനും നിങ്ങളെ പോലെ ഓടിയും ചാടിയും നടന്നിരുന്ന സ്ത്രീയായിരുന്നു. പാടുകയും നൃത്തം ചെയ്യുകയും ഒക്കെ പോവുന്ന ആരോഗ്യമുളള ഒരുവള്‍. പക്ഷേ എല്ലാം നഷ്ടപ്പെട്ടു. ഒരു ദിവസം കാലില്‍ കണ്ട ചെറിയ കുരു, പിന്നീടത് പൊട്ടി മുറിവായി. മാസങ്ങള്‍ കഴിഞ്ഞിട്ടും മാറാതായപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കാണിച്ചു. മരുന്നു കഴിച്ച് കൊണ്ടിരിക്കയായിരുന്നു. മുറിവ് മാറുന്നില്ലെങ്കിലും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം അമ്മയ്ക്ക് അസുഖം വന്നാല്‍ കാണിക്കാറുള്ള വൈദ്യരുടെ അടുത്തേക്ക് എന്നേയും കൂട്ടി കൊണ്ടുപോയി അയാളോട് വിവരം പറഞ്ഞു. 'ഏത് മുറിവും മാറ്റാനുള്ള മരുന്ന് എന്റെടുത്തുണ്ട്' എന്ന് പറഞ്ഞ് അയാള്‍ മരുന്നു തന്നു. ദിവസങ്ങള്‍ക്കുളളില്‍ മുറിവ് മാറി. പക്ഷേ ഞാന്‍ കിടപ്പിലായി. ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ശരീരം തളര്‍ന്നു പോയി.''-ഇതായിരുന്നു പുഷ്പ പറഞ്ഞ അവളുടെ ജീവിതകഥ!
മറ്റുള്ളവരുടെ വിഷമങ്ങള്‍ കേള്‍ക്കുമ്പോള്‍, ആശ്വസിപ്പിക്കുകയും ധൈര്യം തരികയും ചെയ്യുന്ന പുഷ്പ ഈ അവസ്ഥയിലാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും പ്രയാസമുണ്ട്.
...........
എന്‍റെ ജീവിതത്തിലെ സ്ത്രീ. അത് അമ്മയാവാം, സഹോദരിയാവാം, കൂട്ടുകാരിയാവാം, സഹപ്രവര്‍ത്തകയാവാം, അപരിചിതരുമാവാം...ആരുമാകാം. ആ അനുഭവം എഴുതി അയക്കൂ. ഒപ്പം, ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സബ്ജക്ട് ലൈനില്‍ Woman in My Life എന്നെഴുതാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in