
സ്വന്തമെന്നു പേരുറപ്പിച്ച വീട്ടില്‍ നിന്നും ഓരോ സ്ത്രീയും ഹൃദയമിടിപ്പും കയ്യില്‍ പിടിച്ചോടുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്. ഒക്കെയും ഒന്നുപെയ്‌തൊഴിക്കാന്‍, വീണ്ടുമൊന്നു കുഞ്ഞാകാന്‍, അമ്മമടിത്തട്ടിന്റെ സമാര്‍ദ്രതയിലൊന്നു തലചായ്ക്കാന്‍.
ഉമ്മയോളം ഒരു പെണ്‍കുഞ്ഞിന്റെ ആത്മാവിന് പാതിയാകാന്‍ മറ്റാര്‍ക്കാണ് പറ്റുക?
ഓര്‍മ്മവെച്ചനാള്‍ മുതല്‍ അറിഞ്ഞനുഭവിച്ചൊരു നിബന്ധനയില്ലാത്ത സ്‌നേഹം. യാത്രയായിട്ടും ഇന്നും വിട്ടുപിരിയാത്ത സമാനതകളില്ലാത്ത തീവ്രസ്‌നേഹം. ഉമ്മിച്ച എന്ന എന്റെ ജന്മപുണ്യം. എന്നെന്നേക്കുമുള്ള ജീവാംശം കലര്‍ന്ന ആത്മാംശം.
രുചിമുകുളങ്ങളുടെ വൈവിധ്യത്തിനൊപ്പം ഹൃദയവിചാരങ്ങളുടെ രസക്കൂട്ടും അനുഭവിപ്പിച്ചിരുന്നു ഉമ്മിച്ച. കുഞ്ഞു കുഞ്ഞു വഴക്കുകള്‍ മുതല്‍ വല്യ വല്യ വേവലാതികള്‍ വരെ വിശ്വസ്തതയോടെ ഇറക്കി വെക്കാവുന്ന മനസ്സിലാക്കലിന്റെ വേദപുസ്തകം. ഉമ്മയോളം ഒരു പെണ്‍കുഞ്ഞിന്റെ ആത്മാവിന് പാതിയാകാന്‍ മറ്റാര്‍ക്കാണ് പറ്റുക.'
ശൈശവ ബാല്യ കൗമാര യൗവന ഘട്ടങ്ങളിലൂടെ പങ്കുവെക്കലിന്റേയും പകര്‍ന്നു നുകരലിന്റേയും അനുഭൂതിപകരുന്ന തീവ്രാനുരാഗം. ദാമ്പത്യമെന്ന പറിച്ചു നടലിലും വാടിപ്പോകാതിരിക്കാന്‍ ഓടിച്ചെന്നു ഭാരമിറക്കാന്‍, ഒപ്പമിരുന്നു ഉരുള ഉണ്ണാന്‍, കളി പറഞ്ഞു കണ്ണ് നിറയുവോളം ചിരിക്കാന്‍ യാത്ര പറഞ്ഞിറങ്ങും മുന്‍പ് മന:പൂര്‍വ്വം വഴക്കിട്ട് പിരിയാന്‍, എല്ലാത്തിനുമുള്ള ആത്മാവിന്റെ തുണ.
സ്വന്തമെന്നു പേരുറപ്പിച്ച വീട്ടില്‍ നിന്നും ഓരോ സ്ത്രീയും ഹൃദയമിടിപ്പും കയ്യില്‍ പിടിച്ചോടുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്. ഒക്കെയും ഒന്നുപെയ്‌തൊഴിക്കാന്‍, വീണ്ടുമൊന്നു കുഞ്ഞാകാന്‍, അമ്മമടിത്തട്ടിന്റെ സമാര്‍ദ്രതയിലൊന്നു തലചായ്ക്കാന്‍. അത് മറ്റ് തണലില്ലാത്തതിനാലാവില്ല. അവരോളം ഉള്‍ക്കൊള്ളാന്‍ മറ്റാരെയും ഭൂമിയില്‍ ദൈവം സൃഷ്ടിച്ചിട്ടില്ലാത്തതിനാലാകാം.
വയല്‍കാറ്റേറ്റു പുളകിതയാകാറുണ്ടായിരുന്ന ഓടിട്ടൊരു കുഞ്ഞു വീട്ടിലായിരുന്നു ബാല്യം. നിന്നോളമൊരു സൗഹൃദവും ഇതേവരെയിങ്ങനെ വസന്തമണിയിച്ചിട്ടില്ലയെന്ന് തീവ്രാനുരാഗത്തോടെ ഇന്നും കെട്ടിപിടിക്കുകയാണ് ആ വീട്.
വൃത്തി മാത്രം കൈമുതലായുണ്ടായിരുന്ന കുഞ്ഞു അടുക്കളയിലെ തട്ടില്‍, അടി കിട്ടുമ്പോള്‍ പാടുന്നൊരു ടേപ്പ് റെക്കോര്‍ഡറും റേഡിയോയുമായിരുന്നു സഹചാരികള്‍. ക്ലാസ് കഴിഞ്ഞെത്തുന്ന എനിക്കൊപ്പം കഴിക്കാന്‍ ഓരോ കാരണങ്ങള്‍ ഉണ്ടാക്കി ഉമ്മിച്ച ഉച്ചയൂണ് വൈകിപ്പിക്കും. ഉമ്മിച്ചയുടെ സ്‌നേഹംപുരട്ടിയ ഉരുളകള്‍ക്ക് ലോകത്തിലിന്നേ വരെ ഒന്നിനും കീഴടക്കാനാകാത്ത ഗന്ധവും രുചിയുമാണ്. അങ്ങനെയുള്ള ഉമ്മി നേരങ്ങളില്‍ കൂട്ടായിരുന്നു ആ റേഡിയോ. ഉമ്മിച്ചായുമായി ഒന്നിച്ചു കേട്ട് കേട്ട് ഹൃദയത്തില്‍ പതിഞ്ഞൊരു പാട്ടാണ്,
'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍.
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍ കിളീ.'
ഉത്തമമായൊരു ജീവാംശമോ ആത്മാംശമോ നഷ്ടമാകുമ്പോള്‍ മനുഷ്യര്‍ തകരും. അതിനപ്പുറമാണ്, ഇതുരണ്ടും ഒരേയാളില്‍ ചേര്‍ന്ന സൗഭാഗ്യം നഷ്ടപ്പെടുന്ന അവസ്ഥ. അങ്ങനെ വന്നാല്‍ ഏറെ വൈകും സാധാരണ ജീവിതത്തിലേക്ക് തിരികെ അണയാന്‍. വേദനകള്‍ കാറ്റായ് വന്നു തഴുകും. എങ്കിലോ അവരുടെ ഓര്‍മ്മകള്‍ വേരുകളായ് ഓരോ തളിരിലും പൂവിലും ഊര്‍ജ്ജപ്രവാഹമായ് കൂടെ ഉണ്ടാകും. അതറിയാന്‍ ഏറെ വൈകും.
ഹൃത്താല്‍ മുത്തട്ടെ. കാലടിക്കീഴിലെ സ്വര്‍ഗ്ഗ പുണ്യത്തിനെ, എന്റെ ഉമ്മിയെ.
പോയിട്ടും യാത്രയാക്കാതെ ഉണ്മയായ് കൂടെയുള്ള ഉമ്മിയാണ് എന്നെന്നും എന്റെ ഗുരുവും തണലും തണുപ്പും മാതൃകയും.
ലോല
തൃക്കാര്‍ത്തികയുടെ അന്ന് ഈ ഭൂമിയിലേക്ക് പിറന്നുവന്നൊരുവള്‍. സ്‌നേഹിക്കുന്ന മനസ്സുകളിലേക്ക് കുളിര്‍ മഴയായ്‌പൊഴിയുന്നവള്‍. ഉത്തരവാദിത്തങ്ങളില്‍ ലവലേശം വിട്ടുവീഴ്ചയില്ലാത്ത പിടിവാശിക്കാരി. സ്വയം സ്‌നേഹമായൊരുവള്‍. ഇത്രയും പറഞ്ഞത് പത്മരാജന്റെ ലോലയെ കുറിച്ച് അല്ല. എന്റെ സ്വന്തം ബാല്യകാല സഖിയും ആത്മ മിത്രവുമായ ലോലയെ കുറിച്ചാണ്.
ബഥനി ബാലികാ മഠത്തിന്റെ കൂറ്റന്‍ മതില്‍ കെട്ടിനകത്ത് ഏറെ കര്‍ക്കശ്യത്തില്‍ കഴിഞ്ഞ നാളുകളില്‍ സാന്ത്വനത്തിന്റെ കുളിരും, ഉള്‍ക്കൊള്ളലിന്റെ തണലും സര്‍ഗാത്മകതയുടെ ബാലപാഠങ്ങളും കലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെ മഞ്ഞും പെയ്യിച്ചവള്‍.
അവളുടെ സ്‌നേഹത്തില്‍ സ്വാര്‍ത്ഥത ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെ പറയേണ്ടി വരും. ശുദ്ധ സ്‌നേഹത്തിന്റെ ശ്വാസം മുട്ടിക്കാത്ത സ്വാര്‍ത്ഥത. പൊസസീവ്‌നെസ് ഇങ്ങനെ എങ്കില്‍ അതിനെന്തൊരു സുഖമാണെന്ന് ഓര്‍ത്തു പോയിട്ടുണ്ട് പലപ്പോഴും. കുഞ്ഞു കുഞ്ഞു കാര്യങ്ങളിലാണ് ജീവിതത്തിന്റെ മാധുര്യമിരിക്കുന്നതെന്ന് അനുഭവിപ്പിച്ചവള്‍.
വരയും വര്‍ണ്ണങ്ങളും നൃത്തച്ചുവടുകളും അഴകൊത്ത കയ്യക്ഷരങ്ങളും കൊണ്ട് ദിനങ്ങള്‍ക്ക് ഉണര്‍വ്വ് പകര്‍ന്ന പ്രിയപ്പെട്ടവള്‍. കത്തെഴുത്തിന്റെ സുഖവും അതിനായുള്ള കാത്തിരിപ്പിന്റെ നോവും അനുഭവിപ്പിച്ചവള്‍. മറുകുറി വൈകിയാല്‍ പുലര്‍ച്ചക്കുള്ള ഏതെങ്കിലുമൊരു കെ.എസ്.ആര്‍.ടി.സി കയറി മുറ്റത്ത് വന്ന് നിന്ന് ഞെട്ടിക്കുന്നവള്‍. നോവനുഭവങ്ങള്‍ക്കു മുന്നില്‍ പതറാതെ, ജീവിതത്തെ തന്നെ പ്രാര്‍ത്ഥനയാക്കുന്നവള്‍.
ഇതിലൊക്കെ ഉപരി ഉമ്മിച്ചയുടെ പ്രിയപ്പെട്ടവള്‍. സൗഹൃദങ്ങളുടെ തെരെഞ്ഞെടുപ്പില്‍ ശ്രദ്ധിക്കണമെന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന ഉമ്മിച്ചായുടെ ഹൃദയം കവര്‍ന്നവള്‍.
ഒരു സങ്കടത്തിലൊരു സന്തോഷത്തില്‍ ഒന്നോര്‍ക്കുമ്പോഴേക്കും സ്വരം കൊണ്ടോ സന്ദേശം കൊണ്ടോ അത്ഭുതപ്പെടുത്തുന്നവള്‍. ഒന്നിനുമല്ലാതെ സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്ന അനുഭൂതി പകരുന്നതിനോളം ധന്യത വേറെന്തിനുണ്ട്, പ്രിയപ്പെട്ട പെണ്ണേ.
ജനിച്ചതിനും സത് സാനിധ്യത്തിനും ഹൃദയം തൊട്ട കൂട്ടിനും സ്‌നേഹം.
............
എന്‍റെ ജീവിതത്തിലെ സ്ത്രീ. അത് അമ്മയാവാം, സഹോദരിയാവാം, കൂട്ടുകാരിയാവാം, സഹപ്രവര്‍ത്തകയാവാം, അപരിചിതരുമാവാം...ആരുമാകാം. ആ അനുഭവം എഴുതി അയക്കൂ. ഒപ്പം, ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സബ്ജക്ട് ലൈനില്‍ Woman in My Life എന്നെഴുതാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in